ചെങ്കിസ്ഖാനെപ്പറ്റി കേട്ടിട്ടില്ലേ? ലോകം കണ്ട ക്രൂരന്മാരായ ഭരണാധികാരികളില്‍ ഒരാള്‍! ഒരിക്കല്‍ മംഗോളിയയില്‍നിന്നും വലിയൊരു സൈനിക വ്യൂഹമായി ഭാരതത്തെ ആക്രമിക്കാന്‍ പുറപ്പെട്ട ചെങ്കിസ്ഖാന്‍ ഉത്തരേന്ത്യയിലെ സമര്‍ഖണ്ഡിലെത്തി. അക്കാലത്ത് ഉത്തരേന്ത്യ കടുത്ത വേനലിന്റെ പിടിയിലായിരുന്നു. പുഴകളും കുളങ്ങളുമെല്ലാം വറ്റിവരണ്ടു! മരങ്ങള്‍ ഉണങ്ങിക്കരിഞ്ഞു. ഒരു തുള്ളി വെള്ളത്തിനായി മൃഗങ്ങളും പക്ഷികളും പരക്കംപാഞ്ഞു! ദിവസങ്ങളായുള്ള യാത്രയും ചൂടും ചെങ്കിസ്ഖാന്റെ പടയാളികളെ തളര്‍ത്തി. ദാഹജലം കിട്ടാതെ സൈനികരില്‍ പലരും വഴിയില്‍ തളര്‍ന്നുവീണു! പെട്ടെന്നാണ് ഭടന്മാര്‍ ഒരു കാഴ്ച കണ്ടത്- വെള്ളം നിറച്ച കുടം തലയില്‍വെച്ച് വൃദ്ധയായ ഒരു സ്ത്രീ നടന്നുവരുന്നു! ഭടന്മാര്‍ ആ സ്ത്രീയെ ചെങ്കിസ്ഖാന്റെ മുന്നിലെത്തിച്ചു. ''സത്യം പറയണം! എവിടെനിന്നാണ് നിങ്ങള്‍ക്കീ വെള്ളം കിട്ടിയത്?'', ചെങ്കിസ്ഖാന്‍ ചോദിച്ചു. ചെങ്കിസ്ഖാന്റെ ചോദ്യംകേട്ട് ആ വൃദ്ധ ഒന്നും മിണ്ടാതെ നിന്നതേയുള്ളൂ! വെള്ളം കിട്ടുന്നതിന്റെ രഹസ്യം വെളിപ്പെടുത്തിയാല്‍ ഭടന്മാര്‍ അത് മുഴുവന്‍ തീര്‍ക്കുമോ എന്നതായിരുന്നു വൃദ്ധയുടെ ഭയം! അവരുടെ മൗനംകണ്ട ചെങ്കിസ്ഖാന്‍ കോപത്തോടെ തന്റെ വാള്‍ വലിച്ചൂരിക്കൊണ്ട് അലറി: ''ഒരിറ്റ് ദാഹജലത്തിനായി എന്റെ സൈനികര്‍ കേഴുന്നത് നീ കാണുന്നില്ലേ? ജീവന്‍ വേണമെങ്കില്‍ വേഗം പറയൂ, എവിടെനിന്നാണീ വെള്ളം?'' ഭയന്നുവിറച്ച വൃദ്ധ പറഞ്ഞു: ''ഇവിടെ അടുത്തായി പാറക്കെട്ടുകളുടെ മറവില്‍ ചെറിയൊരു കുളമുണ്ട്. അവിടെനിന്ന്!'' വൃദ്ധയുടെ മറുപടി കേട്ട ഭടന്മാര്‍ ആര്‍ത്തട്ടഹസിച്ചുകൊണ്ട് പാറക്കെട്ടുകളുടെ സമീപത്തേക്കോടി. കണ്ണാടിപോലെ തെളിഞ്ഞ ശുദ്ധജലം നിറഞ്ഞ കുളംകണ്ട ഭടന്മാര്‍ മതിവരുവോളം വെള്ളം കോരിക്കുടിച്ചു! കുറെ നാളത്തേക്കുള്ള വെള്ളം പാത്രങ്ങളില്‍ ശേഖരിക്കുകയും ചെയ്തു. അപ്പോഴാണ് ഭടന്മാര്‍ക്ക് ഒരു കുസൃതി തോന്നിയത്. അവര്‍ തങ്ങളുടെ കുതിരകളെ അഴിച്ചുകൊണ്ടുവന്ന് കുളത്തിലേക്ക് ചാടിച്ചു. നിമിഷനേരംകൊണ്ട് കുളം, ചെളിക്കുളമായി മാറി! ഇതെല്ലാം സങ്കടത്തോടെ കണ്ടുനിന്ന ആ വൃദ്ധ പൊട്ടിക്കരഞ്ഞുകൊണ്ട് ചെങ്കിസ് ഖാന്റെ മുന്നില്‍ ചെന്ന് പറഞ്ഞു: ''പൊന്നുതമ്പുരാനേ, അങ്ങയുടെ ഭടന്മാര്‍ കുതിരകളെ ഇറക്കി കുളത്തിലെ വെള്ളം ചീത്തയാക്കി!'' വൃദ്ധയുടെ ഹൃദയംപൊട്ടിയുള്ള കരച്ചില്‍ കണ്ട് ചെങ്കിസ്ഖാന്‍ ചാടി എഴുന്നേറ്റു. കുളത്തില്‍ കുതിരകളെ ഇറക്കിയ ഭടന്മാരെ വിളിച്ചുവരുത്തി ചെങ്കിസ്ഖാന്‍ ഗര്‍ജിച്ചു: ''കുടിവെള്ളത്തിന്റെ വിലയറിയാത്ത നന്ദികെട്ടവരേ... എത്രയോ ദിവസം അന്വേഷിച്ചിട്ട് കണ്ടെത്തിയതാണാ കുളം! വായുപോലെതന്നെ പ്രധാനപ്പെട്ടതാണ് വെള്ളവും! അത് മനസ്സിലാക്കാത്ത നിന്നെയൊന്നും ഞാന്‍ വെറുതെ വിടില്ല...'' ചെങ്കിസ്ഖാന്‍ തന്റെ വാള്‍ വീശി! നിമിഷങ്ങള്‍ക്കകം ഭടന്മാരുടെ തലകള്‍ ഉടലില്‍നിന്നും വേര്‍പെട്ട് നിലത്തു വീണു!
0 Comments