അരുണാചല്‍പ്രദേശ് ശാസ്‌ത്രനാമം: Bos Frontails കുടുംബം:Bovidae ഏകദേശം 8000 വര്‍ഷങ്ങള്‍ക്കു മുമ്പ് തദ്ദേശവാസികള്‍ ഇണക്കിവളര്‍ത്തിയ കാട്ടുപോത്തി (ഗൗര്‍) ന്റെ സങ്കരയിനമാണ് മിഥുന്‍. ഇരുണ്ടനിറമുള്ള ശരീരത്തിലെ പിങ്ക് പാടുകളാണ് കാട്ടുപോത്തില്‍നിന്നും ഇതിനെ വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്നത്. മിഥുന്‍ വളര്‍ത്തല്‍ അരുണാചല്‍പ്രദേശുകാരുടെ ഒരു പ്രധാന വരുമാനമാര്‍ഗമാണ്. ഒരാള്‍ വളര്‍ത്തുന്ന മിഥുനുകളുടെ എണ്ണം അയാളുടെ സമ്പാദ്യത്തിന്റെ പ്രതീകമായി കരുതപ്പെടുന്നു. നാഗാലാന്റ് സംസ്‌ഥാനത്തിന്റെയും സംസ്‌ഥാമൃഗം മിഥുന്‍ തന്നെയാണ്. അസം വലിയ ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം (Greater OneHorned Rhinoceros) ശാസ്‌ത്രനാമം: Rhinoceros unicornis കുടുംബം: Rhinocerorudae ജീവിക്കുന്ന ഫോസില്‍ എന്ന് അറിയപ്പെടുന്ന ഒരു മൃഗമാണിത്. പടച്ചട്ടയെ ഓര്‍മ്മപ്പെടുത്തുന്ന കട്ടികൂടിയ, ജീവിതകാലം മുഴുവന്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന കൊമ്പും തൊലിയും കാണ്ടാമൃഗത്തിന്റെ പ്രത്യേകതയാണ്. ഒരു നിശ്‌ചിത പാതയിലൂടെ മാത്രം ഇരതേടുന്നതും നിശ്‌ചിത സ്‌ഥലത്തുമാത്രം വിസര്‍ജനം നടത്തുന്നതും ഇതിന്റെ വാസകേന്ദ്രം കണ്ടെത്തുന്നതിന് സഹായിക്കുന്നു. വേട്ടക്കാര്‍ക്ക് അവയുടെ സാന്നിധ്യത്തെ തിരിച്ചറിയാന്‍ ഇത് സഹയകരമാകുന്നത് അവയുടെ വംശനാശത്തിനും കാരണമാകുന്നു. ഏകദേശം 170-185 സെ.മീ. ഉയരവും 1500 മുതല്‍ 2100 കിലോവരെ തൂക്കവും ഇവയ്‌ക്കുണ്ട്. ഇന്ത്യയില്‍ ഏകദേശം 1,750 ഓളം കാണ്ടാമൃഗങ്ങള്‍ മാത്രമേ ഉള്ളൂ. അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ഇവയെ സംരക്ഷിച്ചുവരുന്നു. ആന്‌ധ്രപ്രദേശ് കൃഷ്‌ണമൃഗം (Black Buck) ശാസ്‌ത്രനാമം: Antilope cervicapra കുടുംബം:Bovidae തെലുങ്കില്‍ കൃഷ്‌ണജിങ്ക് എന്നു വിളിക്കും. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ മാത്രം കാണപ്പെടുന്നു. പ്രായപൂര്‍ത്തിയായ ആണിന്റെ നിറം ഇരുണ്ട തവിട്ടുനിറമാണ് അടിഭാഗത്ത് വെള്ളനിറവും. പെണ്‍മാനിനാവട്ടെ മഞ്ഞകലര്‍ന്ന തവിട്ടുനിറം, അടിയില്‍ വെളുപ്പ്. ലോകത്തിലെ വേഗതകൂടിയ മൃഗങ്ങളില്‍ ഒന്നാണ് കൃഷ്‌ണമൃഗം. ആണ്‍വര്‍ഗത്തിന് മാത്രമേ കൊമ്പ് കാണുകയുള്ളൂ. പ്രായപൂര്‍ത്തിയെത്തിയ കൃഷ്‌ണമൃഗത്തിന് ശരാശരി 73-83 സെ. മീറ്ററോളം പൊക്കവും 42 കിലോവരെ തൂക്കവും കാണും. 50,000ത്തോളം കൃഷ്‌ണമൃഗങ്ങള്‍ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ഗുജറാത്തിലെ വേലാവഡാര്‍ നാഷണല്‍ പാര്‍ക്ക് കൃഷ്‌ണമൃഗത്തിന്റെ സംരക്ഷിത കേന്ദ്രമാണ്. ആന്‌ധ്രാപ്രദേശ് കൂടാതെ പഞ്ചാബിന്റെയും ഹരിയാനയുടെയും ദേശീയ മൃഗവും കൃഷ്‌ണമൃഗം തന്നെയാണ്. ഉത്തര്‍പ്രദേശ് സ്വാംപ് മാന്‍ (Swamp deer) ശാസ്‌ത്രനാമം: Cervus duvaucelii കുടുംബം: Cervidae ഉത്തര്‍പ്രദേശുകാര്‍ ഇതിനെ ബാരഡിങ്ക് (ഹിന്ദിയില്‍) എന്നാണ് വിളിക്കുന്നത്. ബാരഹ് എന്നാല്‍ പന്ത്രണ്ട് ഡിങ്ക് എന്നാല്‍ കൊമ്പ് എന്നുമാണര്‍ത്ഥം. അതായത് പന്ത്രണ്ട് കൊമ്പുള്ള മാന്‍ ആണ് സ്വാംപ്‌മാന്‍. ആണ്‍മാനിന് തണുപ്പുകാലത്ത് ഇരുണ്ട തവിട്ടുനിറവും വേനല്‍ക്കാലത്ത് പെണ്‍മാനിനെപ്പോലെ ഇളം തവിട്ടുനിറവുമാണ്. ശരാശരി 135 സെന്റീമീറ്റര്‍ വരെ പൊക്കവും 180 കിലോ തൂക്കവും ഉണ്ട്. വംശനാശത്തിന് സാധ്യതയുള്ള മൃഗങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ട ഈ മാന്‍വര്‍ഗം 2000 ത്തോളം മാത്രമേ ഉള്ളൂവെന്നാണ് കണക്കാക്കപ്പെടുന്നത്. മധ്യപ്രദേശിലെ കന്‍ഹ നാഷണല്‍ പാര്‍ക്ക്, അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ ഇവയെ സംരക്ഷിച്ചുവരുന്നു. മധ്യപ്രദേശിന്റെ സംസ്‌ഥാനമൃഗവും സ്വാംപ് മാനാണ്. ഒറീസ ഏഷ്യന്‍ ആന (Elephant) ശാസ്‌ത്രനാമം: Elephas maximus കുടുംബം: Elephantide കരയിലെ ഏറ്റവും വലിയ സസ്‌തനി. ആഫ്രിക്കയിലെ സാവന്ന ആനകളേക്കാള്‍ ചെറുതാണ് ഏഷ്യന്‍ ആന. ഏഷ്യന്‍ ആനകളില്‍ ആണിനു മാത്രമേ കൊമ്പുള്ളൂ. പെണ്ണിന് Tushes എന്നറിയപ്പെടുന്ന, പല്ലിന്റെ ചെറിയ തള്ളല്‍ മാത്രമേയുള്ളൂ. കൊമ്പില്ലാത്ത ആണാനകളെ മോഴ എന്നുവിളിക്കുന്നു. ശരാശരി 245-275 സെ. മീറ്റര്‍ ഉയരവും 3000 കിലോയോള തൂക്കവുമുണ്ട്. ശരാശരി ആയുസ് 60 വര്‍ഷമാണ്. മൂന്നോ നാലോ വര്‍ഷത്തിലൊരിക്കല്‍ പ്രസവിക്കുന്നു. ഗര്‍ഭകാലം 22 മാസം. കര്‍ണാടകയിലെ നാഗര്‍ഹോള നാഷണല്‍ പാര്‍ക്ക് ഉത്തരാഞ്ചല്‍ സംസ്‌ഥാനത്തിലെ കോര്‍ബറ്റ് നാഷണല്‍ പാര്‍ക്ക് എന്നിവിടങ്ങളിലും കേരളത്തിലും ഇവയുടെ സംരക്ഷിതമേഖലകളുണ്ട്. കേരളം, കര്‍ണാടകം, ജാര്‍ഖണ്ഡ് എന്നീ സംസ്‌ഥാനങ്ങളുടെ ഔദ്യോഗിക മൃഗവും ആനയാണ്. ഗുജറാത്ത് സിംഹം (Asiatic Lion) ശാസ്‌ത്രനാമം: Panthera കുടുംബം: Felidae ഗുജറാത്തിയില്‍ സിന്‍ഹ് ആണ്. ഇന്ത്യയില്‍ ഗുജറാത്തിലെ ഗിര്‍ വനങ്ങളില്‍ മാത്രമാണ് കാണപ്പെടുന്നത്. ആഫ്രിക്കന്‍ സിംഹത്തെ അപേക്ഷിച്ച് ഇടതൂര്‍ന്ന സടയും പുറത്തുകാണുന്ന ചെവിയും ഏഷ്യന്‍ ആണ്‍സിംഹത്തിന്റെ പ്രത്യേകതയാണ്. പെണ്‍സിംഹത്തിനു സടയില്ല. സിംഹക്കുഞ്ഞുങ്ങളുടെ ശരീരത്തില്‍ മങ്ങിയ പുള്ളിക്കുത്തുകള്‍ കാണുമെങ്കിലും പ്രായപൂര്‍ത്തിയാകുന്നതോടെ അത് മാഞ്ഞുപോകുന്നു. രണ്ടേമുക്കാല്‍ മീറ്ററോളം നീളവും 110 മുതല്‍ 190 കിലോവരെ ഭാരവുമുണ്ടാകും. ഗുജറാത്തിലെ ഗീര്‍വനത്തില്‍ 250-300 സിംഹങ്ങള്‍ മാത്രമേ ഉള്ളൂ എന്നാണ് കണക്ക്. വംശനാശഭീഷണി നേരിടുന്ന മൃഗങ്ങളില്‍ ഒന്നാം സ്‌ഥാനത്താണ് സിംഹം. ഉത്തര്‍ഖണ്ഡ് കസ്‌തൂരിമാന്‍ Himalayan Musk deer ശാസ്‌ത്രനാമം: Moschus moschiferus കുടുംബം: Moschidae കൊമ്പില്ലാത്ത മാനാണ് കസ്‌തൂരിമാന്‍. ഇരുണ്ട തവിട്ടുനിറം. കാലുകള്‍ക്ക് സോക്‌സിട്ടപോലെ വെളുപ്പുനിറം. വലിയ ചെവികള്‍. 50 സെന്റീമീറ്ററോളം പൊക്കം. 14, 15 കിലോതൂക്കം. എന്നിവയാണ് പ്രധാന പ്രത്യേകതകള്‍. പേര് സൂചിപ്പിക്കുന്നതുപോലെ ഇവ കസ്‌തൂരിഗന്ധം പരത്തുന്ന ഗ്രന്ഥികള്‍ വഹിക്കുന്നു. സുഗന്ധവസ്‌തുക്കള്‍ നിര്‍മ്മിക്കുന്നതിനും ഔഷധമായും ഉപയോഗിക്കുന്ന വിലപിടിപ്പുള്ള വസ്‌തുവാണ് കസ്‌തൂരി. ആണ്‍മാനുകളുടെ മേലണയിലെ കോമ്പല്ലുകള്‍ തേറ്റപോലെ നീണ്ടുവളഞ്ഞവയാണ്. ഇവയ്‌ക്ക് 8 സെ.മീറ്ററോളം നീളമുണ്ടായിരിക്കും. ആണ്‍മാനിന്റെ ഉദരോപരിഭാഗത്ത് ഒരു പ്രത്യേക സഞ്ചിക്കകത്താണ് കസ്‌തൂരി കാണപ്പെടുന്നത്. ഇണയെ ആകര്‍ഷിക്കാനായി പ്രകൃതിനല്‍കിയ ഉപായമാണ് കസ്‌തൂരിഗന്ധം. വന്‍തോതില്‍ വേട്ടയാടപ്പെടാനും ഇത് കാരണമാകുന്നു. അയ്യായിരത്തോളം മാനുകള്‍ മാത്രമാണ് ഇപ്പോള്‍ നിലവിലുള്ളത്. ഉത്തരാഞ്ചലിലെ കേദര്‍നാഥ് വന്യജീവിസങ്കേതത്തിലും ഇവ സംരക്ഷിക്കപ്പെടുന്നുണ്ട്. ഹിമാചല്‍പ്രദേശിന്റെ സംസ്‌ഥാന മൃഗവും കസ്‌തൂരിമാനാണ്. ഗോവ കാട്ടുപോത്ത് (Gaur) ശാസ്‌ത്രനാമം: Bos gaurus കുടുംബം: Bovidae ലോകത്തിലെ ഏറ്റവും വലിയ കാട്ടുപോത്താണ് ഗൗര്‍. വളരെ തീവ്രമായ ഘ്രാണശേഷിയുള്ള ഇവ പൊതുവെ ശാന്തശീലരാണ്. വലിയ തലയും ശക്‌തമായ മാംസപേശികള്‍ നിറഞ്ഞ ശരീരവും ഇവയുടെ പ്രത്യേകതയാണ്. പ്രായപൂര്‍ത്തിവന്ന ആണ്‍ കാട്ടുപോത്തുകള്‍ക്ക് കറുപ്പ് നിറവും പെണ്‍ കാട്ടുപോത്തുകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും കാപ്പിപ്പൊടിയുടെ നിറവുമാണ്. ശരാശരി 165-195 സെന്റീമീറ്ററോളം ഉയരവും 1200 കിലോവരെ തൂക്കവും ഉണ്ട്. തമിഴ്‌നാട്ടിലെ മുതുമല നാഷണല്‍ പാര്‍ക്കിലും കര്‍ണ്ണാടകത്തിലെ ബന്ദിപ്പൂര്‍ നാഷണല്‍ പാര്‍ക്കിലും ഇവയെ ധാരാളമായി കാണാം. ഏകദേശം ഇരുപതിനായിരത്തില്‍ പരം കാട്ടുപോത്തുകള്‍ ഇന്ത്യയില്‍ ഉള്ളതായിട്ടാണ് സര്‍വേകള്‍ വെളിപ്പെടുത്തുന്നത്. വേട്ടയാടപ്പെടുന്നതും വനമേഖലകള്‍ കുറയുന്നതുമെല്ലാം ഇവയുടെ വംശനാശത്തിന് കാരണമാകുന്നു. ബീഹാറിന്റെ സംസ്‌ഥാനമൃഗവും കാട്ടുപോത്താണ്. ഛത്തീസ്‌ഗഢ് കാട്ടെരുമ (Wild Buffalo) ശാസ്‌ത്രനാമം: Bubalus arnee കുടുംബം: Bovidae അര്‍ണ എന്ന പേരിലാണ് ഇത് ഛത്തീസ്‌ഗഢില്‍ അറിയപ്പെടുന്നത്. ലോകത്തില്‍ ഏത് മൃഗത്തിനെക്കാളും വലിയ കൊമ്പുകളുള്ള കാട്ടെരുമ, ഏറ്റവും അപകടകാരിയായ ഒരു കാട്ടുമൃഗമാണ്. നരച്ച വെളുപ്പുനിറത്തിലുള്ള കാലുകള്‍ ഇവയെ തിരിച്ചറിയാനുള്ള അടയാളമാണ്. ശരാശരി 180 സെന്റീമീറ്ററോളം പൊക്കവും 1200 കിലോയോളം തൂക്കവും കാണപ്പെടുന്നു. പുല്‍മേടും ചതുപ്പുകളും കുറഞ്ഞുവരുന്നതും കന്നുകാലിമേയ്‌ക്കലും മറ്റു കന്നുകാലികളുമായുള്ള വര്‍ഗസങ്കരണവുമെല്ലാം ഇവയുടെ നിലനില്‌പിന് ഭീഷണി സൃഷ്‌ടിക്കുന്നു. ഇന്ത്യയില്‍ ആകെ 1200 ഓളം കാട്ടെരുമകളെ ഉള്ളൂ. ഛത്തീസ്‌ഗഢിലെ ബസ്‌ത നാഷണല്‍ പാര്‍ക്ക് ഇന്ദ്രാവതി, ഭൈരംഗഢ്, ഉഡന്തി, പാമേര്‍ എന്നീ വന്യജീവിസങ്കേതങ്ങളിലും അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കിലും ഇവയെ സംരക്ഷിച്ചുവരുന്നു. സിക്കിം ചുവപ്പന്‍ പാണ്ട (Red Panda) ശാസ്‌ത്രനാമം: Ailurus fulgens കുടുംബം: Ursidae തെക്കുകിഴക്കന്‍ ഏഷ്യയില്‍ മാത്രം കാണപ്പെടുന്ന ചുവപ്പുപാണ്ട ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശങ്ങളായ സിക്കിം, പശ്‌ചിമബംഗാള്‍, അരുണാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ വനങ്ങളിലാണ് പ്രധാനമായും കണ്ടുവരുന്നത്. സിക്കിമില്‍ ഇവ ഓക്‌ഡോങ്ങ്, നിഗലാവ്, സന്‍കം എന്നെല്ലാം അറിയപ്പെടുന്നു. ചുവപ്പുകലര്‍ന്ന തവിട്ടുനിറമുള്ള ഇവയുടെ മുഖവും ചെവിയുടെ ഉള്‍വശവും വെളുപ്പുനിറത്തില്‍ കാണപ്പെടുന്നു. മൂക്കിന്റെ തിളക്കമുള്ള കറുപ്പുനിറമാണ്. വെളുത്ത കവിളില്‍, കണ്ണില്‍ നിന്നും കണ്ണീര്‍ ഒലിച്ചിറങ്ങിയപോലെ കറുത്തപാടുണ്ട്. നീണ്ട വാലില്‍ ഇളം തവിട്ടുനിറത്തിലും കടുംതവിട്ടുനിറത്തിലുമുള്ള വളയങ്ങള്‍ കാണാം. മുളച്ചുവരുന്ന മുളയുടെ ഇളംനാമ്പുകളാണ് ഇവയുടെ പ്രധാന ഭക്ഷണം. ഒരു ചുവപ്പന്‍ പാണ്ടയ്‌ക്ക് ഏകദേശം 60 സെന്റീമീറ്ററോളം നീളവും 6 കിലോവരെ തൂക്കവും കാണും. ആവാസ വ്യവസ്‌ഥയുടെ നഷ്‌ടം മൂലം കടുത്ത വംശനാശ ഭീഷണി നേരിടുന്ന ചുവപ്പന്‍പാണ്ടകളുടെ കണക്കെടുപ്പ് ഇതുവരെ നടന്നിട്ടില്ല. പശ്‌ചിമബംഗാളിലെ സിംഗലീല നാഷണല്‍ പാര്‍ക്കില്‍ ഇവയെ സംരക്ഷിച്ചുവരുന്നു. |
0 Comments