നിബിഡവും വന്യവുമായ ഇലച്ചാര്‍ത്തുകള്‍ക്കു കീഴില്‍ സൈലന്റ്‌വാലി ഒരേസമയം നമ്മെ മോഹിപ്പിക്കുകയും വിഭ്രമിപ്പിക്കുകയും ചെയ്യുന്നു. കാല്‍വണ്ണയില്‍നിന്ന് ചോരകുടിക്കുന്ന അട്ടകളെ ഒന്നൊന്നായി എടുത്തുമാറ്റുമ്പോള്‍ കൂടെയുണ്ടായിരുന്ന തമിഴ് പത്രപ്രവര്‍ത്തകന്‍ പറഞ്ഞു: ''സൈലന്റ്‌വാലി റൊമ്പ വയലന്റ്‌വാലിയായിറുക്ക്.'' അഞ്ചുകോടി വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ കാടാണിത്. ആദിമവും അനന്യവുമായ വനഗന്ധം നുകര്‍ന്നുകൊണ്ട് 'ആനവിരട്ടി'യെ ഒഴിഞ്ഞുമാറി ഒറ്റയടിപ്പാതയിലൂടെ നടക്കുമ്പോള്‍ പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. സതീഷ്ചന്ദ്രന്‍ പഴയൊരോര്‍മ പങ്കുവെച്ചു. 1980-കളുടെ തുടക്കത്തില്‍ സൈലന്റ്‌വാലിയിലെത്തിയ ഒരു ബ്രിട്ടീഷ് വനിതയെക്കുറിച്ചുള്ള ഓര്‍മ. 70 വയസ്സ് പിന്നിട്ട ഒരു അന്ധ. ബി.ബി.സി.ക്കു വേണ്ടിയുള്ള ഒരു ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ടായിരുന്നു അവരുടെ വരവ്. മുക്കാലിയില്‍നിന്ന് നടന്ന് സൈലന്റ്‌വാലിയിലൂടെ നീലഗിരിയിലേക്കുള്ള സഞ്ചാരം. സൈലന്റ്‌വാലിയുടെ ഉള്‍ക്കാടുകളില്‍ നിശ്ശബ്ദത ഇപ്പോഴും തൊട്ടറിയാവുന്ന അനുഭവമാണ്. നിശ്ശബ്ദത ചൂഴ്ന്നു നില്ക്കുന്ന കാട്ടിലൂടെ നടന്നുപോകുന്ന അന്ധയായ സ്ത്രീ.
ബ്യൂണസ്അയേഴ്‌സിലെ ഗ്രന്ഥാലയത്തില്‍ അക്ഷരങ്ങള്‍ക്കു നടുവിലിരിക്കുന്ന ഹോര്‍ഷെ ലൂയിസ് ബോര്‍ഷെ എന്ന അന്ധനായ ലൈബ്രേറിയന്റെ ചിത്രം ഒരു മിന്നല്‍പ്പിണരുപോലെ ഉള്ളിലേക്ക് കയറിവരുന്നു. സൈലന്റ്‌വാലി എന്താണെന്ന് ചോദിച്ചാല്‍ അതിനുള്ള ഉത്തരം ഈ അന്ധയായ സ്ത്രീയുടെ യാത്രയാണ്. അത്രമേല്‍ അഗാധവും അപാരവുമായ അനുഭവമാണ് ഈ താഴ്‌വാരം നമുക്കായി കാത്തുസൂക്ഷിക്കുന്നത്.
25 കൊല്ലങ്ങള്‍ക്കു മുമ്പ്
1979-ല്‍ സൈലന്റ്‌വാലിയില്‍നിന്ന് ഡോ. സതീഷ്ചന്ദ്രന്‍ തന്റെ ഏറ്റവും പ്രിയപ്പെട്ട സ്നേഹിതയ്‌ക്കെഴുതി: ''ഈ അപൂര്‍വ സസ്യജാലങ്ങള്‍ ഇനിയിവിടെയുണ്ടാകുമോയെന്നറിയില്ല. വലിയ പാറത്തോടിനിരുവശവും മരങ്ങള്‍ വീഴാന്‍ തുടങ്ങിയിരിക്കുന്നു. കാട്ടിമുടിയില്‍നിന്ന് കാട് കത്തുന്ന മണം. താഴ്‌വാരത്തിന്റെ നിശ്ശബ്ദതയ്ക്കു മേല്‍ ബുള്‍ഡോസറുകളുടെ ഇരമ്പല്‍''-രണ്ടര ദശാബ്ദത്തിനു മുമ്പ് ഇതു വെറും വാക്കുകള്‍ മാത്രമായിരുന്നില്ല. '' ദാ... ഇവിടെയാണ് കേരള വൈദ്യുതി ബോര്‍ഡ് സൈലന്റ് വാലിക്ക് ചരമക്കുറിപ്പെഴുതാന്‍ ശ്രമിച്ചത്''-സൈരന്ധ്രിയില്‍ കുന്തിപ്പുഴയുടെ വന്യമായ പ്രവാഹത്തിലേക്ക് വിരല്‍ചൂണ്ടി ഡോ. സതീഷ് പറഞ്ഞു. ''അന്ന് കെ.എസ്.ഇ.ബി.യുടെ ദൗത്യം വിജയിച്ചിരുന്നെങ്കില്‍ ഈ പ്രദേശമാകെ അണക്കെട്ടില്‍ മുങ്ങി മരിക്കുമായിരുന്നു.''
തകര്‍ന്നുപോയ പദ്ധതി
സൈലന്റ്‌വാലി ഒരു പ്രതീകമാണ്. ഐതിഹാസികമായ ഒരു പോരാട്ടത്തിന്റെ പ്രതീകം. സമര്‍പ്പണബുദ്ധിയും നിശ്ചയദാര്‍ഢ്യവുമുള്ള ഒരുപിടി മനുഷ്യരുടെ ഇച്ഛാശക്തിക്കു മുന്നില്‍ ഭരണകൂടത്തിന് അടിയറവ് പറയേണ്ടിവന്ന ചരിത്രഗാഥയാണത്.
1973-ല്‍ പ്ലാനിങ് കമ്മീഷന്‍ അനുമതി നല്കിയതോടെയാണ് സൈലന്റ്‌വാലി അണക്കെട്ട് പദ്ധതിക്ക് ജീവന്‍വെച്ചത്. 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ലക്ഷ്യമിട്ടായിരുന്നു കെ.എസ്.ഇ.ബി. പദ്ധതി മുന്നോട്ടുവെച്ചത്. മലപ്പുറം, പാലക്കാട് ജില്ലകളിലായി പതിനായിരം ഹെക്ടര്‍ കൃഷിഭൂമിയില്‍ ജലസേചനം, ഏഴെട്ടു കൊല്ലത്തേക്ക് ചുരുങ്ങിയത് മൂവായിരം പേര്‍ക്കെങ്കിലും തൊഴില്‍.... പദ്ധതിയുടെ ഗുണഫലങ്ങള്‍ കെ.എസ്.ഇ.ബി. ഇങ്ങനെ നീട്ടി.
പരിസ്ഥിതി എന്ന ആഡംബരം
ഈ അണകെട്ടുന്നതിനെതിരെ ഉയര്‍ന്ന പ്രതിഷേധം തച്ചുതകര്‍ക്കാന്‍ കേരളം മാറി മാറി ഭരിച്ച വിവിധ സര്‍ക്കാറുകള്‍ പരസ്പരം മത്സരമായിരുന്നു. ഇക്കോളജി ഈസ് എ ലക്ഷ്വറി ഫോര്‍ കേരളൈറ്റ്‌സ് എന്ന മുഖ്യമന്ത്രി പി.കെ. വാസുദേവന്‍നായരുടെ പ്രഖ്യാപനം ഈ നയത്തിന്റെ അടിക്കുറിപ്പാണ്. സൈലന്റ്‌വാലിയില്‍ കാര്യമായൊന്നും നഷ്ടപ്പെടാനില്ലെന്നാണ് സംസ്ഥാന സര്‍ക്കാറും അനുബന്ധ സ്ഥാപനങ്ങളും പറഞ്ഞത്. അണക്കെട്ടില്‍ മുങ്ങിപ്പോകുന്ന മരങ്ങളത്രയും വേണമെങ്കില്‍ പറിച്ചുനടാവുന്നതേയുള്ളൂ എന്ന വങ്കത്തരംവരെ എഴുതിപ്പിടിപ്പിക്കാന്‍ അവരുടെ വക്താക്കള്‍ തയ്യാറായി.
സമര്‍പ്പണ ബുദ്ധിയും ആദര്‍ശശുദ്ധിയുമുള്ള ഒരുപിടി മനുഷ്യര്‍ ചെറുത്തു നില്പിനൊരുങ്ങിയതാണ് സൈലന്റ്‌വാലിയുടെ രക്ഷയായത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടായിരുന്ന (കെ.എഫ്.ആര്‍.എ.) ഡോ. വി.എസ്. വിജയന്റെ പേര് ഇതില്‍ ആദ്യമേ പറയേണ്ടതുണ്ട്. അണക്കെട്ടിന്റെ പാരിസ്ഥിതിക പ്രത്യാഘാതത്തെക്കുറിച്ച് സമഗ്രമായി പഠനം നടത്തിയ അദ്ദേഹമാണ് നിര്‍ദിഷ്ട ഡാമിന്റെ ദൂഷ്യവശങ്ങള്‍ ആദ്യമായി കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഇതിന്റെ പേരില്‍ ഡോ. വിജയന് കെ.എഫ്. ആര്‍.ഐ. വിടേണ്ടി വന്നു. ഈ പഠനസംരംഭത്തില്‍ ഡോ. എം. ബാലകൃഷ്ണനും വിജയനൊപ്പമുണ്ടായിരുന്നു.
സഫര്‍ ഫത്തേഹലി, ഡോ. സലിം അലി, ഡോ. മാധവ്ഗാഡ്ഗില്‍, ഡോ. എം.എം. ശ്രീനിവാസ്, കെ.പി.എസ്. മേനോന്‍, ഡോ. കെ.എന്‍. രാജ്, ഡോ. എന്‍.സി. നായര്‍, പ്രൊഫ. കരുണാകരന്‍, ജെ.സി. ഡാനിയല്‍, യു.കെ. ഗോപാലന്‍, ജോസഫ് ജോണ്‍ എന്നിവര്‍ സൈലന്റ്‌വാലി സംരക്ഷണത്തിനായി ശക്തിയുക്തം വാദിച്ചവരാണ്.
സൈലന്റ്‌വാലിയുടെ അതിജീവനം ഒരു സാമൂഹിക പ്രക്ഷോഭത്തിന്റെ തലത്തിലേക്കുയര്‍ത്തിയതില്‍ കേരള ശാസ്ത്രസാഹിത്യപരിഷത്തും അതിന്റെ അമരത്തുണ്ടായിരുന്ന പ്രൊഫ. എം.കെ. പ്രസാദും വഹിച്ച പങ്കും കുറച്ചുകാണാനാവില്ല. സൈലന്റ്‌വാലിയെക്കുറിച്ച് മലയാളത്തില്‍ ആദ്യമായി സമഗ്രമായൊരു ലേഖനം എഴുതിയത് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രൊഫ. പ്രസാദായിരുന്നു.
എഴുത്തുകാരുടെ കൂട്ടത്തില്‍ എന്‍.വി. കൃഷ്ണവാര്യരും സുഗതകുമാരിയും വഹിച്ച പങ്ക് നിസ്തുലമാണ്. ഒ.എന്‍.വി. കുറുപ്പ്, അയ്യപ്പപ്പണിക്കര്‍, കടമ്മനിട്ട, എസ്.കെ. പൊറ്റെക്കാട്ട്, വൈലോപ്പിള്ളി, സുകുമാര്‍ അഴീക്കോട് എന്നിവരും ഇവര്‍ക്കൊപ്പം അണിചേര്‍ന്നു. പ്രൊഫ. ആര്‍.വി.ജി. മേനോന്‍, പ്രൊഫ. കെ.കെ. നീലകണ്ഠന്‍, പ്രൊഫ. ജോണ്‍ സി. ജേക്കബ്, ഡോ. ശാന്തി, ഡോ. ശ്യാമസുന്ദരന്‍നായര്‍, ഡോ. കെ.പി. കണ്ണന്‍ എന്നിവരെയും മറന്നുകൂടാ.
രാഷ്ട്രീയ നേതൃത്വത്തിന്റെ പാരിസ്ഥിതിക നിരക്ഷരത
കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പാരിസ്ഥിതിക നിരക്ഷരതയാണ് സൈലന്റ്‌വാലിയില്‍ വെളിപ്പെട്ടത്. എം.പി. പരമേശ്വരന്‍, കെ.വി. സുരേന്ദ്രനാഥ്, വര്‍ക്കല രാധാകൃഷ്ണന്‍, സി. നാരായണപിള്ള, പി. ഗോവിന്ദപ്പിള്ള, ഇ.എം.എസ്സിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന എസ്. ശര്‍മ എന്നിങ്ങനെ വിരലിലെണ്ണാവുന്നവരെ ഒഴിച്ചുനിര്‍ത്തിയാല്‍ കേരളത്തിലെ രാഷ്ട്രീയനേതൃത്വം തീര്‍ത്തും നിഷേധാത്മകമായ നിലപാടാണ് സൈലന്റ്‌വാലിയുടെ കാര്യത്തില്‍ സ്വീകരിച്ചത്.
സാക്ഷാല്‍ ഇ.എം.എസ്. പോലും സൈലന്റ്‌വാലിക്കു വേണ്ടി ഉറച്ചൊരു നിലപാടെടുത്തിരുന്നില്ലെന്ന് ഡോ. സതീഷ്ചന്ദ്രന്‍ * ഖേദത്തോടെ ഓര്‍ക്കുന്നു. ഡോ. എം.എസ്. സ്വാമിനാഥന്റെ റിപ്പോര്‍ട്ടാണ് സൈലന്റ്‌വാലിയുടെ അതിജീവനത്തിനു വഴിയൊരുക്കിയ ആദ്യ ഘടകങ്ങളിലൊന്ന്. 1979-ല്‍ ചരണ്‍സിങ് സര്‍ക്കാറിനു നല്കിയ ഈ റിപ്പോര്‍ട്ടില്‍ സൈലന്റ്‌വാലി സംരക്ഷിക്കുന്നതിനെക്കുറിച്ച് ഡോ. സ്വാമിനാഥന്‍ കൃത്യമായൊരു നിലപാടെടുത്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് 1980-ല്‍ ഇന്ദിരാഗാന്ധി പ്രൊഫ. എം.ജി.കെ. മേനോന്‍ കമ്മിറ്റിയെ നിയോഗിച്ചതു തന്നെ.
മാധ്യമങ്ങള്‍
സൈലന്റ്‌വാലി പ്രക്ഷോഭം വിജയിച്ചതില്‍ മാധ്യമങ്ങള്‍ക്കുള്ള പങ്കിനെ ആര്‍ക്കും തള്ളിക്കളയാനാകില്ല. 1979-ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മലയാളത്തില്‍ ആദ്യമായി സൈലന്റ്‌വാലിയുടെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ടുള്ള ലേഖനം വന്നത്. 'സൈലന്റ്‌വാലിയെ രക്ഷിക്കൂ' എന്ന് പ്രൊഫ. എം.കെ. പ്രസാദ് എഴുതിയ ലേഖനം പ്രക്ഷോഭം മുഖ്യധാരയിലേക്കെത്തിക്കുന്നതിനുള്ള ആദ്യ ശ്രമങ്ങളിലൊന്നായിരുന്നു. 1980-ല്‍ കേരള കൗമുദിയാണ് സുഗതകുമാരിയുടെ പ്രശസ്തമായ സൈലന്റ്‌വാലി ലേഖനം പ്രസിദ്ധീകരിച്ചത്. പരിസ്ഥിതി പ്രക്ഷോഭങ്ങളുടെ വഴിയിലേക്ക് സുഗതകുമാരിയുടെ വരവ് വിളിച്ചറിയിച്ച തീവ്രവും ആര്‍ദ്രവുമായ ലേഖനമായിരുന്നു അത്.
തൃശ്ശൂരില്‍നിന്ന് പുറത്തിറങ്ങിയിരുന്ന എക്സ്പ്രസ് ദിനപത്രം സൈലന്റ്‌വാലിക്കു വേണ്ടി അതിശക്തമായ നിലപാടെടുത്തു. എക്സ്പ്രസ്സിന്റെ പത്രാധിപര്‍ ടി.വി. അച്യുതവാരിയര്‍ പേരുവെച്ചെഴുതിയ ലേഖനങ്ങള്‍ മലയാളമാധ്യമ ചരിത്രത്തില്‍ പാരിസ്ഥിതിക അവബോധത്തിന്റെ ജ്വലിക്കുന്ന വഴികാട്ടികളാണ്.
ദേശീയതലത്തില്‍ സൈലന്റ്‌വാലി പ്രക്ഷോഭത്തിനൊപ്പം നിലകൊണ്ട മുന്‍നിര പത്രം ഹിന്ദുവായിരുന്നു. ഇപ്പോള്‍ ഹിന്ദുവിന്റെ മുഖ്യ പത്രാധിപരായ എന്‍. റാമിന്റെ സവിശേഷ താത്പര്യം ഈ നിലപാടിനു പിറകിലുണ്ടായിരുന്നു.
അറിയപ്പെടാത്ത ഇന്ദിര
സൈലന്റ്‌വാലി സംരക്ഷിച്ചതാര് എന്ന ചോദ്യത്തിന്റെ ഉത്തരം ഒരു പേരിലേക്കൊതുക്കേണ്ടിവന്നാല്‍ അത് ഇന്ദിരാഗാന്ധി എന്നുതന്നെയായിരിക്കും. 1972-ല്‍ സ്റ്റോക്ക്‌ഹോമില്‍ നടന്ന ഐക്യരാഷ്ട്രസംഘടനയുടെ പാരിസ്ഥിതിക സമ്മേളനത്തില്‍ പങ്കെടുത്തത് ഇന്ദിരയുടെ വീക്ഷണങ്ങള്‍ക്കു വ്യക്തമായൊരു ദിശാബോധം നല്കിയിരുന്നു. സൈലന്റ്‌വാലിയുടെ കാര്യത്തില്‍ അതാകണം ഇന്ദിരയുടെ തീരുമാനം പാറപോലെ ഉറച്ചതാക്കിയത്. സൈലന്റ്‌വാലി ദേശീയ ഉദ്യാനമാക്കിക്കൊണ്ടുള്ള പ്രഖ്യാപനം 1984 നവംബര്‍ 15ന് പുറത്തിറങ്ങിയപ്പോള്‍ അതിനുപിറകില്‍ ഇന്ദിര വഹിച്ച നിര്‍ണായക പങ്ക് പിന്നീട് കോണ്‍ഗ്രസ്സുകാര്‍പോലും മറന്നുപോയെന്നത് ഇന്ദിരയുടെ ദുര്യോഗം. സൈലന്റ്‌വാലിയില്‍ നേരിട്ടെത്താനുള്ള ഭാഗ്യവും ഇന്ദിരയ്ക്കുണ്ടായില്ല. 1985-ല്‍ രാജീവ്ഗാന്ധിയാണ് സൈലന്റ്‌വാലിയിലെത്തി ദേശീയ ഉദ്യാനം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.
കുന്തിപ്പുഴ എന്ന അത്ഭുതം
ഇന്ത്യയിലിന്നിപ്പോള്‍ ഹിമാലയത്തിനു തെക്ക് ഇതുപോലൊരു പുഴ വേറെയില്ല. ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയായ കുന്തിപ്പുഴയുടെ ജീവാത്മാവും പരമാത്മാവും സൈലന്റ്‌വാലിയാണ്. സൈലന്റ്‌വാലിയുടെ ഹൃദയത്തിലൂടെ 25 കിലോമീറ്ററോളം കുന്തി ഒഴുകുന്നത് മനുഷ്യസ്പര്ശമേല്ക്കാതെയാണ്. ഒരു പുഴ ജനിക്കുന്നതെങ്ങനെയെന്നറിയണമെങ്കില്‍ കണ്ണാടിപോലെ ഒഴുകുന്ന കുന്തിയുടെ ഉത്ഭവസ്ഥാനമല്ലാതെ നമുക്കു വേറെ ഏതിടമാണുള്ളത്.
സൈലന്റ്‌വാലി ആത്യന്തികമായിവൃക്ഷങ്ങളുടെ ലോകമാണ്. സിംഹവാലന്‍ കുരങ്ങനും കടുവയും മാത്രമല്ല സൈലന്റ്‌വാലിയെ സൈലന്റ്‌വാലിയാക്കുന്നത്. 50 ദശലക്ഷം വര്‍ഷം കൊണ്ട് പരിണമിച്ചുണ്ടായ ഈ 8952 ഹെക്ടര്‍ ഭൂമിയുടെ മുഖമുദ്ര മഹാവൃക്ഷങ്ങളും അവയ്ക്കു കീഴില്‍ വളരുന്ന സസ്യജാലങ്ങളുമാണ്.
25 വര്‍ഷങ്ങള്‍ക്കു ശേഷം
ഇന്ത്യയിലെ പരിസ്ഥിതി സംരക്ഷണ പ്രസ്ഥാനങ്ങളുടെ അമ്മയായിരുന്നു സൈലന്റ്‌വാലി പ്രക്ഷോഭം. വികസനത്തിന്റെ സാമ്പ്രദായിക വീക്ഷണങ്ങള്‍ അതു നിശിതമായി ചോദ്യം ചെയ്തു. പുതിയൊരു പാരിസ്ഥിതിക അവബോധത്തിനും സംസ്‌കൃതിക്കും സൈലന്റ്‌വാലി കാരണമായി. ആ അര്‍ഥത്തില്‍ സൈലന്റ്‌വാലിയില്‍ നടന്നത് ശരിക്കും ഒരു വിപ്ലവം തന്നെയായിരുന്നു.
കോര്‍പ്പറേറ്റ് കമ്പനികളുടെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെന്നതും കേരളത്തില്‍ മാറിമാറി സര്‍ക്കാറുകള്‍ വന്നതും കേന്ദ്രത്തില്‍ ഭരണത്തലപ്പത്ത് ഇന്ദിരയെപ്പോലെയൊരു പ്രധാനമന്ത്രി ഉണ്ടായിരുന്നുവെന്നതും ഈ വിപ്ലവത്തിന്റെ കുതിപ്പ് എളുപ്പമാക്കി.
ചീവീടുകള്‍ വളരുമ്പോള്‍
ചീവീടുകളുടെ അഭാവമായിരുന്നു സൈലന്റ്‌വാലിയുടെ അടയാളങ്ങളില്‍ മുഖ്യം. ഇന്നും സൈലന്റ്‌വാലിയുടെ ഗാഢസ്ഥലികളില്‍ ചീവീടുകളില്ല. പക്ഷേ, പുറത്തെ കാടുകളില്‍ അവ എത്തിക്കഴിഞ്ഞു. മനുഷ്യന്‍ നടത്തിയ കൈയേറ്റങ്ങളെത്തുടര്‍ന്ന് 1980-കളിലാണ് അവ സൈലന്റ്‌വാലിയിലെത്തിയതെന്ന് ഡോ. സതീഷ് ചന്ദ്രന്‍ നിരീക്ഷിക്കുന്നു. ചീവീടുകളുടെ വരവ് ചിലപ്പോള്‍ ഒരു മുന്നറിയിപ്പായിരിക്കാം.
ഈ നിത്യഹരിത മഴക്കാടിനു മുന്നില്‍ എളിമയോടെ നില്‍ക്കുക. നിശ്ശബ്ദതയുടെ മറുകരയിലേക്ക് നടന്നുപോയ അന്ധമായ ആ ബ്രിട്ടീഷ് വനിതയുടെ ഓര്‍മയാവട്ടെ നമുക്കു മുന്നില്‍ തെളിയുന്ന പ്രകാശത്തിന്റെ പ്രതിരോധം.
മറക്കാനാവില്ല ലച്ചിയപ്പനെ
കടപ്പാട്:മാത്രുഭൂമി വെബ്സൈറ്റ്
ചിത്രങ്ങള്‍: സി.ആര്‍.ഗിരീഷ്‌കുമാര്‍
0 Comments