വൈദ്യുതിയുടെ രസതന്ത്രം

Share it:

വര്‍ഷം 1804,ഫോര്‍ഡ്സ് സ്ട്രീറ്റിലെ അത്യാവശ്യം പുസ്തകവ്യാപാരവും ബൈന്‍ഡിങ്ങുമുള്ള ഒരു കടയില്‍ ജോലി നോക്കുകയായിരുന്നു ആ ചെറുപ്പക്കാരന്‍.  ഒരിക്കല്‍ ബൈന്‍ഡ് ചെയ്യാനായി കടയിലെത്തിയ ‘എന്‍സൈക്ളോപീഡിയ ബ്രിട്ടാനിക്ക’(Encyclopedia Britannica) എന്ന പുസ്തകത്തില്‍ കണ്ട വൈദ്യുതിയെപ്പറ്റിയുള്ള ലേഖനം ആ ചെറുപ്പക്കാരനെ വല്ലാതെ ആകര്‍ഷിച്ചു.  
വളരെ ചെറിയ പ്രാഥമിക വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ആ ചെറുപ്പക്കാരന്‍ പതിമൂന്നാം വയസ്സില്‍ ജോലിക്ക് പോകാന്‍ നിര്‍ബന്ധിതനായി.  പുസ്തകങ്ങള്‍ കുത്തിക്കെട്ടുന്ന പണിയായിരുന്നു ആദ്യം ലഭിച്ചത്. യജമാനനായിരുന്ന റിബോ വളരെ ദയാലുവായിരുന്നു. പലപ്പോഴും കുത്തിക്കെട്ടാനുള്ള പുസ്തകങ്ങള്‍ വായിച്ചുകൊണ്ടിരിക്കുന്നതു കണ്ടാലും അദ്ദേഹം വഴക്കു പറയുകയോ ശാസിക്കുകയോ ചെയ്യാതെ കുട്ടിയെ പ്രോത്സാഹിപ്പിക്കുമായിരുന്നു.  ഒരിക്കല്‍ കടയില്‍ ഹംഫ്രിഡേവിയെന്ന( Humphry Davy ) ശാസ്ത്രജ്ഞനെക്കുറിച്ചും അദ്ദേഹം റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (Royal Institute ) വൈദ്യുതിയെക്കുറിച്ച് ചെയ്യാന്‍ പോകുന്ന പ്രസംഗപരമ്പരയെക്കുറിച്ചുമുണ്ടായ സംഭാഷണം ശ്രദ്ധയോടെ കേട്ടിരുന്ന ഈ ബാലനെ കടയിലെ ഒരു പതിവുകാരന്‍ ശ്രദ്ധിക്കുകയും പ്രസംഗപരിപാടിയില്‍ പങ്കെടുക്കാനുള്ള ഒരു ടിക്കറ്റ് നല്‍കുകയും ചെയ്തു.  അത് ആ ബാലന്‍െറ ജീവിതത്തില്‍ വഴിത്തിരിവായി.  
വൈദ്യുതി കൃത്രിമമായി ഉല്‍പാദിപ്പിക്കുവാനുള്ള കണ്ടുപിടിത്തത്തിലൂടെ ഇന്നു ലോകത്തുള്ള എല്ലാ അത്യന്താധുനിക കണ്ടുപിടിത്തങ്ങള്‍ക്കും നാന്ദി കുറിച്ച മൈക്കല്‍ഫാരഡെ ആയിരുന്നു അത്.
അന്ന് റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍വെച്ച് കേട്ട ഓരോ പ്രസംഗവും ഫാരഡെക്ക് (Michael Faraday) ഓരോ അനുഭവമായി.  വൈദ്യുതി എന്ന ആശയം ഫാരഡെയെ അത്രക്ക് ആകര്‍ഷിച്ചിരുന്നു. താന്‍ കേട്ട പ്രസംഗങ്ങളെല്ലാം കുറിപ്പുകളാക്കി സൂക്ഷിക്കാനും സ്വന്തമായി ആശയങ്ങള്‍ ഉണ്ടാക്കാനും ഇത് അദ്ദേഹത്തെ പ്രേരിപ്പിച്ചു. ബുക്ഷോപ്പിലെ ഒരു ആവശ്യത്തിനായി ധൃതിയില്‍ പോവുകയായിരുന്ന ഫാരഡെ ഭൗതികദര്‍ശനങ്ങളെപ്പറ്റിയുള്ള  ഒരു പ്രഭാഷണ പരസ്യം ശ്രദ്ധിച്ചു.  വര്‍ധിച്ച ആവേശത്തോടെ ഈ പ്രഭാഷണങ്ങളിലും പങ്കെടുത്ത മൈക്കല്‍ കുറിപ്പുകള്‍ തയാറാക്കി.  1812ല്‍ ഇവ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.  
പ്രസംഗങ്ങളില്‍ നിന്നു കിട്ടിയ ആശയങ്ങളും സ്വന്തം ആശയങ്ങളും ചേര്‍ത്ത് ഫാരഡെ തയാറാക്കിയ  മനോഹരമായ ആ പുസ്തകം റോയല്‍ സൊസൈറ്റിക്ക് അയച്ച് കൊടുത്തു.  ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഒരു കത്ത് ലഭിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരൊഴിവുണ്ടെന്നും താല്‍പര്യമുണ്ടെങ്കില്‍ വരാമെന്നും അറിയിച്ചുകൊണ്ടുള്ളൊരു കത്ത്.  അതോടെ, പുസ്തകശാലയിലെ ജോലി ഉപേക്ഷിച്ച് അദ്ദേഹം ശാസ്ത്രസന്നിധിയിലെത്തി.  
പരീക്ഷണശാലയിലെ പരിചാരകനായിട്ടായിരുന്നു തുടക്കം.  ബീക്കറും ടെസ്റ്റ് ട്യൂബുകളും കഴുകുകയായിരുന്നു ജോലി.  ശമ്പളവും കുറവ്.  എങ്കിലും ഫാരഡെ ആ ചുറ്റുപാടുകളില്‍ പിടിച്ചുനില്‍ക്കാന്‍ തീരുമാനിച്ചു.  
കാന്തികതയും വൈദ്യുതിയുമായി ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ റിപ്പോര്‍ട്ടുകളൊക്കെ നേരിട്ടു കാണാന്‍ മൈക്കലിനു കഴിഞ്ഞു.  താന്‍ വായിച്ചതും അനുമാനിച്ചതുമായ സിദ്ധാന്തങ്ങളൊക്കെയും അവിടെ പരീക്ഷിച്ചുനോക്കാനുള്ള അവസരം ലഭിച്ചു.  ക്രമേണ ഫാരഡെ ഒരു ശാസ്ത്രജ്ഞനിലേക്ക് വളരുകയായിരുന്നു.  
ഒരു പരിചാരകനായി ജോലിയില്‍ പ്രവേശിച്ച ഫാരഡെയെ അന്നത്തെ ഏറ്റവും വലിയ പണ്ഡിതസഭയായ റോയല്‍ സൊസൈറ്റിയിലേക്ക്  നാമനിര്‍ദേശം ചെയ്യപ്പെട്ടു.  അങ്ങനെ 1824 ജനുവരി8ന് ഫാരഡെ ‘ഫെലോ ഓഫ് റോയല്‍ സൊസൈറ്റി’ ആയി തെരഞ്ഞെടുക്കപ്പെട്ടു.
വൈദ്യുതി കൈപ്പിടിയില്‍
ഒരു ശീതകാലത്തില്‍ കാന്തികതയുമായി മല്ലടിക്കുകയായിരുന്ന ഫാരഡെ സുഹൃത്തായ ഫിലിപ്പിന് ഇങ്ങനെയെഴുതി ‘ ഞാന്‍ വൈദ്യുതകാന്തികതയുമായി അടുത്തു നില്‍ക്കുകയാണ്.  എന്തോ കൈപ്പിടിയിലായെന്ന് എനിക്കു തോന്നുന്നു, ചിലപ്പോളതൊരു തിമിംഗലമായിരിക്കാം, ചിലപ്പോളത് പൊള്ളയായിരിക്കാം...’
അതൊരു കണ്ടുപിടിത്തമായിരുന്നു.  മനുഷ്യവംശത്തിന്‍െറ മുഴുവന്‍ ഗതിയും തിരിച്ചുവിട്ടൊരു കണ്ടുപിടിത്തം.  കാന്തവും കമ്പിച്ചുരുളുമുപയോഗിച്ച് വൈദ്യുതി ഉണ്ടാക്കാം എന്ന മഹത്തായ കണ്ടുപിടിത്തം.
മറ്റുള്ള സംഭാവനകള്‍.
1821ല്‍ വൈദ്യുതകാന്തികപ്രഭാവത്തെ സംബന്ധിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചു. 1824ല്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ്, ഹൈഡ്രജന്‍ ബ്രോമൈഡ്, ക്ളോറിന്‍ എന്നീ വാതകങ്ങളെ മര്‍ദ്ദം ഉപയോഗിച്ച് ദ്രാവകരൂപത്തിലാക്കാനുള്ള സംവിധാനം കണ്ടെത്തി.  രാസപ്രവര്‍ത്തനംകൊണ്ട് തുരുമ്പിക്കാത്ത ഇരുമ്പ് ഫാരഡെയുടെ കണ്ടുപിടിത്തമാണ്. ആദേശ രാസപ്രവര്‍ത്തനവും അതുവഴി കാര്‍ബണിന്‍െറയും ക്ളോറിന്‍െറയും സംയുക്തങ്ങള്‍ ആദ്യമായി നിര്‍മിച്ചതും ഫാരഡെയാണ്.  1825ല്‍ ബെന്‍സീന്‍ കണ്ടുപിടിച്ചു.  കാഥോഡ്, ആനോഡ്, അയണീകരണം തുടങ്ങി ഒട്ടനവധി വാക്കുകള്‍ ലോകം കേട്ടത് അദ്ദേഹത്തില്‍ നിന്നാണ്.
അവസാനം
ജീവിതസായാഹ്നത്തില്‍ ഫാരഡെക്ക് പെന്‍ഷന്‍ നല്‍കാന്‍ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനമെടുത്തു.  പക്ഷേ, ആ തീരുമാനത്തില്‍ തന്നോടുള്ള അനുകമ്പയുടെയോ സഹതാപത്തിന്‍െറയോ അംശമുണ്ടെന്ന് കരുതിയ അദ്ദേഹം പെന്‍ഷന്‍ നിരസിച്ചെങ്കിലും ഒടുവില്‍ ജോര്‍ജ് നാലാമന്‍ ഇടപെട്ട് ഫാരഡെയുടെ സേവനങ്ങളുടെ ഫലമായാണെന്ന് ബോധ്യപ്പെടുത്തിയ ശേഷം മാത്രമാണ് പെന്‍ഷന്‍ വാങ്ങാന്‍ ഫാരഡെ തയാറായത്.
വാര്‍ധക്യസഹജമായ രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടിയ ഫാരഡെ 1867 ആഗസ്റ്റ് 25ന് ഈ ലോകത്തോട് വിടപറഞ്ഞു

Subscribe to കിളിചെപ്പ് by Email
Share it:

വൈദ്യുതിയുടെ രസതന്ത്രം

Post A Comment:

0 comments: