ബാപ്പുജി

Share it:
ബാപ്പുജി നമുക്കെന്നും സജീവവും സ്നേ ഹനിര്‍ഭരവുമായ ചിന്തയാണ്. പാരതന്ത്ര്യത്തിന്റെ ചങ്ങലക്കെട്ടുകള്‍ക്കുള്ളില്‍നിന്ന് സ്വാതന്ത്ര്യത്തിന്റെ വെളിച്ചത്തിലേക്ക് പുതിയ സമരമുഖം നല്‍കി ഒരു ജനതയെ നയിച്ച മഹാന്‍. ലോകത്തെ മുഴുവന്‍ തന്നിലേക്ക് ആകര്‍ഷിക്കുംവിധം സത്യവും ധര്‍മ്മവും അഹിംസയും അടിസ്ഥാനമാക്കിയുള്ള കാഴ്ചപ്പാടുകള്‍; ഇന്നും എന്നും ലോകത്തിന് മാതൃക! അതുകൊണ്ടുതന്നെയാണ് ഗാന്ധിജിയെ ആദരിക്കുവാനും അറിയാനും ആധുനിക ലോകവും ശ്രമിക്കുന്നത്.

"ഞങ്ങളില്‍ ആരുടെയും പോലെയായിരുന്നില്ല ഗാന്ധിജിയുടെ വേഷം. വസ്ത്രധാരണം പ്രാകൃതം.ഞാന്‍ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ആദ്യമായി പങ്കെടുക്കാന്‍ ചെന്നത് 1912ല്‍. ഞാനവിടെ കണ്ട നേതാക്കളില്‍നിന്ന് വ്യത്യസ്തനായിരുന്നു ഗാന്ധിജി. ലളിതമായ വസ്ത്രധാരണം, ലളിതമായ പെരുമാറ്റം, ലളിതമായ സംഭാഷണശൈലി, പറയുന്നത് ലളിതമായ കാര്യങ്ങള്‍... ഇടപെടുന്നവരുടെ മനസ്സറിഞ്ഞുകൊണ്ടുള്ള പെരുമാറ്റം. സംസാരിക്കുന്നത് തന്റെ നാട്ടുഭാഷയായ ഗുജറാത്തിയിലും ഹിന്ദിയിലും... ഒരു നാടന്‍ കൃഷിക്കാരനെപ്പോലെ ഗാന്ധിജി സംസാരിക്കുമ്പോള്‍ അവന്റെ മനസ്സാണ് ആ ശബ്ദത്തിലൂടെ കേള്‍ക്കുന്നത്." ഇത് രാഷ്ട്രപിതാവിനെപ്പറ്റി രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹ്റു കുറിച്ചത്.

ഈ സമീപനം ദേശീയത ഇന്ത്യയിലെ സാധാരണക്കാരന്റെ ഹൃദയസ്പന്ദനമാക്കി. ഇടത്തരക്കാരുടെ ഇടപെടലുകളില്‍ പരിമിതപ്പെട്ട ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തെ ജനസാമാന്യത്തിന്റെ വികാരവും വിചാരവുമാക്കി വളര്‍ത്തിയത് ഗാന്ധിജിയുടെ ഈ സമീപനത്തിന്റെ ഫലമായിരുന്നു. സത്യഗ്രഹം എന്ന സമരമാര്‍ഗത്തെ വിസ്മയകരമായി ഉപയോഗിക്കാന്‍ ഗാന്ധിജിക്ക് സാധിച്ചു. സത്യഗ്രഹ സമരമാര്‍ഗം ഫലപ്രദമായി ഉപയോഗിച്ചപ്പോള്‍ ലക്ഷക്കണക്കിന് സാധാരണക്കാരെ സ്വാതന്ത്ര്യസമരത്തിന്റെ പോരാളികളായി വളര്‍ത്താന്‍ കഴിഞ്ഞു. വികസന സങ്കല്‍പങ്ങള്‍ "ഏത് തരത്തിലുള്ള വികസനത്തിനും ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുമ്പോള്‍ ദരിദ്രരുടെയും ദുര്‍ബലരുടെയും മുഖമാണ് നമ്മുടെ മനസ്സില്‍ തെളിയേണ്ടത്. നിങ്ങളുടെ പദ്ധതികള്‍ അവര്‍ക്ക് എത്രമാത്രം പ്രയോജനപ്പെടുമെന്ന് ചിന്തിക്കുക. ഇതായിരിക്കണം വികസനത്തെ സംബന്ധിച്ച നിങ്ങളുടെ മാനദണ്ഡം." ഇങ്ങനെ അവശത അനുഭവിക്കുന്ന മനുഷ്യനെ അടിസ്ഥാനമാക്കിയുള്ള വികസന പ്രവര്‍ത്തനമാണ് ഗാന്ധിജി വിഭാവനം ചെയ്ത്. ഇന്ത്യയിലെ ഗ്രാമങ്ങളെയും ഗ്രാമീണരെയും ലക്ഷ്യമാക്കിയാവണം വികസനപരിപാടികള്‍ ആരംഭിക്കേണ്ടതെന്ന് അദ്ദേഹം ആഗ്രഹിച്ചു. അതിരുകവിഞ്ഞുള്ള വ്യവസായവല്‍ക്കരണത്തെ ഗാന്ധിജി അനുകൂലിച്ചിരുന്നില്ല. അതുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ അദ്ദേഹം മനസ്സിലാക്കുകയും ചൂണ്ടിക്കാട്ടുകയും ചെയ്തു. ഭൂമുഖത്തുള്ള പരിമിതവും നിയന്ത്രിതവുമായ വിഭവങ്ങള്‍ വിവേകപൂര്‍വ്വം ഉപയോഗിക്കാനാണ് മനുഷ്യന്‍ പഠിക്കേണ്ടതെന്ന് ഗാന്ധിജി വിശ്വസിച്ചു. "ഇന്ത്യക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിക്കണമെങ്കില്‍ അതുവഴി ലോകത്തിന് മുഴുവനായും ലഭിക്കണമെങ്കില്‍ നാം ഗ്രാമങ്ങളിലെ കുടിലുകളില്‍ താമസിക്കേണ്ടിവരും; പട്ടണങ്ങളിലെ രമ്യഹര്‍മ്മങ്ങളിലല്ല" എന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ ഗാന്ധിജി ഗ്രാമങ്ങള്‍ക്ക് നല്‍കിയ പ്രാധാന്യം വ്യക്തമാവുമല്ലോ.

കര്‍മ്മ പരിപാടി
രാജ്യത്തെ സ്നേഹിക്കുന്ന ഓരോ പൗരനും പാലിക്കേണ്ട പതിനെട്ടിന കര്‍മ്മ പരിപാടി ഗാന്ധിജി രാഷ്ട്രത്തിന് നല്‍കിയിരുന്നു. മതസൗഹാര്‍ദ്ദം, അയിത്തോച്ചാടനം, മദ്യവര്‍ജനം, ഖാദി, ഗ്രാമവ്യവസായങ്ങള്‍, ഗ്രാമശുചീകരണം, അടിസ്ഥാന വിദ്യാഭ്യാസം, വയോജന വിദ്യാഭ്യാസം, സ്ത്രീ സുരക്ഷ, ആരോഗ്യ പ്രചരണം, പ്രാദേശിക ഭാഷാ സംരക്ഷണം, രാഷ്ട്രഭാഷയുടെ പ്രാധാന്യം, സാമ്പത്തിക സമത്വം, കൃഷിക്കാരുടെ പ്രാധാന്യം, തൊഴിലാളികള്‍, ആദിവാസികള്‍, കുഷ്ഠരോഗനിവാരണം, വിദ്യാര്‍ഥികള്‍ എന്നീ മേഖലകളില്‍ രാഷ്ട്രപുരോഗതിക്കുവേണ്ടി നടപ്പാക്കേണ്ട പ്രവര്‍ത്തനങ്ങളുടെ ദര്‍ശനമാണ് ഈ കര്‍മ്മപരിപാടിയിലൂടെ ഗാന്ധിജി വിശദീകരിച്ചത്. പുസ്തകങ്ങളില്‍ ബാപ്പു നാനൂറിലേറെ ജീവചരിത്ര പുസ്തകങ്ങള്‍ ഗാന്ധിജിയുടേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ രചനകള്‍ സമാഹരിച്ച് കേന്ദ്രസര്‍ക്കാരിന്റെ പ്രസിദ്ധീകരണ വിഭാഗം നൂറ് വാല്യങ്ങളിലായി പുറത്തിറക്കിയ സമാഹാരം സമാനതകളില്ലാത്തതാണ്.

ജീവചരിത്രഗ്രന്ഥങ്ങളില്‍ ആധികാരികമായി കണക്കാക്കുന്നത് "മഹാത്മ ദ ലൈഫ് ഓഫ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി" എന്ന പുസ്തകമാണ്. എട്ടുവാല്യമായി പ്രസിദ്ധീകരിച്ച ഈ പുസ്തകം ഗാന്ധിജി മരിച്ചിട്ട് മൂന്ന് കൊല്ലങ്ങള്‍ക്കുശേഷം പുറത്തുവന്നു. ഡി ജി ടെന്‍ഡുല്‍ക്കറാണ് ഇതിന്റെ രചയിതാവ്. ഗാന്ധിജിയെപ്പറ്റി ഏറ്റവുമധികം വിവരങ്ങള്‍ പറഞ്ഞിട്ടുള്ള ഇതിന്റെ രചനാവേളയില്‍ അദ്ദേഹത്തിന്റെ സഹായവും ടെന്‍ഡുല്‍ക്കര്‍ക്ക് ലഭിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ ജീവിതത്തെ കൃത്യമായി വരച്ചുകാട്ടിയ പുസ്തകങ്ങള്‍ രചിച്ചത് പ്യാരി ലാലാണ്. "മഹാത്മാഗാന്ധി-ദി ഏര്‍ലി ഫേസ് , ദ ലാസ്റ്റ് ഫേസ്്" എന്നിവയാണ് ഈ സമാഹാരങ്ങള്‍. മഹാദേവ് ദേശായിയുടെ "ഡേ ടു ഡെ വിത്ത് ഗാന്ധി" എന്ന പുസ്തകവും മികച്ചതാണ്. റിച്ചാര്‍ഡ് ആറ്റന്‍ബറോ "ഗാന്ധി" സിനിമയ്ക്ക് ആധാരമായി സ്വീകരിച്ചത് ലൂയിസ് ഫിഷര്‍ രചിച്ച "ദി ലൈഫ് ഓഫ് മഹാത്മഗാന്ധി" എന്ന ഗ്രന്ഥമാണ്. ഗാന്ധിജിയുടെ കേരള സന്ദര്‍ശനങ്ങള്‍ അഞ്ചുതവണ ഗാന്ധിജി കേരളത്തില്‍വന്നു.

1920 ആഗസ്ത് 18 നാണ് ആദ്യമായി എത്തിയത്. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ഖിലാഫത്ത് സമരത്തെ ശക്തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കോഴിക്കോട് കടപ്പുറത്ത് തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. തുര്‍ക്കി സുല്‍ത്താനോട് ബ്രിട്ടീഷുകാര്‍ കാട്ടിയ അനീതിയും സ്വദേശി പ്രസ്ഥാനത്തിന്റെ ആവശ്യകതയും ജനങ്ങളെ ബോധ്യപ്പെടുത്തുന്നതായിരുന്നു പ്രസംഗം. വൈക്കം സത്യഗ്രഹത്തോട് അനുബന്ധിച്ചായിരുന്നു രണ്ടാമത്തെ സന്ദര്‍ശനം - 1925 മാര്‍ച്ച് 8 - 19. അയിത്തോച്ചാടനത്തിനും സഞ്ചാരസ്വാതന്ത്ര്യത്തിനുംവേണ്ടി നടന്ന സത്യഗ്രഹ പരിപാടികള്‍ക്ക് ഗാന്ധിജിയുടെ സാന്നിധ്യം ഊര്‍ജ്ജം പകര്‍ന്നു. ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ച് സംഭാഷണം നടത്തിയത് ഈ വരവിലായിരുന്നു.

ഖാദി പ്രചരണം ലക്ഷ്യമാക്കി 1927 ഒക്ടോബര്‍ 9-25 വരെയായിരുന്നു മൂന്നാം തവണ ഗാന്ധിജി കേരളത്തില്‍ എത്തിയത്. ഗ്രാമവ്യവസായ സംഘം, ചര്‍ക്കാസംഘം എന്നിവയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള ദേശീയ പ്രചരണത്തിന്റെ ഭാഗമായിരുന്നു ഈ വരവ്. 1934 ജനുവരി 10 മുതല്‍ 22 വരെ നടന്ന നാലാം സന്ദര്‍ശനത്തിന്റെ ലക്ഷ്യം ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പണവും പിന്തുണയും ഉറപ്പിക്കുകയായിരുന്നു. വടകരയില്‍ ഇതുമായി ബന്ധപ്പെട്ടു നടന്ന യോഗത്തില്‍ കൗമുദി എന്ന പെണ്‍കുട്ടി തന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ മുഴുവന്‍ ഊരി നല്‍കിയത് ഗാന്ധിജിയെ ഏറെ സ്പര്‍ശിച്ച സംഭവമായിരുന്നു. "ആഹ്ലാദകരമായ തീര്‍ത്ഥാടനം" എന്ന് ഗാന്ധിജിതന്നെ വിശേഷിപ്പിച്ച അഞ്ചാം സന്ദര്‍ശനം 1937 ജനുവരിയിലായിരുന്നു. തിരുവിതാംകൂറില്‍ ക്ഷേത്ര പ്രവേശന വിളംബരം നടന്നതിന്റെ ആഹ്ലാദം പങ്കിടാന്‍ എത്തിയ ഈ യാത്രയിലാണ് അയ്യങ്കാളിയെ കാണുന്നത്. 1921ല്‍ മലബാര്‍ കലാപം നടക്കുന്ന വേളയില്‍ അവിടം സന്ദര്‍ശിക്കാന്‍ ഗാന്ധിജി ആഗ്രഹിച്ചിരുന്നു. ഇതിനുവേണ്ടി പുറപ്പെട്ടെങ്കിലും ബ്രിട്ടീഷ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. Subscribe to കിളിചെപ്പ് by Email
Share it:

മഹാത്മാ ഗാന്ധി

Post A Comment:

0 comments: