ദേശീയ വന്യജീവി വാരം

Share it:
വനത്തെയും വന്യജീവികളെയും കുറിച്ച് ബയോളജി, സാമൂഹ്യ ശാസ്ത്ര പാഠങ്ങളിൽ പഠിക്കാനുണ്ട്. കേരളത്തിൽ സസ്തനികളും പക്ഷികളും ഉരഗങ്ങളും ഉഭയജീവികളുമായി ഒട്ടേറെ ജീവികളെ കാണാം. ഇവയിൽ ചിലതിനെ പരിചയപ്പെടാം.
വന്യജീവികളെയും അവയുടെ ആവാസ വ്യവസ്ഥയെയും സംരക്ഷിക്കുക, ഇതുമായി ബന്ധപ്പെട്ടു പൊതുജനങ്ങളിൽ ബോധവത്കരണം നടത്തുക, തുടങ്ങിയ പ്രവർത്തനങ്ങളാണു വന്യ ജീവി വാരാചരണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. നമ്മുടെ കാടുകളുടെ വിസ്തൃതി ദിനംപ്രതി ചുരുങ്ങുന്നതായും വന്യജീവികൾ വംശനാശത്തിന്റെ വക്കിലേക്ക് എത്തുന്നതായും ശാസ്ത്രലോകം മുന്നറിയിപ്പ് നൽകുന്നുണ്ട്.

മലമുഴക്കി വേഴാമ്പൽ [Great Indian Hornbill]
കേരളത്തിന്റെയും അരുണാചൽ പ്രദേശിന്റെയും സംസ്ഥാന പക്ഷി. വലുപ്പമുള്ള കൊക്കുകളും വലിയ ചിറകുകളും വ്യത്യസ്തമായ ശബ്ദവും വേഗത്തിൽ തിരിച്ചറിയാൻ സഹായിക്കും. ഇതൊരു മിശ്രഭോജിയായ പക്ഷിയാണ്.

കാട്ടുനായ [ Indian Wild Dog]
കേരളത്തിലെ വനമേഖലകളിൽ കണ്ടുവരുന്ന മാംസഭോജി. നാട്ടുനായയുടെ പൂർവികരാണെന്ന് അനുമാനിക്കുന്നു. ഇവയുടെ രോമാവൃതമായ ശരീരത്തിന് ചെങ്കല്ലിന്റെ നിറമാണ്. തടിച്ച് ഇടതൂർന്ന വാലിന്റെ അഗ്രഭാഗം കറുപ്പു നിറമാണ്. തങ്ങളെക്കാൾ വലിയ മൃഗങ്ങളെപ്പോലും നേരിടാനുള്ള ധൈര്യവും, സംഘം ചേർന്നുള്ള ആക്രമണവുമെല്ലാം കാട്ടുനായ്ക്കക്കളെ വേറിട്ട വേട്ടക്കാരാക്കുന്നു.

മരനായ [ Nilgiri Marten]
അത്യപൂർവ്വമായി കാണപ്പെടുന്ന ഒരു സസ്തനിയാണ് നീലഗിരി മാർട്ടെൻ. ഒറ്റ നോട്ടത്തിൽ മലയണ്ണാനാണെന്ന് തോന്നും. മരത്തിലെന്ന പോലെ മണ്ണിലൂടെയും വേഗത്തിൽ ഓടാനും ചാടാനും സാധിക്കും. തല മുതൽ വാലിന്റെ അഗ്രം വരെ ഒരു മീറ്ററിലധികം നീളമുണ്ടാകും. തലയ്ക്കും ഉടലിനും തവിട്ടു കലർന്ന കറുപ്പു നിറം. കീഴ്ത്താടിയിലും കഴുത്തിന്റെ പകുതി വരെയും വെള്ള നിറം കാണാം. നെഞ്ചിന്റെ തുടക്കം മുതൽ മുൻകാലുകളുടെ പകുതി വരെ ഓറഞ്ചു നിറമാണ്. മൂക്കും ചുണ്ടും ചുവപ്പ്.

നക്ഷത്ര ആമ [ Indian Star Tortoise]
കേരളത്തിൽ അത്യപൂർവ്വമായി കാണപ്പെടുന്നു. ചിന്നാർ വനമേഖലയിലാണ് ഇവയുടെ സാന്നിധ്യമുള്ളത്. വ്യത്യസ്തമായ ആവാസവ്യവസ്ഥകളിൽ ജീവിക്കാൻ സാധിക്കുന്ന ജീവിയാണിത്. കടുത്ത വംശനാശ ഭീഷണി നേരിടുന്ന പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ഇരുണ്ട വരയണ്ണാൻ [Nilgiri Striped Squirrel]
പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു അപൂർവയിനം അണ്ണാനാണിത്. ഉൾക്കാടുകളിലാണ് പൊതുവെ കാണപ്പെടുന്നത്. അണ്ണാൻ വർഗ്ഗക്കാരിൽ ഏറ്റവും ചെറുതാണിത്.കരണ്ടുതീനികളുടെ വംശജനായ ഈ സസ്തനികടുത്ത വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവികൂടിയാണ്.

കരിങ്കുരങ്ങ് [Nilgiri Langur]
ലോകത്ത് നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇവയെ കണ്ടുവരുന്നത്. പശ്ചിമഘട്ടത്തിന്റെ തെക്കുഭാഗത്തുള്ള സഹ്യാദ്രിയിലെ കാടുകളിൽ കണ്ടുവരുന്നു. തിളക്കമുള്ള രോമങ്ങൾ നിറഞ്ഞ കറുത്ത ദേഹം ഇവയെ മറ്റു കുരങ്ങുകളിൽ നിന്നും വ്യത്യസ്തരാക്കുന്നു. മിക്കവാറും മരങ്ങളിൽ തന്നെയാണിവ കഴിച്ചുകൂട്ടുക. ചെറുസംഘങ്ങളായാണ് ഇവയുടെ സഞ്ചാരം. പൂർണമായും സസ്യഭുക്കുകളായ ഇവ പഴങ്ങളും വിത്തുകളും പൂക്കളും മൊട്ടുകളും തളിരിലകളും മറ്റുമാണ് ഭക്ഷിക്കുന്നത്.

ചാമ്പൽ മലയണ്ണാൻ [Grizzled Giant Squirrel]
കേരളത്തിലെ അത്യപൂർവമായ ഒരു സസ്തനി. ചിന്നാർ വന്യജീവി സങ്കേതത്തിലും അതിനോട് ചേർന്ന വനമേഖലകളിലും കാണപ്പെടുന്നു. മലയണ്ണാനെ അപേക്ഷിച്ചു വലുപ്പം കുറഞ്ഞിരിക്കും. മിക്കവാറും സമയം വൃക്ഷത്തിൽ. ഇരതേടുന്നത് പകൽ. തളിരിലകളും ഫലങ്ങളും പൂക്കളും പലതരം പ്രാണികളും മറ്റുമാണ് ആഹാരം.

വരയാട് [Nilgiri Tahr]
ലോകത്ത് നമ്മുടെ പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരാടാണിത്. പശ്ചിമഘട്ടത്തിലെ ഏക കാട്ടാടായ ഇത് തമിഴ്‌നാട്ടിലെ സംസ്ഥാന മൃഗം കൂടിയാണ്. ദക്ഷിണ പശ്ചിമ ഘട്ടത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ പുൽമേടുകളിലാണ് കാണപ്പെടുന്നത്. കേരളത്തിലാണ് ഇവയുടെ സാന്നിധ്യം കൂടുതലാണുള്ളത്. ഇടുക്കിയിലെ മൂന്നാറിനടുത്തുള്ള ഇരവികുളം ദേശീയോദ്യാനം ഇവയുടെ സംരക്ഷണത്തിനായി രൂപം കൊടുത്തതാണ്. പൂർണ്ണമായും സസ്യഭുക്കുകളാണ് വരയാടുകൾ.

കേഴമാൻ [Barking Deer / Indian Muntjac]
തവിട്ടും തിളക്കവുമുള്ള ചെങ്കല്ലിന്റെ നിറവും ചേർന്ന ശരീരപ്രകൃതം. അപകട ഘട്ടങ്ങളിൽ നായ്ക്കളെ പോലെ പ്രത്യേകതരം ശബ്ദം പുറപ്പെടുവിക്കും. വളരെ ഉച്ചത്തിൽ കേൾക്കുമ്പോൾ ഇത് കുരയ്ക്കുകയാണെന്ന് തോന്നും. ഈ ശബ്ദത്തിൽ നിന്നാണ് കുരയ്ക്കുന്ന ,മാൻ എന്ന പേര് ലഭിച്ചത്.

മ്ലാവ് / കലമാൻ [Sambar Deer]
ഇന്ത്യയിലെ ഏറ്റവും വലിയ മാനാണ് മ്ലാവ്. ഇരുണ്ട തവിട്ടുനിറമുള്ള ദേഹം. ശരീരത്തിൽ പുള്ളികളോ വരകളോ കാണില്ല.ആണും പെണ്ണും കുട്ടികളുമടങ്ങുന്ന ചെറു സംഘങ്ങളായാണ് ഇവയുടെ സഞ്ചാരം. പുല്ലും ഇലയും കായും പഴങ്ങളും വൃക്ഷത്തിലെ തൊലിയും മറ്റുമാണ് കഴിക്കുന്നത്. പൊതുവെ പകൽ സഞ്ചാരിയാണ്.

സിംഹവാലൻ കുരങ്ങ് [Lion-tailed Macaque]
ലോകത്ത് പശ്ചിമഘട്ടത്തിന്റെ ദക്ഷിണ ഭാഗങ്ങളിൽ മാത്രം കാണപ്പെടുന്ന കുരങ്ങ്. മുഖമൊഴികെ തിളങ്ങുന്ന കറുത്ത രോമങ്ങളാൽ പൊതിഞ്ഞ ശരീരം. മുഖത്ത് നരച്ച വെള്ളനിറത്തിലുള്ള മനോഹരമായ കുഞ്ചിരോമങ്ങളുള്ള സട ഉണ്ട്. സിംഹത്തിന്റെ സടയോട് സാമ്യമുണ്ട്. വാലിന്റെ അറ്റത്തും സിംഹത്തിന്റെ വാലിൽ ഉള്ളതുപോലെ രോമങ്ങളുണ്ട്.

കടുവ [Tiger]
ഇന്ത്യയുടേയും ബംഗ്ളദേശിന്റെയും ദേശീയ മൃഗം. കടുവയെ 1972-ലാണ് ഇന്ത്യയുടെ ദേശീയ മൃഗമായി പ്രഖ്യാപിക്കുന്നത്. അതിനു മുൻപ് സിംഹം ആയിരുന്നു നമ്മുടെ ദേശീയ മൃഗം. കേരളത്തിലെ വനമേഖലയിൽ കടുവകളെ കാണാം. മാംസഭോജികളാണ്. നിശബ്ദമായി സഞ്ചരിക്കാനും പതിയിരുന്ന് ഇരകളെ ആക്രമിക്കാനും അസാമാന്യ കഴിവുണ്ട്.

കാട്ടുപോത്ത് [Gaur / Indian Bison]
കേരളത്തിലെ മിക്ക വനമേഖലകളിലും കാണപ്പെടുന്ന കാലിവർഗ്ഗത്തിൽ പെട്ട വലിയ മൃഗമാണ് ഇത്. പുൽമേടുകളും ചതുപ്പുകളും നിറഞ്ഞ പ്രദേശങ്ങളാണ് ഇവയുടെ മുഖ്യ താവളം. ഇവയിൽ ആണിന് തിളക്കമുള്ള കറുപ്പ് നിറമായിരിക്കും. പെണ്ണിന് കാപ്പിനിറം. ആണിനും പെണ്ണിനും മുട്ടിന് താഴ് വശം വെള്ളനിറമാണ്. വലുപ്പമുള്ള തലയിൽ അർധചന്ദ്രാകൃതിയിലുള്ള വളഞ്ഞ കൊമ്പുകളും ഉണ്ടാകും. ഇരട്ടകുളമ്പുള്ള അയവിറക്കുന്ന മൃഗമാണിത്. സസ്യഭുക്കുകളായ ഇവ മിക്കവാറും കൂട്ടത്തോടെയാണ് സഞ്ചരിക്കുന്നത്.
Share it:

Days to Celebrate

Post A Comment:

0 comments: