ഞങ്ങളുടേതുപോലുള്ള താഴ്ന്ന ചുറ്റുപാടുകളില്‍ ജീവിക്കുമ്പോള്‍ സാധാരണഗതിയില്‍, ഭാഷാരീതികളേയും പ്രയോഗങ്ങളെയും കുറിച്ച് ആരും ചിന്തിക്കാറേയില്ല. പക്ഷേ, ഞങ്ങള്‍ ശുദ്ധമായ ഭാഷ സംസാരിക്കണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമായിരുന്നു. അമ്മ ഇടയ്ക്കിടെ ഞങ്ങളുടെ വാക്യങ്ങള്‍ തിരുത്തിത്തരും.
കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍, എന്റെ അറിവില്ലായ്മകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോവാത്തതിന് ചിലപ്പോഴൊക്കെ ഞാനമ്മയെ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ, അത്തരം ജീവിതം വ്യര്‍ഥവും കൃത്രിമവുമാണെന്നും ആ അവസ്ഥയില്‍ നമ്മള്‍ ദൈവത്തെ എളുപ്പം മറന്നുപോവുമെന്നും ഒരു പുഞ്ചിരിയോടെ അമ്മ പറയും. ഇതൊക്കെയാണെങ്കിലും നാടകശാലയെക്കുറിച്ച് വല്ലതും പറയാന്‍ തുടങ്ങിയാല്‍ അമ്മ സ്വയം മറന്ന് ആവേശഭരിതയാവും. ഈ ഓര്‍മ്മ പുതുക്കല്‍ കഴിഞ്ഞാല്‍ പിന്നെ അല്‍പദിവസത്തേക്ക് അമ്മ തുന്നല്‍ ജോലികളില്‍ മുഴുകി നിശ്ശബ്ദയായിരിക്കും. ആ മായാലോകത്തുനിന്ന് വളരെ അകലെയാണ് ഞങ്ങളെന്നോര്‍ത്ത് നിരുത്സാഹത്തോടെ ഞാനും ഒരു മൂലയ്ക്കിരിക്കും. അല്പം കഴിയുമ്പോള്‍ എന്റെ ഇരിപ്പുകണ്ട് അമ്മ അടുത്തുവന്ന് ആശ്വസിപ്പിക്കും.
മഞ്ഞുകാലം ആരംഭിക്കാറായി. സിഡ്‌നിക്ക് വസ്ത്രങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. തന്റെ പഴയൊരു വെല്‍വെറ്റ് ഉടുപ്പുകൊണ്ട് അമ്മ സിഡ്‌നിക്കൊരു കോട്ടുണ്ടാക്കി. അതിന്റെ കൈകളില്‍ ചുവപ്പും കറുപ്പം നീളന്‍ വരകളുണ്ടായിരുന്നു. തോള്‍ഭാഗത്തുള്ള ഞൊറിവുകള്‍ മാറ്റാന്‍ അമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിട്ടുകൊടുത്തപ്പോള്‍ സിഡ്‌നി സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു: 'കുട്ടികള്‍ എന്താണ് കരുതുക?'
'ആളുകള്‍ എന്തു കരുതിയാല്‍ നമുക്കെന്താ? മാത്രവുമല്ല ഇത് വളരെ വ്യത്യസ്തമായി തോന്നുന്നു.' എന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവില്‍ സിഡ്‌നി അതിട്ടുകൊണ്ടുതന്നെ സ്‌കൂളില്‍ പോയി. അവന്റെ ഷൂസും അമ്മയുടേതുതന്നെയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ചുറ്റും കൂടി ബഹളമായി. 'ജോസഫും അവന്റെ ബഹുവര്‍ണ്ണക്കുപ്പായവും' അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെതന്നെ ഇറുക്കമുള്ള കാലുറ മുറിച്ചെടുത്ത് സ്റ്റോക്കിങ്ങ്‌സ് ആയി ഇട്ടുനടക്കുന്ന എന്നെ 'സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്' എന്നാണ് കുട്ടികള്‍ കളിയാക്കി വിളിച്ചത്.
ആ കഷ്ടപ്പാടുകള്‍ക്കിടയില്‍ അമ്മയ്ക്ക് പൊടുന്നനെ ഒരു തലവേദന ആരംഭിച്ചു. അതുകാരണം തുന്നല്‍പ്പണി ഉപേക്ഷിച്ച്, ദിവസങ്ങളോളം കണ്ണിനുമുകളില്‍ തേയില ബാന്‍ഡേജ് കേട്ടിവച്ച് ഇരുട്ടുമുറിയില്‍ കിടക്കാന്‍ അമ്മ നിര്‍ബന്ധിതയായി. അക്കാലത്ത് സൂപ്പു ടിക്കറ്റുകളും ഭക്ഷണപ്പൊതികളും തന്ന് ഇടവകക്കാര്‍ ഞങ്ങളെ കുറച്ചൊക്കെ സഹായിച്ചു. സ്‌കൂളില്‍ പോകുന്നതിനുമുമ്പ് ദിനപത്രങ്ങള്‍ വിതരണം ചെയ്ത് സിഡ്‌നിയും നേരിയ തോതില്‍ വരുമാനമുണ്ടാക്കി. എല്ലാ വിഷമഘട്ടങ്ങള്‍ക്കും ഒരു മൂര്‍ധന്യാവസ്ഥ ഉണ്ടാവുമല്ലോ. ഞങ്ങളുടെ കാര്യത്തില്‍ ഈ മൂര്‍ധന്യാവസ്ഥ സന്തോഷകരമായ ഒന്നായിരുന്നു.
അമ്മയുടെ അസുഖം ഭേദമായിവരുന്ന സമയം. പത്രവില്‍പനയ്ക്ക് പോയ സിഡ്‌നി അന്ന് തിരിച്ചുവന്നത് ആര്‍ത്തുവിളിച്ചുകൊണ്ടാണ്. 'എനിക്കൊരു പേഴ്‌സ് കിട്ടി.' പത്രക്കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ കൂവിവിളിച്ചു. എന്നിട്ട്, പേഴ്‌സ് അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മ അത് പതുക്കെ തുറന്നു. അതിനകത്ത് നിറയെ വെള്ളിയുടേയും ചെമ്പിന്റേയും നാണയങ്ങള്‍. പെട്ടെന്നതടച്ചുകൊണ്ട് അമ്മ കിടക്കയിലേക്ക് ചാഞ്ഞു.
സിഡ്‌നി ബസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി പത്രവില്‍പന നടത്തുകയായിരുന്നു. അതിനിടയിലാണ് ഒരു ബസ്സിലെ ഒഴിഞ്ഞ സീറ്റില്‍ അവനാ പേഴ്‌സ് കണ്ടത്. ഉടനെ അതിനു മുകളിലേക്കൊരു പത്രമിട്ട്, പത്രത്തോടൊപ്പം പേഴ്‌സുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. ഒഴിഞ്ഞ ഒരിടത്തുചെന്ന് പേഴ്‌സ് തുറന്നുനോക്കിയപ്പോഴാണ് ഇത്രയധികം പണം അതിനുള്ളിലുണ്ടെന്ന് അവന്‍ കണ്ടത്. സന്തോഷംകൊണ്ട് അതെണ്ണി നോക്കാനൊന്നും മിനക്കെടാതെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നത്രെ.
അസുഖം ഭേദമായപ്പോള്‍ അമ്മ എഴുന്നേറ്റ് ആ പേഴ്‌സിലുള്ള നാണയങ്ങളൊക്കെ കിടക്കയിലേക്ക് കുടഞ്ഞിട്ടു. എന്നിട്ടും പേഴ്‌സിന്റെ കനം കുറഞ്ഞില്ല. അതിന് മധ്യഭാഗത്ത് ഒരു പോക്കറ്റുകൂടി ഉണ്ടായിരുന്നു. അതു തുറന്നപ്പോള്‍ ഞങ്ങളുടെ കണ്ണു മഞ്ഞളിച്ചുപോയി. അതിനുള്ളില്‍ ഏഴു സ്വര്‍ണ്ണനാണയങ്ങള്‍. ദൈവത്തിനു സ്തുതി; പേഴ്‌സിനുള്ളില്‍ മേല്‍വിലാസമൊന്നുമില്ലായിരുന്നു. അതിനാല്‍ അമ്മയുടെ ധാര്‍മികബോധം അധികമൊന്നും ഉപദ്രവിച്ചില്ല. അതിന്റെ ഉടമസ്ഥന്റെ നിര്‍ഭാഗ്യത്തില്‍ അല്പം സഹതപിച്ചെങ്കിലും ഇത് സ്വര്‍ഗത്തില്‍നിന്ന് ദൈവംതന്നെ തന്നയച്ചതാവാമെന്ന് ഉടന്‍തന്നെ അമ്മ തിരുത്തിപ്പറഞ്ഞു.
അമ്മയുടെ അസുഖം മാനസികമായിരുന്നോ, അതോ ശാരീരികം തന്നെയായിരുന്നോ എന്നെനിക്കുറപ്പില്ല. ഏതായാലും ഒരാഴ്ചകൊണ്ട് അമ്മ പൂര്‍ണസുഖം പ്രാപിച്ചു. അമ്മ ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ഒഴിവുദിവസമാഘോഷിക്കാന്‍ ഞങ്ങള്‍ സൗത്ത് എന്‍ഡിലെ ബീച്ചിലേക്കാണ് പോയത്.
ആദ്യമായി കടല്‍ കണ്ടതിന്റെ മോഹനിദ്രയിലായിരുന്നു ഞാന്‍. ഉയര്‍ന്ന തെരുവില്‍നിന്ന് അതിനെ സമീപിച്ചപ്പോള്‍ അത് നിശ്ചലമായതുപോലെ തോന്നി. പിന്നെ ഒരു ഭയങ്കര സത്വമായി കുലുങ്ങിവിറച്ചുകൊണ്ട് എന്റെ മേല്‍ പതിക്കാനായി വന്നു. ഷൂ ഊരിമാറ്റി ഞങ്ങള്‍ മൂന്നുപേരും വെള്ളത്തിലിറങ്ങിക്കളിച്ചു. വളരെ ആഹ്ലാദകരമായ ഒരു സായാഹ്നമായിരുന്നു അത്. ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും എന്നെ മോഹിപ്പിക്കുന്നു.
മണല്‍ഘടികാരത്തിലെ മണലെന്നോണം ഞങ്ങളുടെ കൈയിലെ പണമെല്ലാം ഒഴുകിത്തീര്‍ന്നുകൊണ്ടിരുന്നു. അമ്മ എന്തെങ്കിലുമൊരു ജോലി കിട്ടാന്‍ വളരെയേറെ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. തവണയടയ്ക്കുന്നത് മുടങ്ങിയപ്പോള്‍ അമ്മയുടെ തയ്യല്‍മെഷീന്‍ അവര്‍ പിടിച്ചെടുത്തു. അച്ഛനില്‍നിന്നും കിട്ടിയിരുന്ന പത്തു ഷില്ലിംഗ് വരുമാനവും പാടേ നിലച്ചു. ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ലാതെയായി. ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും ലാംബെത്ത് അനാഥമന്ദിരത്തില്‍ പ്രവേശിച്ചു.
അനാഥമന്ദിരത്തില്‍ പോയി താമസിക്കുന്നത് നാണക്കേടാണെങ്കിലും ഒറ്റമുറിയില്‍ നിന്നൊരു മാറ്റം ഞാനും സിഡ്‌നിയും ആഗ്രഹിച്ചു. അനാഥമന്ദിരത്തിന്റെ ഗേറ്റ് കടക്കുന്നതുവരെ വാസ്തവത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അവിടെവെച്ച് അമ്മയെ സ്ത്രീകളുടെ വാര്‍ഡിലേക്കും ഞങ്ങളെ കുട്ടികളുടെ വാര്‍ഡിലേക്കും വേര്‍തിരിച്ചയച്ചു. അമ്മയുമായുള്ള ഈ വേര്‍പെടല്‍ എന്നെ വളരെയേറെ വേദനിപ്പിച്ചു.
ഒരാഴ്ചയ്ക്കു ശേഷമായിരുന്നു ആദ്യസന്ദര്‍ശന ദിവസം. അന്നത്തെ ആ ദുഃഖകരമായ രംഗം ഇന്നും ഞാനോര്‍ക്കുന്നു. സന്ദര്‍ശകമുറിയില്‍ അനാഥമന്ദിരത്തിലെ യൂണിഫോം അണിഞ്ഞിരിക്കുന്ന അമ്മയെക്കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി. ഒരാഴ്ചകൊണ്ട് അമ്മ വല്ലാതെ വൃദ്ധയായതുപോലെ തോന്നി. ഞങ്ങളെ കണ്ടപ്പോള്‍ ആ മുഖം പ്രസന്നമായി. സിഡ്‌നിയും ഞാനും കരഞ്ഞപ്പോള്‍ അമ്മയും തേങ്ങിക്കരഞ്ഞു. അല്പം കഴിഞ്ഞ് ഞങ്ങള്‍ മൂന്നുപേരും അവിടത്തെ പരുപരുത്ത ബെഞ്ചുകളിലൊന്നില്‍ ഇരുന്നു. അമ്മയുടെ മടിയില്‍വെച്ച ഞങ്ങളുടെ കൈകളില്‍ അമ്മ തലോടിക്കൊണ്ടിരുന്നു. ഞങ്ങളുടെ ക്രോപ്പുചെയ്ത മുടിയിലൂടെ കൈയോടിച്ച് ചിരിച്ചുകൊണ്ട് ഉടനെത്തന്നെ നമ്മളൊരുമിച്ച് താമസിക്കുമെന്നു പറഞ്ഞ് ഞങ്ങളെ ആശ്വസിപ്പിച്ചു. പോകുന്നതിനുമുമ്പ് കുറച്ച് മിഠായികളും തന്നു. ആര്‍ക്കോ തുന്നല്‍പ്പണി ചെയ്തു കിട്ടിയ കാശുകൊണ്ട് സ്റ്റോറില്‍നിന്ന് വാങ്ങിയതാണ്. വാര്‍ധക്യം ബാധിച്ചതുപോലെയുള്ള അമ്മയുടെ രൂപത്തെക്കുറിച്ച്, പിന്നീട് ഏറെനേരം സിഡ്‌നി വേദനയോടെ പറഞ്ഞുകൊണ്ടിരുന്നു.
സങ്കടത്തോടെയാണെങ്കിലും ഞാനും സിഡ്‌നിയും അനാഥമന്ദിരത്തിലെ ജീവിതത്തോടിണങ്ങിച്ചേര്‍ന്നു. അക്കാലത്തെ എല്ലാ കാര്യങ്ങളും ഓര്‍മയിലില്ലെങ്കിലും നീണ്ട മേശയ്ക്കു ചുറ്റുമിരുന്നുള്ള ഉച്ചഭക്ഷണം ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഏതാണ്ട് എണ്‍പത്തഞ്ച് വയസ്സ് പ്രായമുള്ള വൃദ്ധനായ ഒരു മാന്യനായിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു. കാരണം, കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു ഞാന്‍. മാത്രവുമല്ല, ക്രോപ്പു ചെയ്യുന്നതുവരെ നല്ല ചുരുളന്‍മുടിക്കാരനുമായിരുന്നു. ഭക്ഷണസമയത്ത് അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ത്തന്നെ ഇരുത്തുന്നതുകൊണ്ട് എനിക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പക്ഷേ, അല്പദിവസങ്ങള്‍ക്കകം സ്ഥിതിഗതികള്‍ ആകെ മാറി. എന്നേക്കാള്‍ ഇളയവനും ചുരുളന്‍മുടിക്കാരനുമായ മറ്റൊരുത്തന്‍ അവിടെ വന്നുചേര്‍ന്നു. അതോടെ എന്റെ സീറ്റ് അവന് ലഭിച്ചു. ഏറ്റവും പ്രായംകുറഞ്ഞ ചുരുളന്‍മുടിക്കാരനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത് എന്നാണ് വൃദ്ധന്‍ ഇതേക്കുറിച്ച് പറഞ്ഞത്.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളെ ലണ്ടനില്‍നിന്ന് പന്ത്രണ്ടുമൈല്‍ അകലെയുള്ള ഹാന്‍വെല്‍ സ്‌കൂളിലേക്കയച്ചു. അനാഥരും ദരിദ്രരുമായ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളാണ് അത്. ഒരു കുതിരവണ്ടിയില്‍ അങ്ങോട്ടുള്ള യാത്ര രസകരവും സാഹസികവുമായിരുന്നു. അവിടെ എത്തിച്ചേര്‍ന്നയുടന്‍ ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. അവിടെ എത്തുന്ന കുട്ടികളില്‍ ചിലരെങ്കിലും മാനസികവും ശാരീരികവുമായ രോഗങ്ങള്‍ കാരണം സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയിലുള്ളവരായിരുന്നു. അതുകൊണ്ടാണ് ഈ നിര്‍ബന്ധ പരിശോധന നടത്തിയിരുന്നത്.
ആദ്യത്തെ ഏതാനും ദിവസങ്ങളില്‍ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ലാംബെത്തിലെ അനാഥമന്ദിരത്തിലായിരിക്കുമ്പോള്‍ അമ്മ അപ്പുറത്തെവിടെയോ ഉണ്ട് എന്നൊരു തോന്നല്‍ എപ്പോഴുമുണ്ടാകും. ഇപ്പോള്‍ അമ്മ നാഴികകള്‍ക്കപ്പുറത്താണ്. സ്‌കൂളില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിഡ്‌നിയെ വലിയ കുട്ടികളുടെ വാര്‍ഡിലേക്കും എന്നെ കൊച്ചുകുട്ടികളുടേതിലേക്കുമാണ് അയച്ചത്. പിന്നെ ഞങ്ങള്‍ വല്ലപ്പോഴുമേ കണ്ടിരുന്നുള്ളൂ. ആറുവയസ്സുകാരനായ ഞാന്‍ തീര്‍ത്തും ഒറ്റപ്പെട്ടവനും വിലകെട്ടവനുമായതുപോലെ എനിക്കു തോന്നി.
വൈകീട്ട് കുട്ടികളെല്ലാം നിശാവസ്ത്രങ്ങളണിഞ്ഞ് മുട്ടുകുത്തി ഉച്ചത്തില്‍ സങ്കീര്‍ത്തനം പാടും. അപ്പോള്‍ ജാലകത്തിനുള്ളിലൂടെ കാണുന്ന അസ്തമയ സൂര്യനും തിരമാലകള്‍ പോലെ തോന്നുന്ന കുന്നുകളും എന്നെ ദുഃഖിതനാക്കും. അര്‍ഥമൊന്നുമറിയില്ലെങ്കിലും ആ സങ്കീര്‍ത്തനത്തിന്റെ ഈണം എന്റെ സങ്കടം കൂട്ടുകയാണ് ചെയ്തത്.
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടുമാസത്തിനുശേഷം അമ്മ ഞങ്ങളെ വിടുവിക്കുന്നതിനുള്ള അനുമതിയുമായി എത്തി. ഒരുദിവസമെങ്കിലും ഞങ്ങളോടൊത്തു കഴിയാന്‍ വേണ്ടിയാണ് അമ്മ ഞങ്ങളെ വിടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ പുറത്തു ചെലവഴിച്ച് അന്നുതന്നെ അനാഥമന്ദിരത്തില്‍ തിരിച്ചെത്താമെന്ന് അമ്മ കരുതി. ഹാന്‍വെല്ലില്‍നിന്ന് ഞങ്ങളെ വീണ്ടും ലാംബെത്ത് അനാഥമന്ദിരത്തിലേക്കെത്തിച്ചു. ആദ്യമായി അവിടെ പ്രവേശിച്ചപ്പോള്‍ ഞങ്ങളുടെ സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങി പുഴുങ്ങി അലക്കിവെച്ചിരുന്നു. ഇപ്പോഴവ ഇസ്തിരിയിടാതെ തിരിച്ചുതന്നു. ചുളിഞ്ഞ ആ വസ്ത്രങ്ങളണിഞ്ഞ് ഞങ്ങള്‍ ഗേറ്റിനു പുറത്തു കടന്നു. അമ്മയും സ്വന്തം വസ്ത്രങ്ങള്‍ തന്നെയാണ് ധരിച്ചിരുന്നത്. നേരം വെളുത്തിട്ട് അധികനേരമായിട്ടില്ല. പോവാന്‍ ഒരിടവും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു മൈല്‍ അകലെയുള്ള കെന്നിംഗ്ടണ്‍ പാര്‍ക്കിലേക്ക് നടന്നു. സിഡ്‌നി കുറച്ചു നാണയങ്ങള്‍ തൂവാലയില്‍ കെട്ടിവെച്ചിരുന്നു. അതുകൊണ്ട് അല്പം ചെറിപ്പഴങ്ങള്‍ വാങ്ങി. പാര്‍ക്കിലെ ബഞ്ചിലിരുന്ന് അതു മുഴുവന്‍ തിന്നുതീര്‍ത്തു. താഴെ ഒരു പഴയ പത്രം കിടപ്പുണ്ടായിരുന്നു. സിഡ്‌നി അതെടുത്ത് ചുരുട്ടി ഒരു പന്തുണ്ടാക്കി. ഞങ്ങള്‍ മൂന്നുപേരും കൂടെ പന്തെറിഞ്ഞുപിടിച്ച് കളിച്ചു. ഉച്ചയായപ്പോള്‍ ബാക്കിയുള്ള നാണയങ്ങളുമായി ഒരു കാപ്പിക്കടയില്‍ കയറി. രണ്ടു കാപ്പിയും രണ്ടു കഷണം കേക്കും വാങ്ങി പങ്കുവെച്ച് കഴിച്ച് വീണ്ടും പാര്‍ക്കിലേക്ക് മടങ്ങി.
വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ തിരികെ പോവാന്‍ തയ്യാറെടുത്തു. 'ചായ സമയമാവുമ്പോഴേക്കും നമ്മളവിടെയെത്തും.' അമ്മ പറഞ്ഞു. ഞങ്ങള്‍ അനാഥമന്ദിരത്തിലേക്കും വീണ്ടും ഹാന്‍വെല്‍ സ്‌കൂളിലേക്കും തിരിച്ചെത്തി. അധികൃതര്‍ രോഷാകുലരായിരുന്നു. വസ്ത്രങ്ങള്‍ പുഴുങ്ങുന്ന ജോലിയും മറ്റു നടപടികളും ആവര്‍ത്തിക്കേണ്ടിവന്നതായിരുന്നു കാരണം. ഹാന്‍വെല്ലിലേക്കെത്തേണ്ട സമയത്തിനുമുമ്പ് കൂടുതല്‍ സമയം ഞങ്ങള്‍ അനാഥമന്ദിരത്തില്‍ തങ്ങിയതും മറ്റൊരു കാരണമായിരുന്നു.
ഏതാണ്ട് ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഹാന്‍വെല്ലില്‍ താമസിച്ചു. ഞാന്‍ പഠനം ആരംഭിച്ചത് അവിടെവെച്ചാണ്. 'ചാപ്ലിന്‍' എന്ന് എഴുതാന്‍ പഠിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ആഹ്ലാദമായിരുന്നു. ആ പേര് കാഴ്ചയിലും എന്നെപ്പോലെത്തന്നെയുണ്ടെന്ന് എനിക്കു തോന്നി.
ഹാന്‍വെല്‍ സ്‌കൂളിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ വിഭാഗങ്ങളുണ്ട്. ശനിയാഴ്ച വൈകുന്നേരങ്ങളിലാണ് കൊച്ചു കുട്ടികള്‍ കുളിമുറി ഉപയോഗിക്കാറ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ അവിടെ വന്ന് ഞങ്ങളെ കുളിപ്പിക്കും. അവര്‍ കുളിപ്പിക്കുമ്പോള്‍ എനിക്കു വലിയ നാണമായിരുന്നു.
ഏഴു വയസ്സായപ്പോള്‍ എന്നെ കൊച്ചുകുട്ടികളുടെ കൂട്ടത്തില്‍നിന്ന് ഏഴു മുതല്‍ പതിനാലു വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോള്‍ എനിക്ക് അവരുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാം. വ്യായാമങ്ങളിലും കളികളിലും രണ്ടാഴ്ചയിലൊരിക്കല്‍ സ്‌കൂളിനു പുറത്തുള്ള നടത്തത്തിലും എല്ലാം.
ഹാന്‍വെല്ലില്‍ ഞങ്ങള്‍ നന്നായി പരിപാലിക്കപ്പെട്ടിരുന്നു. എങ്കിലും ഒറ്റപ്പെട്ടതുപോലെ ഒരു തോന്നല്‍ എപ്പോഴുമുണ്ടായിരുന്നു. അവിടത്തെ അന്തരീക്ഷം ദുഃഖമയമായിരുന്നു. 'സ്‌കൂളിനു പുറത്തുള്ള നടത്തമാണ് ഞാനേറെ വെറുത്തത്. രണ്ടു വരിയായി നാട്ടുവഴികളിലൂടെ നടന്നുനീങ്ങുമ്പോള്‍ ആളുകള്‍ വളരെ പുച്ഛത്തോടെ ഞങ്ങളെ നോക്കി. 'ഭ്രാന്താലയത്തിലെ അന്തേവാസികള്‍' എന്നാണ് അവര്‍ക്കിടയില്‍ ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്.
സ്‌കൂളിലെ കളിസ്ഥലത്തിന് ഒരേക്കര്‍ വിസ്താരമുണ്ടായിരുന്നു. അതിനു ചുറ്റുമായുള്ള ഒറ്റനില ഇഷ്ടികക്കെട്ടിടത്തില്‍ ഓഫീസ്, സ്റ്റോര്‍മുറി, ഡോക്ടറുടെ ഡിസ്‌പെന്‍സറി, ദന്തഡോക്ടറുടെ ക്ലിനിക്, കുട്ടികളുടെ വസ്ത്രസംഭരണമുറി എന്നിവ പ്രവര്‍ത്തിച്ചിരുന്നു. ഏറ്റവും ഇരുണ്ട കോണിലായി ഒരൊഴിഞ്ഞ മുറിയുണ്ടായിരുന്നു. ഇപ്പോള്‍ അതിനുള്ളില്‍ ഒരു പതിനാലു വയസ്സുകാരനെ പൂട്ടിയിട്ടിരിക്കുകയാണെന്ന് മുതിര്‍ന്ന കുട്ടികള്‍ പറഞ്ഞു. രണ്ടാം നിലയിലെ ജനലിലൂടെ ചാടി സ്‌കൂളില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണത്രെ അവനെ പിടികൂടിയത്. പിടികൂടാനെത്തിയ സ്‌കൂള്‍ അധികൃതര്‍ക്കു നേരെ അവന്‍ കല്ലുകളും മറ്റും വലിച്ചെറിയുകയും ചെയ്തു.
ഇത്തരം വലിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ചതോറും ജിംനേഷ്യത്തില്‍ വെച്ചാണ് നടപ്പാക്കിയിരുന്നത്.
വെള്ളിയാഴ്ച രാവിലെ മുന്നൂറോളം ആണ്‍കുട്ടികള്‍ വരിയായി മാര്‍ച്ചു ചെയ്ത് ഒരു ചതുരത്തിന്റെ മൂന്നു വശങ്ങളിലായി പട്ടാളച്ചിട്ടയില്‍ അണിനിരക്കും. നാലാമത്തെ വശത്ത് നീണ്ട ഒരു ഡെസ്‌കിനു പിറകില്‍ കുറ്റവാളി വിചാരണയും ശിക്ഷയും കാത്തുനില്‍ക്കുന്നുണ്ടാവും. ഡെസ്‌കിനു മുമ്പില്‍ ഒരു മുക്കാലിയുണ്ടായിരുന്നു. അതിന്റെ ഒരുവശത്ത് അശുഭസൂചകമായെന്നോണം ഒരു വടി തൂങ്ങിക്കിടക്കുന്നുണ്ടാവും.
ചെറിയ കുറ്റങ്ങള്‍ക്ക് കുറ്റവാളിയെ ഡെസ്‌കില്‍ കമഴ്ത്തിക്കിടത്തും. കാലുകള്‍ രണ്ടും ഒരാള്‍ പിടിച്ചമര്‍ത്തും. മറ്റൊരാള്‍ കുട്ടിയുടെ ഷര്‍ട്ട് മുകളിലേക്കും ട്രൗസര്‍ താഴേക്കും വലിച്ചിടും. നാവികസേനയില്‍നിന്ന് വിരമിച്ച, ഇരുനൂറ് പൗണ്ട് തൂക്കമുള്ള ക്യാപ്ടന്‍ ഹിന്‍ഡ്രം ഒരു ചൂരലുമായി നടന്നടുക്കും. ഒരാളുടെ തള്ളവിരലിനോളം വണ്ണവും നാലടി നീളവുമുണ്ട് ഈ വടിക്ക്. ഇതുകൊണ്ട് ചന്തിക്ക് മൂന്നടിയാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. കൂടിയത് ആറും. അടി മൂന്നിലധികമാവുമ്പോള്‍ കുറ്റവാളിയില്‍നിന്ന് അതിഭയങ്കരമായ നിലവിളി ഉയരും. മിക്കവാറും ബോധം നശിക്കുകയും ചെയ്യും. അപ്പോളവനെ താങ്ങിയെടുത്ത് ഒരരികില്‍ കൊണ്ടുപോയി കിടത്തും. ശരിക്കും ഭീകരമായൊരു കാഴ്ചതന്നെയാണത്.
നിരപരാധിയാണെങ്കിലും കുറ്റം നിഷേധിക്കാതിരിക്കുകയാണ് നല്ലത് എന്നാണ് മുതിര്‍ന്ന കുട്ടികള്‍ ഉപദേശിക്കുക. കാരണം എങ്ങനെയെങ്കിലും അപരാധിയാണെന്നു തെളിഞ്ഞാല്‍ പിന്നെ ശിക്ഷ അതികഠിനമായിരിക്കും. സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ സാധാരണഗതിയില്‍ കുട്ടികള്‍ക്കാര്‍ക്കും തന്നെ സാധിക്കാറുമില്ല.
മുതിര്‍ന്ന ആണ്‍കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റിയതിനുശേഷം ഞാനാദ്യമായാണ് ഈ ശിക്ഷയ്ക്ക് ദൃക്‌സാക്ഷിയാകുന്നത്. ഓഫീസര്‍മാര്‍ നടന്നുവരുന്നതു കണ്ടപ്പോഴേ എന്റെ ഹൃദയം ദ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. സ്‌കൂളില്‍നിന്നു ചാടിപ്പോകാന്‍ ശ്രമിച്ച സാഹസികനായ കുറ്റവാളിയെ ഡെസ്‌കിനു പിറകില്‍ നിര്‍ത്തിയിരുന്നു. തീരെ ചെറുതായതിനാല്‍ അവന്റെ തലയും ചുമലും മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.
ഹെഡ്മാസ്റ്റര്‍ അതിഗൗരവത്തോടെ കുറ്റപത്രം വായിച്ചു. അതിനുശേഷം ചോദിച്ചു.
'കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ?'
കുറ്റവാളി നിശ്ശബ്ദനായി ധിക്കാരഭാവത്തില്‍ നിലകൊണ്ടു. ഉടന്‍തന്നെ അവന്‍ മുക്കാലിക്കടുത്തേക്ക് നയിക്കപ്പെട്ടു. ഉയരം കുറവായതുകൊണ്ട് ഒരു സോപ്പുപെട്ടിക്കു മുകളില്‍ കയറ്റിനിര്‍ത്തിയിട്ടാണ് അവന്റെ കൈകള്‍ മുക്കാലിയില്‍ ബന്ധിച്ചത്. ഇത്തവണ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ ചൂരലാണ് ഉപയോഗിച്ചത്. മൂന്നുതവണ അടിച്ചപ്പോഴേക്കും രണ്ടു ജോലിക്കാര്‍ വന്ന് അവനെ താങ്ങിയെടുത്ത് ചികിത്സാമുറിയിലേക്ക് കൊണ്ടുപോയി.
വ്യാഴാഴ്ചകളില്‍ മൈതാനത്തുനിന്നു ബ്യൂഗിളിന്റെ സ്വരം ഉയരും. ഉടന്‍ ഞങ്ങള്‍ പണികളെല്ലാം നിര്‍ത്തി ശ്വാസംപിടിച്ച് പ്രതിമകളെപ്പോലെ നിന്ന് ശ്രദ്ധിക്കും. അപ്പോള്‍ ക്യാപ്ടന്‍ ഹിന്‍ഡ്രം ഒരു മെഗാഫോണിലൂടെ വെള്ളിയാഴ്ച ശിക്ഷയ്ക്ക് ഹാജരാകേണ്ടവരുടെ പേരുകള്‍ പ്രഖ്യാപിക്കും.
ഒരു വ്യാഴാഴ്ച മെഗാഫോണിലൂടെ കേട്ട പേര് എന്നെ അത്ഭുതപരതന്ത്രനാക്കി. അതെന്റെ പേരായിരുന്നു. എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ഒരു നിശ്ചയവുമില്ല. എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഏതോ കാരണത്താല്‍ ഞാന്‍ ആവേശഭരിതനായി. ഒരുപക്ഷേ, ഒരു നാടകത്തിലെ കേന്ദ്രകഥാപാത്രമാവുകയാണ് ഞാന്‍ എന്നതുകൊണ്ടാവും.
വിചാരണദിവസം ഞാന്‍ മുന്നോട്ടു നടന്നുചെന്നു. ഹെഡ്മാസ്റ്റര്‍ കുറ്റപത്രം വായിച്ചു. 'കക്കൂസില്‍ തീ കത്തിച്ചു എന്നതാണ് നീ ചെയ്ത കുറ്റം.'
ഇത് സത്യമായിരുന്നില്ല. കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ഏതാനും കടലാസു കഷണങ്ങള്‍ നിലത്ത് കൂട്ടിയിട്ട് കത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കക്കൂസ് ഉപയോഗിക്കാനിടയായി എന്നല്ലാതെ അതിലെനിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.
'അപരാധിയാണോ അല്ലയോ?' ഹെഡ്മാസ്റ്റര്‍ ഉറക്കെ ചോദിച്ചു.
'അപരാധിയാണ്.' ഏതോ ശക്തി ആവേശിച്ചതുപോലെ ഞാന്‍ മറുപടി നല്‍കി.
ഡെസ്‌കില്‍ വെച്ച് ചന്തിയില്‍ മുന്നു ചൂരല്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഇതനീതിയാണെന്ന ബോധമോ അമര്‍ഷമോ ഒന്നുമില്ലായിരുന്നു. പകരം പേടിപ്പെടുത്തുന്ന ഒരുതരം സാഹസികതയാണ് തോന്നിയത്. ശ്വാസം നിലച്ചുപോകുന്നത്രയും വേദനയുണ്ടായിരുന്നെങ്കിലും ഞാന്‍ കരഞ്ഞില്ല. വേദനകൊണ്ട് തളര്‍ന്നുവീണപ്പോള്‍ അവരെന്നെ താങ്ങിയെടുത്ത് കൊണ്ടുപോയി കിടത്തി. ഒരു വീരകൃത്യത്തില്‍ വിജയിയായതുപോലെ എനിക്കു തോന്നി.
അടുക്കളയില്‍ പണിയിലേര്‍പ്പെട്ടിരുന്നതുകൊണ്ട് ശിക്ഷ നടക്കുന്ന ദിവസമാണ് സിഡ്‌നി വിവരമറിഞ്ഞത്. മറ്റു കുട്ടികളോടൊപ്പം വരിയായ് മാര്‍ച്ചു ചെയ്തുവന്നു നിന്നപ്പോള്‍ ഡെസ്‌കിനു പിറകില്‍ എന്റെ തല കണ്ട് അവന്‍ അന്ധാളിച്ചുപോയി. എനിക്ക് അടിയേല്‍ക്കുന്നത് കണ്ട് താന്‍ കരഞ്ഞുപോയി എന്ന് പിന്നീടവന്‍ എന്നോട് പറഞ്ഞു.
സിഡ്‌നിയുടെ കൊച്ചനിയനാണ് ഞാന്‍ എന്നതിനാല്‍ എനിക്കല്പം സുരക്ഷിതത്വമൊക്കെ തോന്നിയിരുന്നു. ഭക്ഷണമുറി വിട്ടുപോരുമ്പോള്‍ ഇടയ്ക്കിടെ ഞാനവനെ കാണും. അടുക്കളജോലിക്കിടയില്‍ അവന്‍ ഒരു വലിയ കഷണം വെണ്ണ, റൊട്ടിയില്‍ പുരട്ടിവച്ച് രഹസ്യമായി എനിക്കെടുത്തുതരും. ഞാനത് കുപ്പായത്തിനുള്ളില്‍ തിരുകി പുറത്തുകടക്കും. പിന്നെ എന്റെ കൂട്ടുകാരനുമായി പങ്കിട്ട് കഴിക്കും. ഇത് വിശപ്പുകൊണ്ടൊന്നുമായിരുന്നില്ല. കൂടുതല്‍ അളവില്‍ വെണ്ണ കഴിക്കാന്‍ കിട്ടുന്നതിലുള്ള സന്തോഷം കൊണ്ടുമാത്രമായിരുന്നു. പക്ഷേ, അതധികനാള്‍ നീണ്ടുനിന്നില്ല. എക്‌സ്‌മൊത്ത് പരിശീലനക്കപ്പലില്‍ ചേരാനായി സിഡ്‌നി ഹാന്‍വെല്‍ വിട്ടുപോയി.
പതിനൊന്നുവയസ്സായാല്‍ അനാഥമന്ദിരത്തിലെ ആണ്‍കുട്ടികള്‍ക്ക് കരസേനയിലോ നാവികസേനയിലോ ചേരാം. നാവികസേനയിലാണെങ്കില്‍ എക്‌സ്‌മൊത്തിലേക്കാണ് അയയ്ക്കുക. പൊയ്‌ക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ലെങ്കിലും ഒരു ജോലി കിട്ടണമെന്ന് സിഡ്‌നി ആഗ്രഹിച്ചു. അങ്ങനെ ഹാന്‍വെല്ലില്‍ എന്നെ തനിച്ചുവിട്ട് അവന്‍ യാത്രയായി.
കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യക്തിത്വത്തിന്റെ മര്‍മ്മപ്രധാനഭാഗമാണ് തലമുടി. ആദ്യമായി മുടിവെട്ടുമ്പോള്‍ കുഞ്ഞുങ്ങള്‍ ഉറക്കെ നിലവിളിക്കും. ഇടതൂര്‍ന്നതോ ചുരുണ്ടതോ നീണ്ടതോ ഏതുതരത്തിലുള്ളതായാലും മുറിച്ചുമാറ്റുമ്പോള്‍ തങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗംതന്നെ മുണ്ഡനം
ചെയ്യുന്നതുപോലെ അവര്‍ക്കനുഭവപ്പെടും.
ആയിടയ്ക്ക് കുറേ കുട്ടികള്‍ക്ക് തലയില്‍ കൊക്കപ്പുഴുകാരണമുള്ള ഒരു പകര്‍ച്ചവ്യാധി ഉണ്ടായി. രോഗം ബാധിച്ചവരെയെല്ലാം, ഒന്നാംനിലയില്‍ മൈതാനത്തിനഭിമുഖമായി നില്‍ക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിര്‍ഭാഗ്യവാന്മാരായ ആ കുട്ടികള്‍ എപ്പോഴും ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നത് കാണാം. അവരുടെ ഷെയ്‌വു ചെയ്ത് മിനുസപ്പെടുത്തിയ തല അയഡിന്‍ തേച്ച് തവിട്ടുനിറമാക്കിയിരുന്നു. അത് അറപ്പുതോന്നിക്കുന്ന ഒരു കാഴ്ചയായതുകൊണ്ട് ഞങ്ങള്‍ വെറുപ്പോടെയാണ് അങ്ങോട്ടു നോക്കിയിരുന്നത്.
ഒരു ദിവസം ഭക്ഷണശാലയില്‍വെച്ച് ജോലിക്കാരിലൊരാള്‍ എന്റെ തല മുടി വകഞ്ഞുനോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു. 'കൊക്കപ്പുഴു!'-ഞാന്‍ അതിഭയങ്കരമായി കരഞ്ഞു.
ചികിത്സ ആഴ്ചകള്‍ നീണ്ടപ്പോള്‍ ഇതൊരിക്കലും അവസാനിക്കില്ലേ എന്ന് തോന്നിപ്പോയി. എന്റെ തല മുണ്ഡനം ചെയ്ത് അയഡിന്‍കൊണ്ട് അഭിഷേകം ചെയ്തിരുന്നു. പോരാത്തിന് തലയില്‍ തൂവാലകൊണ്ടൊരു ചുറ്റിക്കെട്ടും. ആകപ്പാടെ എന്നെക്കാണാന്‍ പരുത്തി ശേഖരിക്കുന്ന ഒരാളെപ്പോലെയുണ്ടായിരുന്നു. മറ്റു കുട്ടികള്‍ വെറുപ്പോടെ നോക്കും എന്നറിയാമായിരുന്നതുകൊണ്ട് ഞാനൊരിക്കല്‍പ്പോലും ജനാലയ്ക്കരികിലേക്ക് പോയില്ല.
പുഴുക്കടി ബാധിതനായ ഇക്കാലത്ത് ഒരു ദിവസം അമ്മ എന്നെക്കാണാന്‍ വന്നു. അനാഥമന്ദിരം വിട്ട് ഒരു വീട് വാടകയ്‌ക്കെടുത്ത് ഒന്നിച്ചുതാമസിക്കാനുള്ള ചില പദ്ധതികള്‍ അമ്മ തയ്യാറാക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാന്നിധ്യം ഒരു പൂച്ചെണ്ട് കാണുന്നതുപോലെ സന്തോഷകരമായിരുന്നു. വളരെ പ്രസാദവതിയും സുന്ദരിയുമായി അമ്മയെ കണ്ടപ്പോള്‍ എനിക്കെന്റെ രൂപമോര്‍ത്ത് നാണം തോന്നി.
'അവന്റെ വൃത്തികെട്ട മുഖംകണ്ട് നിങ്ങളൊന്നും വിചാരിക്കരുത്'- നഴ്‌സ് അമ്മയോട് പറഞ്ഞു.
അമ്മ പൊട്ടിച്ചിരിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ട് അമ്മ പറഞ്ഞ വാക്കുകള്‍ ഞാനിപ്പോഴുമോര്‍ക്കുന്നു. 'നിന്റെ എല്ലാ വൃത്തികേടുകളോടുംകൂടി ഞാന്‍ നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു.'
ഏറെ വൈകാതെ സിഡ്‌നി എക്‌സ്മൗത്തും ഞാന്‍ ഹാന്‍വെല്ലും വിട്ട് അമ്മയോടൊപ്പം ചേര്‍ന്നു. കെന്നിംഗ്ടണ്‍ പാര്‍ക്കിന് പിറകിലുള്ള ഒരു മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. ഞങ്ങളെ അല്പകാലം പോറ്റാനേ അമ്മയ്ക്കു കഴിഞ്ഞുള്ളു. താമസിയാതെ ഞങ്ങള്‍ വീണ്ടും അനാഥമന്ദിരത്തില്‍ത്തന്നെ എത്തിച്ചേര്‍ന്നു.
അമ്മയ്ക്ക് ഒരു ജോലി കണ്ടെത്താനുള്ള വിഷമവും അച്ഛന് നാടകരംഗത്തുണ്ടായ തൊഴിലില്ലായ്മയുമായിരുന്നു തിരിച്ചുപോക്കിനുള്ള പ്രധാന കാരണങ്ങള്‍. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചു താമസിച്ച ആ ചെറിയ ഇടവേളയില്‍ ഞങ്ങള്‍ പല പ്രാവശ്യം താമസം മാറ്റിക്കൊണ്ടിരുന്നു. അവസാനമാറ്റം അനാഥമന്ദിരത്തിലേക്കായിരുന്നു.
ഞങ്ങള്‍ താമസിച്ചിരുന്നത് പുതിയൊരു ഇടവകയിലായിരുന്നതുകൊണ്ട് മറ്റൊരു അനാഥമന്ദിരത്തിലേക്കാണ് ഇത്തവണ ഞങ്ങളെ അയച്ചത്. അവിടെ നിന്ന് നോര്‍വുഡ് സ്‌കൂളില്‍ ചേര്‍ത്തു. ഹാന്‍വെല്ലിനേക്കാള്‍ ഇരുണ്ട ഒരു സ്ഥലമായിരുന്നു അത്. നിരത്തുകളൊക്കെ ഗാംഭീര്യമേറിയതാണെങ്കിലും ആഹ്ലാദംകെട്ട ഒരന്തരീക്ഷമായിരുന്നു അവിടമാകെ.
ഒരു ദിവസം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സിഡ്‌നിയെ രണ്ടു നഴ്‌സുമാര്‍ വന്നു വിളിച്ചുകൊണ്ടുപോയി. അമ്മയ്ക്ക് പെട്ടെന്ന് മാനസികനില തെറ്റിയെന്നും, കെയ്ന്‍ഹില്‍ മാനസികരോഗാശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവരവനെ അറിയിച്ചു. ഭാവഭേദമൊന്നും കൂടാതെ സിഡ്‌നി തിരിച്ചുപോയി കളി തുടര്‍ന്നു. പക്ഷേ, കളി കഴിഞ്ഞതിനുശേഷം അവന്‍ തനിച്ചിരുന്ന് ഏറെനേരം കരഞ്ഞു.
അവനിക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ കരഞ്ഞില്ല. പക്ഷേ, അമ്പരപ്പിക്കുന്ന ഒരു നിരാശത എന്നെ പൊതിഞ്ഞു. അമ്മ എന്തിനാണിത് ചെയ്തത്? അമ്മയ്ക്കിതെങ്ങനെ സാധിച്ചു?
സ്വന്തം മനസ്സില്‍നിന്ന് രക്ഷപ്പെട്ട് അമ്മ ഞങ്ങളെ ഉപേക്ഷിച്ചുപോയതു പോലെ എനിക്കുതോന്നി.
(ചാര്‍ലി ചാപ്ലിന്റെ എന്റെ കുട്ടിക്കാലം എന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്ന് )
Subscribe to കിളിചെപ്പ് by Email
കടുത്ത ദാരിദ്ര്യത്തിലുഴലുമ്പോള്‍, എന്റെ അറിവില്ലായ്മകൊണ്ട് നാടകത്തിലേക്ക് തിരിച്ചുപോവാത്തതിന് ചിലപ്പോഴൊക്കെ ഞാനമ്മയെ കുറ്റപ്പെടുത്തി. അപ്പോഴൊക്കെ, അത്തരം ജീവിതം വ്യര്‍ഥവും കൃത്രിമവുമാണെന്നും ആ അവസ്ഥയില്‍ നമ്മള്‍ ദൈവത്തെ എളുപ്പം മറന്നുപോവുമെന്നും ഒരു പുഞ്ചിരിയോടെ അമ്മ പറയും. ഇതൊക്കെയാണെങ്കിലും നാടകശാലയെക്കുറിച്ച് വല്ലതും പറയാന്‍ തുടങ്ങിയാല്‍ അമ്മ സ്വയം മറന്ന് ആവേശഭരിതയാവും. ഈ ഓര്‍മ്മ പുതുക്കല്‍ കഴിഞ്ഞാല്‍ പിന്നെ അല്‍പദിവസത്തേക്ക് അമ്മ തുന്നല്‍ ജോലികളില്‍ മുഴുകി നിശ്ശബ്ദയായിരിക്കും. ആ മായാലോകത്തുനിന്ന് വളരെ അകലെയാണ് ഞങ്ങളെന്നോര്‍ത്ത് നിരുത്സാഹത്തോടെ ഞാനും ഒരു മൂലയ്ക്കിരിക്കും. അല്പം കഴിയുമ്പോള്‍ എന്റെ ഇരിപ്പുകണ്ട് അമ്മ അടുത്തുവന്ന് ആശ്വസിപ്പിക്കും.
മഞ്ഞുകാലം ആരംഭിക്കാറായി. സിഡ്‌നിക്ക് വസ്ത്രങ്ങള്‍ തീരെയില്ലാതായിരിക്കുന്നു. തന്റെ പഴയൊരു വെല്‍വെറ്റ് ഉടുപ്പുകൊണ്ട് അമ്മ സിഡ്‌നിക്കൊരു കോട്ടുണ്ടാക്കി. അതിന്റെ കൈകളില്‍ ചുവപ്പും കറുപ്പം നീളന്‍ വരകളുണ്ടായിരുന്നു. തോള്‍ഭാഗത്തുള്ള ഞൊറിവുകള്‍ മാറ്റാന്‍ അമ്മ ആവുന്നത്ര ശ്രമിച്ചെങ്കിലും സാധിച്ചില്ല. അതിട്ടുകൊടുത്തപ്പോള്‍ സിഡ്‌നി സങ്കടപ്പെട്ടുകൊണ്ടു പറഞ്ഞു: 'കുട്ടികള്‍ എന്താണ് കരുതുക?'
'ആളുകള്‍ എന്തു കരുതിയാല്‍ നമുക്കെന്താ? മാത്രവുമല്ല ഇത് വളരെ വ്യത്യസ്തമായി തോന്നുന്നു.' എന്നായിരുന്നു അമ്മയുടെ മറുപടി. ഒടുവില്‍ സിഡ്‌നി അതിട്ടുകൊണ്ടുതന്നെ സ്‌കൂളില്‍ പോയി. അവന്റെ ഷൂസും അമ്മയുടേതുതന്നെയായിരുന്നു. സ്‌കൂളിലെത്തിയപ്പോള്‍ കുട്ടികളെല്ലാം ചുറ്റും കൂടി ബഹളമായി. 'ജോസഫും അവന്റെ ബഹുവര്‍ണ്ണക്കുപ്പായവും' അവര്‍ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. അമ്മയുടെതന്നെ ഇറുക്കമുള്ള കാലുറ മുറിച്ചെടുത്ത് സ്റ്റോക്കിങ്ങ്‌സ് ആയി ഇട്ടുനടക്കുന്ന എന്നെ 'സര്‍ ഫ്രാന്‍സിസ് ഡ്രേക്ക്' എന്നാണ് കുട്ടികള്‍ കളിയാക്കി വിളിച്ചത്.
അമ്മയുടെ അസുഖം ഭേദമായിവരുന്ന സമയം. പത്രവില്‍പനയ്ക്ക് പോയ സിഡ്‌നി അന്ന് തിരിച്ചുവന്നത് ആര്‍ത്തുവിളിച്ചുകൊണ്ടാണ്. 'എനിക്കൊരു പേഴ്‌സ് കിട്ടി.' പത്രക്കെട്ട് കിടക്കയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് അവന്‍ കൂവിവിളിച്ചു. എന്നിട്ട്, പേഴ്‌സ് അമ്മയുടെ കൈയില്‍ കൊടുത്തു. അമ്മ അത് പതുക്കെ തുറന്നു. അതിനകത്ത് നിറയെ വെള്ളിയുടേയും ചെമ്പിന്റേയും നാണയങ്ങള്‍. പെട്ടെന്നതടച്ചുകൊണ്ട് അമ്മ കിടക്കയിലേക്ക് ചാഞ്ഞു.
സിഡ്‌നി ബസ്സുകള്‍ക്കുള്ളില്‍ കയറിയിറങ്ങി പത്രവില്‍പന നടത്തുകയായിരുന്നു. അതിനിടയിലാണ് ഒരു ബസ്സിലെ ഒഴിഞ്ഞ സീറ്റില്‍ അവനാ പേഴ്‌സ് കണ്ടത്. ഉടനെ അതിനു മുകളിലേക്കൊരു പത്രമിട്ട്, പത്രത്തോടൊപ്പം പേഴ്‌സുമെടുത്ത് ബസ്സില്‍ നിന്നിറങ്ങി. ഒഴിഞ്ഞ ഒരിടത്തുചെന്ന് പേഴ്‌സ് തുറന്നുനോക്കിയപ്പോഴാണ് ഇത്രയധികം പണം അതിനുള്ളിലുണ്ടെന്ന് അവന്‍ കണ്ടത്. സന്തോഷംകൊണ്ട് അതെണ്ണി നോക്കാനൊന്നും മിനക്കെടാതെ വീട്ടിലേക്ക് ഓടിപ്പോരുകയായിരുന്നത്രെ.
അമ്മയുടെ അസുഖം മാനസികമായിരുന്നോ, അതോ ശാരീരികം തന്നെയായിരുന്നോ എന്നെനിക്കുറപ്പില്ല. ഏതായാലും ഒരാഴ്ചകൊണ്ട് അമ്മ പൂര്‍ണസുഖം പ്രാപിച്ചു. അമ്മ ഞങ്ങള്‍ക്ക് പുതിയ വസ്ത്രങ്ങള്‍ വാങ്ങിത്തന്നു. ഒഴിവുദിവസമാഘോഷിക്കാന്‍ ഞങ്ങള്‍ സൗത്ത് എന്‍ഡിലെ ബീച്ചിലേക്കാണ് പോയത്.
ആദ്യമായി കടല്‍ കണ്ടതിന്റെ മോഹനിദ്രയിലായിരുന്നു ഞാന്‍. ഉയര്‍ന്ന തെരുവില്‍നിന്ന് അതിനെ സമീപിച്ചപ്പോള്‍ അത് നിശ്ചലമായതുപോലെ തോന്നി. പിന്നെ ഒരു ഭയങ്കര സത്വമായി കുലുങ്ങിവിറച്ചുകൊണ്ട് എന്റെ മേല്‍ പതിക്കാനായി വന്നു. ഷൂ ഊരിമാറ്റി ഞങ്ങള്‍ മൂന്നുപേരും വെള്ളത്തിലിറങ്ങിക്കളിച്ചു. വളരെ ആഹ്ലാദകരമായ ഒരു സായാഹ്നമായിരുന്നു അത്. ആ ദിവസത്തെക്കുറിച്ചുള്ള ഓര്‍മ ഇന്നും എന്നെ മോഹിപ്പിക്കുന്നു.
മണല്‍ഘടികാരത്തിലെ മണലെന്നോണം ഞങ്ങളുടെ കൈയിലെ പണമെല്ലാം ഒഴുകിത്തീര്‍ന്നുകൊണ്ടിരുന്നു. അമ്മ എന്തെങ്കിലുമൊരു ജോലി കിട്ടാന്‍ വളരെയേറെ ശ്രമിച്ചെങ്കിലും ഒന്നും ശരിയായില്ല. തവണയടയ്ക്കുന്നത് മുടങ്ങിയപ്പോള്‍ അമ്മയുടെ തയ്യല്‍മെഷീന്‍ അവര്‍ പിടിച്ചെടുത്തു. അച്ഛനില്‍നിന്നും കിട്ടിയിരുന്ന പത്തു ഷില്ലിംഗ് വരുമാനവും പാടേ നിലച്ചു. ജീവിക്കാന്‍ ഞങ്ങള്‍ക്ക് ഒരു മാര്‍ഗവുമില്ലാതെയായി. ഒടുവില്‍ ഞങ്ങള്‍ മൂന്നുപേരും ലാംബെത്ത് അനാഥമന്ദിരത്തില്‍ പ്രവേശിച്ചു.
അനാഥമന്ദിരത്തില്‍ പോയി താമസിക്കുന്നത് നാണക്കേടാണെങ്കിലും ഒറ്റമുറിയില്‍ നിന്നൊരു മാറ്റം ഞാനും സിഡ്‌നിയും ആഗ്രഹിച്ചു. അനാഥമന്ദിരത്തിന്റെ ഗേറ്റ് കടക്കുന്നതുവരെ വാസ്തവത്തില്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്കൊരു നിശ്ചയവുമുണ്ടായിരുന്നില്ല. അവിടെവെച്ച് അമ്മയെ സ്ത്രീകളുടെ വാര്‍ഡിലേക്കും ഞങ്ങളെ കുട്ടികളുടെ വാര്‍ഡിലേക്കും വേര്‍തിരിച്ചയച്ചു. അമ്മയുമായുള്ള ഈ വേര്‍പെടല്‍ എന്നെ വളരെയേറെ വേദനിപ്പിച്ചു.
സങ്കടത്തോടെയാണെങ്കിലും ഞാനും സിഡ്‌നിയും അനാഥമന്ദിരത്തിലെ ജീവിതത്തോടിണങ്ങിച്ചേര്‍ന്നു. അക്കാലത്തെ എല്ലാ കാര്യങ്ങളും ഓര്‍മയിലില്ലെങ്കിലും നീണ്ട മേശയ്ക്കു ചുറ്റുമിരുന്നുള്ള ഉച്ചഭക്ഷണം ഞാന്‍ വ്യക്തമായോര്‍ക്കുന്നു. ഏതാണ്ട് എണ്‍പത്തഞ്ച് വയസ്സ് പ്രായമുള്ള വൃദ്ധനായ ഒരു മാന്യനായിരുന്നു അതിന്റെ ചുമതല വഹിച്ചിരുന്നത്. അദ്ദേഹത്തിന് എന്നോട് വലിയ വാത്സല്യമായിരുന്നു. കാരണം, കൂട്ടത്തില്‍ ഏറ്റവും പ്രായം കുറഞ്ഞവനായിരുന്നു ഞാന്‍. മാത്രവുമല്ല, ക്രോപ്പു ചെയ്യുന്നതുവരെ നല്ല ചുരുളന്‍മുടിക്കാരനുമായിരുന്നു. ഭക്ഷണസമയത്ത് അദ്ദേഹത്തിന്റെ തൊട്ടടുത്ത സീറ്റില്‍ത്തന്നെ ഇരുത്തുന്നതുകൊണ്ട് എനിക്കും അദ്ദേഹത്തെ വലിയ കാര്യമായിരുന്നു. പക്ഷേ, അല്പദിവസങ്ങള്‍ക്കകം സ്ഥിതിഗതികള്‍ ആകെ മാറി. എന്നേക്കാള്‍ ഇളയവനും ചുരുളന്‍മുടിക്കാരനുമായ മറ്റൊരുത്തന്‍ അവിടെ വന്നുചേര്‍ന്നു. അതോടെ എന്റെ സീറ്റ് അവന് ലഭിച്ചു. ഏറ്റവും പ്രായംകുറഞ്ഞ ചുരുളന്‍മുടിക്കാരനാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടത് എന്നാണ് വൃദ്ധന്‍ ഇതേക്കുറിച്ച് പറഞ്ഞത്.
മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ഞങ്ങളെ ലണ്ടനില്‍നിന്ന് പന്ത്രണ്ടുമൈല്‍ അകലെയുള്ള ഹാന്‍വെല്‍ സ്‌കൂളിലേക്കയച്ചു. അനാഥരും ദരിദ്രരുമായ കുട്ടികള്‍ പഠിച്ചിരുന്ന സ്‌കൂളാണ് അത്. ഒരു കുതിരവണ്ടിയില്‍ അങ്ങോട്ടുള്ള യാത്ര രസകരവും സാഹസികവുമായിരുന്നു. അവിടെ എത്തിച്ചേര്‍ന്നയുടന്‍ ഞങ്ങളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. അവിടെ എത്തുന്ന കുട്ടികളില്‍ ചിലരെങ്കിലും മാനസികവും ശാരീരികവുമായ രോഗങ്ങള്‍ കാരണം സ്‌കൂളില്‍ പ്രവേശിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയിലുള്ളവരായിരുന്നു. അതുകൊണ്ടാണ് ഈ നിര്‍ബന്ധ പരിശോധന നടത്തിയിരുന്നത്.
വൈകീട്ട് കുട്ടികളെല്ലാം നിശാവസ്ത്രങ്ങളണിഞ്ഞ് മുട്ടുകുത്തി ഉച്ചത്തില്‍ സങ്കീര്‍ത്തനം പാടും. അപ്പോള്‍ ജാലകത്തിനുള്ളിലൂടെ കാണുന്ന അസ്തമയ സൂര്യനും തിരമാലകള്‍ പോലെ തോന്നുന്ന കുന്നുകളും എന്നെ ദുഃഖിതനാക്കും. അര്‍ഥമൊന്നുമറിയില്ലെങ്കിലും ആ സങ്കീര്‍ത്തനത്തിന്റെ ഈണം എന്റെ സങ്കടം കൂട്ടുകയാണ് ചെയ്തത്.
ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് രണ്ടുമാസത്തിനുശേഷം അമ്മ ഞങ്ങളെ വിടുവിക്കുന്നതിനുള്ള അനുമതിയുമായി എത്തി. ഒരുദിവസമെങ്കിലും ഞങ്ങളോടൊത്തു കഴിയാന്‍ വേണ്ടിയാണ് അമ്മ ഞങ്ങളെ വിടുവിച്ചത്. ഏതാനും മണിക്കൂറുകള്‍ പുറത്തു ചെലവഴിച്ച് അന്നുതന്നെ അനാഥമന്ദിരത്തില്‍ തിരിച്ചെത്താമെന്ന് അമ്മ കരുതി. ഹാന്‍വെല്ലില്‍നിന്ന് ഞങ്ങളെ വീണ്ടും ലാംബെത്ത് അനാഥമന്ദിരത്തിലേക്കെത്തിച്ചു. ആദ്യമായി അവിടെ പ്രവേശിച്ചപ്പോള്‍ ഞങ്ങളുടെ സ്വന്തം വസ്ത്രങ്ങള്‍ അഴിച്ചുവാങ്ങി പുഴുങ്ങി അലക്കിവെച്ചിരുന്നു. ഇപ്പോഴവ ഇസ്തിരിയിടാതെ തിരിച്ചുതന്നു. ചുളിഞ്ഞ ആ വസ്ത്രങ്ങളണിഞ്ഞ് ഞങ്ങള്‍ ഗേറ്റിനു പുറത്തു കടന്നു. അമ്മയും സ്വന്തം വസ്ത്രങ്ങള്‍ തന്നെയാണ് ധരിച്ചിരുന്നത്. നേരം വെളുത്തിട്ട് അധികനേരമായിട്ടില്ല. പോവാന്‍ ഒരിടവും ഇല്ലാത്തതുകൊണ്ട് ഞങ്ങള്‍ ഒരു മൈല്‍ അകലെയുള്ള കെന്നിംഗ്ടണ്‍ പാര്‍ക്കിലേക്ക് നടന്നു. സിഡ്‌നി കുറച്ചു നാണയങ്ങള്‍ തൂവാലയില്‍ കെട്ടിവെച്ചിരുന്നു. അതുകൊണ്ട് അല്പം ചെറിപ്പഴങ്ങള്‍ വാങ്ങി. പാര്‍ക്കിലെ ബഞ്ചിലിരുന്ന് അതു മുഴുവന്‍ തിന്നുതീര്‍ത്തു. താഴെ ഒരു പഴയ പത്രം കിടപ്പുണ്ടായിരുന്നു. സിഡ്‌നി അതെടുത്ത് ചുരുട്ടി ഒരു പന്തുണ്ടാക്കി. ഞങ്ങള്‍ മൂന്നുപേരും കൂടെ പന്തെറിഞ്ഞുപിടിച്ച് കളിച്ചു. ഉച്ചയായപ്പോള്‍ ബാക്കിയുള്ള നാണയങ്ങളുമായി ഒരു കാപ്പിക്കടയില്‍ കയറി. രണ്ടു കാപ്പിയും രണ്ടു കഷണം കേക്കും വാങ്ങി പങ്കുവെച്ച് കഴിച്ച് വീണ്ടും പാര്‍ക്കിലേക്ക് മടങ്ങി.
വൈകുന്നേരമായപ്പോള്‍ ഞങ്ങള്‍ തിരികെ പോവാന്‍ തയ്യാറെടുത്തു. 'ചായ സമയമാവുമ്പോഴേക്കും നമ്മളവിടെയെത്തും.' അമ്മ പറഞ്ഞു. ഞങ്ങള്‍ അനാഥമന്ദിരത്തിലേക്കും വീണ്ടും ഹാന്‍വെല്‍ സ്‌കൂളിലേക്കും തിരിച്ചെത്തി. അധികൃതര്‍ രോഷാകുലരായിരുന്നു. വസ്ത്രങ്ങള്‍ പുഴുങ്ങുന്ന ജോലിയും മറ്റു നടപടികളും ആവര്‍ത്തിക്കേണ്ടിവന്നതായിരുന്നു കാരണം. ഹാന്‍വെല്ലിലേക്കെത്തേണ്ട സമയത്തിനുമുമ്പ് കൂടുതല്‍ സമയം ഞങ്ങള്‍ അനാഥമന്ദിരത്തില്‍ തങ്ങിയതും മറ്റൊരു കാരണമായിരുന്നു.
ഏതാണ്ട് ഒരു വര്‍ഷത്തോളം ഞങ്ങള്‍ ഹാന്‍വെല്ലില്‍ താമസിച്ചു. ഞാന്‍ പഠനം ആരംഭിച്ചത് അവിടെവെച്ചാണ്. 'ചാപ്ലിന്‍' എന്ന് എഴുതാന്‍ പഠിച്ചപ്പോള്‍ എനിക്ക് വല്ലാത്ത ആഹ്ലാദമായിരുന്നു. ആ പേര് കാഴ്ചയിലും എന്നെപ്പോലെത്തന്നെയുണ്ടെന്ന് എനിക്കു തോന്നി.
ഹാന്‍വെല്‍ സ്‌കൂളിന് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി വെവ്വേറെ വിഭാഗങ്ങളുണ്ട്. ശനിയാഴ്ച വൈകുന്നേരങ്ങളിലാണ് കൊച്ചു കുട്ടികള്‍ കുളിമുറി ഉപയോഗിക്കാറ്. മുതിര്‍ന്ന പെണ്‍കുട്ടികള്‍ അവിടെ വന്ന് ഞങ്ങളെ കുളിപ്പിക്കും. അവര്‍ കുളിപ്പിക്കുമ്പോള്‍ എനിക്കു വലിയ നാണമായിരുന്നു.
ഏഴു വയസ്സായപ്പോള്‍ എന്നെ കൊച്ചുകുട്ടികളുടെ കൂട്ടത്തില്‍നിന്ന് ഏഴു മുതല്‍ പതിനാലു വയസ്സുവരെയുള്ള ആണ്‍കുട്ടികളുടെ വിഭാഗത്തിലേക്കു മാറ്റി. ഇപ്പോള്‍ എനിക്ക് അവരുടെ എല്ലാ പരിപാടികളിലും പങ്കെടുക്കാം. വ്യായാമങ്ങളിലും കളികളിലും രണ്ടാഴ്ചയിലൊരിക്കല്‍ സ്‌കൂളിനു പുറത്തുള്ള നടത്തത്തിലും എല്ലാം.
ഹാന്‍വെല്ലില്‍ ഞങ്ങള്‍ നന്നായി പരിപാലിക്കപ്പെട്ടിരുന്നു. എങ്കിലും ഒറ്റപ്പെട്ടതുപോലെ ഒരു തോന്നല്‍ എപ്പോഴുമുണ്ടായിരുന്നു. അവിടത്തെ അന്തരീക്ഷം ദുഃഖമയമായിരുന്നു. 'സ്‌കൂളിനു പുറത്തുള്ള നടത്തമാണ് ഞാനേറെ വെറുത്തത്. രണ്ടു വരിയായി നാട്ടുവഴികളിലൂടെ നടന്നുനീങ്ങുമ്പോള്‍ ആളുകള്‍ വളരെ പുച്ഛത്തോടെ ഞങ്ങളെ നോക്കി. 'ഭ്രാന്താലയത്തിലെ അന്തേവാസികള്‍' എന്നാണ് അവര്‍ക്കിടയില്‍ ഞങ്ങള്‍ അറിയപ്പെട്ടിരുന്നത്.
ഇത്തരം വലിയ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ വെള്ളിയാഴ്ചതോറും ജിംനേഷ്യത്തില്‍ വെച്ചാണ് നടപ്പാക്കിയിരുന്നത്.
വെള്ളിയാഴ്ച രാവിലെ മുന്നൂറോളം ആണ്‍കുട്ടികള്‍ വരിയായി മാര്‍ച്ചു ചെയ്ത് ഒരു ചതുരത്തിന്റെ മൂന്നു വശങ്ങളിലായി പട്ടാളച്ചിട്ടയില്‍ അണിനിരക്കും. നാലാമത്തെ വശത്ത് നീണ്ട ഒരു ഡെസ്‌കിനു പിറകില്‍ കുറ്റവാളി വിചാരണയും ശിക്ഷയും കാത്തുനില്‍ക്കുന്നുണ്ടാവും. ഡെസ്‌കിനു മുമ്പില്‍ ഒരു മുക്കാലിയുണ്ടായിരുന്നു. അതിന്റെ ഒരുവശത്ത് അശുഭസൂചകമായെന്നോണം ഒരു വടി തൂങ്ങിക്കിടക്കുന്നുണ്ടാവും.
ചെറിയ കുറ്റങ്ങള്‍ക്ക് കുറ്റവാളിയെ ഡെസ്‌കില്‍ കമഴ്ത്തിക്കിടത്തും. കാലുകള്‍ രണ്ടും ഒരാള്‍ പിടിച്ചമര്‍ത്തും. മറ്റൊരാള്‍ കുട്ടിയുടെ ഷര്‍ട്ട് മുകളിലേക്കും ട്രൗസര്‍ താഴേക്കും വലിച്ചിടും. നാവികസേനയില്‍നിന്ന് വിരമിച്ച, ഇരുനൂറ് പൗണ്ട് തൂക്കമുള്ള ക്യാപ്ടന്‍ ഹിന്‍ഡ്രം ഒരു ചൂരലുമായി നടന്നടുക്കും. ഒരാളുടെ തള്ളവിരലിനോളം വണ്ണവും നാലടി നീളവുമുണ്ട് ഈ വടിക്ക്. ഇതുകൊണ്ട് ചന്തിക്ക് മൂന്നടിയാണ് ഏറ്റവും കുറഞ്ഞ ശിക്ഷ. കൂടിയത് ആറും. അടി മൂന്നിലധികമാവുമ്പോള്‍ കുറ്റവാളിയില്‍നിന്ന് അതിഭയങ്കരമായ നിലവിളി ഉയരും. മിക്കവാറും ബോധം നശിക്കുകയും ചെയ്യും. അപ്പോളവനെ താങ്ങിയെടുത്ത് ഒരരികില്‍ കൊണ്ടുപോയി കിടത്തും. ശരിക്കും ഭീകരമായൊരു കാഴ്ചതന്നെയാണത്.
നിരപരാധിയാണെങ്കിലും കുറ്റം നിഷേധിക്കാതിരിക്കുകയാണ് നല്ലത് എന്നാണ് മുതിര്‍ന്ന കുട്ടികള്‍ ഉപദേശിക്കുക. കാരണം എങ്ങനെയെങ്കിലും അപരാധിയാണെന്നു തെളിഞ്ഞാല്‍ പിന്നെ ശിക്ഷ അതികഠിനമായിരിക്കും. സ്വന്തം നിരപരാധിത്വം തെളിയിക്കാന്‍ സാധാരണഗതിയില്‍ കുട്ടികള്‍ക്കാര്‍ക്കും തന്നെ സാധിക്കാറുമില്ല.
മുതിര്‍ന്ന ആണ്‍കുട്ടികളുടെ വിഭാഗത്തിലേക്ക് മാറ്റിയതിനുശേഷം ഞാനാദ്യമായാണ് ഈ ശിക്ഷയ്ക്ക് ദൃക്‌സാക്ഷിയാകുന്നത്. ഓഫീസര്‍മാര്‍ നടന്നുവരുന്നതു കണ്ടപ്പോഴേ എന്റെ ഹൃദയം ദ്രുതഗതിയില്‍ മിടിക്കാന്‍ തുടങ്ങി. സ്‌കൂളില്‍നിന്നു ചാടിപ്പോകാന്‍ ശ്രമിച്ച സാഹസികനായ കുറ്റവാളിയെ ഡെസ്‌കിനു പിറകില്‍ നിര്‍ത്തിയിരുന്നു. തീരെ ചെറുതായതിനാല്‍ അവന്റെ തലയും ചുമലും മാത്രമേ ഞങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞുള്ളൂ.
ഹെഡ്മാസ്റ്റര്‍ അതിഗൗരവത്തോടെ കുറ്റപത്രം വായിച്ചു. അതിനുശേഷം ചോദിച്ചു.
'കുറ്റം ചെയ്തിട്ടുണ്ടോ ഇല്ലയോ?'
കുറ്റവാളി നിശ്ശബ്ദനായി ധിക്കാരഭാവത്തില്‍ നിലകൊണ്ടു. ഉടന്‍തന്നെ അവന്‍ മുക്കാലിക്കടുത്തേക്ക് നയിക്കപ്പെട്ടു. ഉയരം കുറവായതുകൊണ്ട് ഒരു സോപ്പുപെട്ടിക്കു മുകളില്‍ കയറ്റിനിര്‍ത്തിയിട്ടാണ് അവന്റെ കൈകള്‍ മുക്കാലിയില്‍ ബന്ധിച്ചത്. ഇത്തവണ സാധാരണത്തേതില്‍ നിന്നും വ്യത്യസ്തമായ ചൂരലാണ് ഉപയോഗിച്ചത്. മൂന്നുതവണ അടിച്ചപ്പോഴേക്കും രണ്ടു ജോലിക്കാര്‍ വന്ന് അവനെ താങ്ങിയെടുത്ത് ചികിത്സാമുറിയിലേക്ക് കൊണ്ടുപോയി.
ഒരു വ്യാഴാഴ്ച മെഗാഫോണിലൂടെ കേട്ട പേര് എന്നെ അത്ഭുതപരതന്ത്രനാക്കി. അതെന്റെ പേരായിരുന്നു. എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന് ഒരു നിശ്ചയവുമില്ല. എങ്കിലും പറഞ്ഞറിയിക്കാനാവാത്ത ഏതോ കാരണത്താല്‍ ഞാന്‍ ആവേശഭരിതനായി. ഒരുപക്ഷേ, ഒരു നാടകത്തിലെ കേന്ദ്രകഥാപാത്രമാവുകയാണ് ഞാന്‍ എന്നതുകൊണ്ടാവും.
വിചാരണദിവസം ഞാന്‍ മുന്നോട്ടു നടന്നുചെന്നു. ഹെഡ്മാസ്റ്റര്‍ കുറ്റപത്രം വായിച്ചു. 'കക്കൂസില്‍ തീ കത്തിച്ചു എന്നതാണ് നീ ചെയ്ത കുറ്റം.'
ഇത് സത്യമായിരുന്നില്ല. കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ഏതാനും കടലാസു കഷണങ്ങള്‍ നിലത്ത് കൂട്ടിയിട്ട് കത്തിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ കക്കൂസ് ഉപയോഗിക്കാനിടയായി എന്നല്ലാതെ അതിലെനിക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല.
'അപരാധിയാണോ അല്ലയോ?' ഹെഡ്മാസ്റ്റര്‍ ഉറക്കെ ചോദിച്ചു.
'അപരാധിയാണ്.' ഏതോ ശക്തി ആവേശിച്ചതുപോലെ ഞാന്‍ മറുപടി നല്‍കി.
ഡെസ്‌കില്‍ വെച്ച് ചന്തിയില്‍ മുന്നു ചൂരല്‍ പ്രഹരങ്ങള്‍ ഏറ്റുവാങ്ങുമ്പോള്‍ എന്റെ മനസ്സില്‍ ഇതനീതിയാണെന്ന ബോധമോ അമര്‍ഷമോ ഒന്നുമില്ലായിരുന്നു. പകരം പേടിപ്പെടുത്തുന്ന ഒരുതരം സാഹസികതയാണ് തോന്നിയത്. ശ്വാസം നിലച്ചുപോകുന്നത്രയും വേദനയുണ്ടായിരുന്നെങ്കിലും ഞാന്‍ കരഞ്ഞില്ല. വേദനകൊണ്ട് തളര്‍ന്നുവീണപ്പോള്‍ അവരെന്നെ താങ്ങിയെടുത്ത് കൊണ്ടുപോയി കിടത്തി. ഒരു വീരകൃത്യത്തില്‍ വിജയിയായതുപോലെ എനിക്കു തോന്നി.
അടുക്കളയില്‍ പണിയിലേര്‍പ്പെട്ടിരുന്നതുകൊണ്ട് ശിക്ഷ നടക്കുന്ന ദിവസമാണ് സിഡ്‌നി വിവരമറിഞ്ഞത്. മറ്റു കുട്ടികളോടൊപ്പം വരിയായ് മാര്‍ച്ചു ചെയ്തുവന്നു നിന്നപ്പോള്‍ ഡെസ്‌കിനു പിറകില്‍ എന്റെ തല കണ്ട് അവന്‍ അന്ധാളിച്ചുപോയി. എനിക്ക് അടിയേല്‍ക്കുന്നത് കണ്ട് താന്‍ കരഞ്ഞുപോയി എന്ന് പിന്നീടവന്‍ എന്നോട് പറഞ്ഞു.
സിഡ്‌നിയുടെ കൊച്ചനിയനാണ് ഞാന്‍ എന്നതിനാല്‍ എനിക്കല്പം സുരക്ഷിതത്വമൊക്കെ തോന്നിയിരുന്നു. ഭക്ഷണമുറി വിട്ടുപോരുമ്പോള്‍ ഇടയ്ക്കിടെ ഞാനവനെ കാണും. അടുക്കളജോലിക്കിടയില്‍ അവന്‍ ഒരു വലിയ കഷണം വെണ്ണ, റൊട്ടിയില്‍ പുരട്ടിവച്ച് രഹസ്യമായി എനിക്കെടുത്തുതരും. ഞാനത് കുപ്പായത്തിനുള്ളില്‍ തിരുകി പുറത്തുകടക്കും. പിന്നെ എന്റെ കൂട്ടുകാരനുമായി പങ്കിട്ട് കഴിക്കും. ഇത് വിശപ്പുകൊണ്ടൊന്നുമായിരുന്നില്ല. കൂടുതല്‍ അളവില്‍ വെണ്ണ കഴിക്കാന്‍ കിട്ടുന്നതിലുള്ള സന്തോഷം കൊണ്ടുമാത്രമായിരുന്നു. പക്ഷേ, അതധികനാള്‍ നീണ്ടുനിന്നില്ല. എക്‌സ്‌മൊത്ത് പരിശീലനക്കപ്പലില്‍ ചേരാനായി സിഡ്‌നി ഹാന്‍വെല്‍ വിട്ടുപോയി.
പതിനൊന്നുവയസ്സായാല്‍ അനാഥമന്ദിരത്തിലെ ആണ്‍കുട്ടികള്‍ക്ക് കരസേനയിലോ നാവികസേനയിലോ ചേരാം. നാവികസേനയിലാണെങ്കില്‍ എക്‌സ്‌മൊത്തിലേക്കാണ് അയയ്ക്കുക. പൊയ്‌ക്കൊള്ളണമെന്ന് നിര്‍ബന്ധമൊന്നുമില്ലെങ്കിലും ഒരു ജോലി കിട്ടണമെന്ന് സിഡ്‌നി ആഗ്രഹിച്ചു. അങ്ങനെ ഹാന്‍വെല്ലില്‍ എന്നെ തനിച്ചുവിട്ട് അവന്‍ യാത്രയായി.
കുട്ടികളെ സംബന്ധിച്ചിടത്തോളം വ്യക്തിത്വത്തിന്റെ മര്‍മ്മപ്രധാനഭാഗമാണ് തലമുടി. ആദ്യമായി മുടിവെട്ടുമ്പോള്‍ കുഞ്ഞുങ്ങള്‍ ഉറക്കെ നിലവിളിക്കും. ഇടതൂര്‍ന്നതോ ചുരുണ്ടതോ നീണ്ടതോ ഏതുതരത്തിലുള്ളതായാലും മുറിച്ചുമാറ്റുമ്പോള്‍ തങ്ങളുടെ വ്യക്തിത്വത്തിന്റെ ഒരു ഭാഗംതന്നെ മുണ്ഡനം
ചെയ്യുന്നതുപോലെ അവര്‍ക്കനുഭവപ്പെടും.
ആയിടയ്ക്ക് കുറേ കുട്ടികള്‍ക്ക് തലയില്‍ കൊക്കപ്പുഴുകാരണമുള്ള ഒരു പകര്‍ച്ചവ്യാധി ഉണ്ടായി. രോഗം ബാധിച്ചവരെയെല്ലാം, ഒന്നാംനിലയില്‍ മൈതാനത്തിനഭിമുഖമായി നില്‍ക്കുന്ന ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. നിര്‍ഭാഗ്യവാന്മാരായ ആ കുട്ടികള്‍ എപ്പോഴും ജനലിനുള്ളിലൂടെ പുറത്തേക്ക് നോക്കിനില്‍ക്കുന്നത് കാണാം. അവരുടെ ഷെയ്‌വു ചെയ്ത് മിനുസപ്പെടുത്തിയ തല അയഡിന്‍ തേച്ച് തവിട്ടുനിറമാക്കിയിരുന്നു. അത് അറപ്പുതോന്നിക്കുന്ന ഒരു കാഴ്ചയായതുകൊണ്ട് ഞങ്ങള്‍ വെറുപ്പോടെയാണ് അങ്ങോട്ടു നോക്കിയിരുന്നത്.
ഒരു ദിവസം ഭക്ഷണശാലയില്‍വെച്ച് ജോലിക്കാരിലൊരാള്‍ എന്റെ തല മുടി വകഞ്ഞുനോക്കിക്കൊണ്ട് വിളിച്ചുപറഞ്ഞു. 'കൊക്കപ്പുഴു!'-ഞാന്‍ അതിഭയങ്കരമായി കരഞ്ഞു.
പുഴുക്കടി ബാധിതനായ ഇക്കാലത്ത് ഒരു ദിവസം അമ്മ എന്നെക്കാണാന്‍ വന്നു. അനാഥമന്ദിരം വിട്ട് ഒരു വീട് വാടകയ്‌ക്കെടുത്ത് ഒന്നിച്ചുതാമസിക്കാനുള്ള ചില പദ്ധതികള്‍ അമ്മ തയ്യാറാക്കുന്നുണ്ടായിരുന്നു. അമ്മയുടെ സാന്നിധ്യം ഒരു പൂച്ചെണ്ട് കാണുന്നതുപോലെ സന്തോഷകരമായിരുന്നു. വളരെ പ്രസാദവതിയും സുന്ദരിയുമായി അമ്മയെ കണ്ടപ്പോള്‍ എനിക്കെന്റെ രൂപമോര്‍ത്ത് നാണം തോന്നി.
'അവന്റെ വൃത്തികെട്ട മുഖംകണ്ട് നിങ്ങളൊന്നും വിചാരിക്കരുത്'- നഴ്‌സ് അമ്മയോട് പറഞ്ഞു.
അമ്മ പൊട്ടിച്ചിരിച്ചു. പിന്നെ എന്നെ കെട്ടിപ്പിടിച്ച് ഉമ്മ വെച്ചുകൊണ്ട് അമ്മ പറഞ്ഞ വാക്കുകള്‍ ഞാനിപ്പോഴുമോര്‍ക്കുന്നു. 'നിന്റെ എല്ലാ വൃത്തികേടുകളോടുംകൂടി ഞാന്‍ നിന്നെ ഇപ്പോഴും സ്‌നേഹിക്കുന്നു.'
ഏറെ വൈകാതെ സിഡ്‌നി എക്‌സ്മൗത്തും ഞാന്‍ ഹാന്‍വെല്ലും വിട്ട് അമ്മയോടൊപ്പം ചേര്‍ന്നു. കെന്നിംഗ്ടണ്‍ പാര്‍ക്കിന് പിറകിലുള്ള ഒരു മുറിയിലാണ് ഞങ്ങള്‍ താമസിച്ചത്. ഞങ്ങളെ അല്പകാലം പോറ്റാനേ അമ്മയ്ക്കു കഴിഞ്ഞുള്ളു. താമസിയാതെ ഞങ്ങള്‍ വീണ്ടും അനാഥമന്ദിരത്തില്‍ത്തന്നെ എത്തിച്ചേര്‍ന്നു.
അമ്മയ്ക്ക് ഒരു ജോലി കണ്ടെത്താനുള്ള വിഷമവും അച്ഛന് നാടകരംഗത്തുണ്ടായ തൊഴിലില്ലായ്മയുമായിരുന്നു തിരിച്ചുപോക്കിനുള്ള പ്രധാന കാരണങ്ങള്‍. ഞങ്ങള്‍ മൂന്നുപേരും ഒരുമിച്ചു താമസിച്ച ആ ചെറിയ ഇടവേളയില്‍ ഞങ്ങള്‍ പല പ്രാവശ്യം താമസം മാറ്റിക്കൊണ്ടിരുന്നു. അവസാനമാറ്റം അനാഥമന്ദിരത്തിലേക്കായിരുന്നു.
ഞങ്ങള്‍ താമസിച്ചിരുന്നത് പുതിയൊരു ഇടവകയിലായിരുന്നതുകൊണ്ട് മറ്റൊരു അനാഥമന്ദിരത്തിലേക്കാണ് ഇത്തവണ ഞങ്ങളെ അയച്ചത്. അവിടെ നിന്ന് നോര്‍വുഡ് സ്‌കൂളില്‍ ചേര്‍ത്തു. ഹാന്‍വെല്ലിനേക്കാള്‍ ഇരുണ്ട ഒരു സ്ഥലമായിരുന്നു അത്. നിരത്തുകളൊക്കെ ഗാംഭീര്യമേറിയതാണെങ്കിലും ആഹ്ലാദംകെട്ട ഒരന്തരീക്ഷമായിരുന്നു അവിടമാകെ.
ഒരു ദിവസം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ സിഡ്‌നിയെ രണ്ടു നഴ്‌സുമാര്‍ വന്നു വിളിച്ചുകൊണ്ടുപോയി. അമ്മയ്ക്ക് പെട്ടെന്ന് മാനസികനില തെറ്റിയെന്നും, കെയ്ന്‍ഹില്‍ മാനസികരോഗാശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവരവനെ അറിയിച്ചു. ഭാവഭേദമൊന്നും കൂടാതെ സിഡ്‌നി തിരിച്ചുപോയി കളി തുടര്‍ന്നു. പക്ഷേ, കളി കഴിഞ്ഞതിനുശേഷം അവന്‍ തനിച്ചിരുന്ന് ഏറെനേരം കരഞ്ഞു.
അവനിക്കാര്യം എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഞാന്‍ കരഞ്ഞില്ല. പക്ഷേ, അമ്പരപ്പിക്കുന്ന ഒരു നിരാശത എന്നെ പൊതിഞ്ഞു. അമ്മ എന്തിനാണിത് ചെയ്തത്? അമ്മയ്ക്കിതെങ്ങനെ സാധിച്ചു?
സ്വന്തം മനസ്സില്‍നിന്ന് രക്ഷപ്പെട്ട് അമ്മ ഞങ്ങളെ ഉപേക്ഷിച്ചുപോയതു പോലെ എനിക്കുതോന്നി.
(ചാര്‍ലി ചാപ്ലിന്റെ എന്റെ കുട്ടിക്കാലം എന്ന ഓര്‍മക്കുറിപ്പുകളില്‍ നിന്ന് )
ബാലസാഹിത്യം
ഭാഷ : മലയാളം
page : 100
Edition : 4
Publisher : Mathrubhumi
Price : 75 രൂപ
Subscribe to കിളിചെപ്പ് by Email
0 Comments