ചന്ദ്രശേഖര വെങ്കട്ടരാമന്‍

Share it:
ഇന്ത്യന്‍ ശാസ്ത്രലോകത്തെ നിത്യഹരിത പ്രതിഭയാണ് ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി. രാമന്‍. ആധുനിക ഇന്ത്യയിലെ ശാസ്ത്ര മുന്നേറ്റങ്ങള്‍ക്ക് അടിത്തറ പാകിയവരില്‍ അഗ്രഗണ്യനാണ് അദ്ദേഹം. തമിഴ്നാട്ടിലെ തിരുച്ചിറപ്പിള്ളിയിലെ ഒരു ഗ്രാമത്തില്‍ 1888 നവംബര്‍ ഏഴിനാണ് സി.വി. രാമന്‍െറ ജനനം. പിതാവ്, ചന്ദ്രശേഖര അയ്യര്‍ ഗണിതശാസ്ത്രം, ഭൗതികശാസ്ത്രം എന്നിവയിലെ അധ്യാപകനായിരുന്നു. 
അനിതരസാധാരണമായ ബുദ്ധിവൈഭവം ബാല്യത്തിലേ അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. 1892ല്‍ പിതാവിന് വിശാഖപട്ടണത്തുള്ള ഒരു കോളജില്‍ അധ്യാപകനായി ജോലി ലഭിച്ചപ്പോള്‍ സി.വി. രാമനും കുടുംബവും അവിടേക്ക് താമസം മാറ്റി. ഭൗതികശാസ്ത്രത്തില്‍ സ്വര്‍ണമെഡലോടെയാണ് 1904ല്‍ തന്‍െറ 16ാം വയസ്സില്‍ അദ്ദേഹം ബിരുദം നേടിയത്. 1907ല്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുമ്പോള്‍ തന്‍െറ ആദ്യ ഗവേഷണ പ്രബന്ധം ‘ഫിലോസഫിക്കല്‍ മാഗസിന്‍’ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ചു. മികച്ച വിജയത്തോടെ എം.എ പാസായെങ്കിലും തുടര്‍പഠനത്തിനായി ഇംഗ്ളണ്ടിലേക്ക് പോകാന്‍ അനാരോഗ്യം അനുവദിച്ചില്ല. തുടര്‍ന്ന് ഇന്ത്യയില്‍തന്നെ ജോലിക്കായി ശ്രമിച്ച സി.വി. രാമന്‍ 1907ല്‍ ഫിനാന്‍ഷ്യല്‍ സിവില്‍ സര്‍വീസ് പാസായി. തുടര്‍ന്ന് കൊല്‍ക്കത്തയില്‍ അസിസ്റ്റന്‍റ് അക്കൗണ്ടന്‍റ് ജനറലായി ഉദ്യോഗത്തില്‍ പ്രവേശിച്ചു. സംഗീതജ്ഞയായ സുന്ദരാംബാളുമായുള്ള വിവാഹവും ഈ അവസരത്തില്‍ തന്നെയായിരുന്നു. ശബ്ദവും പ്രകാശവും ഇഷ്ടമേഖലയായിരുന്ന സി.വി. രാമന് ഭാര്യയുടെ സംഗീതോപകരണങ്ങള്‍, ചെറുപരീക്ഷണ യന്ത്രങ്ങള്‍ കൂടിയായിരുന്നു.
കൊല്‍ക്കത്തയിലെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ കള്‍ട്ടിവേഷന്‍ ഓഫ് സയന്‍സിലെ സന്ദര്‍ശകനായി മാറിയ സി.വി. രാമന്‍, വീണ്ടും തന്‍െറ ഇഷ്ടമേഖലയായ ഭൗതികശാസ്ത്ര ഗവേഷണത്തിലേക്ക് തിരിഞ്ഞു. ഐ.എ.സി.എസില്‍ 10 വര്‍ഷത്തോളം വിവിധ പരീക്ഷണങ്ങളില്‍ മുഴുകിയ അദ്ദേഹം ഈ കാലയളവില്‍ 27ഓളം ശാസ്ത്രപ്രബന്ധങ്ങള്‍ പ്രസിദ്ധീകരിച്ചു. ഇത് അദ്ദേഹത്തിനു മാത്രമല്ല ഗുണകരമായത്. മറിച്ച്, ഐ.എ.സി.എസ്- ഒരു മികച്ച ഗവേഷണ സ്ഥാപനമായി തിരിച്ചറിയപ്പെടാന്‍ തുടങ്ങി. കുറച്ചുകാലം റംഗൂണ്‍, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ ജോലിചെയ്ത് വീണ്ടും കൊല്‍ക്കത്തയിലെത്തി. ഐ.എ.സി.എസിന് തൊട്ടടുത്ത് താമസമാരംഭിച്ചു. തന്‍െറ വീട്ടില്‍നിന്ന് ഐ.എ.സി.എസ്-ഗവേഷണ ശാലയിലേക്ക് ഏതുനേരത്തും കടന്നുചെല്ലാവുന്ന വിധത്തില്‍ ഒരു വാതില്‍ പണിയുകയായിരുന്നു അടുത്തപടി. തുടര്‍ന്ന് 1917ല്‍ ഔദ്യാഗിക ജീവിതത്തോട് വിടപറഞ്ഞ് കൊല്‍ക്കത്ത സര്‍വകലാശാലയില്‍ പ്രഫസറായി സേവനമനുഷ്ഠിക്കാന്‍ തുടങ്ങി. 1921ല്‍, സര്‍വകലാശാലകളുടെ സമ്മേളനത്തിനായി ലണ്ടനിലെത്തിയ ഇദ്ദേഹത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ലഭിച്ചത്. നാട്ടിലേക്കുള്ള കപ്പല്‍ യാത്രയിലാണ് രാമന്‍ ഇഫക്ടിന്‍െറ ആശയത്തിലേക്ക് കൂടുതല്‍ ശ്രദ്ധാലുവാകുന്നത്. കടല്‍പ്പരപ്പിന്‍െറ നീലിമ, നീലാകാശത്തിന്‍െറ പ്രതിഫലനമല്ല; മറിച്ച്, പ്രകാശത്തിന് സംഭവിക്കുന്ന മറ്റേതോ പ്രതിഭാസമാണെന്ന് രാമന്‍ ചിന്തിച്ചു. നാട്ടില്‍ തിരികെയെത്തിയ രാമന്‍, തന്‍െറ ഗവേഷണം അഹോരാത്രം തുടര്‍ന്നു. അങ്ങനെ 1928ല്‍ ‘രാമന്‍ പ്രഭാവം’ ലോകത്തിനുമുന്നില്‍ അനാവൃതമായി. 1928ല്‍ തന്നെ ബ്രിട്ടീഷ് ഗവണ്‍മെന്‍റ് ‘സര്‍’ പദവി നല്‍കി ആദരിച്ചു. തൊട്ടടുത്ത വര്‍ഷം നൊബേല്‍ പുരസ്കാരത്തിനായി പരിഗണിച്ചെങ്കിലും റെയ്മണ്ട് ബ്രോഗ്ലിക്കൊപ്പം പങ്കിട്ടുനല്‍കേണ്ടിവരുമെന്നതിനാല്‍ നല്‍കിയില്ല. അങ്ങനെ 1930ല്‍ നൊബേല്‍ സമ്മാനം ഇന്ത്യയിലെത്തി. റോയല്‍ സൊസൈറ്റി ഫെലോ ആയി തെരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായംകുറഞ്ഞ വ്യക്തിയായിരുന്നു സി.വി. രാമന്‍. ഐ.എ.സി.എസില്‍ തന്‍െറ സഹപ്രവര്‍ത്തകനായ കെ.എസ്. കൃഷ്ണനൊപ്പമാണ് രാമന്‍ തന്‍െറ പരീക്ഷണങ്ങള്‍ നടത്തിയത്. എന്നാല്‍, നിര്‍ഭാഗ്യകരമെന്നു പറയട്ടെ കെ.എസ്. കൃഷ്ണന് നൊബേല്‍ ലഭിച്ചില്ല. പ്രകാശത്തിന്‍െറ ക്വാണ്ടം സ്വഭാവത്തെപ്പറ്റിയും പഠനം നടത്തിയ സി.വി. രാമന്‍ 1933ല്‍ ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ഡയറക്ടറായി. 1934ല്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സ് സ്ഥാപിക്കുകയും പ്രൊസീഡിങ്സ് എന്ന സ്ഥാപനത്തിന്‍െറ മാസിക പ്രസിദ്ധീകരിക്കുകയും ചെയ്തു.
1948ല്‍ ക്രിസ്റ്റലുകളുടെ ഘടന സംബന്ധിച്ച പഠനങ്ങളിലായിരുന്നു രാമന്‍ വ്യാപൃതനായിരുന്നത്.
1949ല്‍ സ്വന്തം ഗവേഷണ സ്ഥാപനമായ ‘രാമന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്’ സ്ഥാപിച്ചു. ഈ വര്‍ഷം ദേശീയ പ്രഫസര്‍ പദവി നല്‍കി കേന്ദ്ര ഗവ. ആദരിച്ചു. പിന്നീട് പ്രകാശത്തിന്‍െറ വിവിധ തലങ്ങളെക്കുറിച്ച് പഠനഗവേഷണങ്ങളിലേര്‍പ്പെട്ടു. അസാമാന്യമായ വാക്ചാതുരിയും ആശയവിനിമയ പാടവവും ഹാസ്യം കലര്‍ന്ന അവതരണ രീതിയും കൊണ്ട് ശ്രദ്ധേയമായിരുന്നു സി.വി. രാമന്‍െറ പ്രസംഗങ്ങള്‍. 1954ല്‍ രാജ്യം പരമോന്നത ബഹുമതിയായ ഭാരത്രത്നം നല്‍കി ആദരിച്ചു.
1970 നവംബര്‍ 21ന് ഹൃദയസംബന്ധമായ രോഗത്താല്‍ സി.വി. രാമന്‍ അന്തരിച്ചു.
നിങ്ങള്‍ക്കറിയാമോ?
1983ല്‍ ഭൗതികശാസ്ത്രരംഗത്തെ സംഭാവനക്കുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച എസ്. ചന്ദ്രശേഖരന്‍ സി.വി. രാമന്‍െറ അടുത്ത ബന്ധുവായിരുന്നു!
കടപ്പാട് :- മാധ്യമം വെളിച്ചം 
-

Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.
Share it:

വ്യക്തികള്‍

Post A Comment:

1 comments:

  1. വിജ്ഞാനപ്രദമായ ലേഖനം.

    ReplyDelete