തെരഞ്ഞെടുപ്പും വോട്ടിംഗും

Share it:
പരിചമുട്ട്‌ മുതല്‍ ബാലറ്റ്‌ വരെ
കൃത്യമായ ഒരു ചരിത്രമില്ലെങ്കിലും പല പ്രാചീന സംസ്‌കാരങ്ങളിലും തെരഞ്ഞെടുപ്പിന്റെ ആദിമ രൂപങ്ങള്‍ നിലനിന്നിരുന്നുവെന്നു വിശ്വസിക്കുന്നു. ഗ്രീക്ക്‌ നഗരരാഷ്ര്‌ടങ്ങളിലും റോമന്‍ സെനറ്റിലുമൊക്കെ ഇത്‌ നിലനിന്നിരുന്നതായി പറയപ്പെടുന്നു. ആ.ഇ. 4-ാം ശതകത്തില്‍ സ്‌പാര്‍ട്ടയിലെ ജനങ്ങള്‍ ഒരു പ്രത്യേകശബ്‌ദം മുഴക്കി വോട്ട്‌ ചെയ്‌തിരുന്നു. ഓരോ കാലത്തും വോട്ടുചെയ്യുന്നതിന്‌ വ്യത്യസ്‌തരീതികളാണ്‌ സ്വീകരിച്ചിരുന്നത്‌. കൈപൊക്കിയും എഴുന്നേറ്റുനിന്നും വിളിച്ചു പറഞ്ഞും കുന്തം പരിചയില്‍ മുട്ടിച്ചുമൊക്കെ വോട്ട്‌ ചെയ്‌തിരുന്നു. 1872ലാണ്‌ രഹസ്യബാലറ്റ്‌ സമ്പ്രദായം നിലവില്‍ വന്നത്‌. പഴയകാലത്ത്‌ കേരളത്തിലും ഭരണകാര്യത്തിനായി തെരഞ്ഞെടുക്കപ്പെട്ട സമിതികള്‍ ഉണ്ടായിരുന്നു. 1888ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്ത്‌ തിരുവിതാംകൂറില്‍ നിയമനിര്‍മ്മാണസഭ രൂപീകരിക്കുകയും അതിലേക്ക്‌ തെരഞ്ഞെടുപ്പ്‌ നടത്തുകയും ചെയ്‌തിരുന്നു. കൊച്ചിയില്‍ നിയമനിര്‍മ്മാണസഭ നിലവില്‍ വന്നതാകട്ടെ 1925ലും. എന്നാല്‍ നിശ്‌ചിത നികുതി നല്‍കുന്നവര്‍ക്കെ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. 1858ല്‍ ആസ്‌ട്രേലിയയിലാണ്‌ ബാലറ്റ്‌ പേപ്പര്‍ ഉപയോഗിച്ചു തുടങ്ങിയത്‌. ഇത്‌ ആസ്‌ട്രേലിയന്‍ ബാലറ്റ്‌ എന്നറിയപ്പെട്ടു. ചെറിയഉണ്ട എന്നര്‍ത്ഥമുള്ള ഇറ്റാലിയന്‍ പദമായ ബാലറ്റ യില്‍ നിന്നാണ്‌ ബാലറ്റ്‌ എന്ന പദമുണ്ടായത്‌. വര്‍ഗം, വര്‍ണം, സമ്പത്ത്‌ എന്നിവയുടെ അടിസ്‌ഥാനത്തില്‍ പലയിടത്തും വോട്ടവകാശം നിഷേധിച്ചിരുന്നു. ബ്രിട്ടനില്‍ 1918വരെയും യു.എസില്‍ 1920വരെയും സ്വിറ്റ്‌സര്‍ലന്‍ഡില്‍ 1971വരെയും സ്‌ത്രീകള്‍ക്ക്‌ വോട്ടവകാശം ഉണ്ടായിരുന്നില്ല. 1892ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ തെരഞ്ഞെടുപ്പ്‌ നടത്തിയിരു ന്നെങ്കിലും ജനപങ്കാളിത്തം ഉണ്ടായിരുന്നില്ല. ജനകീയ തെരഞ്ഞെടുപ്പ്‌ തത്വം ആദ്യമായി അംഗീകരിക്കപ്പെട്ടത്‌ 1909-ലാണ്‌. സ്വതന്ത്ര ഇന്ത്യയില്‍ പ്രായപൂര്‍ത്തി വോട്ടവകാശ ത്തിന്റെ അടിസ്‌ഥാനത്തില്‍ ആദ്യ പൊതുതെരഞ്ഞെടുപ്പ്‌ നടന്നത്‌ 1952-ലാണ്‌. വോട്ടം എന്ന ലാറ്റിന്‍ പദത്തില്‍നിന്നാണ്‌ വോട്ട്‌ എന്ന ഇംഗ്ലീഷ്‌ പദമുണ്ടായത്‌. അഭിപ്രായം എന്നാണിതിനര്‍ത്ഥം.

ചിട്ടവട്ടങ്ങള്‍ പലത്‌

ഒരു ജനാധിപത്യ ഭരണക്രമത്തിന്റെ ജീവനാഡിയാണ്‌ തെരഞ്ഞെടുപ്പും വോട്ടിംഗും. വോട്ട്‌ ചെയ്‌ത് പ്രതിനിധികളെ നിശ്‌ചയിക്കുകയോ തീരുമാനങ്ങളെടുക്കുകയോ ചെയ്യുന്ന പ്രക്രിയയാണ്‌ തെരഞ്ഞെടുപ്പ്‌. ഇന്ത്യയില്‍ തെരഞ്ഞെടുപ്പിന്‌ ചുക്കാന്‍ പിടിക്കുന്നത്‌ ഇലക്ഷന്‍ കമ്മീഷനാണ്‌. ഭരണഘടനയുടെ 324-ാം അനുചേ്‌ഛദപ്രകാരം 1950 ജനുവരി 25നാണ്‌ കമ്മീഷന്‍ നിലവില്‍വന്നത്‌. മുഖ്യ തെരഞ്ഞെടുപ്പ്‌ കമ്മീഷണറും രണ്ടംഗങ്ങളുമാണിതിലുള്ളത്‌. രാഷ്ര്‌ടപതി, ഉപരാഷ്ര്‌ടപതി എന്നീ സ്‌ഥാനങ്ങളിലേക്കും പാര്‍ലമെന്റ്‌, സംസ്‌ഥാനനിയമസഭകള്‍ എന്നിവിടങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ്‌ നടത്തുന്നതും കമ്മീഷനാണ്‌. ഇലക്ഷന്‍ കമ്മീഷന്‍ ഓഫീസ്‌ നിര്‍വാചന്‍ സദന്‍ എന്നാണറിയപ്പെടുന്നത്‌. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും ചില ചിട്ടവട്ടങ്ങളൊക്കെയുണ്ട്‌. 

അസംബ്ലി, ലോക്‌സഭ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനുള്ള പ്രായം 25 വയസാണ്‌. നിശ്‌ചിതപ്രായപൂര്‍ത്തിയായ വോട്ടറായി രജിസ്‌റ്റര്‍ചെയ്യപ്പെട്ടിട്ടുള്ള ഇന്ത്യന്‍ പൗരനുമാത്രമെ മത്സരിക്കാന്‍ കഴിയൂ. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏതൊരു വ്യക്‌തിക്കും എവിടെ നിന്നും മത്സരിക്കാം. എന്നാല്‍ അസം, ലക്ഷദ്വീപ്‌, സിക്കിം എന്നിവിടങ്ങളില്‍നിന്നും മത്സരിക്കാനാവില്ല. ഏതെങ്കിലും കേസില്‍ കുറ്റവാളിയായി പ്രഖ്യാപിക്കപ്പെടുകയും 2 വര്‍ഷത്തില്‍ കൂടുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയും ചെയ്‌ത വ്യക്‌തിക്ക്‌ ഇലക്ഷനില്‍ മത്സരിക്കാനാവില്ല. ലോക്‌സഭാതെരഞ്ഞെടുപ്പില്‍ രണ്ടില്‍ കൂടുതല്‍ മണ്ഡലങ്ങളില്‍ നിന്ന്‌ ഒരു വ്യക്‌തിക്ക്‌ മത്സരിക്കാനാവില്ല. 
Share it:

Post A Comment:

0 comments: