ജീവികളുടെ സ്വഭാവവിശേഷങ്ങളെ നിര്‍ണയിക്കുന്നത് ജീനുകളാണ്. ജീനുകള്‍ സ്‌ഥിതിചെയ്യുന്നത് കോശത്തിലെ ക്രോമസോമുകളിലാണ്. ആധുനിക സങ്കേതങ്ങള്‍ ഉപയോഗിച്ച് ജീന്‍ ഒരു ജീവിയില്‍ നിന്ന് മറ്റൊന്നിലേക്ക് മാറ്റിവയ്‌്ക്കാം. ഉദാഹരണത്തിനു മിന്നാമിനുങ്ങിന്റെ പ്രകാശം നിയന്ത്രിക്കുന്ന ജീന്‍ പുകയിലച്ചെടിയിലേക്ക് മാറ്റി. ഫലം പ്രതീക്ഷിച്ചതുതന്നെ. ജീന്‍ ലഭിച്ച ചെടി ഇരുട്ടില്‍ സ്വയം പ്രകാശിതമായി. ജീന്‍ മാറ്റിവെച്ച് പരമ്പരാഗത രോഗങ്ങള്‍ക്ക് ശാശ്വതപരിഹാരം കാണാനുള്ള ശ്രമം നടക്കുന്നുണ്ട്. ഹീമോഫീലിയ, സിസ്‌റ്റിക്ക് ഫൈബ്രോസിസ് തുടങ്ങി നാലായിരത്തോളം രോഗങ്ങളുടെ കാരണം ജീന്‍ വൈകല്യങ്ങളാണ്. കേടായ ജീനിന്റെ സ്‌ഥാനത്ത് നല്ല ജീന്‍ സ്‌ഥാപിക്കുകയാണ് ലക്ഷ്യം. പക്ഷേ, രോഗകാരണമായ ജീനിന്റെ സ്‌ഥാനവും ഘടനയും അറിഞ്ഞതിനു ശേഷമേ ചികിത്സ ആരംഭിക്കാനാവൂ. ഇതിനു വേണ്ടത് 23 ജോഡി ക്രോമസോമുകളില്‍ വ്യാപിച്ചു കിടക്കുന്ന ജനിതക വസ്‌തുവിന്റെ - ജീനോമിന്റെ - ഭൂപടമാണ്. ശ്രമാവഹമായ ജോലിയാണിതെന്നു ശാസ്‌ത്രകാരന്മാര്‍ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് പതിനെട്ടു രാജ്യങ്ങളിലെ 250 ഗവേഷണ കേന്ദ്രങ്ങളുടെ സഹകരണത്തോടെ ഹ്യൂമന്‍ ജീനോം പ്രോജക്‌റ്റ് ആസൂത്രണം ചെയ്‌തത്. 1990ല്‍ ആരംഭിച്ച ഈ ഗവേഷണപദ്ധതിയുടെ ബഡ്‌ജറ്റ് 300 കോടി ഡോളറായിരുന്നു; കാലാവധി 15 വര്‍ഷവും. എങ്കിലും പത്തുവര്‍ഷത്തിനകംതന്നെ 2000 ജൂണില്‍ പ്രോജക്‌റ്റ് ലക്ഷ്യത്തിലെത്തി. ജീനോം മാപ്പിന്റെ കരടുരൂപം ജൂണ്‍ 26 നും വിശദരൂപം 2001 ഫെബ്രുവരിയിലും പ്രസിദ്ധീകരിച്ചു. മുന്നൂറ്റി ഇരുപത് കോടി ജനിതകഘടകങ്ങളാണ് മനുഷ്യ ജീനോമില്‍ ഉള്ളത്; മുപ്പതിനായിരം ജീനുകളും. ഈ ഗവേഷണനേട്ടം ജീവശാസ്‌ത്രരംഗത്ത് പുതിയൊരു ഉണര്‍വ് നല്‍കി. വൈദ്യശാസ്‌ത്രരംഗത്ത് രോഗനിര്‍ണയത്തിലും ചികിത്സയിലും ഈ കണ്ടുപിടിത്തം ഇന്ന് പ്രധാന പങ്കു വഹിക്കുന്നു.
0 Comments