ലതാമങ്കേഷ്‌കര്

Share it:
ആറു പതിറ്റാണ്ടുകാലത്തെ സംഗീതസാന്നിധ്യം, ലതാ മങ്കേഷ്‌ക്കറിന് 80 തികയുന്നു. ഭാരതത്തിന്റെ പൂങ്കുയിലിന് ജന്മദിനമാശംസിക്കാന്‍ സംഗീത കമ്പനികള്‍ പ്രത്യേക ആല്‍ബങ്ങളിറക്കിയെങ്കിലും ലതാജി ആഘോഷങ്ങള്‍ക്ക് നിറം നല്കിയില്ല. മുംബൈയില്‍ കുടുംബത്തോടൊപ്പം ലളിതമായി പിറന്നാളാഘോഷിക്കുന്ന അനുഗൃഹീത ഗായികയ്ക്ക് ലോകത്തിന്റെ നാനാഭാഗത്തുനിന്നും ആശംസകളെത്തുന്നുണ്ട്.

''ഞാന്‍ കേക്ക് മുറിച്ച് പിറന്നാളാഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍, ചെറുപ്പത്തില്‍ അമ്മ തയ്യാറാക്കിത്തരുന്ന പിറന്നാള്‍മധുരം എന്റെ നാവില്‍ ഇപ്പോഴുമുണ്ട്. നെറ്റിയില്‍ അവര്‍ ചാര്‍ത്തിത്തരുന്ന തിലകത്തിന്റെ തിളക്കവും മനസ്സില്‍ മായാതെയുണ്ട്''- ലതാജി പറയുന്നു.



ആരാധകരുടെയും സുഹൃത്തുക്കളുടെയും ആശംസകളേറ്റുവാങ്ങി, അതില്‍ മനം നിറഞ്ഞ്, ലതാജിയുണ്ട് മുംബൈയിലെ വസതിയില്‍; ആഘോഷം അവരുടെ ലോകമെങ്ങുമുള്ള ആരാധകര്‍ക്കും.

ഇന്‍ഡോറിലെ സിഖ് മൊഹല്ലയില്‍ 1929 സപ്തംബര്‍ 29 ന് ജനിച്ച ഹൃദയ എന്ന ബാലിക ഭാരതത്തിന്റെ ഹൃദയം കീഴടക്കിയത് എട്ടു പതിറ്റാണ്ടിന്റെ ചരിത്രം.

ഗോവയില്‍ ജനിച്ച പണ്ഡിറ്റ് ദീനനാഥ് മങ്കേഷ്‌ക്കറുടെയും ശുദ്ധാമതിയുടെയും മകളായ ഹൃദയയ്ക്ക് ലതയെന്ന പേരു ലഭിക്കുന്നത് പിന്നീടാണ്.

സംഗീതജ്ഞനും നാടകകാരനുമായ ദീനനാഥിന്റെ ഒരു നാടകത്തിലെ കഥാപാത്രമാണ് ലതിക. ദിനനാഥിന്റെ ഗോവയിലെ ഗ്രാമത്തിന്റെ പേരായ 'മങ്കേഷി'യാണ് മങ്കേഷ്‌ക്കര്‍ എന്ന പേര് കൂട്ടിച്ചേര്‍ക്കാന്‍ കാരണം. ലതാജിക്ക് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞുകൊടുത്തത് പിതാവ് ദീനനാഥ് തന്നെ. എന്നാല്‍ ശാസ്ത്രീയസംഗിതത്തില്‍ ഉസ്താദ് അമാനത്ത് അലിഖാന്‍ ഗുരുവായി. ഇന്ത്യ-പാക് വിഭജനത്തെ തുടര്‍ന്ന് അമാനത്ത് ഖാന്‍ രാജ്യംവിട്ടപ്പോള്‍ അമാനത് ഖാന്‍ ദേവാസ്യാലെ ഗുരുസ്ഥാനത്തെത്തി.

1942-ലാണ് ലതാ മങ്കേഷ്‌ക്കര്‍ ആദ്യമായി പിന്നണി പാടുന്നത്. വസന്ത് ജോഗ്‌ലേക്കറുടെ മറാത്തി ചിത്രം 'കിടി ഹാസാല്‍' ലതാജിക്ക് ആദ്യ ചുവടുവെപ്പായി. പക്ഷേ, ചിത്രം പ്രദര്‍ശനത്തിനെത്തിയപ്പോള്‍ പാട്ട് മുറിച്ചുമാറ്റിയ നിലയിലായിരുന്നു. അതേവര്‍ഷം ഒരു മറാത്തി ചിത്രത്തില്‍ അവര്‍ അഭിനയിക്കുകയും ചെയ്തു. 'പാഹിലി മംഗാലാ ഗൗര്‍' എന്ന ഈ ചിത്രത്തിലെ ഗാനങ്ങളും ലതാജി പാടി.

1947-ലാണ് ലതാ മങ്കേഷ്‌ക്കര്‍ ആദ്യമായി ഒരു ഹിന്ദി ചിത്രത്തില്‍ പാടുന്നത്. 'ആപ് കി സേവാ മേ'മിന്റെ സംഗീതസംവിധാനം ദത്താ ദവ്‌ജേകറായിരുന്നു.

1950-ഓടെ, പ്രശസ്തരായ സംഗീതസംവിധായകരുടെ ഗാനങ്ങള്‍ പാടാന്‍ ലതാജിക്ക് അവസരമുണ്ടായി. അനില്‍ ബിശ്വാസ്, ശങ്കര്‍ ജയ്കിഷന്‍, നൗഷാദ്, എസ്.ഡി. ബര്‍മന്‍, സലില്‍ ചൗധരി, സജ്ജാദ് ഹുസൈന്‍... പ്രഗല്ഭരുടെ പട്ടിക നീളുന്നു.

ഇങ്ങേയറ്റം ഇളമുറക്കാരില്‍ ലോകശ്രദ്ധ നേടിയ എ.ആര്‍. റഹ്മാന്റെ സംഗീതസംവിധാനത്തില്‍ പാടാനും അവര്‍ക്കായി. 'ദില്‍ സേ' എന്ന ചിത്രത്തിലെ ''ജിയ ജലെ...' എന്ന ഗാനം ഹിറ്റാവുകയും ചെയ്തു.

അമ്പതുകള്‍ക്കിങ്ങോട്ട് ഇടമുറിയാതെ ലതാജിയുടെ ഹിറ്റുകള്‍ ഹിന്ദി സംഗീതലോകത്തിലുണ്ടായി. 1960-ല്‍ മുഗള്‍ ഇ അസമിനുവേണ്ടി നൗഷാദിന്റെ സംഗീതത്തില്‍ പാടിയ ''പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ...'',

1962-ല്‍ ഫിലിം ഫെയര്‍ പുരസ്‌കാരം നേടിയ ''കഹിം ദിപ് ജലെ...'' (ചിത്രം: ബീസ് സാല്‍ ബാദ്, സംഗീതം: ഹേമന്ത്കുമാര്‍), ചല്‍തേ ചല്‍തേ (1972-സംഗീതം: ഗുലാം മുഹമ്മദ്), ബീതിന ബിതായി (1973-ആര്‍.ഡി. ബര്‍മന്‍), രോതെ രോതെ പിയാ (1975-സംഗീതം: കല്യാണ്‍ജി ആനന്ദ്ജി), യാരാ സിലി സിലി (1990) തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

ആലാപനത്തില്‍ മാത്രമല്ല, സംഗീതസംവിധാനത്തിലും ലതാ മങ്കേഷ്‌ക്കര്‍ സ്വരമുദ്ര പതിപ്പിച്ചു. രാം രാം പവ്ഹാന (1950), മറാത്താ തിട്ടുക, മേല്‍വാവ (1963), മൊഹിത്യാഞ്ജി മഞ്ജുള (1963), സാധി മാനസെ (1963), തമ്പാഡി മതി (1969) എന്നീ മറാത്തി ചിത്രങ്ങള്‍ക്കാണ് ലതാജി സംഗീതം നല്കിയത്.

സാധി മാനസെ എന്ന ചിത്രത്തിന്റെ സംഗീതസംവിധാനത്തിന് മഹാരാഷ്ട്ര സര്‍ക്കാരിന്റെ പുരസ്‌കാരവും അവര്‍ നേടി. അതേചിത്രത്തില്‍ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരവും ലഭിച്ചു.

മൂന്ന് ഹിന്ദി ചിത്രങ്ങളും ഒരു മറാത്തി ചിത്രവും ലതാ മങ്കേഷ്‌ക്കര്‍ നിര്‍മിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പിന്നണിഗാനങ്ങള്‍ പാടിയ ഗായികയെന്ന ബഹുമതി നേടിയ ലതാജി, ഗിന്നസ് ബുക്കിലും ഇടം കണ്ടെത്തി. 1948 മുതല്‍ '74വരെ 30,000-ഓളം ഗാനങ്ങള്‍ പാടിയതിനായിരുന്നു ഈ ഗിന്നസ് റെക്കോഡ്. 28,000 ഗാനങ്ങള്‍ പാടിയ മുഹമ്മദ് റഫിയുടെ അവകാശവാദവുമായി ചെറിയൊരു തര്‍ക്കം ഇതുസംബന്ധിച്ചുണ്ടായെങ്കിലും റഫിക്കുശേഷം ഗിന്നസില്‍ ലതാജിയാണ് പ്രമുഖ. എന്നാല്‍, ഇപ്പോള്‍ ലതാജിയുടെ ഗാനങ്ങളുടെ എണ്ണം 50,000 കടക്കുമെന്ന് സംഗീതഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇതുസംബന്ധിച്ച ചോദ്യങ്ങള്‍ക്ക്, തന്റെ കൈയില്‍ കൃത്യമായ കണക്കൊന്നുമില്ല എന്നായിരിക്കും ലതാജിയുടെ മറുപടി.

20 ഭാഷകളില്‍ ശബ്ദസാന്നിധ്യമറിയിച്ച ലതാജി, ഇന്ത്യന്‍ പ്രധാനമന്ത്രിയെ കരയിപ്പിക്കുകയും പാകിസ്താന്‍ പ്രധാനമന്ത്രിയെ ആരാധകനാക്കുകയും ചെയ്തു. 1962-ലെ ഇന്ത്യ-ചൈന യുദ്ധത്തില്‍ രാജ്യം പരാജയപ്പെട്ടപ്പോള്‍ ലതാജി പാടിയ 'ആയേ മേരെ വതന്‍ കി...' എന്ന ഗാനമാണ് ജവാഹര്‍ഹാല്‍ നെഹ്രുവിനെ കരയിച്ചത്. കശ്മീരിനു പകരം ലതാ മങ്കേഷ്‌ക്കര്‍ മതി എന്ന പാക് പ്രധാനമന്ത്രിയുടെ പ്രശംസാവചനവും ലതാജിയുടെ ശബ്ദമാന്ത്രികതയ്ക്കുള്ള അംഗീകാരമാണ്.

2001-ല്‍ ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ ഭാരതരത്‌ന നേടിയ ലതാജിയെത്തേടി പുരസ്‌കാരങ്ങളേറെയെത്തി. പദ്മഭൂഷണ്‍ (1969), ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് (1989) തുടങ്ങിയവ അവയില്‍ ചിലതുമാത്രം.

അവാര്‍ഡുകള്‍ ഏറെ ലഭിച്ചു എന്നതിലുപരി, ലതാ മങ്കേഷ്‌ക്കറുടെ പേരിലുമുണ്ട് പുരസ്‌കാരങ്ങള്‍. 1984-ല്‍ മധ്യപ്രദേശ് സര്‍ക്കാരും 1992-ല്‍ മഹാരാഷ്ട്ര സര്‍ക്കാരും ലതാജിയുടെ പേരില്‍ പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തി.

ലതാജിയോളംതന്നെ പ്രശസ്തയായ ഗായിക ആശാ ഭോസ്‌ലെ, സംഗീത സംവിധായകന്‍ ഹൃദയനാഥ്, ഉഷ, മീന എന്നിവരാണ് ലതാജിയുടെ സഹോദരങ്ങള്‍.

''അയല്‍രാജ്യത്തെ എന്റെ ഒരു സുഹൃത്ത് ഒരിക്കല്‍ എന്നോട് പറഞ്ഞു- നിങ്ങള്‍ക്കുള്ളതില്‍ രണ്ടെണ്ണമൊഴിച്ചെല്ലാം ഞങ്ങളുടെ രാജ്യത്തുമുണ്ട്; അവ താജ്മഹലും ലതാ മങ്കേഷ്‌ക്കറുമാണ്''
- അമിതാഭ് ബച്ചന്‍
Share it:

വ്യക്തികള്‍

Post A Comment:

0 comments: