തികച്ചും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സാങ്കേതിക മികവിലൂടെ ഇന്ത്യ നേടിയ അഭിമാനകരമായ നേട്ടമാണ് ചന്ദ്രപര്യവേക്ഷണ വാഹനമായ ചന്ദ്രയാന്‍-1ന്റെ വിജയകരമായ വിക്ഷേപണം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ റോക്കറ്റ് വിക്ഷേപണകേന്ദ്രത്തില്‍നിന്ന് ഒക്‌ടോബര്‍ 22ന് പുലര്‍ച്ചെ പി.എസ്.എല്‍.വി.-11 റോക്കറ്റിലാണ് ചന്ദ്രയാന്‍ വിക്ഷേപിച്ചത്. 18 മിനിറ്റുകൊണ്ട് ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാന്‍ പേടകത്തെ നവംബര്‍ എട്ടിന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചു. നവംബര്‍ 12-ന് ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള സ്‌ഥിരം ഭ്രമണപഥത്തിലെത്തിയ ചന്ദ്രയാനില്‍നിന്ന് ത്രിവര്‍ണ പതാക പതിച്ച മൂണ്‍ ഇംപാക്‌റ്റ് പ്രോബ് (എം.ഐ.പി) നവംബര്‍ 14ന് രാത്രി 8.31ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തില്‍ ഷാക്കില്‍ടണ്‍ ഗര്‍ത്തത്തില്‍ ഇടിച്ചിറങ്ങി. ചന്ദ്രനില്‍ വാഹനമെത്തിച്ച അമേരിക്ക, മുന്‍ സോവിയറ്റ് യൂണിയന്‍, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ചൈന, ജപ്പാന്‍, എന്നിവരോടൊപ്പം ഇന്ത്യയും ചരിത്രത്തില്‍ ഇടംപിടിച്ചു. 11 പഠനോപകരണങ്ങളുമായാണ് ചന്ദ്ര യാന്‍-1 ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ഇതില്‍ അഞ്ചെണ്ണം ഇന്ത്യന്‍ ഉപകരണങ്ങളാണ്. ആറെണ്ണം വിദേശനിര്‍മ്മിതവും. എം.ഐ.പി. ചന്ദ്രനില്‍ ഇടിച്ചിറങ്ങിയതോടെ പത്ത് ഉപകരണങ്ങളാണ് ഇനി ചന്ദ്രയാനിലുള്ളത്. രണ്ടു വര്‍ഷത്തോളം ചന്ദ്രനില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലൂടെ ചുറ്റിക്കറങ്ങുന്ന ചന്ദ്രയാന്‍, ചന്ദ്രന്റെ ഉത്‌ഭവം, പരിണാമങ്ങളെക്കുറിച്ച് പഠിക്കുന്നതു കൂടാതെ, ഭാവി ഇന്ധനമെന്നു കരുതുന്ന ഹീലിയം-3ന്റെ സാന്നിധ്യവും ചന്ദ്രന്റെ ലവണഘടനയും പഠനവിധേയമാക്കും. 2012-ഓടുകൂടി ചന്ദ്രയാന്‍-2 യാഥാര്‍ത്ഥ്യമാക്കാനുള്ള തയാറെടുപ്പിലാണ് ഐ.എസ്.ആര്‍.ഒ. |
0 Comments