ബ്രിട്ടന്‍ ബാക്കിവെച്ചത് തകര്‍ന്നടിഞ്ഞ ഒരു സമ്പദ്‌വ്യവസ്‌ഥയായിരുന്നു. ശാസ്‌ത്രത്തിനോ സാങ്കേതികവിദ്യയ്‌ക്കോ വളരുന്നതിനാവശ്യമായ അടിസ്‌ഥാനസൗകര്യങ്ങളൊന്നുമില്ലാത്ത വ്യാവസായിക അടിത്തറയില്ലാത്ത ഒരു സമ്പദ്‌വ്യവസ്‌ഥ. ആരോഗ്യമേഖലയും കാര്‍ഷികമേഖലയുമെല്ലാം വളരെ പരിതാപകരമായ അവസ്‌ഥയിലായിരുന്നു. അന്നത്തെ 50 കോടി ജനങ്ങളെപ്പോലും തീറ്റിപ്പോറ്റാനുള്ള ശേഷി നമുക്കില്ലായിരുന്നു. ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു ശാസ്‌ത്രരംഗത്ത് കുതിക്കുന്ന ഒരു ഇന്ത്യയെ സ്വപ്‌നം കണ്ടു. അതിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് ശാസ്‌ത്രഗവേഷണ സ്‌ഥാപനങ്ങളെ പ്രോത്സാഹിപ്പിച്ചു. ഇത്തരം സ്‌ഥാപനങ്ങളെ ആധുനിക ഭാരതത്തിന്റെ ക്ഷേത്രങ്ങളെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. നെഹ്‌റുവിന്റെ മേല്‍നോട്ടത്തില്‍ ദേശീയ തലത്തില്‍ ധാരാളം ശാസ്‌ത്രഗവേഷണ സ്‌ഥാപനങ്ങള്‍ സ്‌ഥാപിക്കപ്പെട്ടു. ധാരാളം സാങ്കേതികവിദ്യാസ്‌ഥാപനങ്ങള്‍ ആരംഭിക്കുന്നതിനും അദ്ദേഹം നേതൃത്വം നല്‍കി. ദേശീയോദ്‌ഗ്രഥനത്തിനും വികസനത്തിനും ഇത്തരം സ്‌ഥാപനങ്ങള്‍ക്ക് വലിയ പങ്ക് വഹിക്കാറുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. അദ്ദേഹം കണ്ട ആ സ്വപ്‌നം ഒരു പരിധിവരെ ഇന്ന് പൂവണിഞ്ഞിരിക്കുന്നു.
കാര്‍ഷികമേഖല
1942-43 ലെ ബംഗാള്‍ ക്ഷാമത്തില്‍ 20 ദശലക്ഷം പേരാണ് പട്ടിണികൊണ്ടുമരിച്ചത്. അന്ന് ഇന്ത്യയില്‍ 35 കോടി ജനങ്ങളേ ഉണ്ടായിരുന്നുള്ളൂ. അവരെപ്പോലും തീറ്റിപ്പോറ്റാനുള്ള ശേഷി നമുക്കില്ലായിരുന്നു. ഈ ആറു പതിറ്റാണ്ടുകള്‍ക്കിടയില്‍ അതുപോലുള്ള ഒരൊറ്റ ക്ഷാമവും പിന്നീട് ഉണ്ടായിട്ടില്ല. ആ 35 കോടിയില്‍ നിന്നും നമ്മുടെ ജനസംഖ്യ ഇന്ന് 110 കോടിയായി വര്‍ദ്ധിച്ചു. ഇത്രയും വലിയൊരു ജനതയെ തീറ്റിപ്പോറ്റാനുള്ള ഭക്ഷ്യവസ്‌തുക്കള്‍ ഉല്‍പ്പാദിപ്പിക്കാനും അവ എല്ലാവരിലും എത്തിക്കാനും നമുക്ക് കഴിയുന്നുവെന്നത് വലിയൊരു കാര്യമാണ്. ഇതിനു നമ്മെ സഹായിച്ചത് 1960 കളില്‍ ഹരിതവിപ്ലവത്തിലൂടെ കാര്‍ഷികരംഗത്ത് ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പിന് ഇന്ത്യ തുടക്കംകുറിച്ചതാണ്. കൃഷിയിലെ നവീന സാങ്കേതിക വിദ്യകളുടെ ഒത്തൊരുമിച്ചുള്ള പ്രയോഗത്തിലൂടെ 1965 മുതല്‍ 1985 വരെയുള്ള കാലഘട്ടത്തിനിടയില്‍ നാം ഭക്ഷ്യ സ്വയംപര്യാപ്‌തത നേടി. ഭക്ഷ്യവിളകളായ നെല്ലിലും ഗോതമ്പിലും അഭൂതപൂര്‍വമായ ഉത്‌പാദന വര്‍ദ്ധന ഉണ്ടാക്കാന്‍ നമുക്കു കഴിഞ്ഞു. ആറാം പഞ്ചവത്സര പദ്ധതിക്കാലത്താണ് നാം ഈ നേട്ടം കൈവരിച്ചത്. നാം അതിനെ ഹരിതവിപ്ലവം എന്ന് പേരിട്ടു വിളിച്ചു. കാര്‍ഷികരംഗത്തുണ്ടായ ഈ മുന്നേറ്റം സ്വാഭാവികമായും വ്യാവസായിക സേവനരംഗങ്ങളിലും പ്രതിഫലിച്ചു.
ആരോഗ്യമേഖല
ആരോഗ്യമേഖലയില്‍ വളരെയധികം മുന്നേറ്റങ്ങള്‍ ഈ 60 വര്‍ഷത്തിനുള്ളില്‍ ഭാരതത്തില്‍ ഉണ്ടായിട്ടുണ്ട്. ശിശുമരണനിരക്ക് 60 വര്‍ഷം മുമ്പുണ്ടായിരുന്നതിനേക്കാള്‍ നേര്‍പകുതിയായി കുറച്ചുകൊണ്ടുവരാന്‍ നമുക്ക് കഴിഞ്ഞു. ശരാശരി ആയുര്‍ദൈര്‍ഘ്യമാകട്ടെ 30 വയസു കൂട്ടാനും കഴിഞ്ഞു. (ഇന്ത്യയില്‍ ഇന്ന് പുരുഷന്മാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 63.9 ഉം സ്‌ത്രീകളുടേത് 66.9 ഉം ആണ്.) വര്‍ഷംതോറും ലക്ഷക്കണക്കിന് മനുഷ്യരെ കൊന്നൊടുക്കുകയും ശാരീരിക വൈകല്യങ്ങള്‍ വരുത്തുകയും ചെയ്‌തിരുന്ന കോളറ, പോളിയോ, മലേറിയ, കുഷ്‌ഠം, ക്ഷയം തുടങ്ങിയ മഹാരോഗങ്ങള്‍ ഒരു പരിധിവരെ നിയന്ത്രണവിധേയമായി. വസൂരിയെന്ന മഹാമാരിയെ പൂര്‍ണമായും തുടച്ചുനീക്കി. രോഗങ്ങളെക്കുറിച്ചുള്ള പല അബദ്ധധാരണകളും മാറി. ആശുപത്രികള്‍ വ്യാപകമായി സ്‌ഥാപിക്കപ്പെട്ടു. ലോകത്തെ ഏറ്റവും മികച്ചതും ചെലവുകുറഞ്ഞതുമായ ചികിത്സാസൗകര്യങ്ങള്‍ ഇന്ന് ഭാരതത്തില്‍ ലഭ്യമാണ്. ലോകത്ത് പുതുതായി പ്രത്യക്ഷപ്പെടുന്ന എച്ച്1 എന്‍1, എയിഡ്‌സ് പോലുള്ള- പല രോഗങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. പല പ്രധാന മരുന്നുകളും വിദേശനിര്‍മ്മിത മരുന്നുകളേക്കാള്‍ കുറഞ്ഞ ചെലവില്‍ നിര്‍മ്മിക്കുവാനുള്ള ശേഷി ഇന്ത്യ നേടിയിട്ടുണ്ട്. ലോക മരുന്നുല്‍പ്പാദനത്തില്‍ നാലാംസ്‌ഥാനമാണ് ഇന്ത്യയ്‌ക്കുള്ളത്.
ബഹിരാകാശരംഗം
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികള്‍ വന്‍നേട്ടങ്ങള്‍ കൈവരിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യയുടെ ആദ്യത്തെ കൃത്രിമ ഉപഗ്രഹമായ ആര്യഭട്ട വെറും 444 കിലോഭാരമുള്ള ഒരു ചെറിയ ഉപഗ്രഹമായിരുന്നു. ഇന്ന് കൃത്രിമോപഗ്രഹം രൂപകല്‌പന ചെയ്യാനും നിര്‍മ്മിക്കുവാനും വിക്ഷേ
പണം
നടത്താനുള്ള സാങ്കേതികവിദ്യ സ്വന്തമായുള്ള ഏക വികസ്വരരാജ്യമാണ് ഇന്ത്യ. ചാന്ദ്രയാനാകട്ടെ ഇന്ത്യയുടെ യശസ്സ് വാനോളം ഉയര്‍ത്തി. ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടോ എന്നുള്ള അരനൂറ്റാണ്ടുകാലത്തെ ശാസ്‌ത്രാന്വേഷണത്തിന് ഇന്ത്യയുടെ ചാന്ദ്രയാന്‍ വ്യക്‌തമായ ഉത്തരം കണ്ടെത്തി.
വാര്‍ത്താവിനിമയം
വാര്‍ത്താവിനിമയരംഗത്ത് സ്വപ്‌നസമാനമായ മാറ്റങ്ങളാണ് ഉണ്ടായത്. ഇന്ന് ഏഷ്യയിലെ ഏറ്റവും വലിയ വാര്‍ത്താവിനിമയ ശൃംഖലയുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. മാത്രമല്ല ലോകത്തില്‍ പത്താംസ്‌ഥാനവും ഈ രംഗത്ത് ഇന്ത്യ നേടിയിട്ടുണ്ട്. ഇന്ന് 500 മില്യന്‍ (55 കോടി) ടെലിഫോണ്‍ ഉപഭോക്‌താക്കള്‍ ഇന്ത്യയിലുണ്ട്. ലോകത്ത് ചൈന കഴിഞ്ഞാല്‍ രണ്ടാംസ്‌ഥാനത്ത് ഇന്ത്യയാണ്.
വിദ്യാഭ്യാസരംഗം
ബ്രിട്ടീഷ് ഭരണത്തിന്റെ തുടക്കംമുതല്‍ തന്നെ ഇന്ത്യയിലെ സാമൂഹ്യഘടന പരിവര്‍ത്തനവിധേയമാകാന്‍ തുടങ്ങിയിരുന്നു. ബ്രിട്ടീഷ് ഭരണ-നിയമവ്യവസ്‌ഥകള്‍, വിദ്യാഭ്യാസ സമ്പ്രദായം, ജീവിതശൈലി, നവീനചിന്താഗതികള്‍ തുടങ്ങിയവ ഇന്ത്യയെ സ്വാധീനിച്ചു. ഇതേത്തുടര്‍ന്ന് പരിഷ്‌കരണ പ്രസ്‌ഥാനങ്ങള്‍ ഇന്ത്യയില്‍ ഉടലെടുത്തു. 50കള്‍ക്കുശേഷം വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റമാണ് ഉണ്ടായത്. 1951 ല്‍ ഇന്ത്യയിലെ സാക്ഷരതാനിരക്ക് 18.33 ശതമാനമായിരുന്നു. നിരക്ഷരത ഇന്ത്യയുടെ അപമാനവും പാപവുമാണെന്ന് മഹാത്മാഗാന്ധി പറഞ്ഞു. അതുകൊണ്ട് സ്വാതന്ത്ര്യത്തിനുശേഷം നിരക്ഷരത നിര്‍മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതപ്പെടുത്തി. പിന്നീട് ദേശീയ സാക്ഷരതാമിഷന്‍ പ്രവര്‍ത്തനമാരംഭിച്ചു. നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം 6 വയസിനും 14 വയസിനും മധ്യേയുള്ള കുട്ടികളുടെ മൗലീകാവകാശമാണെന്ന് 2001 ലെ ഭരണഘടനാ ഭേദഗതി പ്രഖ്യാപിച്ചു. വിദ്യാഭ്യാസ പുരോഗതിക്ക് ഉതകുന്ന നിര്‍ദ്ദേശങ്ങള്‍ക്കുവേണ്ടി പലവിധത്തിലുള്ള കമ്മീഷനുകള്‍ രൂപീകരിക്കപ്പെട്ടു. നവോദയ വിദ്യാലയങ്ങള്‍ ആരംഭിച്ചു. സ്‌ത്രീകള്‍ക്കും മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്കും വേണ്ടി കൂടുതലായി വിദ്യാഭ്യാസസൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. തൊഴിലധിഷ്‌ഠിത വിദ്യാഭ്യാസം വ്യാപകമാക്കി. ഇന്ന് ഇന്ത്യയില്‍ നിരവധി ഒന്നാംകിട യൂണിവേഴ്‌സിറ്റികളും അനേകം കോളേജുകളും ഉണ്ട്. പത്രം, റേഡിയോ, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ തുടങ്ങിയ മാധ്യമങ്ങളും വിദ്യാഭ്യാസാവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. ഇന്ന് ഇന്ത്യയിലെ സാക്ഷരതാ ശതമാനം 64.8 ആണ്. പുരുഷ സാക്ഷരത 75.85 ശതമാനവും സ്‌ത്രീസാക്ഷരത 54.16 ശതമാനവുമാണ്. ദേശീയാടിസ്‌ഥാനത്തില്‍ ഓരോകുട്ടിക്കും വേണ്ടിയുള്ള പ്രതിശീര്‍ഷച്ചെലവ് ഏതാണ്ട് 4000 രൂപയാണ്. പ്രതിമാസം ഓരോകുട്ടിക്കും 330 രൂപ ഗവണ്‍മെന്റ് ചെലവഴിക്കുന്നുണ്ട്.
ഊര്‍ജേ്‌ജാത്‌പാദനം
രാജ്യപുരോഗതിക്ക് വൈദ്യുതി വളരെ അത്യാവശ്യമാണ്. സ്വാതന്ത്ര്യലബ്‌ധിക്കുമുമ്പ് ഇന്ത്യയുടെ വൈദ്യുത കപ്പാസിറ്റി 1362 മെഗാവാട്ട് മാത്രമായിരുന്നു. സ്വാതന്ത്ര്യാനന്തരം 3,600 ഓളം അണക്കെട്ടുകള്‍ നിര്‍മിക്കുകയുണ്ടായി. തന്മൂലം കുടിവെള്ളക്ഷാമം പരിഹരിക്കാനും ജലസേചന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് ഭക്ഷ്യോത്‌പാദനം കൂട്ടുവാനും മാത്രമല്ല വൈദ്യുതോത്‌പാദനം ഗണ്യമായി വര്‍ദ്ധിപ്പിക്കുവാനും കഴിഞ്ഞു. സ്വാതന്ത്ര്യം നേടിയെടുത്ത നാളുകളുമായി താരതമ്യംചെയ്യുമ്പോള്‍ നൂറ്റമ്പത് ശതമാനത്തിനുമുകളില്‍ ഗ്രാമങ്ങളെ വൈദ്യുതീകരിക്കാനും കഴിഞ്ഞു. എന്നാല്‍ ഇന്ന് എണ്ണയും കല്‍ക്കരിയുമടങ്ങുന്ന ഫോസില്‍ ഇന്ധനങ്ങള്‍ കുറഞ്ഞുവരികയാണ്. കല്‍ക്കരി കത്തിക്കുന്നതുമൂലം അന്തരീക്ഷമലിനീകരണംകൂടി ആഗോളതാപനഭീഷണി വര്‍ദ്ധിക്കുന്നു. ലോകത്ത് വൈദ്യുതോപയോഗരംഗത്ത് ഇന്ന് ഇന്ത്യ ആറാം സ്‌ഥാനത്താണ്. ദിനംപ്രതി ആവശ്യങ്ങള്‍ ഉയരുകയും ചെയ്യുന്നു. 1,47, 000 മെഗാവാട്ടാണ് ഇന്ത്യയുടെ ഇപ്പോഴത്തെ വൈദ്യുതോത്‌പാദനം. ഇതില്‍ 75 ശതമാനം താപവൈദ്യുതിയാണ്. കല്‍ക്കരിയും എണ്ണയും പ്രകൃതിവാതകവും കത്തിച്ചാണ് ഇതുണ്ടാക്കുന്നത്. 21ശതമാനം ജലവൈദ്യുത പദ്ധതികളില്‍നിന്ന് കിട്ടുന്നു. ബാക്കി 4 ശതമാനം ആണവ പദ്ധതികളില്‍ നിന്നും കാറ്റും സൂര്യപ്രകാശവും പോലുള്ള പുനരുത്‌പാദനക്ഷമവുമായ സ്രോതസുകളില്‍ നിന്നുമാണ്. ആണവപദ്ധതികളില്‍ നിന്ന് ഇപ്പോള്‍ ഉത്‌പാദിപ്പിക്കുന്ന വൈദ്യുതി 4,120 മെഗാവാട്ട് മാത്രമാണ്. നിലവിലുള്ള പദ്ധതികളെല്ലാം പൂര്‍ത്തിയാവുമ്പോള്‍ ഇത് 30,000 മെഗാവാട്ടായി ഉയരും. ചെലവില്ലാതെ കിട്ടുന്ന സൂര്യപ്രകാശത്തെ വൈദ്യുതിയാക്കി മാറ്റാനുള്ള ഒരു ബൃഹത് പദ്ധതി ഈയിടെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പ്രഖ്യാപിക്കുകയുണ്ടായി.
സാമ്പത്തികരംഗം
ആഗോള സമ്പദ്‌വ്യവസ്‌ഥയെ പിടിച്ചുലച്ച മാന്ദ്യത്തില്‍നിന്ന് വന്‍കിട രാഷ്‌ട്രങ്ങള്‍ ഇനിയും കരകേറിയിട്ടില്ലെങ്കിലും ഇന്ത്യ മുന്നോട്ടുകുതിക്കുകയാണ്. ഈ സാമ്പത്തികവര്‍ഷം പ്രവചനങ്ങളെയെല്ലാം അസ്‌ഥാനത്താക്കി ഇന്ത്യ 7.9 ശതമാനം വളര്‍ച്ചാ നിരക്ക് കൈവരിച്ചു. കഴിഞ്ഞ 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
നഗരവത്‌കരണം
അറുപതു വര്‍ഷങ്ങള്‍ക്കുമുമ്പ് ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും ഗ്രാമങ്ങളായിരുന്നു. ഇന്ത്യ ഇന്ന് അതിവേഗം നഗരവത്‌കരണത്തിലേക്കു കുതിക്കുകയാണ്. വ്യാവസായിക വളര്‍ച്ച ഇതിന് പ്രോത്സാഹനം നല്‍കുന്നു. നഗരവത്‌കരണത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരു ഭീഷണിയായി മുമ്പിലുണ്ട്. എങ്കിലും പരമ്പരാഗത രീതികളില്‍ നിന്ന് സമൂഹം ഇന്ന് വളരെ ദൂരം മുന്നോട്ട് പോയിട്ടുണ്ട്. 1951ല്‍ നഗരജനസംഖ്യാനിരക്ക് 17 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 35 ശതമാനമാണ്. 2020 ഓടെ 45 ശതമാനമാകും എന്ന് വിലയിരുത്തപ്പെടുന്നു.
ഗ്രാമീണ ഭാരതം
ഇന്ത്യയിലെ 63,800 ഗ്രാമങ്ങളിലായി 700 ദശലക്ഷം ജനങ്ങള്‍ ജീവിക്കുന്നു. ഇതില്‍ ഏതാണ്ട് 85 ശതമാനം വീടുകളിലും പ്രതിമാസം 3000 രൂപയില്‍ കുറഞ്ഞ വരുമാനമേയുള്ളൂ. ഒരു കുടുംബത്തില്‍ അഞ്ചുപേരുണ്ടെന്ന് കണക്കാക്കിയാല്‍ ഒരാള്‍ക്ക് പ്രതിമാസം 600 രൂപ മാത്രമാണ് വരുമാനം. ഇത് ലോക ശരാശരിയില്‍ വളരെ പുറകിലാണ്. ഇതിനു പ്രധാനകാരണം ഇന്ത്യയിലെ ഗ്രാമങ്ങളില്‍ നാമമാത്രമായ വ്യവസായങ്ങളേയുള്ളൂ എന്നതാണ്‌്. കൃഷിയിടങ്ങളിലും അവര്‍ക്ക് വേണ്ടത്ര തൊഴില്‍ ലഭിക്കുന്നില്ല. കൃഷിയിലധിഷ്‌ഠിതമായ വ്യവസായസംരംഭങ്ങള്‍ക്കു പ്രാധാന്യം നല്‍കിയാലേ നമ്മുടെ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയെ മെച്ചപ്പെടുത്താന്‍ കഴിയൂ.
0 Comments