മലബാറിലെ മാപ്പിള (മുസ്ലീങ്ങള്‍) മാര്‍ക്കിടയില്‍ പ്രചാരത്തിലുള്ള പാട്ടുകളാണ് മാപ്പിളപ്പാട്ടുകള്‍. തലമുറകളിലൂടെ വാമൊഴിയായി ഇവ കൈമാറിപ്പോന്നു. 700 വര്‍ഷത്തിലധികം പഴക്കമുള്ള മാപ്പിളപ്പാട്ടുകള്‍ ഇന്നും പ്രചാരത്തിലുണ്ട്. കാവ്യാത്മകത മുറ്റിനില്‍ക്കുന്ന ഈ ഗാനങ്ങളില്‍ പലതിന്റെയും കാലഗണന എളുപ്പമല്ല. മാപ്പിളപ്പാട്ടിലെ ഭാഷ അറബി, പേഴ്‌സ്യന്‍, ഉര്‍ദു, ഹിന്ദി, തമിഴ്, സംസ്‌കൃതം, കന്നട മുതലായ വിവിധ ഭാഷളിലെ പദങ്ങളും പ്രയോഗങ്ങളും മലയാളത്തോടൊപ്പം മാപ്പിളപ്പാട്ടുകളില്‍ ധാരാളം ഉപയോഗിച്ചുകാണുന്നു. വിവിധ ഭാഷാപദങ്ങളെ സരസമനോഹരമായി സംയോജിപ്പിക്കുന്നതില്‍ ഇവയുടെ കര്‍ത്താക്കള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള വൈഭവം അത്ഭുതകരമാണ്. മാപ്പിളപ്പാട്ടുകളിലെ ഒന്നോ രണ്ടോ വരികളില്‍പ്പോലും, നാലും അഞ്ചും ഭാഷകളിലെ പദങ്ങള്‍ കാണാം. ബദറുല്‍ മുനീര്‍ എന്ന കാവ്യത്തില്‍ നിന്നുള്ള രണ്ടു വരികള്‍ നോക്കൂ. കണ്ടാരക്കട്ടുമ്മല്‍ ബന്തരഇതഖ്‌ത്തൈണ്ടതിലുണ്ടാനെ ഒരുത്തി കഹനില്‍ ഉദിത്തെ കമര്‍പോല്‍ മുഖം കത്തിലക്കി മറിന്താനെ ആകാശത്തില്‍ ഉദിച്ച ചന്ദ്രനെപ്പോലെ പ്രശോഭിക്കുന്ന മുഖത്തോടു കൂടിയ സുന്ദരിയെ കട്ടിലില്‍ കണ്ടു എന്നാണിതിന്റെ സാരം. മുഹിയുദ്ദീന്‍ മാലയും കപ്പപ്പാട്ടും കാലനിര്‍ണയം ചെയ്യാവുന്ന മാപ്പിളപ്പാട്ടുകളില്‍ ഏറ്റവും പഴക്കമുള്ളത് മുഹിയുദ്ദീന്‍ മാല ആണ്. കോഴിക്കോട്ടെ ഖാസി മുഹമ്മദ് എന്ന കവി 1607 ലാണ് ഇത് രചിച്ചതെന്ന് കരുതപ്പെടുന്നു. മുഹിയിദ്ദീന്‍ അബ്‌ദുള്‍ ഖാദിര്‍ ജമാലി എന്ന പുണ്യപുരുഷന്റെ അപദാനങ്ങളെ വാഴ്‌ത്തിക്കൊണ്ടുള്ളതാണ് ഈ ഗാനം. ബഹ്‌ജ എന്ന അറബി ഗ്രന്ഥത്തെ ആധാരമാക്കിയാണ് ഈ പാട്ട് രചിച്ചിട്ടുള്ളതെന്ന് കവിതന്നെ പറയുന്നുണ്ട്. 1773-ല്‍ പുറത്തുവന്ന ഒരു പാട്ടാണ് കുഞ്ഞായന്‍ മുസ്ല്യാര്‍ രചിച്ച നൂല്‍മാല്. മുഹമ്മദ് നബിയെ വാഴ്‌ത്തുന്ന വര്‍ണനകളും കീര്‍ത്തനങ്ങളും അടങ്ങിയ നൂല്‍മാലക്ക് 16 ഇശലുകളിലായി 666 വരികളുണ്ട്. കുഞ്ഞായന്‍ മുസ്ല്യാര്‍ തലശ്ശേരിയിലാണ് ജനിച്ചതെന്ന് വിശ്വസിക്കപ്പെടുന്നു. ഇദ്ദേഹത്തിന്റെ തന്നെ വിഖ്യാതമായ മറ്റൊരു കൃതിയാണ് കപ്പപ്പാട്ട്. ആദ്യമായി അച്ചടിക്കപ്പെട്ട മാപ്പിളപ്പാട്ട് കപ്പപ്പാട്ടാണ്. മുഹിയുദ്ദീന്‍ മാലയ്‌ക്കുശേഷം ഏറ്റവുമധികം ജനപ്രീതി നേടിയ ഈ ഗാനം അറബി മലയാളത്തില്‍ കല്ലച്ചില്‍ അച്ചടിക്കപ്പെടുന്നതുവരെ കൈയെഴുത്തുപ്രതികളിലൂടെയും പാടിപ്പതിഞ്ഞ വരികളിലൂടെയും മലബാറിലെങ്ങും പ്രചരിച്ചു. മോയിന്‍കുട്ടി വൈദ്യര്‍ (1852-1892) മാപ്പിളപ്പാട്ടിന്റെ ചക്രവര്‍ത്തിയായ മോയിന്‍കുട്ടി വൈദ്യര്‍ കൊണ്ടോട്ടിയിലെ ഓട്ടുപാറയില്‍ ആലുക്കണ്ടി തറവാട്ടില്‍ 1852-ല്‍ ജനിച്ചു. അറബി, മലയാളം, തമിഴ്, സംസ്‌കൃതം എന്നീ ഭാഷകളിലെല്ലാം അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. പാട്ടില്‍ മാത്രമല്ല വൈദ്യനായ പിതാവ് കുഞ്ഞമ്മദ് കുട്ടിയില്‍നിന്നും ഒറ്റമൂലി പ്രയോഗത്തിലും അദ്ദേഹം വൈദഗ്‌ധ്യം നേടി. 20-ാമത്തെ വയസില്‍ അദ്ദേഹം രചിച്ച ബദറുല്‍ മുനീര്‍ ഹുസുനല്‍ ജമാല്‍ പ്രസിദ്ധമാണ്. മഹാസിന്‍ എന്ന രാജാവിന്റെ പുത്രിയായ ഹുസുനല്‍ ജമാലിന്റെയും മന്ത്രിപുത്രനായ ബദറുല്‍ മുനീറിന്റെയും കഥ പറയുന്ന ഈ പ്രണയകാവ്യം പേര്‍ഷ്യന്‍ ഭാഷയില്‍ ഇതേപേരിലുള്ള നോവലിന്റെ കാവ്യാവിഷ്‌കാരമാണ്. ബദര്‍പടപ്പാട്ട്, മലപ്പുറം പാട്ട് , ഉഹദ്‌പടപ്പാട്ട്, എലിപ്പട തുടങ്ങിയവയാണ് മോയിന്‍കുട്ടി വൈദ്യരുടെ മറ്റു ശ്രദ്ധേയമായ കൃതികള്‍. മുഹമ്മദ് നബിയുടെ അനുയായികളും ഖുറൈഷികളും തമ്മില്‍ ബദറില്‍വെച്ച് നടന്ന (624) യുദ്ധം 2100ല്‍പ്പരം വരികളിലായി ബദര്‍പടപ്പാട്ടില്‍ വിവരിച്ചിരിക്കുന്നു. തന്റെ സുഹൃത്തുക്കള്‍ക്ക് വൈദ്യരെഴുതിയിരുന്ന കത്തുകള്‍ മിക്കതും പാട്ടിലായിരുന്നു. തബീബ്, പയ്യന്‍ എന്നീ തൂലികാനാമത്തിലും വൈദ്യര്‍ കവിതകള്‍ രചിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ സ്‌മരണനിലനിര്‍ത്താനായി ജന്മദേശമായ കൊണ്ടോട്ടിയില്‍ 1999 ല്‍ നിര്‍മ്മിച്ച മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്‌മാരകം മാപ്പിളകലകളുടെ വളര്‍ച്ചയ്‌ക്കും പ്രചരണണത്തിനും മഹത്തായ സംഭാവനകള്‍ നല്‍കുന്നു. ഒപ്പന വിവാഹം, മാര്‍ക്കക്കല്യാണം തുടങ്ങിയ ആഘോഷങ്ങള്‍ക്കു നിറപ്പകിട്ടേകാനായി രൂപംകൊണ്ട കലാരൂപമാണ് ഒപ്പന. എട്ടോ പത്തോ പേരുള്ള സ്‌ത്രീകളുടെ ഒരു സംഘമാണ് ഒപ്പനയില്‍ പങ്കെടുക്കുന്നത്. ഒരേവേഷം ധരിച്ചെത്തുന്ന ഇവരെ പാട്ടുകാരത്തികള്‍ എന്നുപറയുന്നു. മുന്‍ പാട്ടുകാരി പാടിക്കൊടുക്കുന്ന താളനിബദ്ധമായ പാട്ടിനൊപ്പം കൈകൊട്ടി ചുവടുവയ്‌ക്കുന്ന ഒപ്പനക്കാരികള്‍ പാട്ടിന്റെ മുറുക്കത്തിനൊപ്പം കൈകൊട്ടലിലും ചുവടുവയ്‌പിലും വേഗതകൂട്ടുന്നു. പുതുപെണ്ണിന് മൈലാഞ്ചിയിടുന്നതുമുതല്‍ വധുമണിയറ പൂകുന്നതുവരെയുള്ള കാര്യങ്ങള്‍ ഒപ്പനപ്പാട്ടിലൂടെ വിരിയുന്നു. ഒപ്പന സ്‌ത്രികളെപ്പോലെതന്നെ പുരുഷന്മാരും അവതരിപ്പിക്കാറുണ്ട്. ക്രൈസ്‌തവരുടെ മൈലാഞ്ചിപ്പാട്ടുകളുമായും ഹൈന്ദവരുടെ തിരുവാതിരകളിയുമായും ഒപ്പനയ്‌ക്കുള്ള സാദൃശ്യം കേരളീയ സാമൂഹ്യജീവിതത്തിലെ സൗഹൃദപൂര്‍വമായ കൊണ്ടുകൊടുക്കലുകള്‍ക്ക് നല്ലൊരു ഉദാഹരണമാണ്. കോല്‍ക്കളി അല്ലാഹുവെ സ്‌തുതിക്കുന്നതില്‍പ്പിന്നെ ഗുരുനാഥരെ, കോലഭ്യാസപ്പയറ്റിതി പയറ്റുന്ന ഞങ്ങള്‍ കളിപ്പാന്‍ തുടങ്ങുന്നു ഞങ്ങള്‍ ഭക്‌തിസാന്ദ്രമായ ഈ പ്രാര്‍ത്ഥനാഗാനത്തോടുകൂടിയാണ് മാപ്പിള കോല്‍ക്കളി ആരംഭിക്കുന്നത്. ഗുരുക്കളുടെ നേതൃത്വത്തിലാണ് കളി തുടങ്ങുന്നത്. ഒറ്റമിനിക്കളി, ഒറ്റമിനിക്കളി ഒന്ന്, രണ്ട്, മൂന്ന്. വലിയ ഒയിച്ചുളിമുട്ട്. വെസല്‍ ഒയിച്ചുളിമുട്ട്, ചെറിയ കബാത്ത്, വലിയ കബാത്ത്. ഇരുന്ന മിനിക്കളി എന്നിങ്ങനെ ക്രമാനുഗതമായ കളികളിലൂടെയാണ് കോല്‍ക്കളി പുരോഗമിക്കുന്നത്. അടിയും തടയും ഒഴിഞ്ഞും മാറിയും ചടുലതാളം കൈവരിക്കുന്ന കളി ഗുരുക്കളുടെ ഇടപെടലോടെ അവസാനിക്കുന്നു. കേരളത്തിലെ പരമ്പരാഗതമായ കോല്‍ക്കളിക്കും മാപ്പിളകോല്‍ക്കളി തങ്ങളുടെതായ സംഭാവന നല്‍കിയിട്ടുണ്ട്. ദപ്പും അറവനയും സംഘനേതാവായ ഉസ്‌താദും പന്ത്രണ്ടിലധികംവരുന്ന കളിക്കാരും ദപ്പ് എന്ന വാദ്യോപകരണം കൊട്ടി വട്ടത്തില്‍ താളത്തിനൊത്ത് ചുവടുവയ്‌ക്കുന്നു. ഉസ്‌താദിന്റെ പാട്ട് ഏറ്റുപാടുന്ന കളിക്കാര്‍ താണും ചേര്‍ന്നും ചരിഞ്ഞും നൃത്തം ആകര്‍ഷകമാക്കുന്നു. ദപ്പ് ഒരു അറേബ്യന്‍ വാദ്യോപകരണമാണ്. രണ്ടടിവ്യാസമുള്ള തടിതുരന്ന് ഒരുഭാഗത്ത് കാളത്തോല്‍ പൊതിഞ്ഞാണ് ദപ്പ് ഉണ്ടാക്കുന്നത്. നബി മദീനയിലെത്തിയപ്പോള്‍ പെണ്‍കുട്ടികള്‍ ദപ്പ് മുട്ടി പാട്ടുപാടിയാണ് സ്വീകരിച്ചത് എന്ന് പറയപ്പെടുന്നു. മതപരമായ സലാത്തോടുകൂടിയാണ് ദപ്പ് ആരംഭിക്കുന്നത്. സുന്നത്ത്, നിക്കാഹ് തുടങ്ങിയ അവസരങ്ങളിലും പള്ളികളിലും ഈ കളി നടത്താറുണ്ട്. ദപ്പിനേക്കാള്‍ വലിപ്പമുള്ളതും ചുറ്റിനും ചിലമ്പുകള്‍ ഘടിപ്പിച്ചതുമായ വാദ്യോപകരണമാണ് അറബന. ആട്ടിന്‍തോലാണ് ഇതില്‍ പൊതിയുന്നത്. ദപ്പ് മുട്ടിക്കളിയുടെ പാട്ടും ചുവടുകളും തന്നെയാണ് അറബനയ്‌ക്കും. ദപ്പും അറബനയും ഉപയോഗിച്ച് മണിമുട്ടി നടത്തുന്ന കൈമുട്ടുകളി എന്നൊരു കളികൂടിയുണ്ട്. ആറുപേര്‍ വീതം അഭിമുഖമായി നിന്ന് ബൈത്തുകള്‍ ചൊല്ലിയാണ് കൈമുട്ടുകളി നടത്തുന്നത്. റമ്മടി ചന്ദനക്കുടം ഉത്സവങ്ങളോടനുബന്ധിച്ചാണ് പ്രധാനമായും റമ്മടി (റമ്മുകളി) നടത്തപ്പെടുന്നത്. വലിയ ഡ്രമ്മില്‍ കിടന്നും മറ്റും കോലുകള്‍കൊണ്ട് ഡ്രമ്മില്‍ താളമടിച്ചാണ് റമ്മടി നടത്തുന്നത്. മാപ്പിള ഷഹനായി എന്നറിയപ്പെടുന്ന ഒരു പ്രത്യേകതരം കുഴല്‍വിളിയും ഇതിനകമ്പടിയുണ്ടാകും. ഇരുപത്തിനാലു പേരടങ്ങുന്ന ഒരു സംഘമാണ് റമ്മടി നടത്തുന്നത്. കത്തുപാട്ട് എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ ഭര്‍ത്താവ് വായിക്കുവാന്‍.... എന്ന തരത്തില്‍ രണ്ടുഭാഗക്കാര്‍ കത്തിന്റെയും മറുപടിയുടെയും രൂപത്തില്‍ പാടുന്ന പാട്ടാണ് കത്തുപാട്ട്. പ്രേമവും വിരഹവുമാണ് പ്രധാനമായും ഇതിലെ പ്രതിപാദ്യം. അറബിനാട്ടിന്നകലെയെങ്ങാ- ണ്ടിരിക്കും ബാപ്പ അറിയാന്‍ അകമുരുകി കുരുന്നുമകള്‍ക്കൊ- രുപാടുണ്ട് പറയാന്‍.... എന്ന് വിലപിക്കുന്ന മകളുമെല്ലാം ഈ പാട്ടിലൂടെ കടന്നുവരുന്നു. ഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഖവാലിയുമായി കത്തുപാട്ടുകള്‍ സമാനതകളുണ്ട്. ബൈത്ത് വീടുകളിലെ ആഘോഷവേളകളിലും പൊതുചടങ്ങുകളിലും പുരുഷഗായകസംഘം അവതരിപ്പിക്കുന്ന അറബി കാവ്യങ്ങളാണ് ബൈത്തുകള്‍. പ്രശസ്‌തരായ അറബി കവികളുടെ സൃഷ്‌ടികളും കേരളീയ കവികള്‍ അറബിയില്‍ രചിച്ച പദ്യങ്ങളും ബൈത്തുഗായകസംഘം ശ്രവ്യമധുരമായി ആലപിക്കുന്നു. ഗായകസംഘത്തിന് നേതൃത്വം നല്‍കുന്ന ഉസ്‌താദ് സ്വാഗതമായി സലാത്ത് ചൊല്ലിയാണ് ബൈത്തുപാട്ട് ആരംഭിക്കുന്നത്. താളക്കട്ടയണ് ബൈത്തിന്റെ അകമ്പടി വാദ്യം. ശാദുലി, ഹളറമി, എന്നിങ്ങനെ ബൈത്തില്‍ രണ്ട് രീതികളുണ്ട്. ഹളറമി കൊയിലാണ്ടി ബൈത്ത് എന്ന പേരിലും അറിയപ്പെടുന്നു. വിവാഹത്തോടനുബന്ധിച്ച് പുതിയാപ്പിളയെ ആനയിക്കുന്നത് പണ്ടുകാലത്ത് ബൈത്തിന്റെ അകമ്പടിയോടുകൂടിയായിരുന്നു. പരിചമുട്ടുകളി കളരിയുമായി അഭേദ്യബന്ധമുള്ള ഒരുകളിയാണ് പരിചമുട്ടുകളി. ക്രൈസ്‌തവരുടെ മാര്‍ഗംകളിയുമായും ഹൈന്ദവരുടെ പരിചകളിയുമായും മുസ്ലീങ്ങുളുടെ പരിചമുട്ടുകളിക്ക് സാദൃശ്യമുണ്ട്. അറബി മലയാളത്തില്‍ രചിക്കപ്പെട്ട പരിചപ്പാട്ടുകളുടെ അകമ്പടിയോടുകൂടി പന്ത്രണ്ടുപേരടങ്ങിയ സംഘമാണ് ഈ കളി നടത്തുന്നത്. ചവിട്ടിക്കെട്ട്, മുക്കണ്ണി എന്നീ ചുവടുവയ്‌പുകളില്‍ തുടങ്ങി അമരച്ചയും തെരുത്തും ചവിട്ടുന്നതോടുകൂടി കളി മുറുകുന്നു. ഗുരുവിന്റെ നിര്‍ദ്ദേശ മനുസരിച്ചാണ് കളി മുന്നേറുന്നത്. തെയ്‌താ ഈ തരികിട തിന്തതെ എന്ന താളത്തില്‍ വട്ടത്തോടുകൂടി കളി അവസാനിക്കുകയും ചെയ്യുന്നു. |
2 Comments
പഠനാര്‍ഹം!
ReplyDeleteഅഭിനന്ദനങ്ങള്‍ ............
പല ബ്ലോഗുകളിലും കയറി ഇറങ്ങിയിട്ടുണ്ട്, പക്ഷെ ഇത്രത്തോളം ചരിത്ര ബോധമുള്ള ഒരു ബ്ലോഗിൽ ആദ്യമായാണ്, വിജ്ഞാന പ്രദം , ഒപ്പം കേള്ക്കാൻ കൊതിച്ചതും
ReplyDelete