ആധുനിക ലോകത്തിന് ഒഴിവാക്കാനാവാത്ത വസ്തുവാണ് പ്ലാസ്റ്റിക്. പല്ലുതേയ്ക്കുന്ന ബ്രഷ് മുതല്‍ വിമാനങ്ങളും ബഹിരാകാശവാഹനങ്ങളും കമ്പ്യൂട്ടര്‍ ചിപ്പുമെല്ലാം നിര്‍മിക്കാന്‍ ഉപയോഗിക്കുന്നതാണ് പ്ലാസ്റ്റിക്. ലോകത്താകെ എത്രയോ ലക്ഷം കോടിയുടെ വിനിമയമാണ് ഈ സാധനത്തിന്റെ പേരില്‍ നടക്കുന്നത്. ഇന്ത്യയില്‍ നിന്നുമാത്രം കഴിഞ്ഞവര്‍ഷം 3700 കോടി ഡോളറിന്റെ കയറ്റുമതിയാണുണ്ടായത്. അതൊരുക്കുന്ന തൊഴിലവസരങ്ങളും നിഷേധിക്കുക വയ്യ. 2012 ആകുമ്പോഴേക്കും ലോകത്തിലെ പ്ലാസ്റ്റിക് വ്യവസായത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്തെത്തുമെന്നാണ് പ്ലാസ്റ്റിന്ത്യാ ഫൗണ്ടേഷന്‍ പ്രസിഡന്റ് അരവിന്ദ് മേഹ്ത്താ പ്രവചിച്ചിരിക്കുന്നത്. ഉദ്ദേശം 30,000 യൂണിറ്റുകളില്‍ നിന്ന് വിവിധ രീതികളില്‍ ഉത്പാദിപ്പിക്കപ്പെടുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യപ്പെടുന്നു. 1991 ലാരംഭിച്ച സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഫലമായി ഇന്ത്യന്‍ പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ കാര്യത്തില്‍ വലിയ മുന്നേറ്റം ഉണ്ടായിട്ടുണ്ട്. സംയുക്ത സംരംഭങ്ങളുടെയും വിദേശനിക്ഷേപങ്ങളുടെയും സാങ്കേതിക വളര്‍ച്ചയുടെയും പുരോഗതി അത്ഭുതാവഹമാണ്.
ഉപയോഗിക്കാനുള്ള സൗകര്യം, ശുചിത്വം, ഒതുക്കം എന്നിവയാണ് പ്ലാസ്റ്റിക്കിനെ ഇത്രമാത്രം ജനപ്രിയമാക്കുന്നത്. ഭക്ഷ്യവസ്തുക്കള്‍, കറിപ്പൊടികള്‍, മസാലക്കൂട്ടുകള്‍ തുടങ്ങിയവ വൃത്തിയായി പാക്ക് ചെയ്യാനും സൂക്ഷിച്ചുവെക്കാനും പ്ലാസ്റ്റിക് ഫലിം പോലെ സുതാര്യവും സ്വച്ഛവുമായ മറ്റൊരുവസ്തു ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. കുടിവെള്ളം ശുദ്ധമായി ശേഖരിക്കാനും വിതരണം ചെയ്യാനുമുള്ള പെറ്റ് ബോട്ടിലുകളുടെ കഴിവ് മറ്റൊന്നിനുമില്ലതന്നെ. ആരോഗ്യരംഗത്തും ഡിസ്‌പോസിബിള്‍ സിറിഞ്ച്, ട്രാന്‍സ്ഫൂഷന്‍ ബോട്ടിലുകള്‍ തുടങ്ങിയവയ്ക്കും പ്ലാസ്റ്റിക് ഉപകരിക്കുന്നു. പ്ലാസ്റ്റിക് ഇല്ലാത്ത ഒരു ലോകം ഇനി അചിന്ത്യമാണ്.
പാചകവാതകം, വൈദ്യുതി തുടങ്ങി വളരെ അപകടകരമെന്ന് ആരംഭത്തില്‍ ഭയപ്പെട്ട എത്രയോ കാര്യങ്ങളുടെ പ്രയോജനം ഇന്ന് നമുക്ക് ലഭിക്കുന്നു. ഇത്തരം കാര്യങ്ങളെ ഒഴിവാക്കുകയല്ല, കഴിയുന്നത്ര മെരുക്കിയെടുക്കുകയാണ് നാം ചെയ്തത്. അതുപോലെ പ്ലാസ്റ്റിക് നിരോധിക്കുകയല്ല മറിച്ച് ഉപയോഗം കഴിഞ്ഞാല്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യുകയാണ് വേണ്ടത്. പ്ലാസ്റ്റിക് കൂടുകളും മറ്റും ആവശ്യം കഴിഞ്ഞാല്‍ മതിലിന് പുറത്തേയ്ക്ക് വലിച്ചെറിയാതെ പ്രത്യേകം ശേഖരിച്ചുസൂക്ഷിക്കാനുള്ള ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കണം. തരംതിരിച്ച് ശേഖരിക്കാനും വേണ്ടിടത്ത് എത്തിക്കാനുമുള്ള ശ്രമങ്ങളും ബോധവത്കരണവുമൊക്കെ അത്യാവശ്യം തന്നെയാണ്.
പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ നിര്‍മാണവും ഉപയോഗവും നിരോധിക്കുന്നത് ഇത്രയും പ്രധാനപ്പെട്ട ഒരു വ്യവസായത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. അതിന് പകരം, ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കൈകാര്യം ചെയ്യാനുള്ള യുക്തിസഹമായ മാര്‍ഗങ്ങള്‍ തേടുകയാണ് വേണ്ടത്. അതുതന്നെ ഒരു വലിയ വ്യവസായമായി മാറ്റാനുള്ള വഴികളുണ്ട്.
സാധാരണ ചിന്തിക്കുന്നതുപോലെ കത്തിച്ചുകളയല്‍ (ഇന്‍സിനറേഷന്‍) ഒട്ടും ശരിയായ മാര്‍ഗമല്ല. അപരിഹാര്യമായ പരിസ്ഥിതിദോഷങ്ങള്‍ അത് വരുത്തിവെക്കും. അല്ലാത്ത ശാസ്ത്രീയമായ പല രീതികളും കണ്ടെത്തിയിട്ടുണ്ട്. അവയാണ് ഇനി വിവരിക്കുന്നത്.
1.റീസൈക്ലിങ്: ശേഖരിച്ച മാലിന്യങ്ങള്‍ തരംതിരിച്ച് പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് മാത്രം ഉരുക്കി മറ്റുവസ്തുക്കളുണ്ടാക്കുക. ഇതിപ്പോഴും നടക്കുന്നുണ്ട്.
2.റോഡുനിര്‍മാണത്തിനുപയോഗിക്കുക: മധുരയിലെ ത്യാഗരാജര്‍ എന്‍ജിനീയറിങ് കോളേജ് ഇക്കാര്യത്തില്‍ വിജയകരമായ പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ബിറ്റുമെനുമായിച്ചേര്‍ത്ത് ഉപയോഗിക്കുമ്പോള്‍ റോഡുകള്‍ക്ക് അധികബലവും ജലപ്രതിരോധശേഷിയും ഉണ്ടാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കേരളം പോലെ ആണ്ടില്‍ ആറുമാസം മഴയുള്ള പ്രദേശങ്ങളില്‍ ഇത് പ്രയോജനപ്പെടും.
3.പ്ലാസ്മാ പൈറോളിസിസ്: ഇത് പ്ലാസ്മയുടെ ഊഷ്മാവും പ്ലാസ്റ്റിക്കും ചേര്‍ത്ത് ഉപയോഗിക്കുന്ന ഒരു ആധുനികരീതി. എല്ലാത്തരം പ്ലാസ്റ്റിക്കുകളെയും പരിസ്ഥിതിദോഷമുണ്ടാക്കാതെ ഉരുക്കിക്കളയുന്ന അത്യന്താധുനിക സാങ്കേതികവിദ്യയാണിത്.
4.പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ദ്രവീകൃത ഹൈഡ്രോകാര്‍ബണ്‍ ഇന്ധനങ്ങളാക്കി മാറ്റുക. നാഗ്പുരില്‍ ഇതിനെക്കുറിച്ച് പഠനങ്ങളും പ്രദര്‍ശനങ്ങളും നടന്നിട്ടുണ്ട്.
5.തെര്‍മാലിസിസ്: ഇതും പ്ലാസ്റ്റിക്കിനെ ദ്രവീകൃത ഇന്ധനമാക്കി മാറ്റാനുള്ള സാങ്കേതികവിദ്യയാണ്.
6. പ്ലാസ്റ്റിക്കിനെ പശയാക്കി മാറ്റുക. 135 ഡിഗ്രിവരെ ചൂടാക്കിയാല്‍ പ്ലാസ്റ്റിക്കില്‍നിന്ന് വാകങ്ങളൊന്നുമുണ്ടാകില്ല. ബിറ്റുമെന്‍പോലുള്ള വസ്തുക്കളുമായി ചേര്‍ത്ത് ലൈറ്റ്‌റൂഫ്, ഇഷ്ടികകള്‍, തറയോടുകള്‍, മേല്‍ക്കൂരകള്‍, അധികബലമുള്ള കോണ്‍ക്രീറ്റ് എന്നിവ ഉണ്ടാക്കാമെന്ന് കണ്ടിട്ടുണ്ട്.
7. പ്ലാസ്റ്റിക് ഷെഡ്ഡര്‍ ഏതുതരം ഖരമാലിന്യത്തെയും-സിറിഞ്ച്, സൂചി, ഗ്ലൂക്കോസ് കുപ്പികള്‍, കുടിവെള്ളക്കുപ്പികള്‍ അങ്ങനെ എന്തും-ചെറുതരികളാക്കി മാറ്റാനും മറ്റാവശ്യങ്ങള്‍ക്കുപയോഗിക്കാനും കഴിയുന്ന യന്ത്രങ്ങളുണ്ട് ഇന്ന് മാര്‍ക്കറ്റില്‍.
8. കോമ്പാക്ടര്‍ ഉപയോഗിക്കുക. നഗരപ്രദേശങ്ങളില്‍ ഉണ്ടാകുന്ന മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ഏറ്റവും പറ്റിയ മാര്‍ഗമാണിത്. മാലിന്യങ്ങള്‍ ശേഖരിക്കാനുപയോഗിക്കുന്ന ലോറികളില്‍തന്നെ ഘടിപ്പിക്കാവുന്ന കോമ്പാക്ടറുകളുണ്ട്. കേന്ദ്രീകൃതമായി ശേഖരിക്കപ്പെടുന്ന മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവവസ്തുക്കള്‍ കമ്പോസ്റ്റ് വളമാക്കാനും മറ്റുള്ളവ വീണ്ടും തരംതിരിച്ച് പേപ്പര്‍, കുപ്പികള്‍, ലോഹവസ്തുക്കള്‍ എന്നിവ വില്ക്കാനും പ്ലാസ്റ്റിക് കോമ്പാക്ടറുകളുപയോഗിച്ച് ചെറിയ കട്ടകളാക്കി മാറ്റി മുകളില്‍ പറഞ്ഞ ആവശ്യങ്ങള്‍ക്ക് നല്കാനുമുള്ള സംവിധാനം ഇന്ന് മുംബൈയില്‍ നടപ്പാക്കിയിട്ടുണ്ട്. ശബരിമലപോലെ വളരെയധികം മാലിന്യങ്ങള്‍ വന്നുചേരുകയും നീക്കാന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു നല്ല പരിഹാരമാണിത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇവ വളരെ പ്രയോജനപ്പെടും.
വ്യാവസായികമായി, പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ധാരാളമായി കുന്നുകൂടുന്ന ആസ്പത്രികള്‍, ഹോട്ടലുകള്‍, വ്യവസായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ സ്ഥാപിച്ചാല്‍ മാലിന്യനിര്‍മാര്‍ജനം വളരെ എളുപ്പമാകുമെന്നു മാത്രമല്ല, കൃമികീടങ്ങളുടെയും ദുര്‍ഗന്ധത്തിന്റെയും പ്രശ്‌നം വലിയൊരളവുവരെ ഒഴിവാക്കുകയും ചെയ്യാം. ഹൗസിങ് ബോര്‍ഡുകളിലും ഫ്ലറ്റുകളിലും ഇവ സ്ഥാപിക്കാവുന്നതാണ്.
ഓരോതരം സംവിധാനത്തിനും പറ്റിയ കോമ്പാക്ടറുകള്‍ ഇന്ന് ലഭ്യമാണ്. ചുറ്റുപാടുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതുകൂടാതെ, കൃമികീടങ്ങളില്‍നിന്നും രോഗാണുസംക്രമണത്തില്‍നിന്നും രക്ഷനല്കും ഈ കോമ്പാക്ടറുകള്‍. കോമ്പാക്ട് ചെയ്തുകിട്ടുന്ന കട്ടകള്‍ ആവാസപ്രദേശങ്ങളില്‍നിന്നും വളരെയകലെ നിക്ഷേപിക്കാം. തന്നെയുമല്ല, നഗരപ്രാന്തങ്ങളിലെ മാലിന്യസംസ്‌കരണ കേന്ദ്രങ്ങള്‍ മലിനമാകാതെയും സൂക്ഷിക്കാം.
മുംബൈ സെന്‍ട്രല്‍ സ്റ്റേഷനില്‍ ഇന്ത്യന്‍ സെന്റര്‍ ഫോര്‍ പ്ലാസ്റ്റിക് ഇന്‍ എന്‍വയോണ്‍മെന്റിന്റെ -(ICPE) സഹായത്തോടെ ഇത്തരം ഒരു കോമ്പാക്ടര്‍ ദിവസവും പതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ ഒരുക്കിയെടുക്കുന്നുണ്ട്. അവയെല്ലാം റീസൈക്കിള്‍ ചെയ്യുന്നവര്‍ എടുത്തുകൊണ്ടു പോയ്‌ക്കൊള്ളും. അതിലും വിപുലമായ സംവിധാനമാണ് മാലിന്യം ശേഖരിക്കാനും തരംതിരിക്കാനും വിവിധ ഉപയോഗങ്ങള്‍ക്കായി വിതരണം ചെയ്യാനും ബൃഹത്മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഒരുക്കിയിരിക്കുന്നത്.
ജൈവമാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവളമാക്കുന്ന ഒരു പ്രോജക്ട് ബാംഗ്ലൂരിലെ ഡി.ആര്‍.ഡി.ഒ. നടപ്പാക്കിയിട്ടുണ്ട്. ജൈവമാലിന്യങ്ങള്‍ പ്രത്യേകം ശേഖരിച്ച് കുറച്ച് അറക്കപ്പൊടിയും ചേര്‍ത്ത് ഒരു കണ്‍വേര്‍ട്ടറില്‍ ഇടും. അഞ്ചു മിനിറ്റിനുള്ളില്‍ ഒരുക്കിയ ഒരു കട്ടയായി വളം പുറത്തുവരും. അത് പ്ലാസ്റ്റിക് കട്ടകളില്‍ സൂക്ഷിച്ച് നനച്ചുകൊടുക്കും. കുറച്ചു ദിവസത്തിനുള്ളില്‍ വളം തയ്യാര്‍. ഈ യന്ത്രത്തിന് 4 ഃ 10 അടി സ്ഥലം മതി. ഒരുസമയത്ത് 50 കിലോ മാലിന്യം കൈകാര്യം ചെയ്യാനാകും. ഇപ്പോള്‍ ദിവസം 1200 കിലോ കൈകാര്യം ചെയ്യുന്നു. ഉയര്‍ന്ന നിലവാരമുള്ള ഈ വളം ഇപ്പോള്‍ കിലോയ്ക്ക് ആറുരൂപയ്ക്ക് മാര്‍ക്കറ്റില്‍ കിട്ടും.
വിവിധതരം ധാന്യങ്ങളില്‍നിന്ന് ഉല്പാദിപ്പിക്കുന്ന ബയോ-ഡിഗ്രേഡബിള്‍ പ്ലാസ്റ്റിക് കൂടുതലായി ഉപയോഗിക്കുകയാണ് മറ്റൊരു നല്ല മാര്‍ഗം.
ഇതുപോലെയുള്ള ആധുനിക സംവിധാനങ്ങള്‍ ലഭ്യമായ ഇക്കാലത്ത് മാലിന്യങ്ങള്‍ ഒരു പ്രശ്‌നമേയല്ല. എലിയെപ്പേടിച്ച് ഇല്ലം ചുടുന്നതുപോലെ പ്ലാസ്റ്റിക് വ്യവസായം നിരോധിക്കേണ്ടതുമില്ല. ഉപയോഗിച്ചുകഴിഞ്ഞ പ്ലാസ്റ്റിക് പരിസ്ഥിതി സൗഹൃദമായി എങ്ങനെ കൈകാര്യം ചെയ്യാം എന്നാണ് നോക്കേണ്ടത്.
വാഹനാപകടങ്ങള്‍ ഇത്രയധികം വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാത്തരം വാഹനങ്ങളെയും നിരോധിക്കുക എന്ന ഒരു നടപടിയിലേക്ക് നാം കടക്കുമോ?
പ്രൊഫ. പി.സി. മേനോന്‍
profpcmenon@gmail.com
For more information:
http://www.cpcb.nic.in/wast/plasticwast/Options_Plastic_Waste_Management.pdf
http://www.cecon.in/waste-plastic-shredder.html
http://en.wikipedia.org/wiki/Compactors
http://www.rocksiderecycling.co.uk/compactors_RRPC10.asp
http://www.envis-icpe.com/waste_seg.htm#brihn
http://www.plexconcil.com/ipindus_english.asp
http://economictimes.indiatimes.com/News/Economy/Foreign-Trade/Happy-days-for-plastic-goods-exporters
http://www.cpcb.nic.in/wast/plasticwast/Options_Plastic_Waste_Management.pdf
http://www.cecon.in/waste-plastic-shredder.html
http://en.wikipedia.org/wiki/Compactors
http://www.rocksiderecycling.co.uk/compactors_RRPC10.asp
http://www.envis-icpe.com/waste_seg.htm#brihn
http://www.plexconcil.com/ipindus_english.asp
http://economictimes.indiatimes.com/News/Economy/Foreign-Trade/Happy-days-for-plastic-goods-exporters
കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ്
0 Comments