പില്‍ക്കാലത്ത് ഫ്രഞ്ച് അക്കാദമിയായി വളര്‍ന്ന ഗണിത ചര്‍ച്ചാസമിതിയില്‍ തന്റെ 14-ാം വയസില്‍ തന്നെ പാസ്‌ക്കല്‍ അംഗമായി. പതിനാറാമത്തെ വയസ്സിലാണ് കോണികങ്ങളെ പറ്റിയുള്ള എസ്സേ ഓണ്‍ കോണിക്‌സ് എന്ന പുസ്‌തകം പാസ്‌ക്കല്‍ എഴുതുന്നത്. ആര്‍ക്കിമിഡീസിനുശേഷം ഈ വിഷയത്തെപ്പറ്റി ഇത്ര ആധികാരികമായ ഒരു ഗ്രന്ഥം അന്നോളം മറ്റാരും എഴുതിയിട്ടുണ്ടായിരുന്നില്ല. ഇതിന്റെ കൈയെഴുത്തു പ്രതി കണ്ട ദെക്കാര്‍ത്തെ ഒരുപതിനാറു വയസ്സുകാരന്റെ കൃതിയാണ് ഈ മഹത്‌ഗ്രന്ഥമെന്ന് വിശ്വസിക്കുവാന്‍ വിസമ്മതിച്ചു. ദൗര്‍ഭാഗ്യവശാല്‍ അച്ചടിക്കുന്നതിനു മുമ്പുതന്നെ ഇതിന്റെ കൈയെഴുത്തു പ്രതി നഷ്‌ടപ്പെട്ടു. എസ്സേ ഓണ്‍ കോണിക്‌സ് വായിക്കാനിടയായ ലിബ്‌നിസ്, ദെക്കാര്‍ത്തെ തുടങ്ങിയവരുടെ പരാമര്‍ശങ്ങളില്‍ നിന്നാണ് ഇതിന്റെ ഉള്ളടക്കത്തെപ്പറ്റി പുറംലോകമറിയുന്നത്. ഒരു കോണികത്തില്‍ ആലേഖനം ചെയ്യപ്പെടുന്ന ഷഡ്‌ഭുജത്തിന്റെ വശങ്ങള്‍ നീട്ടിയാല്‍ അവ ഒരു ഋജുരേഖയിലുള്ള ബിന്ദുക്കളില്‍ അന്യോന്യം ഖണ്ഡിക്കുമെന്നുള്ള പ്രക്ഷേപീയ ജ്യാമിതിയിലെ അതിപ്രധാന സൂത്രവും അതിന്റെ നാന്നൂറോളം ഉപസിദ്ധാന്തവുമായിരുന്നു ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. ************************* ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രം 1640 ല്‍ പാസ്‌ക്കലിന്റെ പിതാവായ എറ്റ്യേന ടാക്‌സ് കളക്‌ടറായി നിയമിതനായി. അതോടെ വിശ്രമം എന്തെന്നറിയാതെ അദ്ദേഹത്തിനു ജോലിഭാരം കൂടി. അച്‌ഛന്റെ ഉറക്കമിളഞ്ഞുള്ള ജോലി പാസ്‌ക്കലിന്റെ അസ്വസ്‌തനാക്കി. തന്റെ പിതാവിനെ വലയ്‌ക്കുന്ന ഈ കണക്കുകൂട്ടലിന്റെ ഭാരം ലഘൂകരിക്കാനുള്ള വിദ്യകളെപ്പറ്റി ബ്ലേയ്‌സ് തലപുകഞ്ഞാലോചിച്ചു. ലോകചരിത്രത്തിലെ ആദ്യത്തെ കണക്കുകൂട്ടല്‍ യന്ത്രത്തിന്റെ കണ്ടുപിടിത്തത്തിലേക്കാണ് ഇത് നയിച്ചത്. പത്തൊന്‍പതാമത്തെ വയസിലാണ് പാസ്‌കലൈന്‍ എന്ന ആദ്യത്തെ കാല്‍ക്കുലേറ്റര്‍ പാസ്‌ക്കല്‍ നിര്‍മ്മിച്ചത്. ഫ്രഞ്ചു ചക്രവര്‍ത്തിക്കും പ്രധാനമന്ത്രിക്കും ഓരോ കണക്കുകൂട്ടല്‍ യന്ത്രം നിര്‍മ്മിച്ചു നല്‍കിയതോടെ പാസ്‌ക്കല്‍ പ്രശസ്‌തിയുടെ കൊടുമുടിയിലെത്തി. ************************* പല്ലുവേദനയും പുതിയ വക്രവും 1658 ല്‍ അത്ഭുതകരമായ ഒരു സംഭവമുണ്ടായി. പല്ലുവേദനകൊണ്ട് അദ്ദേഹം ഞെരിപിരികൊള്ളുകയായിരുന്നു. ഇതിനിടയിലാണ് സൈക്ലോയിഡ് എന്ന ഗണിതവാക്യത്തിന്റെ ചിത്രം അദ്ദേഹത്തിന്റെ മനസില്‍ പൊന്തിവന്നത്. അതോടുകൂടി പല്ല് വേദന ശമിച്ചു. സൈക്ലോയിഡിനെപ്പറ്റി ഗവേഷണം നടത്തണമെന്ന ദൈവീകമായ ഒരു ഉള്‍വിളിയായി ഈ സംഭവത്തെ അദ്ദേഹം വ്യാഖ്യാനിച്ചു. എട്ടുദിവസം തുടര്‍ച്ചയായി രാപ്പകല്‍ കഠിനാ ധ്വാനം ചെയ്‌ത് ഈ വക്രത്തെ സംബന്ധമായ എല്ലാ സിദ്ധാന്തങ്ങളും അദ്ദേഹം ആവിഷ്‌കരിച്ചു. ക്ഷേത്രഗണിതത്തില്‍ ഹെലന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ മനോഹര വക്രം ഗണിതത്തിലും ഭൗതികത്തിലും വാസ്‌തുശില്‌പത്തിലും എല്ലാം സ്വാധീനം ചെലുത്തി. ഇതോടുകൂടി പാസ്‌ക്കല്‍ ഗണിതഗവേഷണത്തോട് വിടപറഞ്ഞു. പിന്നീട് നാലുവര്‍ഷം കൂടിയേ ഇദ്ദേഹം ജീവിച്ചിരുന്നുള്ളൂ. 1662-ല്‍ പാരീസില്‍വച്ച് ആ പ്രതിഭ അന്ത്യശ്വാസം വലിച്ചു. |
0 Comments