നിങ്ങളുടെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചു നിങ്ങളറിയുന്നതിനുകാരണം ഒന്നു മാത്രമാണ്. നിങ്ങള്‍ക്ക് ജ്‌ഞാനേന്ദ്രിയങ്ങള്‍ ഉണ്ടെന്നുള്ളതാണ് അത്. അഞ്ചു ജ്‌ഞാനേന്ദ്രിയങ്ങളാണ് (പഞ്ചേന്ദ്രിയങ്ങള്‍) നമുക്കുള്ളത്. കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക് എന്നിവയാണ് അവ. കണ്ണ്, ചെവി, മൂക്ക്, നാക്ക് എന്നിവ തലയില്‍ ഉള്‍പ്പെടുന്നു. ത്വക്കാകട്ടെ ശരീരം മുഴുവനും വ്യാപിച്ചിരിക്കുന്നു. ജ്‌ഞാനേന്ദ്രിയങ്ങള്‍ പകര്‍ന്നുതരുന്ന വിവരങ്ങള്‍ പ്രാധാന്യമേറിയവയാണ്. കാരണം അവ നമ്മെത്തന്നെ സംരക്ഷിക്കാനും കാഴ്‌ച, കേള്‍വി, മണം, രുചി, തുടങ്ങിയവ അറിയാനും ഉള്ളവയാണല്ലോ.
ത്വക്ക്‌്
ശരീരത്തിലെ ഏറ്റവും വലിയ ജ്‌ഞാനേന്ദ്രിയം. സ്‌പര്‍ശം, ചൂട്, തണുപ്പ്, വേദന, എന്നിവയെക്കുറിച്ചെല്ലാം നമുക്കറിവുതരുന്നത് ത്വക്കാണ്. ശരീരത്തിന്റെ വാട്ടര്‍പ്രൂഫ്‌ആവരണമാണ് ത്വക്ക്. മുറിവുകളില്‍ നിന്നും ചതവുകളില്‍നിന്നും ആന്തരാവയവങ്ങളെ അത് സംരക്ഷിക്കുന്നു. ശരീരത്തിന്റെ ഊഷ്‌മാവ് നിയന്ത്രിക്കുന്നു.
ത്വക്കിന്റെ ഘടന
ത്വക്കിന്റെ ഏറ്റവും പുറമെയുള്ള ഭാഗമാണ് എപിഡെര്‍മിസ്. ഇതിന്റെ ഉപരിതലകോശങ്ങള്‍ സദാ പൊഴിഞ്ഞുപൊയ്‌ക്കൊണ്ടിരിക്കുന്നു. പകരം പുതിയവ പുനഃസ്‌ഥാപിക്കപ്പെടുന്നു. എപിഡെര്‍മിസിന്റെ താഴെയുള്ള പാളിയാണ് ഡെര്‍മിസ്. സ്‌പര്‍ശഗ്രാഹികള്‍ സ്‌ഥിതിചെയ്യുന്നത് ഡെര്‍മിസിലാണ്. ത്വക്കിന്റെ കൂടുതല്‍ ഭാഗവും രോമാവൃതമാണ്. ഡെര്‍മിസില്‍ നിന്നാണ് രോമങ്ങള്‍ ഉത്ഭവിക്കുന്നത്. രോമങ്ങളുടെ താഴെയറ്റത്തുള്ള ഭാഗം അതായത് ത്വക്കിനോടു ചേര്‍ന്നിരിക്കുന്ന ഭാഗം മാത്രമാണ് ജീവനുള്ളത്. വിയര്‍പ്പുഗ്രന്ഥികളും ഡെര്‍മിസില്‍ സ്‌ഥിതി ചെയ്യുന്നു. ഡെര്‍മിസിനു താഴെയായി കൊഴുപ്പിന്റെ ഒരു പാളിയുണ്ട്.
കാലാവസ്‌ഥയും ത്വക്കും
അന്തരീക്ഷോഷ്‌മാവ് വര്‍ദ്ധിക്കുമ്പോള്‍ ശരീരോഷ്‌മാവ് ഉയരും. അപ്പോള്‍ അമിതമായ ചൂടില്‍നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ ത്വക്ക് ചില മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നു. (1) ത്വക്കിലെ രോമങ്ങള്‍ ചരിഞ്ഞ് സ്‌ഥിതിചെയ്യുന്നു. ത്വക്കിനുള്ളിലെ താപം പുറത്തേക്കു പ്രസരിക്കാന്‍ ഇതു സഹായിക്കുന്നു.
(2) ത്വക്കിന്റെ ഉപരിതലത്തിനടുത്തുള്ള രക്‌തക്കുഴലുകള്‍ വികസിക്കുന്നു. ഇതുമൂലം ത്വക്കിന്റെ ഉപരിതലത്തിനടുത്തുകൂടി കൂടുതല്‍ രക്‌തം പ്രവഹിക്കുന്നു. ഇതില്‍ക്കൂടി ശരീരത്തില്‍ കൂടുതലുള്ള താപം ചുറ്റുമുള്ള അന്തരീക്ഷത്തിലേക്കു വ്യാപിക്കുന്നു. തണുപ്പുള്ളപ്പോള്‍ ഇതിന്റെ വിപരീതപ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. അതായത് രോമം നിവര്‍ന്നുനില്‍ക്കൂന്നു. ശരീരത്തിലെ ചൂട് നഷ്‌ടപ്പെടാതെ ഇതു തടയുന്നു. രക്‌തക്കുഴലുകള്‍ ചുരുങ്ങുന്നതിനാല്‍ ത്വക്കുവഴിയുള്ള താപനഷ്‌ടവും കുറയുന്നു. ശരീരത്തിനുള്ളിലെ ചൂടു നഷ്‌ടപ്പെടാതെ സൂക്ഷിക്കാന്‍ ഇതുവഴി ത്വക്കു സഹായിക്കുന്നു.
വിയര്‍ക്കല്‍
ഒരു സ്വേദഗ്രന്ഥി (വിയര്‍പ്പു ഗ്രന്ഥി) യില്‍ നിന്നുള്ള നാളിയുടെ അഗ്രമാണ് ഇടതുചിത്രത്തില്‍ കാണുന്നത്. ത്വക്കിന്റെ ഉപരിതലത്തില്‍ പറ്റിയിരിക്കുന്ന വിയര്‍പ്പുതുള്ളികളാണ് വലതുവശത്തെ ചിത്രത്തില്‍ കാണുന്നത്. വിയര്‍പ്പ് ബാഷ്‌പീകരിച്ചു പോകുമ്പോള്‍ ശരീരത്തിന് തണുപ്പനുഭവപ്പെടുന്നു.
ശരീരം വിയര്‍ക്കുന്നതെന്തുകൊണ്ട്?
ശരീരത്തില്‍ അധികമുള്ള താപത്തെ പുറംതള്ളാനുള്ള ഒരുപാധിയാണ് വിയര്‍ക്കല്‍. വ്യായാമം ചെയ്യുമ്പോഴും കഠിനാധ്വാനം ചെയ്യുമ്പോഴും മറ്റും ശരീരത്തില്‍ കൂടുതല്‍ താപം ഉല്‌പാദിപ്പിക്കപ്പെടുന്നുണ്ട്. അധികതാപം പുറന്തള്ളപ്പെടേണ്ടതുണ്ട്. ഇതു രണ്ടുവിധത്തില്‍ സംഭവിക്കാം. കുറെ താപം രക്‌തത്തില്‍നിന്ന് നിശ്വാസവായുവിലൂടെ പുറത്തുപോകുന്നു. ഇതിലും കൂടുതല്‍ താപം ഉല്‍പാദിപ്പിക്കപ്പെടുകയാണെങ്കില്‍ ത്വക്കിലെ സ്വേദഗ്രന്ഥികള്‍ ജലവും ലവണങ്ങളും ചേര്‍ന്ന ഒരു മിശ്രിതം (വിയര്‍പ്പ്) പുറപ്പെടുവിക്കുന്നു. വിയര്‍പ്പിലെ ജലാംശം ബാഷ്‌പീകരിക്കാന്‍ ശരീരത്തിലെതന്നെ താപം സ്വീകരിക്കുന്നു. അങ്ങനെ കുറച്ചു താപം പുറത്തുപോകുകയും ശരീരത്തിനു തണുപ്പനുഭവപ്പെടുകയുംചെയ്യും.
ത്വക്കിന്റെ സ്‌പര്‍ശനശേഷി
ത്വക്കിലെ ചില ഭാഗങ്ങള്‍ മറ്റു ഭാഗങ്ങളേക്കാള്‍ സ്‌പര്‍ശന ശേഷി കൂടുതലുള്ളവയാണ്. കാരണം അവിടെ കൂടുതല്‍ സ്‌പര്‍ശഗ്രാഹികള്‍ കാണപ്പെടുന്നു. വിരലുകള്‍, മുഖം, ചുണ്ടുകള്‍ എന്നിവയില്‍ കൂടുതല്‍ സ്‌പര്‍ശഗ്രാഹികളുണ്ട്.
നാക്ക്
ഒരു കണ്ണാടിയെടുക്കുക. നിങ്ങളുടെ നാക്ക് പുറത്തേക്കു നീട്ടി കണ്ണാടിയിലേയ്‌ക്ക് നോക്കൂ. ചെറിയ മുകുളങ്ങള്‍ പോലെ എന്തോ കാണുന്നില്ലേ? ഇവയോടു ചേര്‍ന്നാണ് സ്വാദുമുകുളങ്ങള്‍ സ് ഥിതിചെയ്യുന്നത്. മൈക്രോസ്‌കോപ്പിന്റെ സഹായത്താല്‍ മാത്രമേ സ്വാദുമുകുളങ്ങളെ കാണാന്‍ കഴിയൂ. എങ്കിലും നിങ്ങള്‍ കഴിക്കുന്ന ആഹാരത്തിന്റെ രുചിയറിയിക്കുന്നത് ഈ സ്വാദുമുകുളങ്ങളാണ്.
രുചി എങ്ങനെ അറിയാം ?
ആഹാരം രുചിയറിഞ്ഞ് ആസ്വദിച്ചുകഴിക്കാന്‍ നാവ് നമ്മെ സഹായിക്കുന്നു. ഏകദേശം 10,000 രുചിമുകുളങ്ങള്‍ നാവിലുണ്ടത്രെ ! ആകെ നാല് അടിസ്‌ഥാന രുചികളെ അറിയാനേ നാവിനു കഴിയൂം എങ്കിലും പലതരം രുചികളെക്കുറിച്ച് നാക്ക് എങ്ങനെ വിവരം തരുന്നു? രുചിയോടൊപ്പം ആഹാരത്തിന്റെ ഊഷ്‌മാവ്, ഗുണം എന്നിവയും നാക്ക് പഠനവിധേയമാക്കും. അങ്ങനെ ഒരേ രുചിയുടെ തന്നെ പല വകഭേദങ്ങള്‍ (മധുരം കുറഞ്ഞത്, കൂടിയത് എന്നിങ്ങനെ) അറിയാന്‍ കഴിയുന്നു.
രുചിയറിയുന്നതെങ്ങനെ?
ചവച്ചരയ്‌ക്കുമ്പോള്‍ ആഹാരം ചെറുകണികകളായി മാറുന്നു. ഇത് ഉമിനീരില്‍ ലയിക്കുന്നു. ഉമിനീരില്‍ ലയിച്ച ഇവ സ്വാദുമുകുളങ്ങളുമായി സമ്പര്‍ക്കത്തില്‍ വരുന്നു.
സ്വാദുമുകുളങ്ങള്‍ ആഹാരത്തെ സംബന്ധിച്ച വിവരം തലച്ചോറിലേക്ക് അയയ്‌ക്കുന്നു. ആഹാരത്തില്‍ പലതരം വസ്‌തുക്കളുണ്ടെങ്കിലും പ്രധാനമായും നാലു രൂചികളെ മാത്രമേ നാക്കിന് തിരിച്ചറിയാന്‍ കഴിയൂ. മധുരം, ഉപ്പുരസം, പുളി, കയ്‌പ് എന്നിവയാണ് ഈ നാലു സ്വാദുകള്‍. ഇവയറിയാനുള്ള സ്വാദുമുകുളങ്ങള്‍ നാക്കിന്റെ നിശ്‌ചിതഭാഗങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. രുചിയോടൊപ്പം മണവും അനുഭവവേദ്യമാകുന്നത് ആഹാരത്തിന്റെ ആസ്വാദ്യത വര്‍ദ്ധിപ്പിക്കുന്നു.
0 Comments