എബ്രഹാം ലിങ്കണ് | ||
1809 ഫെബ്രുവരി 12ന് അമേരിക്കയിലെ കെന്റക്കിയില്‍ ഹോഡ്‌ജന്‍ വില്ല എന്ന സ്‌ഥലത്താണ് എബ്രഹാം ലിങ്കണ്‍ ജനിച്ചത്. ദരിദ്രരും വിദ്യാഹീനരുമായ തോമസ് ലിങ്കണ്‍, നാന്‍സി ഹാങ്ക്‌സ് ദമ്പതികളുടെ മകനായി. കുടിലില്‍ നിന്ന് കൊട്ടാരത്തിലേക്ക് എന്ന പ്രയോഗം അന്വര്‍ത്ഥമാക്കിക്കൊണ്ട് ഒരു ഒറ്റമുറിയുള്ള മരക്കുടിലിലായിരുന്നു അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മഹാനായ പ്രസിഡന്റായിത്തീര്‍ന്ന എബ്രഹാം ലിങ്കണ്‍ പിറന്നുവീണത്. സാമ്പത്തിക പരാധീനതകള്‍ കാരണം അവര്‍ നൂറുകിലോമീറ്റര്‍ അകലെയുള്ള ഇന്ത്യാനയിലേക്കു താമസം മാറ്റി. ചെറുപ്പത്തിലെ ആഹാരത്തിനുള്ള വകയുണ്ടാക്കാനായി അച്‌ഛനോടൊപ്പം കൃഷിപ്പണിയില്‍ സഹായിയായി ചേര്‍ന്ന എബ്രഹാമിന് സ്‌കൂളില്‍ പോകാന്‍ കഴിഞ്ഞില്ല. അമ്മ നാന്‍സിയാണ് എബ്രഹാമിനെ എഴുത്തും വായനയും പഠിപ്പിച്ചത്. ഈസോപ്പുകഥകള്‍ പോലുള്ള സന്മാര്‍ഗ കഥകള്‍ അവര്‍ എബ്രഹാമിനു പറഞ്ഞുകൊടുക്കുമായിരുന്നു. ചെറുപ്പത്തിലേ ശീലമാക്കിയ പരന്ന വായന അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു. അമ്മയുടെ മരണശേഷം മറ്റൊരു വിവാഹം കഴിച്ച പിതാവ് ഇല്ലിനോയിയിലേക്കു താമസം മാറ്റി. വഞ്ചിയില്‍ ചരക്കുകള്‍ കയറ്റി ആയിരത്തി നാനൂറോളം മൈല്‍ തുഴഞ്ഞ് ന്യൂ ഓര്‍ലിയന്‍സില്‍ എത്തിക്കുന്ന ഒരു ജോലി സ്വീകരിച്ച ലിങ്കണ്‍ കെന്റക്കിയില്‍ തന്നെ തുടര്‍ന്നു. ഇക്കാലത്ത് ന്യൂ ഓര്‍ലിയന്‍സില്‍വെച്ച് കാണാനിടയായ അടിമച്ചന്ത അദ്ദേഹത്തിന്റെ മനസ്സിനെ അഗാധമായി സ്വാധീനിച്ചു. അടിമത്തത്തി നെതിരേ പൊരുതാനുള്ള ഉറച്ച തീരുമാനവുമായാണ് അദ്ദേഹം അവിടുന്ന് മടങ്ങിയത്. ഗുസ്‌തിക്കാരനായും കച്ചവടക്കാരനായും പോസ്‌റ്റുമാനായുമൊക്കെ ജോലിചെയ്‌ത എബ്രഹാം തന്റെ പ്രവര്‍ത്തനമേഖലകളിലെല്ലാം കാണിച്ച ആത്മാര്‍ത്ഥതമൂലം പതുക്കെ ജനശ്രദ്ധ നേടാന്‍ തുടങ്ങി.1832-ല്‍ രാഷ്‌ട്രീയത്തിലിറങ്ങിയ എബ്രഹാം ലിങ്കണ്‍ ഇലിനോയ് സംസ്‌ഥാനത്തെ ജനപ്രതിനിധിസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത് സ്വയം നിയമപഠനം തുടര്‍ന്ന് 1837-ല്‍ അഭിഭാഷകനായി. പുതുതായി രൂപവത്‌ക്കരിക്കപ്പെട്ട റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ അംഗത്വമെടുത്ത എബ്രഹാം ലിങ്കണ്‍ 1860-ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചു ജയിച്ചു. ലിങ്കണ്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1861 മാര്‍ച്ച് 4ന് എബ്രഹാം ലിങ്കണ്‍ ഐക്യനാടുകളുടെ പ്രസിഡന്റായി സ്‌ഥാനമേറ്റു. ഏറെ താമസിയാതെ 1861 ഫെബ്രുവരി യില്‍ ഏഴു തെക്കന്‍ സംസ്‌ഥാനങ്ങള്‍ സ്വയം വിഘടിച്ചുപോയി കോണ്‍ഫെഡറേറ്റ് സ്‌റ്റേറ്റ്‌സ് ഓഫ് അമേരിക്ക എന്ന പേരില്‍ രാജ്യം പ്രഖ്യാപിച്ചു. അവിടെ അടിമസമ്പ്രദായത്തിന് നിയമ സാധുത നല്‍കി.ഈ നടപടി അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തിനു കാരണമായി. വിഘടിത സംസ്‌ഥാനങ്ങളെ വീണ്ടും യൂണിയനില്‍ ചേര്‍ക്കുന്നതിനുള്ള യുദ്ധത്തിന് ലിങ്കണ്‍ സമര്‍ത്ഥമായ നേതൃത്വം നല്‍കി. 1865 ഏപ്രില്‍ 9ന് കോണ്‍ഫെഡറേഷന്‍ സൈന്യം കീഴടങ്ങി. വിഘടിത സംസ്‌ഥാനങ്ങളെ യൂണിയനില്‍ ലയിപ്പിച്ചു.യുദ്ധാനന്തരം അമേരിക്കയില്‍ അടിമത്തം അവസാനിച്ചു. 1865-ല്‍ അടിമത്തം അവസാനിപ്പിക്കുന്ന ഭരണഘടനാ ഭേദഗതി നിലവില്‍ വന്നു. അതേ വര്‍ഷം തന്നെ ലിങ്കണ്‍ വീണ്ടും യു.എസ്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1865 ഏപ്രില്‍ 14-ന് വാഷിംഗ്‌ടണിലെ ഒരു തിയേറ്ററില്‍ ഔവര്‍ അമേരിക്കന്‍ കസിന്‍ എന്ന നാടകം കണ്ടുകൊണ്ടിരിക്കെ തെക്കന്‍പക്ഷപാതിയായ ജോണ്‍ വില്‍ക്കിസ് ബൂത്ത് എന്ന നടന്‍ ലിങ്കനുനേരെ വെടിയുതിര്‍ത്തു. ലോകത്തെ ഞെട്ടിച്ചുകൊണ്ട്! അമേരിക്കക്കാരെ മുഴുവന്‍ ദുഃഖത്തിലാഴ്‌ത്തിക്കൊണ്ട് പിറ്റേന്ന് രാവിലെ 7.22ന് എബ്രഹാം ലിങ്കണ്‍ ഈ ലോകത്തോട് യാത്ര പറഞ്ഞു. |
0 Comments