അകലെ ഏതെങ്കിലും വീട്ടില്‍ മീന്‍ വറുത്താലും പലഹാരങ്ങള്‍ ഉണ്ടാക്കിയാലും അതു നമ്മുടെ വീട്ടിലിരുന്നു നാമറിയും. എങ്ങനെ? വായുവിലൂടെ അതിന്റെകണികകള്‍ നമ്മുടെ മൂക്കിലെത്തും. നമ്മുടെ നാസിക അതിനെ മണമായി തിരിച്ചറിയും.
ഗന്ധം അറിയുന്നതെങ്ങനെ?
നാം ശ്വസിക്കുമ്പോള്‍ വായുവിനൊപ്പം ഗന്ധകണികകള്‍ നാസാഗഹ്വരങ്ങള്‍ക്കുള്ളിലെത്തുന്നു. ഇത് ഇവിടെയുള്ള ശ്ലേഷ്‌മസ്‌തരത്തില്‍ നിന്നു സ്രവിക്കുന്ന ശ്ലേഷ്‌മദ്രവത്തില്‍ ലയിക്കുന്നു. നാസാഗഹ്വരത്തിലെ ഗന്ധഗ്രാഹികള്‍ അപ്പോള്‍ ഉദ്ദീപിപ്പിക്കപ്പെടുകയും ഉദ്ദീപനങ്ങള്‍ തലച്ചോറിലേക്ക് സംവഹിക്കപ്പെടുകയും ചെയ്യുന്നു. ഇതില്‍ നിന്ന് തലച്ചോറ് ഗന്ധം അനുഭവവേദ്യമാക്കുന്നു.
രുചിയും ഗന്ധവും
രുചിയും ഗന്ധവും പരസ്‌പരം ബന്ധപ്പെട്ടിരിക്കുന്നു. ആഹാരത്തിന്റെ ദര്‍ശനം, രൂപം, ഗന്ധം, ഊഷ്‌മാവ് എന്നിവയെല്ലാം അതിന്റെ ആസ്വാദ്യതയെ നിര്‍ണയിക്കുന്ന ഘടകങ്ങളാണ്.
ജലദോഷമുള്ളപ്പോള്‍
ആഹാരത്തിനു രുചി തോന്നാത്തതെന്തുകൊണ്ട്? ജലദോഷമുള്ളപ്പോള്‍ നാസികയില്‍ വളരെ കൂടുതല്‍ ശ്ലേഷ്‌മം ഉണ്ടാകുന്നതിനാല്‍ ഗന്ധകണികകള്‍ക്ക് ഗന്ധഗ്രാഹികളിലെത്തി അവയെ ഉദ്ദീപിപ്പിക്കുവാന്‍ കഴിയുന്നില്ല. അതിനാല്‍ വസ്‌തുക്കളുടെ ഗന്ധം അനുഭവപ്പെടുന്നില്ല.
വായു ശുദ്ധമാക്കുന്നവര്‍
നാസാഗഹ്വരത്തിലെ രോമങ്ങള്‍ സദാ ശ്ലേഷ്‌മസ്‌തരത്തില്‍ നിമഗ്നമാണ്. അതുകൊണ്ടുതന്നെ അവ നനവുള്ളതാണ്. ശ്വസനത്തിന് ഉള്ളിലേക്കെടുക്കുന്ന വായുവിലെ പൊടിയും അഴുക്കും മറ്റും ഇവ തടഞ്ഞു നിര്‍ത്തുന്നു.
ഗന്ധം Vs രുചി
മനുഷ്യരില്‍ ഗന്ധം അറിയാനുള്ള കഴിവ് രുചി അറിയാനുള്ള കഴിവിനെക്കാള്‍ ഏറ്റവും കുറഞ്ഞത് 20,000 മടങ്ങ് കൂടുതലാണ്. നാക്കിന് നാല് അടിസ്‌ഥാനഗുണങ്ങളെ മാത്രം തിരിച്ചറിയാന്‍ കഴിയുമ്പോള്‍ മൂക്കിന് ഏക ദേശം 10,000 ഗന്ധങ്ങളെ തിരിച്ചറിയാന്‍ കഴിവുണ്ട്.
0 Comments