തുറമുഖങ്ങൾ

Share it:
വിദേശശക്തികൾ ഇന്ത്യയിലെത്തി ആധിപത്യം സ്ഥാപിച്ചത് തുറമുഖങ്ങൾ വഴിയായിരുന്നു. ഇന്ത്യയിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും മറ്റ് ഉത്പന്നങ്ങളും വിദേശ രാജ്യങ്ങളിൽ എത്തിയിരുന്നതും തുറമുഖങ്ങൾ വഴിയായിരുന്നു. രാജ്യങ്ങളുടെ ചരിത്രത്തിൽ ഇടം നേടിയവയാണ് തുറമുഖങ്ങൾ. സാംസ്കാരികമായും മതപരമായും മറ്റെല്ലാ രീതിയിലും രാജ്യത്തെ സ്വാധീനിച്ചിരുന്നവയാണ് ഇവ. ഇന്ത്യയിലെ തുറമുഖങ്ങളെ അടുത്തറിയാം.....
മുംബൈ 
ഇന്ത്യയിലെ സമുദ്ര വാണിജ്യത്തിൻറെ വലിയൊരു ഭാഗവും മുംബൈ തുറമുഖത്തിലൂടെയാണ് നടക്കുന്നത്. ഏകദേശം 400 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന മുംബൈ തുറമുഖമാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രകൃതിദത്ത തുറമുഖം.

'ഇന്ത്യയുടെ പരുത്തി തുറമുഖം' എന്ന വിശേഷണമാണ് മുംബൈ തുറമുഖത്തിനുള്ളത്. ഇന്ദിര, പ്രിൻസ്, വിക്ടോറിയ എന്നീ ഡോക്കുകൾ ഈ തുറമുഖത്തിലാണ്. കപ്പലുകൾക്ക് നങ്കൂരമിടാൻ 63 നങ്കൂരകേന്ദ്രങ്ങളുണ്ട്. ഇതിൻറെ ഭാഗമായ ജവഹർ ദ്വീപിൽ പെട്രോളിയം ഉത്പന്നങ്ങളുടെ വാണിജ്യം നടക്കുന്നു.

1870കളിലാണ് ആദ്യത്തെ ഡോക്ക് നിർമിക്കുന്നത്. 1873ലാണ് ബോംബൈ പോർട്ട് ട്രസ്റ്റ് രൂപീകരിക്കുന്നത്. ഇന്നിത് മുംബൈ പോർട്ട് ട്രസ്റ്റ് എന്നാണ് അറിയപ്പെടുന്നത്. കേന്ദ്ര സർക്കാരിൻറെ കീഴിലാണ് പ്രവർത്തനം.

കണ്ട്ല 
ഗുജറാത്തിലാണ് കണ്ട്ല തുറമുഖം. ഇന്ത്യ വിഭജനത്തിൻറെ സന്തതി എന്നാണിത് വിശേഷിപ്പിക്കപ്പെടുന്നത്. 1950ലാണ് തുറമുഖം പണികഴിപ്പിച്ചത്. ഇന്ത്യയും പാകിസ്ഥാനും വിഭജിക്കപ്പെട്ടപ്പോൾ പ്രധാന തുറമുഖമായ കറാച്ചി പാകിസ്ഥാൻറെ ഭാഗത്ത് ആയതുകൊണ്ടാണ് കണ്ട്ല തുറമുഖം ഗൾഫ് ഓഫ് കാച്ചിൽ പണികഴിപ്പിച്ചത്. വേലിയേറ്റ തുറമുഖമാണ് കണ്ട്ല. പെട്രോളിയം, സ്റ്റീൽ, ഇരുമ്പ്, ഉപ്പ്, ധാന്യങ്ങൾ, തുണി എന്നിവ കയറ്റുമതി ചെയ്യപ്പെടുന്നു. ഇവിടെ നിന്നും രാജ്യത്തെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല 1965-ൽ നിലവിൽ വന്നു.

ജവഹർലാൽ നെഹ്‌റു തുറമുഖം 
മുംബൈയ് തുറമുഖത്തിലെ വർദ്ധിച്ച തിരക്ക് കുറയ്ക്കുവാൻ 1970 കളിൽ നിർമ്മിച്ച തുറമുഖം. നവാഷെവ തുറമുഖം എന്നും ഇതിന് പേരുണ്ട്. ഏറ്റവും നല്ല തുറമുഖമാണിത്. ചുമതല ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിനാണ്‌. മൂന്ന് ടെർമിനലുകളാണ് ഇതിനുള്ളത്.

  1. ജവഹർലാൽ നെഹ്‌റു പോർട്ട് കണ്ടയ്നർ ടെർമിനൽ 
  2. ഗേറ്റ് വേ ടെർമിനൽ ഓഫ് ഇന്ത്യ 
  3. നവാഷെവ ഇൻറർ നാഷണൽ കണ്ടയ്നർ ടെർമിനൽ 
ഇന്ത്യയിൽ സ്വകാര്യവത്കരിക്കാത്ത കണ്ടയ്നർ ടെർമിനലാണ്  നവാഷെവ ഇൻറർ നാഷണൽ കണ്ടയ്നർ ടെർമിനൽ. ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ തുറമുഖമാണ്.

മർമ്മഗോവ 
ഗോവയിൽ സ്ഥിതി ചെയ്യുന്നു. ഇന്ത്യയിൽ നിന്ന് ഇരുമ്പയിര് കൂടുതലായി കയറ്റുമതി ചെയ്യപ്പെടുന്നത് ഈ തുറമുഖം വഴിയാണ്. സുവാരി നദിയുടെ അഴിമുഖത്താണ് തുറമുഖം. പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ കരാറനുസരിച്ചാണ് തുറമുഖ നിർമ്മാണം തുടങ്ങിയത്.

ന്യുമാംഗ്ലൂർ 
മംഗലാപുരത്തിന് സമീപത്തുള്ള പനമ്പൂരാണ് ആസ്ഥാനം. ഇന്ദിരാഗാന്ധിയാണ്‌ ഉത്‌ഘാടനം ചെയ്തത്. കൊങ്കൺ റെയിൽവേയുമായും ദേശീയപാതയുമായും ബന്ധിപ്പിച്ചിരിക്കുന്നു.

തൂത്തുകുടി 
ലോകത്തിലെ തന്നെ ഏറ്റവും പഴക്കം ചെന്ന തുറമുഖങ്ങളിൽ ഒന്നാണ് ഇത്. പാണ്ഡ്യരാജാക്കന്മാരുടെ പ്രധാന തുറമുഖമായിരുന്നു. തമിഴ്നാട്ടിലാണ് ഈ തുറമുഖം സ്ഥിതിചെയ്യുന്നത്. വി.ഒ.ചിദംബനാർ തുറമുഖം എന്ന മറ്റൊരു പേരും കൂടിയുണ്ടായിരുന്നു. അമേരിക്കയിലേയ്ക്ക് ദക്ഷിണേന്ത്യയിൽ നിന്നും നേരിട്ട് ആഴ്ചതോറും കണ്ടെയ്‌നർ സർവീസ് നടത്തുന്ന ഒരേയൊരു ദക്ഷിണേന്ത്യൻ തുറമുഖമാണ് തൂത്തുകുടി.

എണ്ണൂർ 
ചെന്നൈയിൽ നിന്ന് വടക്കായി സ്ഥിതി ചെയ്യുന്നു. കാമരാജാർ തുറമുഖം എന്ന് ഇതിൻറെ പേര് മാറ്റി. പൊതുമേഖലാ കമ്പനിയായ ആദ്യത്തെ ഇന്ത്യൻ തുറമുഖമാണ് ഇത്. തമിഴ്നാട് വൈദ്യുത ബോർഡിന് വേണ്ടി ചെന്നൈ തുറമുഖത്ത് ഇറക്കിയിരുന്ന കൽക്കരി കൈകാര്യം ചെയ്യുന്നതിന് വേണ്ടിയാണ് എണ്ണൂർ തുറമുഖം നിർമ്മിച്ചത്.

ചെന്നൈ 
ഒരു നൂറ്റാണ്ട് പഴക്കം. മദ്രാസ് തുറമുഖം എന്നാണതിൻറെ പഴയ പേര്. ബംഗാൾ ഉൾക്കടലിലെ ഏറ്റവും വലിയ തുറമുഖം. ദക്ഷിണേന്ത്യയിലേക്കുള്ള കവാടം എന്ന് ചെന്നൈ അറിയപ്പെടാൻ കാരണം ചെന്നൈ തുറമുഖമാണ്. ഭാരതി ഡോക്, അംബേദ്‌കർ ഡോക് എന്നിവ ചെന്നൈ തുറമുഖത്താണ്.

വിശാഖപട്ടണം 
ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളക്കമുള്ള രത്നം എന്നറിയപ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും ആഴമേറിയ തുറമുഖം. തുറമുഖ പ്രവേശന കവാടത്തിൽ റോസ് ഹിൽ, ഡോൾഫിൻ ഹിൽ എന്നീ മലകളാൽ ചുറ്റപ്പട്ടിരിക്കുന്നു.

കൊൽക്കത്ത 
ബംഗാളിലെ ഹൂഗ്ലി നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ഹാൽഡിയ ഡോക്ക് കൊൽക്കത്ത തുറമുഖത്താണ്.

കൊച്ചി 
കേരളത്തിലെ ഏക വൻകിട തുറമുഖം. കേന്ദ്രസർക്കാരിന്റെ തുറമുഖ മന്ത്രാലായത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ പ്രവർത്തിക്കുന്നു. പ്രകൃതിദത്ത തുറമുഖം. 1341 വരെ മുസിരീസ് തുറമുഖമായിരുന്നു കേരളത്തിലെ പ്രധാന തുറമുഖം. 1341-ലെ വെള്ളപ്പൊക്കം മുസിരീസിനെ തകർക്കുകയും കൊച്ചി സ്വാഭാവിക തുറമുഖമായി ഉത്ഭവിക്കുകയും ചെയ്തു.

'അറബിക്കടലിൻറെ റാണി' എന്ന് കൊച്ചിയെ വിശേഷിപ്പിച്ചത് കൊച്ചി ദിവാനായിരുന്ന സർ.ആർ.കെ.ഷണ്മുഖം ചെട്ടിയാണ്.

ISO 9001-2000 സർട്ടിഫിക്കറ്റ് ലഭിച്ച തുറമുഖമാണ് കൊച്ചി. ആധുനിക കൊച്ചി തുറമുഖത്തിൻറെ ഉത്‌ഘാടനം 1928ൽ നടന്നു. 1931 മുതലാണ് യാത്രാകപ്പലുകൾ കൊച്ചിയിൽ വരാൻ തുടങ്ങിയത്. 1964ൽ കൊച്ചി പോർട്ട് ട്രസ്റ്റ് രൂപീകരിച്ചു.

പ്രധാന കപ്പൽ പൊളിക്കൽ ശാലകൾ 

  1. ചിറ്റഗോഗ്‌ ഷിപ്പ് ബ്രേക്കിങ് യാർഡ് :- ബംഗ്ലാദേശ് 
  2. ഗദാനി ഷിപ്പ് ബ്രേക്കിങ് യാർഡ് :- പാകിസ്ഥാൻ 
  3. അലിയാഗ ഷിപ്പ് ബ്രേക്കിങ് യാർഡ് :- തുർക്കി 
Share it:

തുറമുഖങ്ങൾ

Post A Comment:

0 comments: