മനുഷ്യന്‍ ചന്ദ്രനില്‍

Share it:

ഫേ്ളാറിഡയിലെ കേപ് കെന്നഡിയില്‍നിന്ന് 1969 ജൂലൈ 16ന് അപ്പോളോ-11 യാത്രയാരംഭിച്ചു. നീല്‍ ആംസ്ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവരായിരുന്നു യാത്രികര്‍. സാറ്റേണ്‍-5 റോക്കറ്റ് ഉള്‍പ്പെട്ട അപ്പോളോ-11 വാഹനത്തിന് 110 മീറ്ററായിരുന്നു ഉയരം. ഭാരം 3100 ടണ്‍. മൂന്നു ഘട്ടങ്ങളായാണ് റോക്കറ്റ് എരിച്ചത്. ഒന്നാംഘട്ടം രണ്ടരമിനിറ്റുകൊണ്ട് എരിഞ്ഞുകഴിഞ്ഞു. ഇന്ധനമായി ദ്രാവകരൂപത്തിലുള്ള ഓക്സിജനുപയോഗിച്ചു. ചാന്ദ്രവാഹനം കിഴക്കന്‍ ആഫ്രിക്കയുടെ മീതെ 64.4 കി.മീ ഉയരത്തിലായപ്പോള്‍ റോക്കറ്റിന്റെ രണ്ടാംഘട്ടം പ്രവര്‍ത്തിപ്പിച്ചു. അപ്പോള്‍ ആദ്യ റോക്കറ്റ് വേര്‍പെട്ട് സമുദ്രത്തില്‍ വീണു. മൂന്നാംഘട്ടത്തില്‍ ഗതിവേഗം മണിക്കൂറില്‍ 40,000 കി.മീറ്ററാക്കി. ഈ ഘട്ടത്തില്‍ ഹൈഡ്രജനും ഓക്സിജനും കലര്‍ത്തി ഇന്ധനമായുപയോഗിച്ചു. ചന്ദ്രന്റെ സ്ഥാനനിര്‍ണയം നടത്തുന്നതിനായി റെട്രോ റോക്കറ്റുകള്‍ എരിച്ച് ഗതിവേഗം കുറച്ചു. ചന്ദ്രന്റെ മറുവശത്തെത്തിയപ്പോള്‍ വേഗം 5,700 കി.മീറ്ററാക്കി. വാഹനം ചന്ദ്രനുചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിച്ചു.
ജൂലൈ 20നുതന്നെ ആംസ്ട്രോങ്ങും ആല്‍ഡ്രിനും ചാന്ദ്രപേടകത്തില്‍ കടന്നു. കോളിന്‍സ് മാതൃപേടകമായ കൊളംബിയയില്‍ ഇരുന്നു. ചന്ദ്രനെ 12 പ്രാവശ്യം പ്രദക്ഷിണംവെച്ചപ്പോള്‍ ഈഗ്ളും കൊളംബിയയും (കമാന്‍ഡ് മോഡ്യൂള്‍) തമ്മില്‍ വേര്‍പെടുത്തി. ഈഗ്ളില്‍ അവരോഹണഭാഗത്തില്‍ ഘടിപ്പിച്ചിരുന്ന റോക്കറ്റ് എന്‍ജിന്‍ 28 സെക്കന്‍ഡ് എരിച്ച് വാഹനത്തെ ശരിയായ പാതയിലെത്തിച്ചു. ഈഗ്ള്‍ 1067 കി.മീ ഉയരത്തില്‍നിന്ന് ചന്ദ്രനിലേക്ക് താഴാന്‍ തുടങ്ങി. 1969 ജൂലൈ 21ന് ചന്ദ്രനിലെ 'ശാന്തസാഗര'ത്തില്‍ ഈഗ്ള്‍ ഇറങ്ങി.
21 മണിക്കൂറില്‍ നടന്നതെന്ത്?
 ആംസ്ട്രോങ്ങും ആല്‍ഡ്രിനും ഏകദേശം ഏഴു മണിക്കൂര്‍ വാഹനത്തില്‍തന്നെ കഴിച്ചുകൂട്ടി. പിന്നീട്, പ്രത്യേക കുപ്പായങ്ങളും ശരീരാവരണങ്ങളും ധരിച്ച് ആംസ്ട്രോങ് ഗോവണിവഴി ചന്ദ്രപ്രതലത്തിലിറങ്ങി. അങ്ങനെ, ആദ്യമായി ചന്ദ്രനില്‍ കാലുകുത്തിയ മനുഷ്യനായി അദ്ദേഹം ചരിത്രത്തില്‍ ഇടംപിടിച്ചു. കുറെസമയം ചന്ദ്രനില്‍ നടന്നശേഷം തിരിച്ചുവന്ന് ആല്‍ഡ്രിനെ ഏണിവഴി ഇറക്കി. രണ്ടുപേരും ചേര്‍ന്ന് അമേരിക്കയുടെ കൊടി ചന്ദ്രനില്‍ നാട്ടി.
'ഹലോ, മിസ്റ്റര്‍ പ്രസിഡന്റ്..!' അമേരിക്കന്‍ പ്രസിഡന്റ് നിക്സന്റെ ടെലിഫോണിലേക്ക് ചന്ദ്രനില്‍നിന്ന് ആ ധീരയാത്രികരുടെ വിളിയെത്തി! ലോകമൊന്നാകെ കോരിത്തരിച്ചു! അവര്‍ ചാന്ദ്രപ്രതലം കുഴിച്ച് മണ്ണെടുത്തു. കൊക്കോയുടെ നിറമുള്ള മണ്ണ് അവരുടെ ബൂട്ടുകളില്‍ പറ്റിപ്പിടിച്ചു. ചന്ദ്രനിലെ കുലുക്കങ്ങളെപ്പറ്റി പഠിക്കാനുള്ള ഉപകരണവും അവരവിടെ സ്ഥാപിച്ചു. ആകെ 22.6 കി.ഗ്രാം ചാന്ദ്രമണ്ണും പാറക്കല്ലുകളും ശേഖരിച്ചു. ഏകദേശം 21 മണിക്കൂര്‍ ചന്ദ്രനില്‍ ചെലവഴിച്ചശേഷം ഈഗ്ളിനെ കൊളംബിയയുമായി കൂട്ടിയിണക്കി. ഈഗ്ള്‍ ഉപേക്ഷിച്ച് മൂന്നുപേരും മാതൃപേടകത്തില്‍ ഭൂമിയിലേക്കു തിരിച്ചു. ജൂലൈ 24ന് സ്വന്തം ഗ്രഹത്തില്‍ അവര്‍ തിരിച്ചെത്തി.
ആദ്യപാദസ്പര്‍ശത്തിന്റെ തിരുശേഷിപ്പായി ചന്ദ്രനില്‍ സ്ഥാപിച്ചിട്ടുള്ള ഫലകത്തില്‍ അവരിങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു:‘Here men from the planet Earth first set foot upon the moon July 1969, A.D. We came in peace for all mankind.'
കടപ്പാട്: മാധ്യമം ദിനപത്രം 

Subscribe to കിളിചെപ്പ് by Email
Share it:

Moon

ചന്ദ്രന്‍

Post A Comment:

0 comments: