APPOLO-11 MISSION-PICTURES
1. അപ്പോളോ-11 യാത്രികര്‍: കമാന്‍ഡര്‍ നീല്‍ ആംസ്‌ട്രോങ്, കമാന്‍ഡ് മോഡ്യൂള്‍ പൈലറ്റ് മൈക്കല്‍ കൊളിന്‍സ്, ലൂണാര്‍ മോഡ്യൂള്‍ പൈലറ്റ് എഡ്വിന്‍ ആള്‍ഡ്രിന്‍. 1969 മെയ് ഒന്നിന് എടുത്ത ചിത്രം
2. ഫ്ലോറിഡയില്‍ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് 1969 ജൂലായ് 16-ന് മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്ര ആരംഭിക്കുന്നു. പ്രാദേശിക സമയം രാവിലെ 9.32-നാണ് അപ്പോളോ-11 വിക്ഷേപിക്കപ്പെട്ടത്
3. വിക്ഷേപണം നടന്ന് 11 മിനിറ്റ് കഴിഞ്ഞപ്പോള്‍ ആദ്യ ഭൗമഭ്രമണപഥത്തില്‍ അപ്പോളോയെത്തി. ഒന്നര മണിക്കൂറിന് ശേഷം സാറ്റേണ്‍ റോക്കറ്റ് അപ്പോളോയെ ചന്ദ്രന്റെ ദിശയിലേക്ക് തൊടുത്തുവിട്ടു. ഭൂമിയില്‍നിന്ന് 156,800 കിലോമീറ്റര്‍ അകലെ വെച്ച് അപ്പോളോ യാത്രികര്‍ ജൂലായ് 16-ന് പകര്‍ത്തിയ ഭൂമിയുടെ ചിത്രമാണിത്.
4. നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം 1969 ജൂലായ് 20-ന് അപ്പോളോ യാത്രികര്‍ ചന്ദ്രനിലെത്തി. ചാന്ദ്രചക്രവാളത്തില്‍ ഭൂമി ഉദിച്ചുയരുന്ന ഈ ദൃശ്യം, അപ്പോളോയുടെ കമാന്‍ഡ് മോഡ്യൂളില്‍ നിന്ന് പകര്‍ത്തിയതാണ്. അപ്പോളോ ദൗത്യം ഭൂമിയിലെത്തിച്ചതില്‍ ഏറ്റവും കമനീയ ദൃശ്യങ്ങളിലൊന്നാണിത്. യഥാര്‍ഥത്തില്‍ ആരാണ് ഈ ചിത്രം പകര്‍ത്തിയതെന്ന് യാത്രികര്‍ ഓര്‍ക്കുന്നില്ല.
5. ചാന്ദ്രപ്രതലത്തില്‍ അപ്പോളോ യാത്രികര്‍ ഇറങ്ങിയ തെക്കന്‍ 'പ്രശാന്തിസമുദ്ര' (Sea of Tranquility) ത്തിന്റെ ദൃശ്യം. ചാന്ദ്രപ്രതലത്തില്‍ ഇറങ്ങുന്നതിന് മുമ്പ് ലൂണാര്‍ മോഡ്യൂളില്‍ നിന്നെടുത്ത ചിത്രം.
6. നീല്‍ ആംസ്‌ട്രോങിനെയും എഡ്വിന്‍ ആള്‍ഡ്രിനെയും വഹിച്ചുകൊണ്ട് 'ഈഗിള്‍' എന്നു പേരുള്ള ലൂണാര്‍ മോഡ്യൂള്‍, ജൂലായ് 20 അമേരിക്കന്‍ ഈസ്റ്റേണ്‍ സമയം പകല്‍ 1.47-ന് കമാന്‍ഡ് മോഡ്യൂളായ 'കൊളംബിയ'യില്‍ നിന്ന് വേര്‍പെട്ടു. കൊളംബിയ മോഡ്യൂളില്‍ ഉണ്ടായിരുന്ന മൈക്കല്‍ കൊളിന്‍സ് ആണ് ഈ ചിത്രം പകര്‍ത്തിയത്. ചാന്ദ്രചക്രവാളവും ചിത്രത്തില്‍ കാണാം.
7. വേര്‍പെടലിന് ശേഷം ഈഗിളില്‍ നിന്ന് പകര്‍ത്തിയ കൊളംബിയ മോഡ്യൂളിന്റെ ദൃശ്യം. ചാന്ദ്രപ്രതലം പശ്ചാത്തലത്തില്‍. തന്റെ സഹപ്രവര്‍ത്തകര്‍ ചന്ദ്രനില്‍ നടക്കുമ്പോള്‍, മൈക്കല്‍ കൊളിന്‍സ് കൊളംബിയ വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്യണം.
8. 'ഹൂസ്റ്റണ്‍, പ്രാശാന്തി താവളം ഇവിടെ. ഈഗിള്‍ ലാന്‍ഡ് ചെയ്തു'-ജൂലായ് 20 പകല്‍ 4.18-ന് ഭൂമിയില്‍ ലഭിച്ച ഈ സന്ദേശത്തോടെ, പുതിയ യുഗത്തിന് തുടക്കമായി.
9. 'മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ചുവടുവെപ്പ്, മനുഷ്യവര്‍ഗത്തിന് വന്‍കുതിപ്പ്'. ജൂലായ് 20 രാത്രി 10.56-ന് മറ്റൊരു ആകാശഗോളത്തില്‍ കാല്‍കുത്തുന്ന ആദ്യ മനുഷ്യനെന്ന ബഹുമതി നീല്‍ ആംസ്‌ട്രോങ് സ്വന്തമാക്കി. ചന്ദ്രനില്‍ മനുഷ്യനിറങ്ങുന്നതിന്റെ വീഡിയോ പ്രക്ഷേപണത്തിലെ ഫൂട്ടേജില്‍ നിന്ന് എടുത്ത ദൃശ്യമാണിത്; അപ്പോളോയിലെ ലൂണാര്‍ സര്‍ഫേസ് ക്യാമറ പകര്‍ത്തിയത്.
10. ആംസ്‌ട്രോങ് ചന്ദ്രനിലിറങ്ങി പത്തു മിനിറ്റിനുള്ളില്‍ ആള്‍ഡ്രിനും അദ്ദേഹത്തൊടൊപ്പം ചേര്‍ന്നു. ആംസ്‌ട്രോങ് പകര്‍ത്തിയ ആള്‍ഡ്രിന്റെ ചിത്രമാണിത്.
11. പ്രശാന്തിസമുദ്രത്തില്‍ യാത്രികരുടെ പാദമുദ്ര. ഭൂമിയിലെ പല ഉറപ്പുള്ള സ്മാരകങ്ങളെക്കാളും ഉറപ്പുള്ളതാണ് ഈ അടയാളം. ഉല്‍ക്കാപതനം മൂലം നശിച്ചില്ലെങ്കില്‍ ഒരുപക്ഷേ, ലക്ഷക്കണക്കിന് വര്‍ഷക്കാലം ഈ പാദമുദ്ര ചാന്ദ്രപ്രതലത്തിലുണ്ടാകും.
12. ലൂണാര്‍ മോഡ്യൂള്‍ ഈഗിള്‍ ചാന്ദ്രപ്രതലത്തില്‍. ആള്‍ഡ്രിനാണ് സമീപം.
13. ഏതാനും മണിക്കൂറുകള്‍ ഇരു യാത്രികരും ചാന്ദ്രപ്രതലത്തില്‍ ചെലവിട്ടെങ്കിലും അവര്‍ക്ക് പരീക്ഷണങ്ങള്‍ കാര്യമായി നടത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ചെറിയൊരു ശാസ്ത്രപരീക്ഷണം അവര്‍ക്ക് സാധ്യമായി. പാസ്സീവ് സീസ്മിക് എക്‌സ്‌പെരിമെന്റ് പാക്കേജ് തയ്യാറാക്കുന്ന ആള്‍ഡ്രിനാണ് ചിത്രത്തില്‍. പിന്നീട് ചന്ദ്രനിലെത്തിയ അപ്പോളോ ദൗത്യങ്ങളാണ് കൂടുതല്‍ പരീക്ഷണങ്ങള്‍ അവിടെ നടത്തിയത്.
14. ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍കുത്തിയത് ഭൂമിയില്‍ കോടിക്കണക്കിന് ആളുകള്‍ ടെലിവിഷനില്‍ കണ്ടു. ബ്ലാക്ക് ആന്‍ഡ് വൈറ്റ് ലൂണാര്‍ ക്യാമറ പകര്‍ത്തിയ ദൃശ്യമാണ് ഇവിടെ.
15. ആംസ്‌ട്രോങ് എടുത്ത ആള്‍ഡ്രിന്റെ ചിത്രം. ആള്‍ഡ്രിന്റെ മുഖാവരണത്തില്‍ ആംസ്‌ട്രോങിന്റെയും ഈഗിള്‍ വാഹനത്തിന്റെയും പ്രതിബിംബം കാണാം. ചന്ദ്രനിലിറങ്ങിയപ്പോള്‍ ക്യാമറ ആംസ്‌ട്രോങിന്റെ പക്കലായിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ ചിത്രം ഈ ഒരു ദൃശ്യത്തില്‍ മാത്രമാണ് ഉള്ളത്. 'ഒരുപക്ഷേ, എന്റെ തെറ്റാകാം. എന്നാല്‍ പരിശീലന വേളയില്‍ ഇക്കാര്യം ഞങ്ങള്‍ ഒരിക്കലും പരീക്ഷിച്ചിരുന്നില്ല'-പിന്നീട് ആള്‍ഡ്രിന്‍ പറഞ്ഞു.
16. ചന്ദ്രനില്‍ രണ്ടു മണിക്കൂര്‍ 32 മിനിറ്റ് (ആള്‍ഡ്രിന്‍ 2.15 മണിക്കൂര്‍) ചെലവിട്ട ശേഷം യാത്രികര്‍ അവിടെ നിന്ന് മടങ്ങി. മടങ്ങുന്ന വേളയില്‍ എടുത്ത ചിത്രമാണിത്. അസ്‌ട്രോനോട്ടുകളുടെ പാദമുദ്രകളും ലൂണാര്‍ സര്‍ഫേസ് ടെലിവിഷന്‍ ക്യാമറയും അമേരിക്കന്‍ പതാകയും കാണാം.
17. ചാന്ദ്രപ്രതലത്തില്‍ നിന്ന് ഉയര്‍ന്ന ശേഷം ഈഗിള്‍ മോഡ്യൂള്‍, കൊളംബിയ മോഡ്യൂളുമായി കൂട്ടുചേര്‍ന്നു. ചാന്ദ്രപ്രതലത്തില്‍ നിന്ന് ശേഖരിച്ച മണ്ണും പാറയും കമാന്‍ഡ് മോഡ്യൂളായ കൊളംബിയയിലേക്ക് മാറ്റിയ ശേഷം ഈഗിളിനെ ചാന്ദ്രഭ്രമണപഥത്തില്‍ ഉപേക്ഷിച്ച് മൂന്ന് യാത്രികരും കമാന്‍ഡ് മോഡ്യൂളില്‍ ഭൂമിയിലേക്ക് മടക്കയാത്ര ആരംഭിച്ചു. ഉപേക്ഷിക്കപ്പെട്ട ഈഗിള്‍ മോഡ്യൂളാണ് ചിത്രത്തില്‍. പശ്ചാത്തലത്തില്‍ നീലഗ്രഹമായ ഭൂമി.
18. മനുഷ്യനെ ചന്ദ്രനിലെത്തിച്ച ശേഷം ഭൂമിയില്‍ സുരക്ഷിതമായി തിരികെയെത്തിക്കുക എന്ന വെല്ലുവിളി, 1969 ജൂലായ് 24 പ്രാദേശിക സമയം പകല്‍ 12.50 ന് നാസ വിജയകരമായി തരണം ചെയ്തു. ഹാവായ്ക്ക് 812 നോട്ടിക്കല്‍ മൈല്‍ അകലെ കടലിലാണ് കൊളംബിയ മോഡ്യൂള്‍ പതിച്ചത്. നാവികസേനയുടെ ലൈഫ് ബോട്ടില്‍ അപ്പോളോ യാത്രികരെ കയറ്റുന്നതിന്റെ ദൃശ്യമാണിത്. (കടപ്പാട്: നാസ)
0 Comments