നാടന്‍പന്ത് കളിക്കളം അഥവാ ഈഡന്‍ ഗാര്‍ഡന്‍സ് നാടന്‍ പന്തുകളി കാണാന്‍ ആരു വരും എന്നു ചിന്തിക്കരുതേ..? കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ആവേശകരമായ ഒരു ടെസ്‌റ്റിന്റെ അഞ്ചാം ദിവസത്തെ ഗാലറി ഒന്നു ചിന്തിച്ചു നോക്കൂ... അത്രവരില്ലെങ്കിലും നാടും നാട്ടുകാരും നാടന്‍ പന്തുകളി നടക്കുന്ന മൈതാനത്തേക്ക് ആര്‍ത്തിരമ്പുന്നു... കൈക്കുഞ്ഞുമായി സ്‌ത്രീകള്‍ വരെ... ആവേശം അരങ്ങുതകര്‍ക്കുന്നു... ബൂട്ടും ഷൂവുമൊന്നുമില്ലാത്തവര്‍ നഗ്നപാദരായി ഓടി നടന്ന് പന്ത് പറന്നടിക്കുന്നു കൈകളില്‍ പിടിച്ചെടുക്കുന്നു. ആര്‍പ്പു വിളികള്‍ക്കൊടുവില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ ടീമിനു വിജയം. കളി പോലെ തന്നെ കളിക്കാരും പരുക്കന്മാരായതിനാല്‍ അവര്‍ കൈകൊടുത്തായിരുന്നില്ല പിരിഞ്ഞത്. മടങ്ങും മുന്‍പ് തോറ്റ ടീമിലെ തലതാഴ്‌ത്താത്ത പുലികള്‍ ചൊല്ലി ... അടുത്ത കളിക്ക് കാണിച്ചുതരാം...!!! ജയിച്ചും തോറ്റും അവര്‍ വെട്ടിപ്പിടിച്ചത് ഒരു പുത്തന്‍ കായിക രൂപമായിരുന്നു. തനി നാടന്‍ കളളുപോലെ, അല്ലെങ്കില്‍ അതിനേക്കാളേറെ ലഹരിയില്‍ മനസുകളിലും ശരീരങ്ങളിലും പതയുന്ന നാടന്‍ പന്തുകളിയെന്ന ലഹരി... കളി, നാട്ടുകാര്‍ക്ക് കാര്യം കൊയ്‌ത്തു കഴിഞ്ഞശേഷം പാടത്തിന് കരയില്‍ കുത്തിപ്പിടിച്ച് മുറുക്കി ചുവപ്പിച്ചിരുന്നപ്പോള്‍, ആര്‍ക്കോ, ആരാണന്ന് ചോദിക്കരുത് തലമുറകളുടെ ചരിത്രത്തില്‍ എത്ര ചികഞ്ഞു നോക്കിയാലും ആ പേര് കണ്ടെത്താനാവില്ല. ക്രിക്കറ്റ് കണ്ടുപിടിച്ചത് ഇംഗ്ലണ്ടുകാരനാണെങ്കില്‍ നാടന്‍ പന്തുകളി കണ്ടു പിടിച്ചതിന്റെ ക്രെഡിറ്റ് കോട്ടയംകാരനാണ് എന്ന് ചിലരെങ്കിലും അവകാശപ്പെടുന്നു. അവകാശവാദങ്ങള്‍ എന്തൊക്കെയായാലും, കൊയ്‌തൊഴിഞ്ഞ പാടത്ത് തുണികൊണ്ട് കെട്ടിയുണ്ടാക്കിയ പന്തില്‍ അവര്‍ സ്വയം നിയമങ്ങളുണ്ടാക്കി കളിച്ചു തുടങ്ങി. തലമുറകള്‍ അത് ഏറ്റെടുത്തു. പാടത്തുമാത്രമല്ല പാടവരമ്പിലും റോഡരികിലും നാടന്‍പന്തുകളും കളിക്കാരും നിറഞ്ഞു. സ്‌കൂളില്‍ പോകുമ്പോള്‍ ബാഗിനുള്ളില്‍ മറ്റാരും കാണാതെ തിരുകിവച്ച ഒരു തുണിപ്പന്തുണ്ടാകും... ഇന്നത്തെ ക്രിക്കറ്റ് ബോളുകളുടെ അതേ സ്‌ഥാനത്ത്. ഇടവേളകളിലും സ്‌കൂള്‍വിട്ടതിനുശേഷമുളള സമയത്തെല്ലാം സ്‌കൂള്‍ മുറ്റങ്ങളില്‍ നാടന്‍പന്തുകളിയുടെ ആരവങ്ങളുയരും. പിന്നീട് അതു മത്സരങ്ങളായി, മുക്കിലും, മൂലയിലും നാലാളു കൂടുന്നിടത്തെല്ലാം ചര്‍ച്ചാവിഷയമായി. ഓരോ ടീമും ഓരോ ഗ്രാമങ്ങളെ പ്രതിനിധീകരിച്ചെത്തുന്നവരായി. അവര്‍ക്കിതു കളിയല്ലായിരുന്നു യുദ്ധമായിരുന്നു, ഗ്രാമങ്ങള്‍ തമ്മിലുളള യുദ്ധം. മത്സരങ്ങളില്‍ തോല്‍ക്കുന്നത് ആര്‍ക്കും ചിന്തിക്കാന്‍ കഴിയാറില്ലായിരുന്നു. നാണം കെട്ട് മൈതാനങ്ങളില്‍ നിന്ന് മടങ്ങി വരുന്നതിനേക്കുറിച്ചും. അതിനായി അവര്‍ ഓരോ വര്‍ഷത്തിലും ഏഴു ചാവേറുകളെ ഒരുക്കി മൈതാനങ്ങളിലേക്കു വിട്ടു. ജയിക്കാനായി മാത്രം. കളികാണാന്‍ ഗ്രാമം ഒന്നടങ്കം എത്തി, വിജയത്തില്‍ അഹങ്കരിക്കാനും തോല്‍വിയില്‍ കരയാനും. മൈതാനങ്ങളിലെ താരങ്ങള്‍... ഗരുഡന്‍സണ്ണി, വേലങ്ങാടന്‍, നെല്ലിക്കല്‍ വിജയന്‍, ഇണ്ടപ്പന്‍ വിജേഷ്, ലൈന്‍വെട്ട് മാത്യൂസ്, പഴയാറ്റില്‍ കൂഞ്ഞൂഞ്ഞച്ചന്‍, മുതലക്കേരില്‍ വര്‍ക്കിച്ചന്‍... ഇതൊക്കെ ആരാണെന്നല്ലേ..? സച്ചിനും, സേവാഗുമൊക്കെ ജനമനസുകളില്‍ കുടിയേറുന്നതിന് മുന്‍പ് താരങ്ങളായി വാണവര്‍ ഇവരായിരുന്നു. എഴുപത്-എണ്‍പതുകളിലെ ഒരു തലമുറയുടെ ആവേശം. ഏറ്റവും ഉയരത്തില്‍ മനോഹരമായി പന്തടിച്ച് എതിര്‍ ടീമിനെ കാഴ്‌ച്ചക്കാരാക്കുന്നവരാണ് നാടന്‍പന്തുകളിയിലെ താരം. ഇരുകാലിനും പന്തടിച്ചുയര്‍ത്തി ഗരുഡനെ പോലെ മൈതാനങ്ങളില്‍ പറന്ന് നടന്ന താരമായിരുന്നു സണ്ണി. കളിയുടെ ആവേശപെരുക്കത്തില്‍ സണ്ണി പലപ്പോഴും ഗരുഡനായി മാറിയപ്പോള്‍ കളിക്കളങ്ങളില്‍ സണ്ണി ഗരുഡന്‍ സണ്ണിയായി. വേലങ്ങാടനും, നെല്ലിക്കല്‍ വിജയനും ഇണ്ടപ്പന്‍ വിജേഷുമെല്ലാം ഇതേ ട്രെന്‍ഡില്‍പ്പെട്ടവരായിരുന്നു. 'ഇണ്ടന്‍' അടിക്കാന്‍ കേമന്‍ ഇണ്ടപ്പനായി, ലൈനിലൂടെ അണുവിടാതെ വെട്ടുന്ന മാത്യൂസ് 'ലൈന്‍വെട്ട്' മാത്യൂസും. ഐ.പി.എല്ലില്‍ യൂസഫ്‌പഠാനും, സച്ചിനുമൊക്കെ നേടുന്നതിനേക്കാള്‍ കൈയടികള്‍ ഇവര്‍ വാരിക്കൂട്ടി ഇവര്‍ മൈതാനങ്ങളിലുണ്ടെങ്കില്‍ കരയില്‍ ആവേശം അണപൊട്ടും... അതിന് ഒരു ചിയര്‍ ഗേള്‍സിന്റെയും ആവശ്യമുണ്ടായിരുന്നില്ല. വാതുവയ്‌ക്കാന്‍ പൂവന്‍കോഴിയും കള്ളും ഐ.പി.എല്ലില്‍ കളിക്കാരന് കിട്ടുന്നത് കോടികളാണ്. എല്ലാവരും പറയുന്നതും ചിന്തിക്കുന്നതുമെല്ലാം കോടികളെക്കുറിച്ചുമാണ്. നാടന്‍ പന്തുകളി മൈതാനത്തിന്റെ കരകളില്‍ അന്നും ഇന്നും വാതുവയ്‌പിനായി ലക്ഷങ്ങളും കോടികളും മറിയാറില്ല. വാതു വയ്‌പ് ഈ കളിക്കളങ്ങളില്‍ ഇല്ലായെന്നുമല്ല. ഇവിടെ വാതു വയ്‌ക്കുന്നത് കൂവിയുണര്‍ത്തുന്ന പൂവന്‍ കോഴിയോ, പാലു തരുന്ന ആടോ ചിലപ്പോള്‍ ഒരു കുപ്പി കള്ളോ ആകാം.. കളിയുടെ ലഹരിയില്‍ അവര്‍ വാതുവയ്‌ക്കുന്നതില്‍ ചിലപ്പോള്‍ മീശയോ സ്വന്തം തലമുടിയോ ഉണ്ടാകാം. കളിയുടെ നിയമങ്ങള്‍ പോലെ അന്നുമിന്നും ഇതും പാലിക്കപെടുന്നു. കാലം മാറ്റിയ കോലം പാടത്ത് പോലും ലുങ്കിക്ക് പകരം മുറിപാന്റുകളായപ്പോള്‍, തെങ്ങേല്‍ കയറാന്‍ വരെ യന്ത്രങ്ങളായപ്പോള്‍, മുണ്ടുടുത്തു ചെത്തി നടന്ന പയ്യന്‍മാര്‍ സിക്‌സ് പോക്കറ്റ് പാന്റേല്‍ കേറിയപ്പോള്‍ നാടന്‍ പന്തുകളിക്കും മാറ്റങ്ങള്‍ വന്നു. തുണിപ്പന്തിന് പകരം തോല്‍പ്പന്ത് വന്നു. എന്നിട്ടും രക്ഷയില്ല. നാടന്‍പന്തുകളിയെ ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വന്നില്ല. മികച്ച കളിക്കാര്‍ക്ക് പോലീസില്‍ ജോലി കിട്ടാന്‍ ആ കാലങ്ങളില്‍ എളുപ്പമായിരുന്നു. പിന്നീട് അതും നിലച്ചു. കാലം കൂറെക്കൂടി മുന്നോട്ടുരുണ്ടപ്പോള്‍ തോല്‍പ്പന്ത് തൊഴിച്ചു നടന്നവര്‍ കൈയില്‍ ബാറ്റും ബോളുകളുമേന്തി. ഇതോടെ മുക്കിലും മൂലയിലും ഉണ്ടായിരുന്ന മത്സരങ്ങള്‍ നിലച്ചു. പലരും ഇന്നത്തെ ഐ.പി.എല്‍. മോഡല്‍ മത്സരങ്ങള്‍ക്ക് അന്നേ പദ്ധിയിട്ടെങ്കിലും അതും നടന്നില്ല. സ്വകാര്യകമ്പനികള്‍ പോലും തങ്ങള്‍ക്കുണ്ടായിരുന്ന ടീമുകള്‍ പിരിച്ചു വിട്ടു. പേരെടുത്ത കളിക്കാര്‍ പോലും കളിനിറുത്തി കൂലിപ്പണിക്കാരായി. നാടന്‍പന്തിനാകട്ടെ തലപ്പന്ത്‌കളി തൊട്ട് പലപേരുകളില്‍ രൂപവും ഭാവവും മാറി ദേശങ്ങള്‍ സഞ്ചരിച്ചെങ്കിലും എങ്ങും രക്ഷയില്ലാതായി ഇപ്പോള്‍ കളിയുടെ പേര് മറയാതിരിക്കാന്‍ ഒന്നോ രണ്ടോ ടൂര്‍ണമെന്റുകള്‍. ക്രിക്കറ്റ് ബോര്‍ഡ് പോലെ കോടികള്‍ വീശിയെറിയാന്‍ ഒരു പ്രസ്‌ഥാനമുണ്ടായിരുന്നെങ്കില്‍, വിപണനത്തിന്റെ പുതിയ സാധ്യതകള്‍ തുറക്കാന്‍ ഒരു ലളിത് മോഡി ഉണ്ടായിരുന്നെങ്കില്‍, ടീമുണ്ടാക്കാന്‍ ഒരു ഷാരൂഖ് ഖാനോ അനില്‍ അംബാനിയോ, പ്രീതി സിന്റയോ ഉണ്ടായിരുന്നെങ്കില്‍... നാടന്‍ പന്തുകളി ഇന്ന് 'ഫോറിന്‍' പന്തുകളി ആകില്ലായിരുന്നുവെന്ന് ആരുകണ്ടു..? ഇതു താന്‍ നാടന്‍ പന്ത്.... തുണികൊണ്ട് പന്തുണ്ടാക്കി അത് റബര്‍ പാലില്‍ മുക്കി ഉണക്കിയെടുത്താണ് ആദ്യകാലങ്ങളില്‍ നാടന്‍പന്തുണ്ടാക്കിയിരുന്നത്. എന്നാല്‍ കളി വികസിച്ചതിനൊപ്പം തുണിപന്തുരുണ്ട് തോല്‍പന്തിലായി. ഇപ്പോള്‍ എല്ലായിടങ്ങളിലും തോല്‍ പന്താണുപയോഗിക്കുന്നത്. മദ്രാസില്‍ നിന്നെത്തിക്കുന്ന പ്രത്യേകതരം തോലുപയോഗിച്ചാണ് പന്തുണ്ടാകുന്നത്. വെട്ടിയെടുത്ത രണ്ട് തോല്‍ കക്ഷണങ്ങള്‍ നനച്ചാണ് പന്ത് കുത്തിയെടുക്കുന്നത്. തയ്‌ച്ചെടുത്ത തോലിനുളളില്‍ നാടന്‍പഞ്ഞി നിറയ്‌ക്കും. തുടര്‍ന്ന് കൂട്ടി ( തയ്‌ച്ച്) വെയിലത്ത് വച്ച് ഉണക്കിയെടുക്കും.ഏകദേശം 110 ഗ്രാം ഭാരമാണ് പന്തിനുണ്ടാകുക. ആദ്യം പന്തിന് കരിങ്കലിനോളം കട്ടിയുണ്ടാകും.കളിച്ചാണ് ഇതിന് മയമുണ്ടാക്കുക. ഒരു കാലത്ത് പന്തുണ്ടാക്കി ഉപജീവനം നടത്തുന്നവര്‍ ഏറെയായിരുന്നു. ഇന്ന് ഇപ്പോള്‍ നടക്കുന്ന ടൂര്‍ണമെന്റുകളെപോലെ ഇവരും വിരലിലെണ്ണാവുന്നവര്‍ മാത്രം. |
0 Comments