ഓപ്പറേഷന്‍ മൂണ്‍

Share it:



മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയിട്ട് നാല്‍പ്പതാണ്ട്. അന്ന് 'മനുഷ്യരാശിയുടെ കുതിച്ചുചാട്ടം' എന്ന് വിശേഷിപ്പിക്കപ്പെട്ട ആ സംഭവത്തിനുശേഷം അവന്റെ ബഹിരാകാശ സ്വപ്നങ്ങള്‍ക്ക് എന്തുപറ്റി?


നുഷ്യന്‍ ഇന്നോളം നടത്തിയ ഏറ്റവും സാഹസികമായ പര്യവേഷണമായിരുന്നു അത്. ശരിക്കും ഒരു പരലോകയാത്ര. ഉള്ളു കണ്ടിട്ടില്ലാത്ത ലോകത്തേക്ക് മൂന്നു മനുഷ്യരെ പറഞ്ഞുവിടുമ്പോള്‍ ഒന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ അമേരിക്കയുടെ മനസ്സില്‍; സോവിയറ്റ് യൂണിയനുമേല്‍ വിജയം.
നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍. ഇ. ആല്‍ഡ്രിന്‍ ജൂനിയറും മൈക്കല്‍ കോളിന്‍സും അപ്പോളോ 11ല്‍ കയറുമ്പോള്‍ അമേരിക്കയുടെ ഹൃദയമിടിപ്പുകൂടി. അപ്പോളോ 11മായി കേപ് കനെവെറലില്‍ നിന്ന് സാറ്റേണ്‍ ്വ കുതിച്ചപ്പോള്‍ ഹൃദയാഘാതത്താല്‍ ചിലര്‍ മരിച്ചുവീണു. പക്ഷാഘാതത്താല്‍ ചിലര്‍ തളര്‍ന്നുവീണു.
സെക്കന്റില്‍ ആയിരം ഗ്യാലന്‍ ഇന്ധനം എരിച്ചുതള്ളിക്കൊണ്ട് 1969 ജൂലായ് 16ന് സാറ്റേണ്‍ ്വ കുതിച്ചുയര്‍ന്നു. ആ യാത്രകാണാന്‍ 10 ലക്ഷത്തിലേറെപ്പേര്‍ കേപ് കനെവെറലില്‍ നിറഞ്ഞു. സമ്മര്‍ദം താങ്ങാനാവാതെ മിക്കവരും വാവിട്ടു നിലവിളിച്ചു. കാഴ്ചക്കാരിലൊരാളായിരുന്ന ശാസ്ത്രകഥാകാരന്‍ ആതര്‍ സി. ക്ലാര്‍ക്ക് പിന്നീടു പറഞ്ഞു: ''അതുയര്‍ന്നപ്പോള്‍, ഇരുപത് വര്‍ഷത്തിനിടെ ആദ്യമായി ഞാന്‍ കരഞ്ഞു. നാല്‍പ്പതു വര്‍ഷത്തിനിടെ ആദ്യമായി ഞാന്‍ പ്രാര്‍ഥിച്ചു.''
പിന്നീടുള്ള മൂന്നു ദിനങ്ങള്‍ ആകാംക്ഷയുടേതായിരുന്നു. വെറും ആകാംക്ഷയുടേതല്ല, ഹൃദയം കുതിച്ചുചാടുന്ന ആകാംക്ഷ. അവരങ്ങ് ചന്ദ്രനിലെത്തുമോ. വലിയൊരു പപ്പടവലിപ്പത്തില്‍ കരിംകല പേറി തിളങ്ങിച്ചിരിച്ചു നില്‍ക്കുന്ന അമ്പിളിമാമനെ അവര്‍ തൊടുമോ.
ജൂലായ് 20ന് യഥാര്‍ഥ യാത്ര തുടങ്ങി. മൂന്നു മനുഷ്യര്‍ ഒരു കുഞ്ഞുപേടകത്തില്‍!
'ഈഗിള്‍' (പരുന്ത് ) എന്നു വിളിപ്പേരുള്ള ആ വാഹനം (അപ്പോളോ 11) ചന്ദ്രനിലിറങ്ങാന്‍ ഇടം തേടി നടന്നു. പെട്ടെന്ന് അപായസൂചന നല്‍കി വാഹനത്തിലെ മഞ്ഞവെളിച്ചം തുടരെ മിന്നി. അരമിനിറ്റ്, അമൂല്യമായ ഇന്ധനം എരിഞ്ഞു തീരുന്നു. എല്ലാം അവസാനിച്ചോ. ചന്ദ്രനരികെ, അതിനെ തൊടാനാകാതെ എല്ലാം കരിഞ്ഞുതീരുമോ. ഇല്ല. മഞ്ഞവെളിച്ചം നിന്നു. 'കാലുകുത്താ'നിടം കാണാതെ അപ്പോഴും 'ഈഗിള്‍' ചന്ദ്രനുചുറ്റും കറങ്ങി നടന്നു. ഒരുമിനിറ്റു നേരം പറക്കാനുള്ള ഇന്ധനം ബാക്കി. 'ഈഗിള്‍' ഇനിയും ചന്ദ്രനെ തൊട്ടിട്ടില്ല. ഒടുവില്‍ 'പ്രശാന്തിയുടെ കടലി'*നരികെ അത് പറന്നിറങ്ങി; ഒരു സെക്കന്‍ഡു നേരം പറക്കാനുള്ള ഇന്ധനം മാത്രം ബാക്കിയുള്ളപ്പോള്‍.
അധികം വൈകിയില്ല, നീല്‍ ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തി. അങ്ങനെ അയാള്‍ ചന്ദ്രന്റെ 'ആദ'മായി. ചന്ദ്രനെ തൊട്ട ആദ്യ മനുഷ്യന്‍. അവിടെ നിന്ന് ആദം ഭൂമിയോട് വിളിച്ചു പറഞ്ഞു: ''മനുഷ്യന് ഒരു കാല്‍വെപ്പ്; മനുഷ്യരാശിക്ക് ഒരു കുതിച്ചു ചാട്ടം.''
* * *
ചന്ദ്രനില്‍ 'പരുന്തി'റങ്ങിയിട്ട് ജൂലായ് 20ന് നാല്‍പ്പത് കൊല്ലം തികയുന്നു. മനുഷ്യരാശി കുതിച്ചു ചാടിയില്ല. പുത്തന്‍ ബഹിരാകാശ പര്യവേഷണങ്ങള്‍ക്ക്, ചന്ദ്രനില്‍ പുതിയ പഠനങ്ങള്‍ക്ക്, കൂടുതല്‍ ചാന്ദ്രയാത്രകള്‍ക്ക് തുടക്കമാവുമെന്നു കരുതിയ അപ്പോളോ 11ന്റെ യാത്ര തുടര്‍ന്നു നടന്ന രണ്ടുമൂന്ന് യാത്രകളിലൊതുങ്ങി. അമേരിക്കയുടെ ബഹിരാകാശ സ്വപ്നങ്ങള്‍ അവിടെ അവസാനിച്ചു. ശീതയുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ ഒരു വിജയം. അതു നേടി. പിന്നെയെന്ത് എന്നു കരുതി അമേരിക്ക.
സ്​പുട്‌നിക് ഒന്നും സോവിയറ്റ് വോസ്‌റ്റോക് ഒന്നും അതിനൊപ്പം യൂറി ഗഗാറിനെയും ബഹിരാകാശത്തയച്ച സോവിയറ്റ് യൂണിയനെ തോല്‍പ്പിക്കാന്‍ ഇതല്ലാതെ വേറെ വഴികണ്ടില്ല, അന്നത്തെ യു. എസ് പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡി. 1961ല്‍ അദ്ദേഹം പ്രഖ്യാപിച്ചു: ''ഈ പതിറ്റാണ്ട് തീരുംമുമ്പ് മനുഷ്യനെ ചന്ദ്രനിലിറക്കി സുരക്ഷിതനായി തിരിച്ചെത്തിക്കും.''
ആംസ്‌ട്രോങ് ചന്ദ്രനില്‍ യു. എസ്. പതാക നാട്ടിയതും 150 മിനിറ്റ് നടന്നതും കെന്നഡി കണ്ടില്ല. 1963ല്‍ വെടിയേറ്റു മരിച്ച അദ്ദേഹത്തിന്റെ ശവകുടീരത്തില്‍ 1969 ജൂലായ് 21ന് ആരോ എഴുതി, 'മിസ്റ്റര്‍ പ്രസിഡന്റ്, ഈഗിള്‍ ഹാസ് ലാന്‍ഡഡ് '.
ആ ലാന്‍ഡിങ് ഒരവസാനമായിരുന്നു. ബഹിരാകാശ പര്യവേഷണത്തെപ്പറ്റിയുള്ള സ്വപ്നങ്ങളുടെ അവസാനം. ചന്ദ്രനില്‍ സ്ഥിരം താവളമുണ്ടാക്കുക, ചൊവ്വയിലേക്ക് മനുഷ്യനെ അയയ്ക്കുക, സൗരയൂഥത്തില്‍ കഴിയുന്നിടത്തേക്കെല്ലാം മനുഷ്യനെ വിടുക. ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയതോടെ അവയെല്ലാം അവസാനിച്ചു. റഷ്യക്കാര്‍ക്കു മുമ്പേ അമേരിക്ക ചന്ദ്രനിലെത്തി. പക്ഷേ, അങ്ങനെയൊരിടമുള്ള കാര്യം തന്നെ ഇന്നവര്‍ മറന്നു.
ചന്ദ്രനിലേക്കെന്നല്ല, ബഹിരാകാശത്തേക്കുതന്നെ അമേരിക്ക ഇനി ആളെ അയച്ചേക്കില്ല. സോവിയറ്റ് യൂണിയന്‍ തകര്‍ന്നു. റഷ്യ മത്സരത്തിന് ഔത്സുക്യം കാട്ടുന്നില്ല. പിന്നെയുള്ളത് ഇന്ത്യയും ചൈനയും. അല്‍ ഖ്വയ്ദയെയും താലിബാനെയും മറ്റ് ഭീകര സംഘടനകളെയും ഇല്ലാതാക്കാനും സാമ്പത്തിക പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനും യുദ്ധച്ചെലവുകള്‍ക്ക് പണം കണ്ടെത്താനും വഴിതേടുമ്പോള്‍ ബഹിരാകാശ ദൗത്യം ദൂരെയെങ്ങോ നടക്കുന്ന കാര്യം.
അമേരിക്കയുടെ അഭിമാനം ചന്ദ്രനോളം ഉയര്‍ത്തിയ, മറ്റൊരു ലോകത്തിന്റെ ഉള്ളകം മനുഷ്യനു കാട്ടിത്തന്ന 'അപ്പോളോ'യുടെ കാലം അടുത്ത വര്‍ഷം കഴിയും. ഒരു പുതിയ 'അപ്പോളോ' ഉണ്ടാക്കാനുള്ള നാസയുടെ പദ്ധതിക്ക് പുറംതിരിഞ്ഞു നില്‍ക്കുകയാണ് യു. എസ്. പ്രസിഡന്റ് ബരാക് ഒബാമ. മനുഷ്യനെ ബഹിരാകാശത്തിലേയ്ക്കയക്കുന്ന പദ്ധതിയുടെ കാര്യത്തില്‍ അദ്ദേഹം ഒട്ടും താത്പര്യം കാണിച്ചിട്ടില്ല.
'പരുന്തിറക്കത്തിനു' ശേഷം അമേരിക്കയുടെ ബഹിരാകാശ മോഹങ്ങള്‍ തകര്‍ന്നു പോയത് അതിവേഗത്തിലായിരുന്നു. ആംസ്‌ട്രോങ്ങിന്റെ നടത്തം ലോകത്തെക്കാണിക്കാന്‍ തിടുക്കപ്പെട്ട അവര്‍ 1970ലെ അപ്പോളോ 13 ദൗത്യത്തിന്റെ ടെലിവിഷന്‍ സംേപ്രഷണം റദ്ദുചെയ്തു; ജനപ്രിയ പരിപാടിയായ ഡോറിസ് ഡേ ഷോയ്ക്കു വേണ്ടി. അപ്പോളോ 18ഉം 19ഉം 20ഉം അയയ്ക്കുന്നത് നിര്‍ത്തിവെച്ചു.
അവസാനമായി ചന്ദ്രനില്‍ പതിഞ്ഞ കാലടികള്‍ ജീന്‍ സെര്‍നാന്റിന്‍േറതും ജാക്ക് ഷ്മിറ്റിന്‍േറതുമായി. 1972 ഡിസംബര്‍ 14ന് ചന്ദ്രനില്‍ നിന്ന് കുറേ കല്ലും പെറുക്കി അവര്‍ തിരിച്ചുപോന്നു. 'ദൈവം അനുവദിച്ചാല്‍ തിരിച്ചുവരുമെന്ന് 'ആളില്ലാ മണ്ണി'ല്‍ നിന്ന് വിളിച്ചുകൂവിയിട്ടാണ് സെര്‍നാന്‍ തിരിച്ചുപോന്നത്. ദൈവം അനുവദിക്കാഞ്ഞിട്ടോ എന്തോ പിന്നെ ഒരു മനുഷ്യന്റെയും സ്​പര്‍ശം ആ 'മണ്ണ'റിഞ്ഞിട്ടില്ല.
നാല്‍പ്പതാണ്ടുമുമ്പ് പരുന്തിറങ്ങിയപ്പോള്‍, അതിനെയുമേറ്റിക്കുതിച്ച സാറ്റേണ്‍ ്വ-ന്റെ, ലോകത്തെ ഏറ്റവും കരുത്തുറ്റ റോക്കറ്റിന്റെ നിര്‍മാതാവ് വെര്‍നെര്‍ വോണ്‍ ബ്രൗണ്‍ പറഞ്ഞു: ' സമുദ്ര ജീവികള്‍ കരയിലേക്കിഴഞ്ഞുകയറിവന്ന പരിണാമത്തിന്റെ നിമിഷത്തിനു തുല്യം ഈ നിമിഷം. അത്തരം അതിഭാവുകത്വം നിറഞ്ഞ പ്രതികരണങ്ങള്‍ ഇന്നു വെറും ജല്‍പ്പനങ്ങളായി തോന്നുന്നു. അന്നത്തെ ആ നേട്ടം മൂന്നു മനുഷ്യരുടെ അസാമാന്യ ധീരതയുടെയും വൈദഗ്ധ്യത്തിന്റെയും തെളിവും സാങ്കേതികവിദ്യയുടെ നേട്ടവും മാത്രമായി ചുരുങ്ങിപ്പോയിരിക്കുന്നു.
മുന്‍പിന്‍ നോക്കാതെ പണം വാരിയെറിഞ്ഞുള്ള കളിയായിരുന്നു അത്. 2400 കോടി ഡോളര്‍ (ഏകദേശം 1.17 ലക്ഷം കോടി രൂപ) - ഇന്നത്തെ മൂല്യം വെച്ച് ലക്ഷം കോടി ഡോളര്‍ - അമേരിക്ക പൊടിച്ചു. വളരെ വര്‍ഷങ്ങള്‍ യു. എസ്. ബജറ്റിന്റെ അഞ്ചു ശതമാനം വിഴുങ്ങിയത് ഈ പദ്ധതിയായിരുന്നു. അനേകം മനുഷ്യര്‍ വിശ്രമമെന്തെന്നറിയാതെ പണിയെടുത്തു. അപ്പോളോ 11 നിര്‍മിച്ച ന്യൂ ജേഴ്‌സിയിലെ തൊഴിലാളികള്‍ ദിവസവും വൈകീട്ട് അഞ്ചിന് പണി നിര്‍ത്തി മുന്‍വാതിലിലൂടെ പുറത്തിറങ്ങി കമ്പനി ചുറ്റി പിന്‍വാതിലിലൂടെ അകത്തുകയറി പാതിരാവരെ പണിയെടുത്തു. അങ്ങനെ എത്ര പേര്‍!
അപ്പോളോയിലേറി ഒമ്പതു തവണ അമേരിക്ക ചന്ദ്രനിലേയ്ക്കു പറന്നു. ആറു തവണ ചന്ദ്രോപരിതലത്തിലിറങ്ങി. മൊത്തം 24 പേര്‍ പോയി വന്നു. അവരില്‍ മൂന്നുപേര്‍ - ജിം ലവെല്‍, ജീന്‍ സെര്‍നാന്‍, ജോണ്‍ യങ് - രണ്ടുവട്ടം പോയി. 12 പേര്‍ ചന്ദ്രനിലിറങ്ങി. അവരില്‍ ഒമ്പതുപേര്‍ ജീവിച്ചിരിക്കുന്നു.
ചാന്ദ്രനടത്തക്കാരെല്ലാം ചേര്‍ന്ന് 842 പൗണ്ട് ( 381.9 കിലോ ) പാറകളാണ് ഭൂമിയില്‍ കൊണ്ടുവന്നത്. അവയെല്ലാം ടെക്‌സസിലെ ജോണ്‍സണ്‍ സ്​പയ്‌സ് സെന്ററില്‍ അങ്ങനെതന്നെയിരിക്കുന്നു. ഒരിക്കല്‍ കൂടി മനുഷ്യനെ ചന്ദ്രനിലയയ്ക്കുക എന്ന നാസ പദ്ധതി നൂലില്‍ തൂങ്ങുകയാണ്. സ്ത്രീകളുള്‍പ്പെടെയുള്ള സംഘത്തെ 2016ല്‍ ചന്ദ്രനിലെത്തിക്കാന്‍ പുതിയ റോക്കറ്റുകള്‍ക്ക് രൂപം കൊടുത്തുകൊണ്ടിരിക്കുകയാണവര്‍. മുന്‍ പ്രസിഡന്റ് ജോര്‍ജ് ബുഷ് പ്രഖ്യാപിച്ച പദ്ധതി. പക്ഷേ, അതിനുള്ള പണമൊന്നും ബുഷ് ഭരണകൂടം നല്‍കിയില്ല. ഇക്കാര്യങ്ങളെല്ലാം പുന:പരിശോധിക്കണമെന്നാണ് ഒബാമയുടെ നിലപാട്.
മനുഷ്യന്റെ യാത്രകള്‍കൊണ്ട് ചന്ദ്രന് നേട്ടമൊന്നുമുണ്ടായില്ല. മാലിന്യമെന്തെന്നറിയാതിരുന്ന ആ ഉപഗ്രഹം ഇന്ന് പോയവരുപേക്ഷിച്ചുപോന്നവയെല്ലാം പേറുന്നു. തകര്‍ന്ന റോബോട്ട് പ്രോബുകള്‍, ടെലിവിഷന്‍ ക്യാമറകള്‍, കൊടികള്‍, ഭക്ഷണപാത്രങ്ങള്‍ അങ്ങനെ എന്തെല്ലാം. കാറ്റോ മഴയോ ബാക്ടീരിയയോ ഇല്ലാത്ത അവിടെ തുരുമ്പിക്കാതെ ചിതലെടുക്കാതെ അവ കിടക്കുന്നു. 40 വര്‍ഷം മുമ്പത്തെ അവശിഷ്ടങ്ങള്‍. ഒരു പക്ഷേ, യുഗങ്ങള്‍ക്കു ശേഷം ചന്ദ്രനിലെത്തുന്ന ജീവികള്‍ അവ കാണുമായിരിക്കാം. പണ്ടെപ്പോഴോ ഉണ്ടായിരുന്ന വിചിത്ര ജീവികളെപ്പറ്റി അവ അവര്‍ക്ക് തെളിവു നല്‍കുമായിരിക്കാം.
Share it:

Moon

ചന്ദ്രന്‍

Post A Comment:

0 comments: