Header Ads Widget

ഗാന്ധിമാർ - 2


.....................................................................
ഘാന ഗാന്ധി
ക്വാമി എന്‍ ക്രൂമ
.....................................................................
1909 സെപ്റ്റംബര്‍ 21ന് ഗോള്‍ഡ് കോസ്റ്റില്‍ (ഇപ്പോഴത്തെ ഘാന) ജനിച്ചു. പെന്‍സില്‍വേനിയ സര്‍വകലാശാലയില്‍നിന്ന് ബിരുദം നേടി. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ ശബ്ദമുയര്‍ത്തി. 1945ല്‍ ലണ്ടനിലെത്തിയ അദ്ദേഹം മാഞ്ചസ്റ്ററില്‍ പാന്‍ ആഫ്രിക്കന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്നതില്‍ സഹായിച്ചു. ആഫ്രിക്കന്‍ കോളനികളുടെ സ്വാതന്ത്ര്യത്തിനായി വെസ്റ്റ് ആഫ്രിക്കന്‍ നാഷനല്‍ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചു. സ്വാതന്ത്ര്യത്തിനു ശേഷം കണ്‍വെന്‍ഷന്‍ ഓഫ് പീപ്പ്ള്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനം വഹിച്ചു. ഘാനയുടെ ആദ്യ പ്രസിഡന്‍റും (1960-66) ആദ്യ പ്രധാനമന്ത്രി (1957-60)യുമായി. ഓര്‍ഗനൈസേഷന്‍ ഓഫ് ആഫ്രിക്കന്‍ യൂനിറ്റിയുടെ സ്ഥാപകാംഗം. നെഹ്റു, ടിറ്റോ, അബ്ദുല്‍ നാസര്‍, സുകാര്‍ണോ എന്നിവര്‍ക്കൊപ്പം ചേരിചേരാ പ്രസ്ഥാനം ഒരു രാഷ്ട്രാന്തര സംഘടനയായി ഉയര്‍ത്തുന്നതില്‍ പങ്കുവഹിച്ചു. അദ്ദേഹം വിദേശസന്ദര്‍ശനം നടത്തുന്ന വേളയില്‍ ഭരണകൂടത്തെ പട്ടാളവും പൊലീസും ചേര്‍ന്ന് അട്ടിമറിച്ചു. തുടര്‍ന്ന് ഗിനിയില്‍ അഭയം തേടി. ഏറെ കൃതികളുടെ കര്‍ത്താവാണ്. നീഗ്രോ ഹിസ്റ്ററി: യൂറോപ്യന്‍ ഗവണ്‍മെന്‍റ് ഇന്‍ ആഫ്രിക്ക, ഘാന ദ ഓട്ടോബയോഗ്രഫി ഓഫ് ക്വാമി എന്‍ ക്രൂമ, ആഫ്രിക്ക മസ്റ്റ് യുനൈറ്റ്, വോയ്സ് ഫ്രം കോണക്രി എന്നിവ ചില കൃതികള്‍. അര്‍ബുദബാധയെ തുടര്‍ന്ന് 1972 ഏപ്രില്‍ 27ന് റുമാനിയയിലെ ബുക്കാറസ്റ്റില്‍ അന്തരിച്ചു.
.....................................................................
ജര്‍മന്‍ ഗാന്ധി
ജെറാര്‍ഡ് ഫിഷര്‍
.....................................................................
ജര്‍മന്‍ നയതന്ത്രജ്ഞനും അംബാസഡറും മനുഷ്യസ്നേഹിയുമായിരുന്നു ജെറാര്‍ഡ് ഫിഷര്‍. ഓസ്ലോയില്‍ ജനിച്ചു. ബെയ്ജിങ് മെഡിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് വൈദ്യശാസ്ത്രം പഠിച്ചു. ജപ്പാന്‍ അധിനിവേശംമൂലം യൂനിവേഴ്സിറ്റി അടച്ചുപൂട്ടേണ്ടി വന്നതിനാല്‍ വൈദ്യശാസ്ത്ര പഠനം പൂര്‍ത്തിയാക്കാനായില്ല. ഇന്ത്യയില്‍ നയതന്ത്ര ജോലിയുമായി മദിരാശിയിലെത്തിയപ്പോള്‍ പോളിയോക്കും ക്ഷയത്തിനുമെതിരെ ശ്ളാഘനീയമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. ഇത് ലക്ഷക്കണക്കിന് പേരുടെ ജീവിതപ്രതീക്ഷകള്‍ക്ക് നിറംനല്‍കി. മദ്രാസ് ഐ.ഐ.ടി സ്ഥാപിക്കുന്നതിലും അദ്ദേഹത്തിന്‍െറ പങ്ക് വലുതായിരുന്നു. സാമൂഹിക പുരോഗതിയില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്‍െറ സ്ഥാനം ബോധ്യപ്പെട്ട അദ്ദേഹം ഏറെ പദ്ധതികള്‍ക്ക് രൂപംനല്‍കി. മനോവൈകല്യമുള്ളവരുടെ പുനരധിവാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. നയതന്ത്ര ജോലിയില്‍നിന്ന് 1985ല്‍ വിട്ടുനിന്നെങ്കിലും ഇന്ത്യയുമായി ബന്ധം വെച്ചുപുലര്‍ത്തി. ഇന്ത്യയിലെ മഹനീയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തി 1997ല്‍ ഗാന്ധി സമാധാന സമ്മാനം നല്‍കി. 2006 ജൂലൈ മൂന്നിന് കോപന്‍ഹേഗനില്‍ 84ാമത്തെ വയസ്സില്‍ നിര്യാതനായി.
.....................................................................
ജാപ്പനീസ് ഗാന്ധി
തൊയോഹികോ കഗാവ
.....................................................................
ജപ്പാന്‍ സാമൂഹിക പരിഷ്കര്‍ത്താവും എഴുത്തുകാരനും മതനേതാവുമായിരുന്നു തൊയോഹികോ കഗാവ. ലളിതവും പ്രായോഗികവുമായ ജീവിത വീക്ഷണം പുലര്‍ത്തി. 1888 ജൂലൈ പത്തിന് കോബെയില്‍ ജനിച്ചു. ക്രിസ്തുമതം സ്വീകരിച്ചതോടെ വീട്ടില്‍നിന്ന് പുറത്തായി. ക്രിസ്തുമതാടിസ്ഥാനത്തിലുള്ള സാമൂഹിക നവോത്ഥാനം ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ചു. ജപ്പാനിലെ തൊഴിലാളി പ്രസ്ഥാനത്തിലേക്കും സാമൂഹികരംഗത്തും ശ്രദ്ധപതിപ്പിച്ചു. ജാപ്പനീസ് ഫെഡറേഷന്‍ ഓഫ് ലേബര്‍ സ്ഥാപിക്കാന്‍ മുന്‍കൈയെടുത്തു. പ്രായപൂര്‍ത്തി വോട്ടവകാശത്തിനു വേണ്ടി സമരം ചെയ്തു. 1925ല്‍ വോട്ടവകാശം നിലവില്‍ വന്നു. 1928ല്‍ യുദ്ധവിരുദ്ധ ലീഗ് സ്ഥാപിച്ചു. ജപ്പാന്‍ ചൈനയെ ആക്രമിച്ചതിന് അദ്ദേഹം ചൈനയോട് മാപ്പുചോദിച്ചു. ഈ പ്രവൃത്തിയുടെ പേരില്‍ അറസ്റ്റിലായി. 1939ല്‍ ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തി.  സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കി.  1947ലും 1948ലും സാഹിത്യത്തിനും 1954ലും 1955ലും സമാധാനത്തിനുമുള്ള നൊബേല്‍ പുരസ്കാര നോമിനേഷന്‍ ലഭിച്ചു. 150ലേറെ പുസ്തകങ്ങളുടെ കര്‍ത്താവാണ്. ക്രോസിങ് ദ ഡെത്ത് ലൈന്‍, ഷൂട്ടിങ് അറ്റ് ദ സണ്‍ ബിഫോര്‍ ദ ഡോണ്‍ എന്നിവ ചില കൃതികള്‍. 1960 ഏപ്രില്‍ 23ന് നിര്യാതനായി.
.....................................................................
ബാള്‍ക്കന്‍ ഗാന്ധി
ഡോ. ഇബ്രാഹീം റുഗോവ
.....................................................................
പണ്ഡിതനും എഴുത്തുകാരനും രാഷ്ട്രീയ നേതാവുമായ ഡോ. ഇബ്രാഹീം റുഗോവ ബാള്‍ക്കന്‍ ഗാന്ധി എന്ന് അറിയപ്പെടുന്നു.  കൊസോവയിലെ അല്‍ബേനിയന്‍ വംശജരുടെ നേതാവായ അദ്ദേഹം കൊസോവയുടെ രാഷ്ട്രപിതാവാണ്. ഗാന്ധിയന്‍ സമരമുറയായ അഹിംസയും നിസ്സഹകരണവും തന്നെയായിരുന്നു അദ്ദേഹത്തിന്‍െറയും സമരായുധം. 1944 ഡിസംബര്‍ രണ്ടിന് ജനിച്ചു. പ്രിസ്റ്റിന, പാരിസ് സര്‍വകലാശാലകളില്‍ നിന്ന് സാഹിത്യത്തില്‍ ഉന്നത വിദ്യാഭ്യാസം നേടി. അല്‍ബേനിയന്‍ സാഹിത്യ വിമര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടി. വിദ്യാര്‍ഥിയായിരിക്കെ അല്‍ബേനിയയുടെ പൗരാവകാശങ്ങള്‍ക്കായി യത്നിച്ചു. അല്‍ബേനിയന്‍ വംശജര്‍ അനുഭവിക്കേണ്ടിവന്ന വിവേചനങ്ങള്‍ക്കും അക്രമത്തിനും കൈയും കണക്കുമുണ്ടായിരുന്നില്ല. അതിനെതിരെ അഹിംസയിലൂടെ ശക്തമായ ചെറുത്തുനില്‍പിന് അദ്ദേഹം നേതൃത്വം നല്‍കി. ഡെമോക്രാറ്റിക് ലീഗ് ഓഫ് കൊസോവ എന്ന പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. 1992ല്‍ കൊസോവയുടെ ആദ്യ പ്രസിഡന്‍റായി. എട്ടുവര്‍ഷം പദവിയില്‍ തുടര്‍ന്നു. 2002-2008 കാലത്ത് രണ്ടാംവട്ടവും പ്രസിഡന്‍റ് പദം അലങ്കരിച്ചു. സഖറോവ് പുരസ്കാരം ഉള്‍പ്പെടെ ധാരാളം പുരസ്കാരങ്ങള്‍ക്ക് അര്‍ഹനായി. ഐക്യരാഷ്ട്രസഭയുടെ മധ്യസ്ഥതയില്‍ കൊസോവയുടെ പൂര്‍ണ സ്വാതന്ത്ര്യത്തിനുവേണ്ടി സെര്‍ബിയയുമായി ചര്‍ച്ചയാരംഭിക്കാനിരിക്കെ 2006 ജനുവരി 21ന് അദ്ദേഹം നിര്യാതനായി.
.....................................................................
ഇന്തോനേഷ്യന്‍ ഗാന്ധി
അഹ്മദ് സുകാര്‍ണോ
.....................................................................
1901 ജൂണ്‍ ആറിന് ജനനം. ഇന്തോനേഷ്യയുടെ ശില്‍പി എന്നറിയപ്പെടുന്നു. ജവഹര്‍ലാല്‍ നെഹ്റുവിനൊപ്പം ചേരിചേരാ പ്രസ്ഥാനത്തിന് തുടക്കംകുറിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചു. സ്കൂള്‍ പഠനകാലത്തുതന്നെ സ്വാതന്ത്ര്യ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഇന്തോനേഷ്യന്‍ നാഷനലിസ്റ്റ് പാര്‍ട്ടി ഉണ്ടാക്കുന്നതില്‍ പ്രധാന സ്ഥാനമുണ്ട്. രണ്ടാംലോക യുദ്ധത്തില്‍ ജര്‍മനിയുടെ സഖ്യകക്ഷിയായ ജപ്പാന്‍െറ സഹായത്തോടെ നാട്ടില്‍നിന്ന് ഡച്ചുകാരെ തുരത്താന്‍ സുകാര്‍ണോ പരിശ്രമിച്ചു. ജപ്പാന്‍ യുദ്ധത്തില്‍ പരാജയപ്പെട്ടെങ്കിലും 1945 ആഗസ്റ്റ് 17ന് ഇന്തോനേഷ്യ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. അഹ്മദ് സുകാര്‍ണോ രാജ്യത്തിന്‍െറ ആദ്യ പ്രസിഡന്‍റായി. ക്രമേണ ഇന്തോനേഷ്യ ഡച്ചുകാരുടെ നിയന്ത്രണത്തിലായെങ്കിലും യു.എന്‍ ഇടപെടലിനെത്തുടര്‍ന്ന് 1949ല്‍ ഡച്ചുകാര്‍ അധികാരം പൂര്‍ണമായി കൈമാറി. 1966ല്‍ മേജര്‍ ജനറല്‍ സുഹാര്‍ത്തോ അധികാരം പിടിച്ചെടുത്തു. 1968ല്‍ സുകാര്‍ണോയെ അധികാരത്തില്‍നിന്ന് പുറത്താക്കി. 1970 ജൂണ്‍ 21ന് വീട്ടുതടങ്കലില്‍ മരിച്ചു.
.....................................................................
ബിഹാര്‍ ഗാന്ധി
ഡോ. രാജേന്ദ്രപ്രസാദ്
.....................................................................
1884 ഡിസംബര്‍ മൂന്നിന് ബിഹാറിലെ സാരന്‍ ജില്ലയില്‍ ജീരാദേയി ഗ്രാമത്തില്‍ ഡോ. രാജേന്ദ്രപ്രസാദ് ജനിച്ചു. സ്വതന്ത്ര ഇന്ത്യയുടെ ശില്‍പികളില്‍ പ്രധാനിയായ അദ്ദേഹം ആദ്യ രാഷ്ട്രപതി കൂടിയാണ്. ബിഹാറിലും കല്‍ക്കത്തയിലും വിദ്യാഭ്യാസം. എല്‍.എല്‍ബി ബിരുദം സമ്പാദിച്ച ശേഷം സ്വാതന്ത്ര്യസമരത്തില്‍ സജീവമായി. ചമ്പാരനിലെ നീലം കൃഷിക്കാരുടെ സമരത്തിലും നിസ്സഹകരണ സമരത്തിലും ബിഹാര്‍ ഭൂകമ്പത്തെ തുടര്‍ന്ന് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്കുവഹിച്ചു. 1935ലും 1947ലും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് പ്രസിഡന്‍റായി. 1946ലെ ഇടക്കാല നെഹ്റു മന്ത്രിസഭയില്‍ അംഗമായി. ഭരണഘടന നിര്‍മാണ സഭയുടെ അധ്യക്ഷനായി പ്രവര്‍ത്തിച്ചു. ക്വിറ്റ് ഇന്ത്യ സമരകാലത്ത് ജയിലിലടക്കപ്പെട്ടവരില്‍ അദ്ദേഹവുമുണ്ടായിരുന്നു. 1963 ഫെബ്രുവരി 28ന് നിര്യാതനായി. പ്രധാന കൃതി ‘വിഭക്ത ഭാരതം’.
.....................................................................
കേരള ഗാന്ധി
കെ. കേളപ്പന്‍
.....................................................................
സമര തീക്ഷ്ണ ജീവിതമായിരുന്നു കെ. കേളപ്പന്‍േറത്. ഗാന്ധിജിയുടെ ആഹ്വാനം നെഞ്ചേറ്റി നിയമപഠനം ഉപേക്ഷിച്ച് ദേശീയ പ്രസ്ഥാനത്തിന്‍െറ ഭാഗമായി. 1889 ആഗസ്റ്റ് 24ന് കോഴിക്കോട്ട് മൂടാടിയില്‍ ജനിച്ചു. നായര്‍ സമുദായ ഭൃത്യജന സംഘത്തിന്‍െറ സ്ഥാപക പ്രസിഡന്‍റായിരുന്നു. കേരളത്തിലെ നിസ്സഹകരണ പ്രസ്ഥാനത്തിന് നേതൃത്വം വഹിച്ചു. വൈക്കം സത്യഗ്രഹത്തില്‍ പങ്കെടുത്തു. കോഴിക്കോട്ടുനിന്ന് പയ്യന്നൂരേക്ക് ഉപ്പുസത്യഗ്രഹ ജാഥ (1930) നയിച്ചത് കെ. കേളപ്പനാണ്. ഗുരുവായൂര്‍ സത്യഗ്രഹത്തില്‍ പ്രധാന പങ്കുവഹിച്ചു. ഐക്യകേരളം എന്ന ആശയത്തിന്‍െറ വക്താക്കളില്‍ പ്രമുഖനാണ് അദ്ദേഹം. പിന്നീട് കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടി, കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി, പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടി എന്നിവയുടെ നേതാവായി. 1971 ഒക്ടോബര്‍ ഏഴിന് നിര്യാതനായി.
.....................................................................
ദല്‍ഹി ഗാന്ധി
സി. കൃഷ്ണന്‍ നായര്‍
.....................................................................
1902 ആഗസ്റ്റ് 15ന് നെയ്യാറ്റിന്‍കരയില്‍ കൃഷ്ണന്‍ നായര്‍ ജനിച്ചു. അലീഗഢ്, ജാമിഅമില്ലിയ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഗാന്ധിയന്‍ ആദര്‍ശത്തില്‍ ആകൃഷ്ടനായി ദേശീയ പ്രസ്ഥാന ഭാഗമായി. സബര്‍മതിയില്‍ ഗാന്ധിയെ സന്ദര്‍ശിച്ചു. ദണ്ഡിയാത്രയില്‍ പങ്കുചേര്‍ന്നു. ദല്‍ഹി പ്രൊവിഷന്‍ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറിയും പ്രസിഡന്‍റുമായിരുന്നു.  ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്ത് ജയിലിലായി. 1952 മുതല്‍ 1962 വരെ ലോക്സഭാംഗം. ദല്‍ഹിയില്‍ ഗാന്ധിസേവാ ആശ്രമം സ്ഥാപിച്ചു. ദല്‍ഹി മുഖ്യമന്ത്രിപദം നെഹ്റു വെച്ചുനീട്ടിയപ്പോള്‍ സ്നേഹപൂര്‍വം നിരസിച്ചു. അധികാരസ്ഥാനങ്ങളില്‍നിന്ന് എന്നും അകന്നുനിന്നു. സത്യസന്ധതയും വിശുദ്ധിയും കാത്തുസൂക്ഷിച്ച നേതാവ്.  പത്മഭൂഷണ്‍ ലഭിച്ചു. 1986 ഏപ്രില്‍ അഞ്ചിന് നിര്യാതനായി
.....................................................................
യ്യഴി ഗാന്ധി
ഐ.കെ. കുമാരന്‍ മാസ്റ്റര്‍
.....................................................................
മാഹി വിമോചന സമരനേതാവാണ് മയ്യഴി ഗാന്ധി ഐ.കെ. കുമാരന്‍ മാസ്റ്റര്‍. 1903 സെപ്റ്റംബര്‍ 17ന് മയ്യഴിയില്‍ ജനിച്ചു. ഇന്‍റര്‍മീഡിയറ്റിനുശേഷം അധ്യാപകനായി. 1938ല്‍ ഫ്രഞ്ചുകാര്‍ക്കെതിരെ സമരം നടത്തിയും 1942ല്‍ ക്വിറ്റ് ഇന്ത്യ സമരത്തില്‍ പങ്കെടുത്തും ജയില്‍ശിക്ഷ അനുഭവിച്ചു. മാഹിയുടെ സ്വാതന്ത്ര്യത്തിനായി മയ്യഴി മഹാസഭക്ക് നേതൃത്വം നല്‍കി. 1934ല്‍ ഗാന്ധിജി മാഹി സന്ദര്‍ശിക്കുന്നതിന് വഴിയൊരുക്കി. ഇന്ത്യ സ്വതന്ത്രമായപ്പോള്‍ മാഹിയുടെ സ്വാതന്ത്ര്യ പോരാട്ടങ്ങള്‍ക്ക് ആക്കം കൂട്ടി. മയ്യഴിയുടെ വിമോചനത്തിനുവേണ്ടി 1948ല്‍ കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ മുന്നേറിയ ജനകീയ പ്രക്ഷോഭത്തെ ഫ്രഞ്ച് പട്ടാളം അടിച്ചമര്‍ത്തി. 1954 ജൂലൈ 14 ന് മയ്യഴി മഹാസഭയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുമെന്ന പ്രഖ്യാപനമുണ്ടായി. ഫ്രഞ്ച് അഡ്മിനിസ്ട്രേറ്റര്‍ അധികാരമൊഴിഞ്ഞതിനെ തുടര്‍ന്ന് 1954 ജൂലൈ 16ന് കുമാരന്‍ മാസ്റ്റര്‍ മയ്യഴിയുടെ ഭരണമേറ്റെടുത്തു. പില്‍ക്കാലത്ത് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനിന്നു. ഈ വേളയില്‍ സര്‍വോദയ പ്രസ്ഥാനത്തിനും ഭൂദാനപ്രസ്ഥാനത്തിനും വേണ്ടി യത്നിച്ചു. മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായി. 1999ല്‍ മയ്യഴിഗാന്ധി നിര്യാതനായി.
.....................................................................
ആധുനിക ഗാന്ധി
ബാബാ ആംതെ
.....................................................................
ഇന്ത്യക്കാരനായ സാമൂഹിക പ്രവര്‍ത്തകനും സ്വാതന്ത്ര്യ സമരസേനാനിയും ആതുര ശുശ്രൂഷകനുമായിരുന്നു മുരളീധര്‍ ദേവ്ദാസ് ആംതെ എന്ന ബാബാ ആംതെ. 1914  ഡിസംബര്‍ 26ന് മഹാരാഷ്ട്രയില്‍ ജനിച്ചു. അഭിഭാഷകനായി സമ്പന്നജീവിതം നയിച്ച ആംതെ പിന്നീട് സാമൂഹികസേവനത്തിന്  ജീവിതം സമര്‍പ്പിച്ചു. ഗാന്ധിയന്‍ ആദര്‍ശം ജീവിതചര്യയായി സ്വീകരിച്ച അദ്ദേഹം അനാഥരുടെയും വികലാംഗരുടെയും രോഗികളുടെയും കണ്ണീരൊപ്പാന്‍ യത്നിച്ചു. കുഷ്ഠ രോഗികളുടെ ദൈന്യത അറിഞ്ഞപ്പോള്‍ അവരുടെ പരിചരണത്തിലും പുനരധിവാസ പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായി. അതിന് ആനന്ദവന്‍ സ്ഥാപിച്ചു. പിന്നീട് ഇത് നിസ്വരുടെയും അവശരുടെയും ആശാകേന്ദ്രമായി. തോട്ടികള്‍ക്കായി യൂനിയന്‍ ഉണ്ടാക്കുകയും അവരുടെ കൂടെ ജോലി ചെയ്യുകയും ചെയ്തു. ഗാന്ധിജി, ആചാര്യവിനോബ ഭാവെ എന്നിവരോടൊപ്പം ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കുകൊണ്ടു. മേധാപട്കറോടൊപ്പം ഗുജറാത്തിലെ സര്‍ദാര്‍ സരോവര്‍ അണക്കെട്ടിനെതിരെ ‘നര്‍മദാ ബചാവോ ആന്ദോളനി’ല്‍ പങ്കാളിയായി. നാഗ്പൂര്‍ സര്‍വകലാശാല ഡി.ലിറ്റ് നല്‍കി ആദരിച്ചു. ഗാന്ധിസമാധാന പുരസ്കാരം, മഗ്സാസെ അവാര്‍ഡ്, യു.എന്‍ മനുഷ്യാവകാശ പുരസ്കാരം, ഇന്ദിരഗാന്ധി, പത്മശ്രീ, പത്മവിഭൂഷണ്‍ തുടങ്ങി നിരവധി അംഗീകാരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചു. 2008  ഫെബ്രുവരി ഒമ്പതിന് നിര്യാതനായി.

Subscribe to കിളിചെപ്പ് by Email

Post a Comment

0 Comments