സൂക്ഷിക്കണേ.......

Share it:
റോഡിലൂടെ സഞ്ചരിക്കാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാനാവാത്ത കാലത്താണ് നാം ജീവിക്കുന്നത്. വഴിയാത്രികനായോ  വാഹനങ്ങള്‍ ഓടിച്ചുകൊണ്ടോ വാഹനത്തിലെ യാത്രക്കാരനായോ... അങ്ങനെ ഏതെങ്കിലും ഒരു റോളിലായിരിക്കും നമ്മുടെ റോഡിലൂടെയുള്ള യാത്രകള്‍. ആ യാത്രകളില്‍ ഒരിക്കലെങ്കിലും നാം ചിന്തിക്കാറുണ്ടോ റോഡപകടങ്ങളില്‍ പൊലിയുന്ന ജീവനെക്കുറിച്ച്. അശ്രദ്ധമായ ഡ്രൈവിങ്, സുരക്ഷിതമല്ലാത്ത റോഡുകള്‍, വാഹന ബാഹുല്യം എന്നിങ്ങനെ പല കാരണങ്ങള്‍ അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. എന്തുകൊണ്ട് അപകടങ്ങള്‍ സംഭവിക്കുന്നുവെന്ന് തിരക്കുപിടിച്ച ജീവിത കുതിപ്പിനിടയില്‍ ആരും ആലോചിക്കാറില്ല.
റോഡപകടങ്ങളുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനമാണ് നമ്മുടെ കൊച്ചു കേരളത്തിനുള്ളത്. റോഡപകടങ്ങള്‍ കുറക്കാന്‍ എല്ലാവരുടെയും കൂട്ടായ്മയും സഹകരണവും ആവശ്യമാണ്. എങ്ങനെ റോഡിലൂടെ സഞ്ചരിക്കണം, എവിടെയെല്ലാം റോഡ് മുറിച്ചുകടക്കണം, എങ്ങനെ ഒരു നല്ല ഡ്രൈവറാകാം എന്നിങ്ങനെയുള്ള അറിവ് നമ്മളിലുണ്ടായാല്‍ റോഡപകടങ്ങള്‍ പരമാവധി കുറക്കാന്‍ സാധിക്കും.

ഡ്രൈവര്‍മാരോട്  ശ്രദ്ധിക്കാന്‍ പറയണേ...
1. വാഹനം ഓടിക്കുമ്പോള്‍ മറ്റെല്ലാം കാര്യങ്ങളും മറന്ന് തന്‍െറ പ്രവൃത്തിയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. അങ്ങനെ തന്‍െറയും മറ്റുള്ളവരുടെയും ജീവന്‍െറ സുരക്ഷിതത്വം ഉറപ്പുവരുത്തുക.
2. വാഹനം റോഡിലിറക്കുന്നതിനു മുമ്പ് ടയറുകള്‍, ബ്രേക്, ലൈറ്റുകള്‍, സ്റ്റിയറിങ്, ദൃശ്യ അടയാളം, വൈപ്പറുകള്‍ എന്നിവ ശരിയായ വിധത്തിലാണോയെന്ന് പരിശോധിക്കുക.
3. അമിതവേഗത്തിലോ നിയന്ത്രിക്കാന്‍ സാധിക്കാത്ത വേഗത്തിലോ വാഹനങ്ങള്‍ ഓടിക്കാതിരിക്കുക.
4. ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും നല്ലതുപോലെ മനസ്സിലാക്കുക.

5. മറ്റുള്ള റോഡ് യാത്രക്കാരോട് പരിഗണന, ശ്രദ്ധ, ഔാര്യം എന്നിവ വളര്‍ത്തുക.
6. മഴക്കാലങ്ങളില്‍ റോഡ് വഴുക്കാന്‍ സാധ്യതയുള്ളതിനാല്‍ വേഗം കുറച്ച് ശ്രദ്ധിച്ച് വാഹനം ഓടിക്കുക.
7. സ്കൂളുകള്‍, ആശുപത്രി, കളിസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനത്തിന്‍െറ വേഗം കുറക്കുക.
8. കര്‍ശനമായും അച്ചടക്കത്തോടെയും ഇടതുവശം ചേര്‍ന്നു വാഹനം ഓടിക്കുക.
9. സിഗ്നല്‍ നിങ്ങള്‍ക്ക് അനുകൂലമായിട്ടാണെങ്കിലും കാല്‍നട യാത്രികര്‍ക്ക് മുന്‍ഗണന നല്‍കുക.
10. പൊലീസ്, ഫയര്‍ എന്‍ജിന്‍, ആംബുലന്‍സ് എന്നീ വാഹനങ്ങള്‍ക്ക് വഴി കൊടുക്കുക.
11. റോഡ് ഉപയോഗിക്കുന്ന മറ്റൊരാളുടെ പെരുമാറ്റവും കഴിവുകേടും നിങ്ങളെ കോപിഷ്ഠനാക്കരുത്.
12. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുത്.
13. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ച് വാഹനം ഓടിക്കാതിരിക്കുക.

14. വിശ്രമമില്ലാതെ തുടര്‍ച്ചയായി വാഹനം ഓടിക്കാതിരിക്കുക.
15. മുമ്പേ പോകുന്ന വാഹനത്തിന്‍െറ തൊട്ടുപിറകെ പിന്തുടരരുത്. നിശ്ചിത അകലം പാലിക്കണം.
16. ഗതാഗതക്കുരുക്ക് ഉണ്ടാവുമ്പോള്‍ ക്യൂവില്‍നിന്ന് പുറത്തുചാടരുത്.
17. വാഹനാപകടം ഉണ്ടായാല്‍ പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലെത്തിച്ച് പൊലീസില്‍ വിവരമറിയിക്കുക.
18. ഇരുചക്ര വാഹനം ഓടിക്കുമ്പോള്‍ ഹെല്‍മറ്റ് ധരിക്കുക.
19. രാത്രിയിലോ വെളിച്ചം കുറഞ്ഞ അവസരത്തിലോ ഇരുണ്ട കണ്ണാടി ധരിച്ച് ഡ്രൈവ് ചെയ്യാതിരിക്കുക.
20. റെയില്‍വേ ക്രോസിങ്ങുകള്‍ ശ്രദ്ധയോടെ മാത്രം കടക്കുക.
21. ഡ്രൈവര്‍മാര്‍ പ്രഥമ ശുശ്രൂഷയെക്കുറിച്ച് അറിഞ്ഞിരിക്കണം. ഫസ്റ്റ് എയ്ഡ് കിറ്റ് വാഹനത്തില്‍ സൂക്ഷിക്കുക.
22. റോഡിന്‍െറ മധ്യഭാഗത്ത് തുടര്‍ച്ചയായ ലൈനുണ്ടെങ്കില്‍ ആ വര ക്രോസ് ചെയ്യരുത്.
23. റോഡില്‍ മൃഗങ്ങളെ കാണുമ്പോള്‍ വാഹനത്തിന്‍െറ വേഗം കുറക്കുക.
ഡ്രൈവര്‍മാര്‍ മാത്രം ശ്രദ്ധിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.
അതുപോലെതന്നെ പല കാര്യങ്ങളും അറിഞ്ഞിരിക്കണം. ഒരുവിധത്തിലുള്ള നിയമങ്ങള്‍ക്കും വിധേയരാകേണ്ട എന്ന തോന്നലാണ് കാല്‍നടയാത്രികരെ സംബന്ധിച്ച് പലപ്പോഴും ഉണ്ടാവാറുള്ളത്. കുട്ടികളും മുതിര്‍ന്നവരും റോഡ് നിയമങ്ങള്‍ ഒരുപോലെ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.
സൈക്കിള്‍ യാത്രക്കാരുടെ ശ്രദ്ധക്ക്
1. മറ്റൊരു വാഹനത്തില്‍ പിടിച്ച് സൈക്കിള്‍ ഓടിക്കരുത്.
2. നടപ്പാതയിലൂടെ സൈക്കിള്‍ ഓടിക്കരുത്.
3. രാത്രിസമയം ഓടിക്കുന്ന സൈക്കിളിന് ലൈറ്റുണ്ടെന്ന് ഉറപ്പുവരുത്തുക. അതുപോലെ റിഫ്ളക്ടര്‍ ഉണ്ടെന്നും ഉറപ്പുവരുത്തണം.
4. ഇടതുവശത്തേക്കോ വലതുവശത്തേക്കോ തിരിയുന്നതിന്‍െറ മുമ്പായി കൈകൊണ്ട് സിഗ്നല്‍ നല്‍കുക.


5. മുന്നില്‍പോകുന്ന വാഹനത്തിന് തൊട്ടുപിന്നിലായി സൈക്കിള്‍ ഓടിക്കരുത്.
6. ഇരുണ്ട വസ്ത്രം ധരിച്ച് രാത്രി സൈക്കിള്‍ ഓടിക്കരുത്.
പൊതുജനങ്ങളോട് പറയാന്‍...
1. റോഡില്‍നിന്ന് സുരക്ഷിതമായ അകലത്തില്‍ മാത്രം വീടുകള്‍ നിര്‍മിക്കുക.
2. വീട്ടുവളപ്പിന് വേലിയോ ചുറ്റുമതിലോ കെട്ടി സംരക്ഷിക്കുക.
3. സ്കൂളുകളുടെ കളിസ്ഥലങ്ങള്‍, അസംബ്ളി ഗ്രൗണ്ട് എന്നിവ റോഡുകളുടെ തൊട്ടടുത്താകരുത്. ഉണ്ടെങ്കില്‍ മതിലുകള്‍ കെട്ടിയിരിക്കണം.
4. റോഡ് കൈയേറാതിരിക്കുക.
5. റോഡുകളില്‍ വഴിയോര കച്ചവടം, വര്‍ക്ഷോപ്പുകള്‍ എന്നിവ നടത്താന്‍ പാടില്ല.
6. റോഡില്‍ നെല്ല്, വൈക്കോല്‍, തുണി, വിറക് എന്നിവ ഉണക്കാന്‍ ഇടാതിരിക്കുക.
7. കുട്ടികളെ റോഡരികില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
8. വളര്‍ത്തുമൃഗങ്ങളെ റോഡില്‍ കെട്ടുകയോ മേയാന്‍ അനുവദിക്കുകയോ ചെയ്യരുത്.
കാല്‍നട യാത്രികര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. റോഡില്‍ കാല്‍നട യാത്രികര്‍ക്ക്  കുറുകെ നടക്കാനുള്ള വഴി അടയാളപ്പെടുത്തിയിട്ടില്ലെങ്കില്‍ വാഹനം ഓടിക്കുന്ന ഡ്രൈവര്‍ക്ക് 50 മീറ്ററെങ്കിലും ദൂരത്തുവെച്ച് കാല്‍നടയാത്രികനെ കാണത്തക്കവിധം റോഡ് വേഗത്തില്‍ മുറിച്ചുകടക്കുക.
2. റോഡ് മുറിച്ചു കടക്കുന്നതിന് മുമ്പായി ആദ്യം വലതുവശത്തേക്കും പിന്നീട് ഇരുവശത്തേക്കും പിന്നീട് വീണ്ടും ഇടതുവശത്തേക്കും നോക്കി വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം റോഡ് മുറിച്ചു കടക്കുക.
3. കാല്‍നടയാത്രക്കാര്‍ക്ക് മാത്രമുള്ള നടപ്പാത (ഫുട്പാത്ത്) ഉണ്ടെങ്കില്‍ അതിലൂടെ മാത്രമേ നടക്കാവൂ. ഫുട്പാത്ത് ഇല്ലാത്ത സ്ഥലങ്ങളില്‍ റോഡിന്‍െറ വലതുവശം ചേര്‍ന്ന് എതിരെ വരുന്ന വാഹനങ്ങള്‍ ശ്രദ്ധിച്ചു നടക്കുക.
5. കാല്‍നട യാത്രികര്‍ക്ക് പാത മുറിച്ചുകടക്കാനുള്ള വഴികള്‍ (Zebra Lines), മേല്‍പാലം (Over Bridge) ഉപവഴികള്‍ എന്നിവിടങ്ങളില്‍ മാത്രം മുറിച്ചുകടക്കുക.
6. ട്രാഫിക് സിഗ്നലുകളും റോഡ് സുരക്ഷാ അടയാളങ്ങളും നല്ലപോലെ മനസ്സിലാക്കുക.
7. ബസ് നിന്നതിനുശേഷം മാത്രം കയറുകയോ ഇറങ്ങുകയോ ചെയ്യുക. താഴെ ഇറങ്ങിയാല്‍ ബസ് പോകുന്നതുവരെ കാത്തുനില്‍ക്കുക. അതിനുശേഷം രണ്ടു ഭാഗവും ശ്രദ്ധിച്ച് റോഡില്‍ വാഹനങ്ങള്‍ ഇല്ലെങ്കില്‍ മാത്രം മുറിച്ചുകടക്കുക.
8. സംഘം ചേര്‍ന്ന് റോഡിലൂടെ നടക്കരുത്.
9. റോഡിലൂടെ പോകുന്ന വാഹനങ്ങളെക്കുറിച്ച് ശ്രദ്ധ ഉണ്ടായിരിക്കണം.
10. റോഡില്‍ ഇരുന്നും നിന്നും സൗഹൃദ സംഭാഷണം നടത്താതിരിക്കുക.
11. വൃദ്ധരെയും കുട്ടികളെയും റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുക.
12. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ചാടിക്കയറുകയോ അതില്‍നിന്ന് ചാടി ഇറങ്ങുകയോ ചെയ്യരുത്.
13. വാഹന ഗതാഗതം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥന്‍െറ നിര്‍ദേശങ്ങള്‍ അനുസരിക്കണം.
14. റോഡില്‍ കുട്ടികളുടെ കളിയും തമാശയും ഒഴിവാക്കുക.
15. റോഡിന്‍െറ മധ്യഭാഗത്ത് ഡിവൈഡര്‍ ഉണ്ടെങ്കില്‍ ആദ്യം ഡിവൈഡര്‍ വരെ മുറിച്ചു കടക്കുക. പിന്നീട് വാഹനങ്ങള്‍ വരുന്നില്ലെന്ന് ഉറപ്പുവരുത്തിയശേഷം ബാക്കിയുള്ള റോഡ് മുറിച്ചുകടക്കുക.
16. റോഡ് മുറിച്ചുകടക്കുമ്പോള്‍ പരിഭ്രമിക്കരുത്.
17. നിര്‍ത്തിയിട്ട വാഹനങ്ങളുടെ പിന്നാലെയോ അവക്കിടയിലൂടെയോ റോഡ് മുറിച്ചുകടക്കരുത്.
18. രാത്രിയില്‍ റോഡില്‍ക്കൂടി നടക്കുമ്പോള്‍ പരമാവധി ഇരുണ്ട വസ്ത്രങ്ങള്‍ ധരിക്കാതിരിക്കാന്‍ ശ്രമിക്കുക.

Subscribe to കിളിചെപ്പ് by Email
Share it:

സൂക്ഷിക്കണേ....

Post A Comment:

0 comments: