അറിയാം ആദിവാസി ചരിത്രം - 1 (Know About Tribal Part - 1)

Share it:

ലോകത്ത് ഏറ്റവും പ്രതികൂലമായ സാഹചര്യത്തില്‍ ജീവിക്കുന്ന ജനവിഭാഗമാണ് ആദിവാസികള്‍ (Tribals). അഞ്ചു വന്‍കരകളില്‍ ഇവരുണ്ട്. ബംഗ്ളാദേശ്  (Bangladesh), ബര്‍മ (Burma), ചൈന (China), ഇന്ത്യ (India), ഇന്തോനേഷ്യ (Indonesia), ജപ്പാന്‍ (Japan), മലേഷ്യ (Malaysia), പാകിസ്താന്‍ (Pakistan), ശ്രീലങ്ക (Sri Lanka), തായ്ലന്‍ഡ് എന്നീ ഏഷ്യന്‍ രാജ്യങ്ങളിലാണ് ആദിവാസികളുടെ ആകെ ജനസംഖ്യയുടെ പകുതിയോളം കാണപ്പെടുന്നത്.
ആദിവാസി എന്ന വാക്കിന്‍െറ ശരിയായ ഭാഷാര്‍ഥം ‘പൂര്‍വ നിവാസികള്‍’ എന്നാണ്. ഇന്ത്യയില്‍ സര്‍ക്കാറും മറ്റും ട്രൈബ് എന്ന വാക്കാണ് ആദിവാസികളെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഐക്യരാഷ്ട്ര സംഘടന (United Nations) ഓരോ രാജ്യത്തെയും തനത് നിവാസികളെ സൂചിപ്പിക്കാനാണ് തദ്ദേശവാസികള്‍ എന്ന വാക്കുപയോഗിക്കുന്നത്. ഇന്ത്യയില്‍ തദ്ദേശവാസികള്‍ ആദിവാസികള്‍ എന്നറിയപ്പെടുന്നു.
2001ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ആദിവാസി ജനസംഖ്യ 3,64,189 ആണ്. ഇതില്‍ 1,80,169 പേര്‍ പുരുഷന്മാരും 1,84,020 പേര്‍ സ്ത്രീകളുമാണ്. കൂടുതല്‍ ആദിവാസികളുള്ളത് വയനാട് (Wayand District ) ജില്ലയിലാണ്-1,36,062 പേര്‍. കേരളത്തിലെ മൊത്തം ആദിവാസികളില്‍ 37.36 ശതമാനവും വയനാട്ടിലാണ്. വയനാട്ടിലെ ആകെ ജനസംഖ്യയുടെ 17.48 ശതമാനവും ആദിവാസികളാണ്.
അടിമത്തം, ബലം പ്രയോഗിച്ചുള്ള ജോലിയെടുപ്പിക്കല്‍, വിവേചനം, പട്ടിണി, മോശം ആരോഗ്യസ്ഥിതി, തൊഴിലില്ലായ്മ എന്നിങ്ങനെ നിരവധി പ്രശ്നങ്ങളാണ് ആദിവാസിസമൂഹം ഇന്ന് നേരിടുന്നത്.
കാടത്തംനിറഞ്ഞ പ്രാകൃതജീവിതത്തില്‍നിന്ന് പൊതുസമൂഹത്തിലേക്ക് എത്തിപ്പെട്ടതോടെ ഇവരുടെ ജീവിതരീതിയിലും ഭാഷയിലും സംസ്കാരത്തിലും വസ്ത്രരീതിയിലും നാഗരികതയുടെ സ്വാധീനം തെളിഞ്ഞുനിന്നു.
കാലാന്തരത്തില്‍ പല ഗോത്രങ്ങളും കേട്ടുകേള്‍വിയായി. മറ്റു ഗോത്രത്തിലുള്ളവരുമായുള്ള വിവാഹം പല ഗോത്രങ്ങളെയും നാമാവശേഷമാക്കി. മുഖ്യധാരയിലേക്കുള്ള തള്ളിക്കയറ്റം മൂലം ഗോത്ര ആചാരങ്ങള്‍ ആദിവാസികളിലെ പുതുതലമുറക്കുതന്നെ അറിയാത്ത അവസ്ഥയായി. പ്രത്യേക മേഖലയില്‍ വലിയ കൂട്ടമായി കണ്ടിരുന്ന പല ഗോത്രങ്ങളും നഗര-ഗ്രാമ ഭേദമില്ലാതെ ഒറ്റക്കും ചെറിയ ഗ്രൂപ്പുകളായും താമസിക്കാന്‍ തുടങ്ങി.
കേരളത്തിലെ വിവിധ ആദിവാസികളെക്കുറിച്ചുള്ള ലഘു വിവരങ്ങളാണ് ഇവിടെ പ്രതിപാദ്യം.
ഇതു വായിക്കുമ്പോള്‍ കൂട്ടുകാര്‍ക്ക് പലര്‍ക്കും ഒരു സംശയം തോന്നിയേക്കാം . തങ്ങളുടെ ഒപ്പം പഠിക്കുന്നവര്‍, വീടിന് അടുത്തുള്ളവര്‍, കണ്ടുപരിചയമുള്ളവര്‍ എന്നിങ്ങനെ വിവിധ ആദിവാസി സമൂഹത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഇതില്‍ പറയുന്ന രീതികള്‍ ഒന്നുമില്ലല്ലോയെന്ന്. അത് സത്യമാണ്. ഇവരുടെ ആചാരത്തിലും ജീവിതരീതിയിലും ഭാഷയിലും തുടങ്ങി എല്ലാ മേഖലകളിലും മാറ്റങ്ങള്‍ വന്നു.
 പല വിഭാഗങ്ങളും സാധാരണക്കാരുടെ ജീവിതരീതിയാണ് പിന്തുടരുന്നത്. പഴയ ആള്‍ക്കാര്‍ മാത്രമാണ് പാരമ്പര്യം പിന്തുടരുന്നത്. എങ്കിലും, പല ആചാരങ്ങളും പല ഗോത്രങ്ങളും പിന്തുടരുന്നുണ്ട്.
കൊറഗര്‍ (Koragar/Koraga)
കാസര്‍കോട് (Kasargod) ജില്ലയിലെ പെരഡാള്‍, ബേള, മഞ്ചേശ്വരം, മംഗലപ്പാടി എന്നീ സ്ഥലങ്ങളിലും ഹോസ്ദുര്‍ഗ് (Hosdurg)താലൂക്കിലുമാണ് കേരളത്തില്‍ കൊറഗ കുടുംബങ്ങളുള്ളത്.
‘കൊറുവര്‍’ എന്ന പദത്തില്‍നിന്നാണ് ‘കൊറഗര്‍’ രൂപവത്കരിച്ചത്. ‘കൊറുവര്‍’ എന്നത് തുളു പദമാണ്. ‘മലയിലെ ആളുകള്‍’ എന്നാണ് അര്‍ഥം. കേരളത്തില്‍ കൊറഗരുടെ ജനസംഖ്യ ഏതാണ്ട് 1,500ഓളമേ വരൂ.
കേരളത്തില്‍ കൊറഗര്‍ രണ്ടു വിഭാഗമുണ്ട്.
ചപ്പു കൊറഗര്‍ (Chappu Koragar)
‘ചപ്പു’ എന്ന പദത്തിന് തുളുവില്‍ ഉണങ്ങിയ ഇലയെന്നാണ് അര്‍ഥം.
കുണ്ടു കൊറഗര്‍ (Kundu Koragar)
 ‘കുണ്ടു’ എന്നതിന് തുണിയെന്നര്‍ഥം.
കൊട്ട മെടച്ചിലാണ് ഇവരുടെ പ്രധാന ഉപജീവന മാര്‍ഗം.
വിവാഹത്തിന് വരന്‍ വധുവിന്‍െറ അമ്മക്ക് വധുവിലയായി രണ്ടു രൂപ നല്‍കണം. വിവാഹദിവസം വധുവിന്‍െറ വീട്ടുകാര്‍ക്ക് വരന്‍െറവീട്ടുകാര്‍ അരി, തുണി, വെറ്റില, അടക്ക എന്നീ സാധനങ്ങള്‍ കൊടുക്കണം. വിവാഹം വധുവിന്‍െറ വീട്ടില്‍. കറുത്ത കല്ലുകള്‍ കോര്‍ത്തുണ്ടാക്കിയ മാല വരന്‍ വധുവിനെ അണിയിക്കും. ഇതാണ് വിവാഹത്തിന്‍െറ പ്രധാന ചടങ്ങ്. അതിനുശേഷം, വധൂവരന്മാര്‍ വിളമ്പിയചോറിനുമുന്നില്‍, ഒരു പായില്‍ ഇരിക്കും. മുതിര്‍ന്നവരും ക്ഷണിക്കപ്പട്ടവരും അവരുടെ തലയില്‍ അരിയിട്ട് അനുഗ്രഹിക്കും. വിവാഹമോചനം നിഷേധിക്കപ്പെട്ടിട്ടില്ല. പുനര്‍വിവാഹവും അനുവദനീയം. കുട്ടികളുണ്ടായാല്‍ എട്ടാംദിവസം പേരിടണം. മൂന്നാമത്തെ വയസ്സില്‍ കാതുകുത്തണം.
പുതുതലമുറ ഹിന്ദുക്കളുടെ ആരാധനാക്രമങ്ങളാണ് സ്വീകരിക്കുന്നത്. മരിച്ചാല്‍ ശവം കുഴികളില്‍ മറവുചെയ്യുകയാണ് പതിവ്.
കാസര്‍കോട്, ഹോസ്ദുര്‍ഗ് താലൂക്കുകളില്‍ മാത്രം കണ്ടുവരുന്നവരാണ് മറാട്ടികള്‍ (Maratti)
മഹാരാഷ്ട്രയില്‍നിന്ന് (Maharastra) കര്‍ണാടകക്കു(Karnataka) നേരെയുണ്ടായ ആക്രമണത്തില്‍ മഹാരാഷ്ട്രക്കാരോടൊപ്പം ഇവിടെവന്ന് തിരിച്ചുപോകാത്തവരാണ് മറാട്ടികള്‍ എന്ന് പറയപ്പെടുന്നു.
കാസര്‍കോട്ടെ ആദൂര്‍, ദേലമ്പാടി, ബദിയടുക്ക, പടരെ, പാണത്തൂര്‍ എന്നീ സ്ഥലങ്ങളിലാണ് ഇവര്‍ അധികമുള്ളത്. മൈസൂരിലും മറാട്ടികളുണ്ട്.
സമ്പന്ന വിഭാഗമാണ് മറാട്ടികള്‍. മറ്റുള്ള ഗിരിവര്‍ഗക്കാരുമായി വിവാഹബന്ധമില്ല. ഒന്നിച്ചിരുന്ന് ഭക്ഷണംകഴിക്കുകയുമില്ല. ഹിന്ദു(Hindu) സമുദായത്തിലെ ഉയര്‍ന്ന ജാതിക്കാരുടെ ആചാരങ്ങളും ചടങ്ങുകളുമാണ് അവര്‍ക്കുള്ളത്.കൃഷിയും കൂലിവേലയുമാണ് പ്രധാന തൊഴില്‍. മറാട്ടികള്‍ക്ക് ഒരു തലവനുണ്ട്. ഇയാളെ ഗോത്തുകാരന്‍, യജമാനന്‍ എന്നിങ്ങനെ വിളിക്കുന്നു. ഏവരും ഇയാളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യും. സമുദായത്തിലുണ്ടാകുന്ന വിവാഹത്തിനും മരണത്തിനും ഗോത്തുകാരന്‍ എത്തിച്ചേരണമെന്നത് നിര്‍ബന്ധമാണ്. വിവാഹം നിശ്ചയിക്കുന്നത് ബ്രാഹ്മണ പുരോഹിതരാണ്.
വിവാഹത്തിന്‍െറ തലേദിവസം വരന്‍ വധുവിന്‍െറ കുടുംബത്തിന് ചുരുങ്ങിയത് ഒരു പറ അരിയും പത്തുരൂപയില്‍ കുറയാത്ത സംഖ്യയും നല്‍കണം.
മഞ്ഞളില്‍മുക്കിയ വസ്ത്രങ്ങളാണ് വധൂവരന്മാര്‍ ധരിക്കേണ്ടത്.
വധൂവരന്മാര്‍ ഒരു പായില്‍ അഭിമുഖമായി നില്‍ക്കും. പുരോഹിതന്‍ ഒരു ചരടുകൊണ്ട് അവരെ തലയിലും അരയിലും കണങ്കാലിലും ചുറ്റുന്നു. കുറച്ചുകഴിഞ്ഞ് ചരടഴിക്കും. കോര്‍ത്ത പൂമാല വധുവിന്‍െറ നെറ്റിയില്‍ അണിയിക്കും. അതിനുശേഷം, പരസ്പരം കൈകോര്‍ത്ത് ഇരിക്കുന്നു. ഇരുവരുടെയും മാതാപിതാക്കളും അതിഥികളും അവരുടെ കോര്‍ത്തുപിടിച്ച കൈകളിലേക്ക് കിണ്ടിയില്‍നിന്ന് വെള്ളമൊഴിച്ചുകൊടുക്കുന്നു. ഇതാണ് വിവാഹത്തിലെ പ്രധാന ചടങ്ങ്. ശേഷം, വരന്‍  വധുവിന് താലികെട്ടുന്നു. അതോടൊപ്പം, ഒരു മൂക്കുത്തി, ബ്ളൗസ് എന്നിവ കൊടുക്കണം. താലിയും മൂക്കുത്തിയും ഭര്‍ത്താവിന്‍െറ മരണശേഷം മാത്രമേ അഴിക്കാന്‍ പാടുള്ളൂ. ആദ്യരാത്രിയില്‍ വരനും പാര്‍ട്ടിയും വധൂഗൃഹത്തില്‍ താമസിക്കും. ആ ദിവസം ഇരുവരും ഒന്നിച്ചു കിടക്കാറില്ല. ബഹുഭര്‍തൃത്വം അനുവദനീയമല്ല. എന്നാല്‍, ബഹുഭാര്യത്വം നിഷിദ്ധമല്ല. വിവാഹമോചനവും പുനര്‍വിവാഹവും അംഗീകരിച്ചിട്ടുണ്ട്. മൃതദേഹം ദഹിപ്പിക്കുന്ന പതിവാണ് മറാട്ടികള്‍ക്കുള്ളത്. ശവദാഹചടങ്ങുകള്‍ ബ്രാഹ്മണസമുദായത്തിന്‍േറതുപോലെയാണ്. മറാട്ടികള്‍ മാംസഭുക്കുകളാണ്.
കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് താലൂക്കിലും കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലും കണ്ടുവരുന്ന ഗിരിവര്‍ഗമാണ് മാവിലാന്മാര്‍ (Mavilans)
കാസര്‍കോട്ടെ ഹോസ്ദുര്‍ഗ് താലൂക്കിലും കണ്ണൂരിലെ തളിപ്പറമ്പ് താലൂക്കിലും കണ്ടുവരുന്ന ഗിരിവര്‍ഗമാണ് മാവിലാന്മാര്‍. ഈ താലൂക്കുകളിലെ എളേരി, മാലോം, വയക്കര, തടകടവ്, നടുവില്‍, എരുവേശ്ശി എന്നീ സ്ഥലങ്ങളിലാണ് മാവിലാന്മാര്‍ ഉള്ളത്. ഇവരുടെ ഭാഷ തുളുവാണ്.
‘മാവിലാന്‍’ എന്ന വാക്ക് തുളുവില്‍നിന്ന് വന്നതാണെന്ന് പറയപ്പെടുന്നു. മാവിലാന്മാര്‍ പറിച്ചുവില്‍ക്കാറുള്ള ഒരു പച്ചമരുന്നിനെയാണ് ഈ പദം സൂചിപ്പിക്കുന്നത്.
മാവിലാന്മാരുടെ ആദ്യകാല ചരിത്രത്തെക്കുറിച്ചും ആഗമനത്തെക്കുറിച്ചും പറയത്തക്ക രേഖകളോ ഐതിഹ്യങ്ങളോ ഇല്ല. മൈസൂരില്‍നിന്ന് വന്നവരാണെന്ന് പറയപ്പെടുന്നു. എന്നാല്‍, ഇവര്‍ക്കിടയില്‍ തുളുവന്‍ എന്നൊരു വിഭാഗം കൂടിയുള്ളതുകൊണ്ട് തുളുനാട്ടില്‍നിന്ന് വന്നവരാണെന്നും പറയപ്പെടുന്നു.
മാവിലാന്മാര്‍ മക്കത്തായക്കാരാണ്. ഇവരുടെ തലവനെ ചിങ്ങനെന്നും അയാളുടെ ഭാര്യയെ ചിങ്ങത്തിയെന്നും വിളിക്കുന്നു. ഇവരെ മാവിലാന്മാര്‍ വളരെയധികം ബഹുമാനിക്കുന്നു.
ഹിന്ദു ആചാരരീതികളാണ് സ്വീകരിച്ചിരിക്കുന്നത്.
വിവാഹത്തിന് വരന്‍െറ ആള്‍ക്കാര്‍ വധുവിന് പണംനല്‍കുന്ന പതിവുണ്ട്. പണമില്ലാത്തവര്‍ക്ക് പല തവണകളായി അടച്ചുതീര്‍ക്കാനുള്ള സൗകര്യവും അനുവദിച്ചിട്ടുണ്ട്. വധുവിന്‍െറ വീട്ടില്‍ നടക്കുന്ന വിവാഹത്തിന് ചെലവുവഹിക്കേണ്ടത് വരനാണ്. മറ്റു ജാതിക്കാരുമായോ വര്‍ഗക്കാരുമായോ വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടാറില്ല.
മൃതദേഹത്തിന്‍െറ വായില്‍ അരി നിക്ഷേപിക്കുന്ന പതിവുണ്ട്. സ്ത്രീകള്‍ മരിച്ചാല്‍ കര്‍മം സ്ത്രീകള്‍തന്നെ ചെയ്യണം.
കടപ്പാട്  :-ചിത്രം : മാത്രുഭൂമി ; ലേഘനം :വെളിച്ചം 
അടുത്ത പോസ്റ്റില്‍  തുടരും ....

Subscribe to കിളിചെപ്പ് by Email
Share it:

Know About Tribal

അറിയാം ആദിവാസി ചരിത്രം

Post A Comment:

0 comments: