(വെളിപാടു പുസ്‌തകം (6:13) നക്ഷത്രങ്ങള്‍ ഭൂമിയിലേക്കു വീഴുന്നതാണ് കൊള്ളിമീനുകള്‍ എന്നാണ് പണ്ടുകാലത്ത് ആളുകള്‍ വിശ്വസിച്ചിരുന്നത്. നിലാവില്ലാത്ത കാര്‍മേഘമില്ലാത്ത സ്വഛമായ രാത്രികളില്‍ മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങള്‍ക്കിടയിലൂടെ ഭൂമിയിലേക്ക് വീഴുന്ന തീഗോളങ്ങളോട് അവര്‍ക്ക് ഭയവും ഭക്‌തിയുമായിരുന്നു. രാത്രികാലങ്ങളില്‍ ദൈവംതരുന്ന മുന്നറിയിപ്പാണിതെന്ന് അവര്‍ വിശ്വസിച്ചു. ഇവയെക്കുറിച്ച് വ്യക്‌തമായ ധാരണയുണ്ടായത് ആധുനിക വാനനിരീക്ഷണ ഉപകരണങ്ങളുടെ കടന്നുവരവോടെയാണ്. സൂര്യകുടുംബത്തിലെ അംഗങ്ങള്‍തന്നെയാണ് ഇവരെന്ന് ഇന്ന് എല്ലാവര്‍ക്കും അറിയാം. സൂര്യനും അഷ്‌ടഗ്രഹങ്ങളും (പ്ലൂട്ടോ ഔട്ട്) അവയുടെ ഉപഗ്രഹങ്ങളും കൂടാതെ മറ്റു പദാര്‍ത്ഥങ്ങളും നമ്മുടെ സൗരയൂഥത്തിലുണ്ട്. ഇവയെ പ്രധാനമായും നാലായി തരംതിരിക്കാം. 1. വാല്‍നക്ഷത്രങ്ങള്‍ 2. ആസ്‌റ്ററോയ്‌ഡുകള്‍ 3. മീറ്റിയ റോയ്‌ഡുകള്‍ 4. സൗരധൂളികള്‍ വാല്‍ നക്ഷത്രങ്ങള്‍ അഥവാ നീളന്‍ മുടിയുള്ള നക്ഷത്രങ്ങള്‍ നീളന്‍മുടിയുള്ള നക്ഷത്രം എന്നര്‍ത്ഥം വരുന്ന ആസ്‌റ്റര്‍ കോമെറ്റസ് എന്ന ഗ്രീക്കുവാക്കില്‍നിന്നാണ് കോമെറ്റ് എന്ന ഇംഗ്ലീഷുവാക്കിന്റെ ഉല്‍പത്തി. ഇതാണ് നമ്മുടെ വാല്‍നക്ഷത്രം. (സംസ്‌കൃതത്തില്‍ - ധൂമകേതു) ഇതുവരെ 900-ത്തോളം വാല്‍നക്ഷത്രങ്ങള്‍ നമുക്ക് ദൃശ്യമായിട്ടുണ്ട്. ഇവയെല്ലാം സൂര്യനുചുറ്റും ഇതരഗ്രഹങ്ങളെപ്പോലെ പ്രയാണം ചെയ്യുന്നു. വാല്‍നക്ഷത്രങ്ങള്‍ ഉണ്ടായത്? പൊടി, ജലം, അമോണിയ, മിഥേയ്‌ന്‍ തുടങ്ങിയവ ചേര്‍ന്നുണ്ടായതാണ് വാല്‍നക്ഷത്രങ്ങള്‍. വിപ്പിള്‍ എന്ന അമേരിക്കന്‍ ജ്യോതിശാസ്‌ത്രജ്‌ഞന്‍ വാല്‍നക്ഷത്രത്തെ വൃത്തികെട്ട ഹിമക്കൂമ്പാരത്തോടാണ് ഉപമിക്കുന്നത്. ഇത് സൂര്യന് അടുത്തെത്തുമ്പോള്‍ കനംകുറഞ്ഞ തന്മാത്രകള്‍ ബാഷീപീകരിച്ച് വാലുണ്ടാകുന്നു. ഇങ്ങനെയുണ്ടാകുന്ന വാലിന്റെ നീളം ഏതാനും ലക്ഷം കിലോമീറ്റര്‍ മുതല്‍ പത്തുകോടി കിലോമീറ്റര്‍ വരെയാകാം. വാല്‍നക്ഷത്രത്തിന്റെ വാലിനാണ് തലയേക്കാള്‍ വീതികൂടുതല്‍. സൗരക്കാറ്റുകളാണ് വാല്‍നക്ഷത്രത്തെ ജ്വലിപ്പിക്കുന്നതെന്നാണ് ശാസ്‌ത്രജ്‌ഞന്മാരുടെ നിഗമനം. സൂര്യന് അടുത്തെത്തുമ്പോള്‍പ്പോലും തിളങ്ങാത്ത വാല്‍നക്ഷത്രങ്ങളുമുണ്ട്. ചില വാല്‍നക്ഷത്രങ്ങള്‍ സൂര്യനിലേക്ക് വാല്‍ചൂണ്ടുന്നു. മിക്ക വാല്‍നക്ഷത്രങ്ങളുടെയും വാല്‍ സൂര്യനില്‍നിന്ന് അകന്നാണ് കണ്ടുവരുന്നത്. വാല്‍നക്ഷത്രങ്ങളുടെ ജന്മസ്‌ഥലം ഭൂമിയില്‍നിന്ന് സൂര്യനിലേക്കുള്ള ദൂരത്തിന്റെ ഇരുപതിനായിരം മുതല്‍ അറുപതിനായിരം വരെ ഇരട്ടി ദൂരം സൂര്യനില്‍ നിന്നകന്ന് വൃത്താകാരത്തില്‍ ചലിക്കുന്ന വാല്‍നക്ഷത്രങ്ങളുടെ ഒരു മേഘമുണ്ട്. ഡച്ച് ജ്യോതിശാസ്‌ത്രജ്‌ഞനായ ഊര്‍ട് ആണ് ഇതിനെ വിവരിക്കുന്ന സിദ്ധാന്തം ആവിഷ്‌കരിച്ചത്. അതിനാല്‍ ഇതിനെ ഊര്‍ട് മേഘം എന്നുവിളിക്കുന്നു. സൗരയൂഥത്തിന്റെ ആദികാലത്ത്, ഇപ്പോള്‍ വ്യാഴഗ്രഹത്തിന്റെ സ്‌ഥാനത്ത് വാല്‍നക്ഷത്രദ്രവ്യത്തിന്റെ ചുഴികള്‍ ഉണ്ടായിരുന്നുവത്രേ. ഇവയില്‍ ചിലതിനെ പ്രാക് ഗ്രഹങ്ങള്‍ പിടിച്ചെടുത്തു. മറ്റു ചിലവ തെറിച്ചുപോയി. ബാക്കിയുള്ളവ നക്ഷത്രങ്ങളുടെ സ്വാധീനത്തില്‍പ്പെട്ട് വൃത്താകാരമായ പഥത്തോടുകൂടി ചലിച്ച് ഊര്‍ട് മേഘമുണ്ടായി. ഉല്‌കകള്‍ ഉണ്ടാവുന്നത്? വാല്‍നക്ഷത്രങ്ങള്‍ അവയുടെ ഭ്രമണപഥത്തില്‍ക്കൂടി സഞ്ചരിക്കുമ്പോള്‍ സൂര്യന്‍, ഭാരംകൂടിയ ഗ്രഹങ്ങള്‍ എന്നിവയുടെ ഗുരുത്വാകര്‍ഷണം കാരണം അവയുടെ (വാല്‍നക്ഷത്രങ്ങളുടെ) ചിലഭാഗങ്ങള്‍ ഛിന്നഭിന്നമാവുകയും ഇങ്ങനെ ഛിന്നഭിന്നമായ ശകലങ്ങള്‍ വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ക്കൂടിതന്നെ സഞ്ചരിക്കുകയും ചെയ്യുന്നു. ക്രമേണ വാല്‍നക്ഷത്രത്തിന്റെ പദാര്‍ത്ഥങ്ങള്‍ മുഴുവന്‍ അതിന്റെ ഭ്രമണപഥത്തില്‍ വിവിധ ഭാഗങ്ങളിലായി വിതറപ്പെടുന്നു. ഇങ്ങനെയുള്ള ഒരു വാല്‍നക്ഷത്രത്തിന്റെ ഭ്രമണപഥത്തില്‍ക്കൂടി എല്ലാവര്‍ഷവും ഭൂമി കടന്നുപോകുമ്പോഴാണ് ഉല്‌ക്കവര്‍ഷം ഉണ്ടാകുന്നത്. ഭൂമിയുടെ അന്തരീക്ഷം അതിന്റെ ഉപരിതലത്തില്‍നിന്നു തുടങ്ങി ആയിരക്കണക്കിനു കിലോമീറ്റര്‍ ഉയരത്തില്‍ വാതകരൂപത്തില്‍ ഭൂമിക്കുചുറ്റും വ്യാപിച്ചുകിടക്കുന്നു. ഉപരിതലത്തില്‍നിന്നും മുകളിലേക്ക് പോകുംതോറും അന്തരീക്ഷത്തിലെ വാതക സാന്ദ്രത കുറഞ്ഞുകുറഞ്ഞുവരുന്നു. സാന്ദ്രതയില്‍ മാത്രമല്ല താപനില, ഘടന തുടങ്ങി പലതിലും ഉയരത്തിനനുസരിച്ച് മാറ്റങ്ങളുണ്ടാകുന്നു. ബഹിരാകാശത്തുകൂടി സഞ്ചരിക്കുന്ന ഉല്‌കകള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ ഭൂമിയോട് അടുത്തെത്തുമ്പോള്‍ ആദ്യം സാന്ദ്രതകുറഞ്ഞ പ്രദേശത്തുകൂടി സഞ്ചരിച്ച് ക്രമേണ സാന്ദ്രതകൂടിയ ഭാഗത്തേക്ക് സഞ്ചാരം തുടരുന്നു. ഇങ്ങനെ സഞ്ചരിക്കുന്ന ഉല്‌ക്കയുടെ ശരാശരിവേഗത സെക്കന്‍ഡില്‍ 42 കി.മീ. ആണ്. അതായത് മണിക്കൂറില്‍ ഏതാണ്ട് ഒന്നരലക്ഷം കിലോമീറ്റര്‍. ഇത്രയും വേഗത്തില്‍ ഉല്‌ക്ക സഞ്ചരിക്കുമ്പോള്‍ അന്തരീക്ഷവുമായുള്ള ഘര്‍ഷണം നിമിത്തം അതിനുചുറ്റുമുള്ള വായു വളരെയധികം ചൂടുപിടിക്കുന്നു. ഏകദേശം 1000ഗ(കെല്‍വിന്‍) വരെയൊക്കെ താപനില ഉയരാം. വായുവില്‍നിന്നും ലഭിച്ച ചൂടുനിമിത്തം ഉല്‌ക്കയുടെ ഉപരിതലം ഉയരുകയും കുറേ തന്മാത്രകളും പരമാണുക്കളും ബാഷ്‌പീഭവിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ ഉല്‌ക്കയുടെ ഉപരിതലത്തില്‍ നിന്നും ചാടിപ്പോകുന്ന തന്മാത്രകളും പരമാണുക്കളും അന്തരീക്ഷ വായുവിലെ തന്മാത്രകളും പരമാണുക്കളുമായി കൂട്ടിമുട്ടി ഉത്തേജിക്കപ്പെടുകയും അയണീകരിക്കപ്പെടുകയും ചെയ്യുന്നു. ഉല്‌ക്കയും അന്തരീക്ഷവുമായി ഈ വിവിധ പ്രവര്‍ത്തനം നടക്കുമ്പോള്‍ ഉണ്ടാകുന്ന പ്രകാശമാണ് അഗ്നിഗോളം, കൊള്ളിമീന്‍ എന്നീ പ്രതിഭാസങ്ങളായി കാണപ്പെടുന്നത്. ഇവ കാണപ്പെടുന്നത് ഏകദേശം 120 കി.മീറ്ററിനും 20 കി.മീറ്ററിനും ഇടയിലാണ്. ഭാരംകൂടിയ വിഭാഗത്തില്‍പ്പെട്ട ഉല്‌ക്കകള്‍ സഞ്ചരിക്കുമ്പോള്‍ പുറപ്പെടുവിക്കുന്ന പ്രകാശം കാണുന്നതു പുറകില്‍ അല്‌പം വാലുള്ള അഗ്നിഗോളം പോലെയാണ്. എന്നാല്‍ ഭാരം കുറഞ്ഞ വിഭാഗത്തില്‍പ്പെട്ടവ മൂലമുണ്ടാകുന്ന പ്രകാശം നേര്‍വരപോലെ കാണുന്നു. ഇതാണ് കൊള്ളിമീനുകള്‍. കൊള്ളിമീന്‍ മഴ കൊള്ളിമീന്‍ വര്‍ഷം ഉണ്ടാകുന്നത് ധാരാളം ഉല്‌ക്കശകലങ്ങള്‍ ഒരേസമയം ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതുകൊണ്ടാണ്. ഒറ്റതിരിഞ്ഞുവരുന്ന ഉല്‌ക്കാശകലങ്ങള്‍ ഒറ്റക്കൊള്ളിമീനുകളെയും സൃഷ്‌ടിക്കുന്നു. ആകെയുള്ള ഉല്‌ക്കാശകലങ്ങളില്‍ 80 ശതമാനം ഒറ്റ ഉല്‌ക്കാശകലവിഭാഗത്തിലും 20 ശതമാനം ഉല്‌ക്കശകലവര്‍ഷവിഭാഗത്തിലുംപെടുന്നു. വാനശിലകള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഉല്‌ക്കകളില്‍ ചിലവ അന്തരീക്ഷത്തില്‍വെച്ച് പൂര്‍ണ്ണമായും കത്തിനശിക്കാതെ ഭൂമിയില്‍ പതിക്കുന്നു. ഇവയാണ് വാനശിലകള്‍. ഓരോവര്‍ഷവും ആയിരത്തിലധികം വാനശിലകള്‍ വീഴുന്നുണ്ടെങ്കിലും അതില്‍ അഞ്ചോ പത്തോ വാനശിലകള്‍ മാത്രമേ കണ്ടെടുക്കപ്പെടുന്നുള്ളൂ. കടലിലും വനങ്ങളിലും മരുഭൂമികളിലും മറ്റും വീഴുന്നവ കണ്ടെടുക്കുക വിഷമകരമായതുകൊണ്ടാണ് ഇത്. ഉല്‌ക്കകുഴികള്‍ മെക്‌സിക്കോയിലെ അരിസോണയില്‍ ഏകദേശം 5000 കൊല്ലങ്ങള്‍ക്കുമുമ്പ് ഒരുലക്ഷം ടണ്‍ ഭാരമുള്ള ഒരു ഉല്‌ക്ക പതിക്കുകയുണ്ടായി. അപ്പോഴുണ്ടായ ഉല്‌ക്കക്കുഴിക്ക് 1200 മീറ്റര്‍ വ്യാസവും 175 മീറ്റര്‍ ആഴവുമുണ്ട്. അതിനേക്കാള്‍ വലിയ ഉല്‌ക്കക്കുഴികള്‍ ലോകത്തിന്റെ മറ്റുഭാഗങ്ങളിലുണ്ടെന്നാണ് ചില ശാസ്‌ത്രജ്‌ഞരുടെ നിഗമനം. ഉദാഹരണമായി ഘാനയിലെ ബോസും ട്വി ജലാശയം 10 കി.മീറ്റര്‍ വ്യാസമുള്ള ഒരു ഉല്‌ക്കക്കുഴിയില്‍ വെള്ളം നിറഞ്ഞുണ്ടായതാണെന്നാണ് ശാസ്‌ത്രജ്‌ഞന്മാരുടെ വിശ്വാസം. ആസ്‌റ്ററോയ്‌ഡുകള്‍ ചൊവ്വയ്‌ക്കും വ്യാഴത്തിനും ഇടയില്‍ ഭ്രമണപഥങ്ങളുള്ള, ഒറ്റയ്‌ക്കും കൂട്ടായും സഞ്ചരിക്കുന്ന, ഒരുവിഭാഗം ചെറുഗ്രഹങ്ങളാണ് അസ്‌റ്ററോയ്‌ഡുകള്‍. ഇവയുടെ വ്യാസം 100 കി.മീ. മുതല്‍ 1000 കിലോമീറ്റര്‍വരെയാണെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇവയുടെ ഭ്രമണപഥത്തിന്, വ്യാഴത്തിന്റെ സാമീപ്യം മൂലം ചിലപ്പോള്‍ വ്യതിയാനമുണ്ടാകുന്നു. അങ്ങനെ വ്യതിചലിച്ച് നീങ്ങുന്നവയില്‍ ചിലവയെങ്കിലും ഭൂമിയിലേക്കു പതിച്ചേക്കാം. ഇതുവരെ ഏകദേശം രണ്ടായിരത്തിലധികം ആസ്‌റ്റേറോയ്‌ഡുകള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്. മിറ്റിയറോയ്‌ഡുകള്‍ ഇവയുടെ ഭാരം ഗ്രാം മുതല്‍ ഏതാനും മൈക്രോഗ്രാം വരെയാണ്. ഇവ സൗരയൂഥം മുഴുവനും വ്യാപിച്ചുകിടക്കുന്നു. വാല്‍നക്ഷത്രങ്ങളെയും അസ്‌റ്ററോയ്‌ഡുകളെയുംപോലെ ഇവയും സൂര്യനുചുറ്റും പ്രദക്ഷിണം വയ്‌ക്കുന്നുണ്ട്. മിറ്റിയറോയ്‌ഡുകളില്‍ ഭാരംകൂടിയവ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഇവയുടെ പാതയിലുള്ള വാതകം അയണികരിക്കപ്പെടുകയും കൊള്ളിമീനുകള്‍ കാണപ്പെടുകയും ചെയ്യും. മീറ്റിയറോയ്‌ഡുകളില്‍ ഒരുവിഭാഗം വാല്‍നക്ഷത്രങ്ങളോട് ബന്ധപ്പെട്ടിരിക്കുന്നു. സൗരധൂളി 10-7 ഗ്രാം മുതല്‍ 10-16 ഗ്രാം വരെ ദ്രവ്യമാനമുള്ള പദാര്‍ത്ഥകണികകളാണിവ. ഇവ സൗരയൂഥം മുഴുവന്‍ വ്യാപിച്ചുകിടക്കുന്നു. സൗരയൂഥത്തിലെ ഗ്രഹങ്ങള്‍ക്കും അവയുടെ ഉപഗ്രഹങ്ങള്‍ക്കും ആസ്‌റ്ററോയ്‌ഡുകള്‍ക്കും വാല്‍നക്ഷത്രങ്ങള്‍ക്കും മിറ്റിയറോയ്‌ഡുകള്‍ക്കും അതിന്റേതായ നിശ്‌ചിത ഭ്രമണപഥമുണ്ട്. ഭൂമി അതിന്റെ ഭ്രമണപഥത്തില്‍ക്കൂടി സൂര്യനുചുറ്റും സഞ്ചരിക്കുമ്പോഴാണ് ഇവയുമായി കണ്ടുമുട്ടുന്നതും കൊള്ളിമീന്‍, അഗ്നിഗോളം, വാനശില തുടങ്ങിയ പ്രതിഭാസങ്ങള്‍ ഉണ്ടാകുന്നതും |
0 Comments