അങ്ങ് ആകാശത്തിലൂടെ പോകുന്ന ഒരു വിമാ നത്തിന്റെ ഒച്ച, ഒരു കുഞ്ഞിന്റെ കരച്ചില്‍, വയലിന്‍ വായിക്കുമ്പോഴത്തെ ഇമ്പമാര്‍ന്ന സ്വരം, കാറ്റിന്റെ ആരവം ഇവയൊക്കെ നിങ്ങള്‍ എങ്ങനെയാണറിയുന്നത്? ഇതെല്ലാം കേള്‍ക്കാന്‍ നിങ്ങളെ സഹായിക്കുന്നത് ചെവിയാണ്. നിങ്ങളെല്ലാം ചെവിയെന്നു പറയുന്നത് പുറമെ കാണുന്ന ചെവിക്കുടയാണ്. പക്ഷേ ഇത് ചെവി യുടെ ഒരു ഭാഗം മാത്രമാണ്. ചെവിയു ടെ സങ്കീര്‍ണമായ ബാക്കി ഭാഗമെല്ലാം തലയോടിനുള്ളിലേക്കു വ്യാപിച്ചുകിടക്കുന്നു.
ചെവിയുടെ ഘടന
ബാഹ്യകര്‍ണം , മധ്യകര്‍ണം , ആന്തരകര്‍ണം എന്നിങ്ങനെ മനുഷ്യകര്‍ണത്തിന് മൂന്നു ഭാഗങ്ങളുണ്ട്.
ബഹുകര്‍ണം
ചെവിക്കുട , കര്‍ണനാളം , കര്‍ണപടം എന്നിവ ഇതിലുള്‍പ്പെടുന്നു.
ചെവിക്കുട: ശബ്‌ദവീചികളെ തടഞ്ഞു ശേഖരിച്ച് കര്‍ണ്ണനാളത്തിലേക്ക് നയിക്കുന്നു.
കര്‍ണനാളം: ചെവിക്കുടയുടെ തുടര്‍ച്ചയായി ഉള്ളിലേക്കുള്ള നാളം. ഇതിന്റെ ഭിത്തിയില്‍ മെഴുകു സ്രവിക്കുന്ന ഗ്രന്ഥികളുണ്ട്. ചെവിക്കുള്ളില്‍ കടന്നേ ക്കാവുന്ന ചെറുകീടങ്ങളെയും ബാക്‌ടീരിയകളെയും നശിപ്പിക്കുന്നതിന് ഈ മെഴുകു സഹായിക്കുന്നു. കര്‍ണനാളത്തിന്റെ പ്രവേശനദ്വാരത്തില്‍ മൃദുലരോമങ്ങളുണ്ട്. ഇവ ചെറുപ്രാണികള്‍, പൊടി എന്നിവ ചെവിയില്‍ കടക്കുന്നതു തടയുന്നു.
കര്‍ണപടം : ഒരു നേര്‍ത്ത സ്‌തരം. കര്‍ണനാളം കര്‍ണപടത്തില്‍ അവസാനിക്കുന്നു.
മദ്ധ്യകര്‍ണം
ഇടുങ്ങിയ ഒരു അറയാണ് മദ്ധ്യകര്‍ണം. മൂന്നുചെറിയ അസ്‌ഥികള്‍ ചേര്‍ന്ന ഒരു ശൃംഖല ഇവിടെ കാണാം. മാലിയസ്, ഇന്‍കസ്, സ്‌റ്റേപിസ് എന്നിവയാണ് അവ. കര്‍ണപടത്തോടു തൊട്ടിരിക്കുന്ന ചുറ്റികയുടെ ആകൃതിയിലുള്ള അസ്‌ഥിയാണ് മാലിയസ്. മദ്ധ്യത്തിലുള്ള അസ്‌ഥി ഇന്‍കസ്. ഇതിനോട് ചേര്‍ന്ന് സ്‌റ്റേപിസ് എന്ന അസ്‌ഥി കാണപ്പെടുന്നു. ഇതിന് കുതിരസവാരിക്കാരന്റെ പാദധാരത്തിന്റെ ആകൃതിയാണുള്ളത്.
സ്‌റ്റേപിസാണ് മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ അസ്‌ഥി.മദ്ധ്യകര്‍ണത്തെ ഗ്രസനിയുമായി ബന്ധിപ്പിച്ചുകൊണ്ട് യൂസ്‌റ്റേക്കിനാളി എന്നൊരു കുഴലുണ്ട്. കര്‍ണപടത്തിന്റെ ഇരുവശത്തുമുള്ള വായുമര്‍ദ്ദം തുലനപ്പെടുത്തുന്നതിന് ഇത് സഹായിക്കുന്നു.മദ്ധ്യകര്‍ണത്തിനും ആന്തരകര്‍ണത്തി നും ഇടയ്‌ക്ക് ഓവല്‍ വിന്‍ഡോ, റൗണ്ട് വിന്‍ഡോ എന്നിങ്ങനെ രണ്ടു രന്ധ്രങ്ങള്‍ ഉണ്ട്. ഇവ രണ്ടും നേര്‍ത്ത സ്‌തരം കൊണ്ടു മൂടിയിരിക്കുന്നു. സ്‌റ്റേപ്പിസ് ഓവല്‍ വിന്‍ഡോയുമായി സമ്പര്‍ക്കത്തിലിരിക്കുന്നു.
ആന്തരകര്‍ണം
അതിസങ്കീര്‍ണമായ സ്‌തരനാളികളും സഞ്ചികളും ചേര്‍ന്നുണ്ടായിട്ടുള്ള ഭാഗ മാണ് ആന്തരകര്‍ണം. സ്‌തരജാലിക എന്നാണ് ഈ ഭാഗങ്ങള്‍ അറിയപ്പെടുന്നത്. ഇടുങ്ങിയ ഒരു അസ്‌ഥിയറയ്‌ക്കുള്ളിലാണ് ഇത് സ്‌ഥിതിചെയ്യുന്നത്. ഈ അറയില്‍ പെരിലിംഫ് എന്ന ദ്രാവകം നിറഞ്ഞിരിക്കുന്നു. വെസ്‌റ്റിബ്യൂള്‍, കോക്ലിയ, മൂന്ന് അര്‍ദ്ധവൃത്താകാരക്കുഴലുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
വെസ്‌റ്റിബ്യൂളിന് രണ്ടു പ്രധാന ഭാഗങ്ങളുണ്ട്.
1. യൂട്രിക്കിള്‍ 2. സാക്യൂള്‍
യൂട്രിക്കിള്‍ മൂന്ന് അര്‍ദ്ധവൃത്താകാരക്കുഴലുകളുമായി യോജിക്കുന്നു. സാക്യൂള്‍ കോക്ലിയയുമായി യോജിച്ചിരിക്കുന്നു. ഒച്ചിന്റെ തോടിന്റെ ആകൃതിയാണ് കോക്ലിയയ്‌ക്കുള്ളത്. ഇതിന്റെ ഭിത്തിയില്‍ നിറയെ സംവേദ കോശങ്ങളുണ്ട്. ഇവ ശ്രവണ നാഡിയുടെ ശാഖകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വെസ്‌റ്റിബ്യൂള്‍, അര്‍ദ്ധവൃത്താകാരക്കുഴലുകള്‍, കോക്ലിയ എന്നിവയിലെല്ലാം എന്‍ഡോലിംഫ് എന്ന ദ്രാവ കം നിറഞ്ഞിരിക്കുന്നു.
ശ്രവണം
ശബ്‌ദതരംഗങ്ങള്‍ കര്‍ണ്ണനാളത്തില്‍ പ്രവേശിച്ച് കര്‍ണപടത്തില്‍ തട്ടുന്നു. അപ്പോള്‍ കര്‍ണ്ണപടത്തിനുണ്ടാ കുന്ന കമ്പനങ്ങള്‍ മദ്ധ്യകര്‍ണത്തിലെ അസ്‌ഥിശൃംഖല വഴി കടന്നുപോകുന്നു. ഇത് ഓവല്‍ വിന്‍ഡോയെ കമ്പനം ചെയ്യിക്കുന്നു. തുടര്‍ന്ന് കോക്ലിയയ്‌ക്കകത്തുള്ള ദ്രവവും കമ്പനം ചെയ്യുന്നു. ദ്രവത്തിലെ ചലനം കോക്ലിയയുടെ ആന്തരസ്‌തരത്തിലുള്ള സംവേദകോശങ്ങളെ ഉദ്ദീപിപ്പിക്കുന്നു. ശ്രവണനാഡിയുടെ അഗ്രങ്ങള്‍ ഈ ഉദ്ദീപനങ്ങളെ മസ്‌തിഷ്‌കത്തിലുള്ള കേള്‍വിയുടെ കേന്ദ്രത്തിലെത്തിക്കുന്നു. അപ്പോള്‍ ശബ്‌ദം കേള്‍ക്കുന്നതായനുഭവപ്പെടുന്നു.
0 Comments