മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ - 3

Share it:
പണം കൊയ്യാന്‍ പരിശീലനം

അവന്‍ ചെയ്തത് രണ്ടേരണ്ട് മോഷണങ്ങള്‍ മാത്രം. പക്ഷേ, ഇപ്പോള്‍ ഈ 17-കാരന്റെ പേരില്‍ ചാര്‍ത്തിക്കിട്ടിയത് 17 മോഷണക്കേസ്. കൂട്ടുകാരന്റെ കളിപ്പാട്ടം, ഒരു കുഞ്ഞുകാര്‍ എടുത്തുകൊണ്ടെത്തിയപ്പോള്‍ അമ്മ അത് വാങ്ങിവെച്ചു. മോഷണം തെറ്റല്ലെന്ന് ഇതിലൂടെ അവന് മനസ്സിലായി. പണം കൊണ്ടുവന്ന് കൊടുത്തപ്പോഴും അമ്മ അത് വാങ്ങിവെച്ചു. ഓട്ടോഡ്രൈവറായ ജ്യേഷ്ഠന്‍ മോഷ്ടാവാണ്. പലതിനും അവനെ കൂടെക്കൂട്ടി. അവനായാല്‍ ശിക്ഷയില്ല. പിന്നെ ഏട്ടന്‍ചെയ്തതുംകൂടി അവന്റെ തലയില്‍ കെട്ടിവെക്കാന്‍ തുടങ്ങി. അങ്ങനെ 17 കേസായി.
*** *** ***
ബൈക്ക്‌മോഷണമാണ് പ്രധാനം. സംഘത്തലവന്‍ ഒരു കൂട്ടം താക്കോല്‍ നല്‍കും. വണ്ടിയെടുത്ത് ഏതാനും കിലോമീറ്റര്‍ അപ്പുറം എത്തിക്കുക. 500 രൂപ കിട്ടും. മോഷണം അവന് മടുത്തു. തിരുവനന്തപുരത്ത് സ്‌പെഷല്‍ഹോമില്‍ കഴിയവേ ഇനി ഇതൊന്നും ചെയ്യില്ലെന്നും തീരുമാനിച്ചു. പക്ഷേ, നാട്ടിലെത്തിയിട്ടും രക്ഷയില്ല. എവിടെ മോഷണംനടന്നാലും പോലീസ് എത്തും. പ്രായപൂര്‍ത്തിയായി ഇപ്പോള്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. ഒരു മോഷണമോ കവര്‍ച്ചയോ നടന്ന് പ്രതിയെ കിട്ടിയില്ലെങ്കില്‍ പോലീസിന് ഏറ്റവും എളുപ്പം ഒരിക്കല്‍ കളവുകേസില്‍പ്പെട്ട കുട്ടിയെ പിടിക്കുകയാണ്. കുട്ടികളെക്കൊണ്ട് കുറ്റം സമ്മതിപ്പിക്കല്‍ എളുപ്പവുമാണ്. പിന്നെ ശിക്ഷിക്കപ്പെടില്ലെന്ന വാഗ്ദാനവും.

തകര്‍ന്ന കുടുംബങ്ങളില്‍നിന്ന് വരുന്നവരും ദാരിദ്ര്യത്തില്‍ കഴിയുന്നവരുമാവുമ്പോള്‍ ആരും ചോദിക്കില്ല, പറയില്ല. കേസ് റാഞ്ചാനെത്തുന്ന ചില വക്കീലന്മാരെയും ഗുമസ്തരെയും പതിവായി ഈ ജുവനൈല്‍ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ കാണാം.

ബൈക്ക്‌മോഷണം, മണല്‍ വാരല്‍

വിശന്നിട്ടോ കൊതികൊണ്ടോ ഒന്നുമല്ല ഭൂരിഭാഗം കുട്ടികളും പുതിയകാലത്ത് മോഷ്ടിക്കുന്നതെന്നാണ് അമ്പരപ്പിക്കുന്ന കാര്യം. കോഴിക്കോട്ട് പിടികൂടുന്ന ബൈക്ക്‌മോഷണക്കേസിലെ പ്രതികളെല്ലാം നല്ല സാമ്പത്തികശേഷിയുള്ള കുടുംബങ്ങളില്‍നിന്നുള്ളവരാണ്. വിദേശത്ത് ജോലിയുള്ള അച്ഛന്‍മാര്‍, എന്തിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ മകന്‍വരെയുണ്ടായിരുന്നു സംഘത്തില്‍. 2003-ല്‍ മൊത്തം 57 കേസാണ് കോഴിക്കോട്ട് ഉണ്ടായിരുന്നതെങ്കില്‍ 2012-ല്‍ 210 ആയി. ഇതില്‍ 55 പേരും ബൈക്ക് മോഷ്ടാക്കളാണ്.
വിപണിയുടെ ആര്‍ഭാടം കുട്ടികളെ മോഹവലയത്തിലാഴ്ത്തുന്നുണ്ട്. ഫാഷന്‍ വസ്ത്രങ്ങള്‍, ആഡംബരബൈക്കുകള്‍, പുതിയ മൊബൈല്‍ഫോണുകള്‍, ഇതെല്ലാമാണ് ജീവിതാഭിലാഷം. ഇവ ഇടക്കിടയ്ക്ക് മാറ്റി സ്‌കൂളില്‍ ആളാവാനാണ് പലരും മോഷണത്തിനിറങ്ങുന്നത്. ചിലരുടെ മറുപടി 'ഒരു രസത്തിന്' എന്നാണ്. ബൈക്കിന്റെ പിന്നിലിരുന്ന് മാലപൊട്ടിക്കുന്നത് വലിയ സാഹസകൃത്യമാണെന്ന് സ്വയം വിശ്വസിക്കുന്നു ചിലര്‍. മാറാട്കലാപശേഷം ജില്ലയില്‍ രാഷ്ട്രീയക്കേസുകളില്‍ കുട്ടികള്‍ പൊതുവേ ഇല്ലെന്ന് സാമൂഹിക പ്രവര്‍ത്തകയും കോഴിക്കോട് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡംഗവുമായിരുന്ന ഷൈനി ചൂണ്ടിക്കാട്ടുന്നു.
ഓരോരുത്തരും ഓരോന്നിലാണ് 'സ്‌പെഷലൈസ്' ചെയ്യുന്നതെന്ന് തോന്നും മോഷണചരിത്രം പരിശോധിച്ചാല്‍. ബൈക്ക്കമ്പക്കാര്‍ അതില്‍മാത്രവും മൊബൈല്‍ ജ്വരക്കാര്‍ ആ മേഖലയിലും മാത്രം പയറ്റുന്നു. പതിനായിരങ്ങള്‍ വിലമതിക്കുന്ന അലങ്കാരപ്പക്ഷികളെ വളര്‍ത്തുന്നവരെ കണ്ടുപിടിച്ച് വാങ്ങാനെത്തുകയാണ് ഒരു കുട്ടിയുടെ തന്ത്രം. വില പറഞ്ഞുറപ്പിച്ച് കൂട് തുറക്കുന്നതുംമറ്റും മനസ്സിലാക്കിക്കഴിഞ്ഞാല്‍ എത്ര ദൂരവും സഞ്ചരിച്ച് വാങ്ങാന്‍ ആളെ കണ്ടെത്തുന്നു. പിന്നീട് രാത്രിക്കുരാത്രിതന്നെ മോഷ്ടിച്ച് കടത്തും. അവന്റെ വയസ്സ് 16. പഠിക്കുന്നത് പ്ലസ്‌വണ്ണില്‍.

മലപ്പുറം ജില്ലയിലെ തവനൂര്‍പുഴയില്‍നിന്ന് മണ്ണെടുക്കുന്നത് കുറ്റമാണെന്ന് അവനറിയേണ്ട. തന്റെ സമപ്രായക്കാരെപ്പോലെ, കുളിക്കാന്‍ പോവുമ്പോള്‍ മണല്‍ കരയിലെത്തിച്ചുകൊടുത്താണ് തുടങ്ങിയത്. പിന്നെ ശനിയും ഞായറും സ്‌കൂള്‍വിട്ട് വന്നാലുമൊക്കെ പണിയെടുക്കും. കരയിലെത്തിച്ചാല്‍ വലിയവര്‍ വാങ്ങി വന്‍തുകയ്ക്ക് വില്‍ക്കും. ദിവസം 500 രൂപയൊക്കെ ഒപ്പിക്കാം.
ആ പൈസയില്‍നിന്ന് ഒരു പങ്ക് അമ്മയ്ക്ക് കൊടുക്കും. അച്ഛന് കിട്ടുന്നത് കുടിക്കാന്‍തന്നെ തികയില്ല. അവന്‍ നല്‍കുന്നത് അമ്മയ്ക്ക് ആശ്വാസമാണ്.

കുറച്ച് പണമായപ്പോള്‍ അവനൊരു മൊബൈല്‍ സംഘടിപ്പിച്ചു. പിന്നെ പഴയൊരു ബൈക്കും. അതോടെ അവന്റെ പണിയുടെ നിലവാരം കുതിച്ചുയര്‍ന്നു. വെള്ളത്തിലിറങ്ങി മണലെടുക്കേണ്ട, ഒരു അധ്വാനവുമില്ല. പകരം മണല്‍ ലോറിക്ക് അടമ്പടി പോവുക, പോലീസ് വരുന്ന വിവരം നല്‍കാന്‍ മൊബൈലുമായി വഴികളില്‍ കാത്തിരിക്കുക. 'എസ്‌കോര്‍ട്ട്' എന്നാണ് ഈ പണിക്ക് പേര്. അതോടെ പഠനം നിന്നു. ഇപ്പോള്‍ അത്യാവശ്യം മദ്യപാനവും മയക്കുമരുന്ന് ഉപയോഗവുമുണ്ട്. പുലര്‍ച്ചെ നാലുമണിയൊക്കെയാവുമ്പോള്‍ വെള്ളത്തിലിറങ്ങുന്ന കുട്ടികളുമുണ്ട്. എട്ടുമണിയാവുമ്പോഴേക്കും നല്ലൊരു തുകയൊക്കും. കൊട്ടയ്ക്ക് 50 രൂപ മുതലാണ് റേറ്റ്.

ഭാരതപ്പുഴയുടെ തീരത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ വേനല്‍കാലത്ത് മണല്‍പ്പാസ് അനുവദിക്കുന്ന സമയമായാല്‍ ക്ലാസുകളില്‍ ഹാജര്‍നില കുറയും. പരീക്ഷക്കാലത്ത് ക്യാമ്പുകളിലൊന്നും ഇവര്‍ എത്തില്ല. മണല്‍പ്പാസ് ലഭിക്കാനുള്ള നീണ്ട ക്യൂ നോക്കിയാലറിയാം, എല്ലാം കുട്ടികള്‍. വലിയ അധ്വാനമില്ലാതെ വന്‍പണം വരുമ്പോള്‍ കുട്ടികളുടെ സ്വഭാവവും ജീവിതരീതിയുമാകെ മാറുന്നു. വില കൂടിയ മൊബൈലും ബൈക്കുമെല്ലാം മാഫിയസംഘം നല്‍കും. ഇങ്ങനെ മണല്‍ വാരാന്‍ പോയി ക്വട്ടേഷന്‍സംഘത്തില്‍പെട്ടുപോയ കുട്ടിക്ക് തിരിച്ചുപോരാന്‍ ആഗ്രഹം തോന്നി. പക്ഷേ, സ്‌കൂളില്‍ അവനെത്തേടി സംഘമെത്തി. ഭീഷണിയില്‍നിന്ന് രക്ഷപ്പെടാന്‍ സ്റ്റാഫ് റൂമില്‍ അഭയം തേടേണ്ടിവന്നു അവന്. തൃശ്ശൂരിലെ പല പുഴയോരത്തും കടവുകളില്‍ മണല്‍വാരിത്തുടങ്ങിയ കുട്ടികളില്‍ ചിലരെ ഇപ്പോള്‍ നഗരത്തിലെ സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളുടെ ഗുണ്ടകളായി കാണാം.

കളി കഠാരകൊണ്ട്

കോഴിക്കോട്ടെ സ്വര്‍ണവ്യാപാരത്തിന് പ്രശസ്തമായ സ്ഥലം. സ്വന്തം സ്‌കൂട്ടറിലാണ് സ്‌കൂള്‍വിദ്യാര്‍ഥിയുടെ യാത്ര. വീട്ടില്‍നിന്ന് രക്ഷിതാവ് ഏല്പിച്ച പണം കൃത്യസ്ഥലത്ത് എത്തിക്കണം. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ അത് ഭദ്രം. ചെറിയ കുട്ടികളായതിനാല്‍ പോലീസിനുപോലും ഒരു സംശയവുമില്ല. അവനും കൂട്ടുകാര്‍ക്കും അതിലെന്താണിത്ര തെറ്റ് എന്നാണ് ഭാവം. കുഴല്‍പ്പണം എത്തിച്ചാല്‍ നല്ല തുക പോക്കറ്റ്മണി. എല്ലാം വീട്ടിലിരുന്നുള്ള ഓപ്പറേഷനല്ലേ. ആര്‍ക്കും പരാതിയില്ല. പിന്നെന്താ എന്നാണ് പോലീസിന്റെ ചോദ്യം.
ബഹുഭാര്യത്വം കുട്ടികളുടെ കാര്യത്തില്‍ ആര്‍ക്കും ഉത്തരവാദിത്വമില്ലാത്ത അവസ്ഥയുണ്ടാക്കിയേക്കാം. യഥാര്‍ഥത്തില്‍ അച്ഛനില്ലാത്ത അവസ്ഥ. പലപ്പോഴും വിദേശത്തുള്ള അച്ഛന്റെ പണം കൈകാര്യംചെയ്യല്‍ വീട്ടിലെ മുതിര്‍ന്ന ആണ്‍കുട്ടിയുടെ കൈയിലൂടെയാണ്. ചെറുപ്പത്തിലേ മുതിര്‍ന്നവനായി അമ്മയെ ഭരിക്കാന്‍ അവന്‍ പ്രേരിതനാവുന്നു. നാലുകാശ് ഉണ്ടാക്കുന്ന കുട്ടികളെ അഭിമാനത്തോടെയാണ് വീട്ടുകാരും കാണുന്നത്.

കുഴല്‍പ്പണക്കേസില്‍ മലപ്പുറം, കോഴിക്കോട്, കാസര്‍കോട് തുടങ്ങിയ ജില്ലകളില്‍ സ്വന്തം രക്ഷിതാവിനുവേണ്ടിയും സംഘങ്ങള്‍ക്കുവേണ്ടിയും കുട്ടികള്‍ വാഹകരാവുന്നു. പോലീസ് പിടിച്ചാല്‍ മുതിര്‍ന്നവരായാല്‍ കുടുങ്ങിപ്പോകും. കഴിഞ്ഞമാസം മലപ്പുറം ചേകന്നൂരില്‍ കുഴല്‍പ്പണം തട്ടിയെടുക്കുന്ന സംഘം കുത്തിക്കൊന്ന കൊടുവള്ളി സ്വദേശിയുടെ പ്രായം 19 ആയിരുന്നു.
പണത്തിന്റെ മാസ്മരികലോകത്തേക്ക് കുട്ടികള്‍ക്ക് വാതില്‍ തുറന്നുകൊടുക്കുന്നവര്‍ ആരുമാകട്ടെ, നിങ്ങള്‍ നിങ്ങളുടെ കുഞ്ഞിനെ അപകടകരമായ ലോകത്ത്, അനിശ്ചിതത്വത്തില്‍, നിയമവിരുദ്ധമായി ജീവിക്കാനാണ് പ്രേരിപ്പിക്കുന്നത്. അവന്റെ അസമാധാനം നിറഞ്ഞ ഭാവിജീവിതത്തിന് നിങ്ങളാണ് ഉത്തരം പറയേണ്ടത്.
ഇത്തരം കേസുകളില്‍ പിടിയിലാവുന്ന കുട്ടികളോട് പലപ്പോഴും പാലിയേറ്റീവ് കെയറില്‍ പ്രവര്‍ത്തിക്കാനും സാമൂഹികസേവനം നടത്താനുമൊക്കെയാവും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് നിര്‍ദേശിക്കുന്നത്. പണമുള്ള വീട്ടിലെ കുട്ടികള്‍ ഉയര്‍ന്ന കോടതികളില്‍പ്പോയി അപ്പീല്‍വാങ്ങി രക്ഷപ്പെടുകയാണ് പതിവ്. അങ്ങനെയും തിരുത്താന്‍ കുട്ടികള്‍ക്ക് രക്ഷാകര്‍ത്താക്കള്‍ അവസരം നല്‍കില്ല. മാറാട് കലാപക്കേസില്‍ അഞ്ചുകുട്ടികള്‍ ജുവനൈല്‍ പ്രതികളായിരുന്നു. തൊഴിലുറപ്പുപദ്ധതിയില്‍ പണിയെടുത്ത്, കൂലി മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരമായി നല്‍കാനായിരുന്നു വിധി. പക്ഷേ, ഹൈക്കോടതിയില്‍ അപ്പീല്‍ പോയി അതും ഒഴിവാക്കി. സെഷന്‍സ് കോടതികളില്‍ കൂട്ടുപ്രതികളുടെ വിചാരണ കഴിഞ്ഞശേഷമേ ജുവനൈല്‍ ബോര്‍ഡിലെ കേസ് എടുക്കൂ. ഇത് കുറേ കാലതാമസത്തിന് ഇടയാക്കും. സത്യത്തില്‍ കൊല്ലങ്ങളോളം കേസിന് പിന്നാലെ നടക്കുന്നതാണ് ജുവനൈല്‍ കുറ്റവാളികള്‍ക്കുള്ള യഥാര്‍ഥ ശിക്ഷ. അതിനിടെ വിവാഹവും ജോലിയുമൊക്കെയായിട്ടുണ്ടാവും. എന്നാലും കുട്ടിക്കുറ്റവാളിയായി നില്‍ക്കാം; നിയമമനുസരിച്ച് കുറ്റംചെയ്ത സമയത്തെ പ്രായം മാത്രമാണ് പ്രസക്തം.

തൃശ്ശൂരില്‍ അടുത്തിടെ കുട്ടികള്‍ വാഹനമോടിച്ച മൂന്ന് സംഭവങ്ങളില്‍ നാലുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് രക്ഷിതാക്കളുടെ മൗനാനുവാദവുമുണ്ടാവും. അവര്‍ക്കെതിരെ കേസെടുത്ത് കര്‍ശനമായ ശിക്ഷ നല്‍കുകമാത്രമാണ് ഇതിനുള്ള മരുന്ന്.
മലബാറില്‍ തിരക്കുള്ള കാലത്ത്, അറവുകാരുടെ സഹായികളായി കുട്ടികളുടെ സംഘമുണ്ടാകും. കാലിയുടെ കാലുകെട്ടാനും മറിച്ചിടാനും അവര്‍ കൂടും. കുട്ടിത്തം മാറുംമുമ്പേ ചോരയുടെ അറപ്പുമാറുന്ന കുരുന്നുകള്‍. ഇവരാരും സ്‌കൂള്‍കാലം പൂര്‍ത്തിയാക്കാറില്ല. അല്ലെങ്കില്‍ പേരിന് പത്തുവരെ ഒപ്പിക്കും; അത്രതന്നെ. ഈ കുട്ടികളുടെ മനസ്സിനെ ഇതെങ്ങനെ സ്വാധീനിക്കുന്നുവെന്ന് ആരുകണ്ടു.
ടൂറിസംകേന്ദ്രങ്ങളില്‍ സ്വവര്‍ഗരതിക്ക് ഇരയാവുന്ന കുട്ടികള്‍ അധികൃതരുടെ കണക്കിലില്ല. സ്വകാര്യ അനാഥാലയങ്ങളിലെ പീഡനവാര്‍ത്ത പുറത്തുവരുമ്പോള്‍ മാത്രമാണ് അധികൃതര്‍ ഞെട്ടിയുണരുന്നത്.

വായനയില്ല, രാഷ്ട്രീയവും

വായന കുറഞ്ഞത് കുട്ടികളെ ഭാവനാദരിദ്രരാക്കുന്നുണ്ട്. ഭൗതികമോഹങ്ങളില്‍ അവരെ വായനയില്ലാജീവിതം തളച്ചിടുന്നു. പഠനഭാരം കുട്ടികളെ സര്‍ഗാത്മകതയില്‍നിന്ന് അകറ്റുന്നു. സൈബര്‍ കേളികളില്‍ വെടിവെച്ചും കൊന്നും തോല്പിച്ചും മനസ്സ് മുരടിക്കുന്നു. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ബാലസാഹിത്യമെല്ലാം അതിഭാവനയുടെയും സങ്കല്പങ്ങളുടെയും ലോകമാണ് പകര്‍ന്നുനല്‍കിയിരുന്നത് എന്നതും ശ്രദ്ധേയമാണ്.

വലിയൊരുവിഭാഗം കുട്ടികള്‍ അറിയാതെതന്നെ സൈബര്‍ലോകത്തെ കെണികളില്‍ അകപ്പെടുന്നു. മൊബൈല്‍ ഫോണും സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളുമെല്ലാം ഉപയോഗിച്ച് നടത്തുന്ന തമാശകള്‍ പലതും നിയമലംഘനമാണെന്ന് കുട്ടികള്‍ തിരിച്ചറിയുന്നില്ലെന്ന് ഈ രംഗത്തെ വിദഗ്ധ ധന്യ മേനോന്‍ ചൂണ്ടിക്കാട്ടുന്നു. സംഘംചേര്‍ന്ന് എ.ടി.എം. കവര്‍ച്ചയടക്കമുള്ള കേസുകളില്‍ കുട്ടികള്‍ അറസ്റ്റിലാവുന്നുണ്ട്. ഇത് പലപ്പോഴും ബോധപൂര്‍വമല്ല.
രാഷ്ട്രീയനിരോധനം കേരളത്തിലെ സ്‌കൂളുകളെ എങ്ങനെ മാറ്റിയെന്ന് ഇനിയും പഠിക്കേണ്ടതുണ്ട്. കുട്ടികളുടെ പൊതു ഇടങ്ങളെല്ലാം കനത്ത സിലബസിനും കരിയര്‍ ആശങ്കകള്‍ക്കുമിടയില്‍ അതിവേഗം മായുകയാണ്. കൗമാരത്തിന്റെ ഊര്‍ജം പ്രസരിപ്പിക്കാന്‍ മാര്‍ഗമുണ്ടാക്കിയേ മതിയാവൂ. മികച്ച രാഷ്ട്രീയവിദ്യാഭ്യാസം നല്‍കുന്നതില്‍ നമ്മുടെ മുഖ്യധാര രാഷ്ട്രീയപ്പാര്‍ട്ടികളും ശാസ്ത്രബോധവും സാംസ്‌കാരിക-കലാ അഭിരുചിയും കായികതാത്പര്യങ്ങളും വളര്‍ത്തിയെടുക്കാന്‍ കലാസമിതികളും മറ്റ് ശാസ്ത്രസംഘടനകളുമൊക്കെ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു.

കുറ്റകൃത്യത്തിന് പിന്നിലെ കാരണം തേടിയാല്‍ ലഹരി നുരയുന്ന വഴികളിലാണ് എത്തുക. സ്‌കൂളുകള്‍ക്കുചുറ്റും മയക്കുമരുന്നുമാഫിയ പടരുകയാണ്. മയക്കുമരുന്നാണ് വില്ലന്‍. കൊലപാതകം, ബലാത്സംഗംപോലെ ഗുരുതരകുറ്റങ്ങള്‍ ചെയ്യുന്ന കുട്ടികളെല്ലാം ലഹരിക്ക് അടിമകളാണ്.
(തുടരും)

വളര്‍ത്താം, സ്‌നേഹം കൊടുത്ത്

സ്മിത സതീഷ്
(ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം)

കുട്ടികള്‍ അഞ്ചിനും ഏഴിനും ഇടയിലെ പ്രായത്തിലാണ് ഉടമസ്ഥാവകാശത്തെക്കുറിച്ച് അറിയുന്നതും വേറൊരാളുടെ സാധനങ്ങള്‍ എടുക്കുന്നത് കുറ്റമാണെന്ന് മനസ്സിലാക്കുന്നതും.
കളവുചെയ്യുന്ന ഓരോ കുട്ടിയുടെയും മാനസികാവസ്ഥ വ്യത്യസ്തമായിരിക്കും. കുറ്റകൃത്യത്തിന് അവരെ പ്രേരിപ്പിക്കാവുന്ന സാഹചര്യങ്ങളില്‍ ചിലത് ഇവയാണ്: 
1. മുതിര്‍ന്നവരുടെ ശ്രദ്ധ കിട്ടാന്‍. തല്ലാന്‍വേണ്ടിയെങ്കിലും തങ്ങളെ തൊടുമല്ലോ.
2. കളവുചെയ്യുന്നത് തെറ്റാണെന്ന് ആരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല.
3. മുതിര്‍ന്നവരുടെ പെരുമാറ്റം. ഉദാഹരണം അച്ഛന്‍ ഓഫീസില്‍നിന്ന് ചില വസ്തുക്കള്‍ കൊണ്ടുവരുന്നത്, അമ്മ ചില തെറ്റുകള്‍ ഒളിച്ചുവെക്കാന്‍ ശ്രമിക്കുന്നത്.
4. ഒറ്റപ്പെടുത്തുന്നു എന്ന തോന്നല്‍ . ഒരുപക്ഷേ, കട്ടെടുത്ത മുതല്‍ നേടിയെടുത്ത വസ്തു എന്ന നിലയ്ക്ക് അവര്‍ക്ക് സന്തോഷം നല്‍കുന്നു.
5. ആരിലെങ്കിലുംനിന്ന് അപമാനമോ ഉപദ്രവമോ ഉണ്ടായാല്‍.
6. ഉള്ളിലെ വൈരാഗ്യം.
7. മറ്റുള്ളവരുടെ കൈവശം ഉള്ളത് വേണമെന്നുള്ള അടങ്ങാത്ത ആഗ്രഹം
8. വലിയ ധൈര്യമുള്ളവര്‍, എല്ലാം സാധിക്കും എന്നൊക്കെ കാണിക്കാനുള്ള പ്രവണത.
9. ഗ്യാങ്ങിലുള്ളവരെല്ലാം ഇതേ സ്വഭാവമുള്ളവര്‍ ആകാം. കളവുചെയ്യുമ്പോഴുള്ള ഒരു ത്രില്ല് ആകാം, ഹീറോയിസമാകാം. മാധ്യമങ്ങളുടെ സ്വാധീനമാകാം.
10. മയക്കുമരുന്നും മദ്യവും വാങ്ങാന്‍.
കുട്ടികളെ മൂന്ന് വയസ്സുവരെയെങ്കിലും നല്ലപോലെ ശ്രദ്ധകൊടുത്തും സ്‌നേഹം കൊടുത്തും വളര്‍ത്തണം. സ്വഭാവരൂപവത്കരണത്തിന്റെ അടിത്തറയാണ് ഇക്കാലം. അപ്പോള്‍ കിട്ടുന്ന പരിശീലനം അവര്‍ക്ക് വളരുമ്പോഴും ഉപയോഗപ്പെടുന്നു. അതുകൊണ്ടുതന്നെ നിര്‍ബന്ധമായും മാതാപിതാക്കള്‍ കുഞ്ഞുങ്ങളുടെകൂടെ ഇക്കാലത്ത് നില്‍ക്കണം.
പലപ്പോഴും അനാവശ്യമായ നിയന്ത്രണമാണ് പലപ്രശ്‌നങ്ങളിലും എത്തിക്കുക.
പാടില്ല എന്നുപറയേണ്ടിടത്ത് അങ്ങനെ പറയാനും ആവാം എന്നുപറയേണ്ടിടത്ത് അങ്ങനെ പറയാനും പഠിപ്പിക്കണം. തെറ്റുചെയ്താല്‍ അത് പറ്റിയെന്ന് വീട്ടില്‍വന്ന് പറയാന്‍ അവസരമുണ്ടാകണം. അത്തരം അവസരങ്ങളില്‍ അത് നല്ലരീതിയില്‍ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയണം.
ഭീഷണിയോ ഉപദ്രവമോ നേരിടുന്നുണ്ടെങ്കില്‍ അവരോടൊപ്പംനിന്ന് ധൈര്യം നല്‍കി ആ ഭീഷണികളില്‍നിന്ന് രക്ഷിക്കണം. തെറ്റ് തുറന്നുപറയുമ്പോള്‍ അവരെ വഴക്കുപറഞ്ഞാല്‍ ഒരുപക്ഷേ, നമുക്ക് ഒരിക്കലും തിരിച്ചുകിട്ടാത്ത വിധം അവര്‍ നഷ്ടമായേക്കാം.
പുകവലി, സെക്‌സ് എന്നിവയെപ്പറ്റി പറയേണ്ടിവന്നാല്‍ ദൂഷ്യവശങ്ങള്‍ ഉണ്ടാക്കുന്ന അസുഖങ്ങളുടെ ചിത്രങ്ങള്‍കൂടി കാണിക്കുമ്പോള്‍ അവരുടെ മനസ്സില്‍ അത് പതിയും.
ശിക്ഷിക്കപ്പെട്ടവരെ കാണാന്‍ അമ്മയോ അച്ഛനോ വരുന്നത് നീണ്ട ഇടവേളയ്ക്കുശേഷമാണ്. അവര്‍ ഇടയ്ക്കിടെ വരണം. അവഗണിക്കുന്തോറും ആ കുരുന്നുമനസ്സുകളില്‍ വൈരാഗ്യം കൂടിവരും.
കുട്ടികളെ സ്‌നേഹത്തോടെ ഒന്ന് ചേര്‍ത്തുനിര്‍ത്താനും അവരെ കെട്ടിപ്പിടിക്കാനും ഒരു ഉമ്മകൊടുക്കാനും മാതാപിതാക്കള്‍ക്ക് കഴിയണം. സ്‌നേഹിക്കുന്നവര്‍ ഒപ്പമുണ്ട് എന്നൊരു തോന്നല്‍ അവര്‍ക്ക് അത്യാവശ്യമാണ്.

Subscribe to കിളിചെപ്പ് by Email
Share it:

മറ്റൊരു കുറ്റം മറ്റൊരു ശിക്ഷ

Post A Comment:

0 comments: