നവോത്ഥാനം

Share it:
അന്ധകാരയുഗം (Dark age) എന്ന് ചരിത്രം അടയാളപ്പെടുത്തിയ മധ്യകാലഘട്ടത്തിനു ശേഷം പതിനാലും പതിനഞ്ചു നൂറ്റാണ്ടുകളിൽ ഇറ്റലിയിലും മറ്റ് യുറോപ്യൻ രാജ്യങ്ങളിലും അലയടിച്ച ബുദ്ധിപരമായ ഉണർവിനെയാണ് നവോത്ഥാനം (Renaissance) എന്ന് വിശേഷിപ്പിക്കുന്നത്.
മധ്യകാലഘട്ടത്തിലെ കാർഷിക സമ്പദ് വ്യവസ്ഥയിൽ അധിഷ്ഠിതമായിരുന്ന സാമുഹിക ജീവിതം വ്യാപാര വാണിജ്യ മേഖലകളിലേക്ക് മാറിയതോടെ യുറോപ്യൻ നഗരങ്ങൾ പലതും കാർഷിക സംസ്കാരത്തിൽ നിന്നും വ്യാവസായിക സംസ്കാരത്തിലേക്ക് മാറി. ഇതോടെ നഗരവാസികളുടെ ജീവിത നിലവാരവും സാമ്പത്തിക നിലയും ഉയർന്നു. വിശ്രമത്തിനും വിനോദത്തിനും സമയം ലഭിച്ചതോടെ സ്വതന്ത്ര ചിന്തയും അന്വേഷണകൗതുകവും യുക്തിചിന്തയും ഒക്കെ സമൂഹത്തിൽ നാമ്പിടാൻ തുടങ്ങി. ഭാഷയിലും സാഹിത്യത്തിലും ശാസ്ത്രത്തിലുമൊക്കെ ഇത് വലിയ സ്വാധീനം ചെലുത്തി. സംഘടിത മതത്തിന്റെ സ്വാധീനത്തിൽ നിന്ന് കുതറിമാറിയ നവസമൂഹം എല്ലാറ്റിന്റെയും മാനദണ്ഡം മനുഷ്യനാണെന്ന് പ്രഖ്യാപിച്ചു. അങ്ങനെ മാനവികത നവോത്ഥാനത്തിന്റെ കൊടിയടയാളമായി.
തുടക്കം ഇറ്റലിയിൽ നിന്ന് 

അനുദിനം തഴച്ചു വളർന്ന വാണിജ്യ-വ്യവസായ മേഖലകളുടെ കുത്തക കൈ വന്നതോടെ ഇറ്റാലിയൻ നഗരങ്ങൾ യുറോപ്പിലെ ഏറ്റവും സമ്പന്നമായ ഭൂപ്രദേശങ്ങളായിത്തീർന്നു. സ്വന്തം സംസ്കാരത്തിന്റെ അടിവേരുകൾ ചികഞ്ഞുള്ള യാത്ര അവരെ എത്തിച്ചത്ത് പഴയ ഗ്രീക്ക്-ലത്തീൻ ഭാഷകളിൽ എഴുതപ്പെട്ട പല കൈയെഴുത്തുപ്രതികളും വീണ്ടെടുക്കപ്പെട്ടു. പ്ലേറ്റോ, ഹോമർ തുടങ്ങിയ പ്രമുഖരുടെ കൃതികൾ തർജ്ജിമ ചെയ്യപ്പെട്ടു. പ്രാചീന ഭാഷകളിലെ അമുല്യ കൃതികൾ പ്രാദേശിക ഭാഷയായ ഇറ്റാലിയനിലേക്ക് വിവർത്തനം ചെയ്തതോടെ നാട്ടുഭാഷയായ ഇറ്റാലിയൻ ഭാഷ വികാസം നേടി.
കലകളിലെ നവോത്ഥാനം  
സാഹിത്യത്തിലെന്നപോലെ ചിത്രകലയിലും ശില്പവിദ്യയിലും വാസ്തുവിദ്യയിലും സംഗീതത്തിലുമെല്ലാം നവോത്ഥാനം ചെലുത്തിയ സ്വാധീനം വളരെ വലുതാണ്‌. മതപഠനം മാത്രം ലക്‌ഷ്യം വച്ചിരുന്ന മധ്യകാല കലകൾ യാഥാസ്ഥിതികത്വം കൊണ്ട് മടുപ്പുളവാക്കിയിരുന്നു. മിശിഹയെയും മറിയത്തെയും പുണ്യവാളന്മാരെയും മാലാഖമാരെയും ഒക്കെ ആവർത്തന വിരസമായ രീതിയിലാണ് കലകളിൽ അവതരിപ്പിച്ചത്ത്.
എന്നാൽ കലാകാരന്മാരുടെ വ്യക്തിത്വവും പ്രതിഭയും മാനവികതാ മനോഭാവവും തുടിക്കുന്ന ജീവസ്സുറ്റ ശില്പങ്ങളും ചിത്രങ്ങളുമായാണ് നവോത്ഥാന കലാകാരന്മാർ കടന്നുവന്നത്.
'യേശുവെ ചതിക്കുന്ന അപ്പോസ്ഥലൻ ഞാനോ' എന്ന് പന്ത്രണ്ട് ശിഷ്യന്മാരും പരസ്പരം ഭയപ്പാടോടെ ചോദിക്കുന്ന ബൈബിളിലെ അതിതീവ്രമായ മുഹൂർത്തത്തെ ഒപ്പിയെടുത്ത 'അവസാനത്തെ അത്താഴ'വും. നൂറ്റാണ്ടുകൾ പിന്നിട്ടീട്ടും വ്യാഖ്യാനങ്ങളുടെ മലവെള്ളപ്പാച്ചിലിനെയൊന്നും കൂസാതെ അനുവാചകർക്ക് നേരെ പുഞ്ചിരി പൊഴിക്കുന്ന 'മോണാലിസ'യേയും അവതരിപ്പിച്ചു കൊണ്ട് ലിയാനാർഡോ ഡാവിഞ്ചി ചിത്രകലയിലെ നവോത്ഥാനത്തിന് തുടക്കം കുറിച്ചു.
വത്തിക്കാനിലെ സിസ്റ്റെൻ പള്ളിയുടെ പതിനായിരം ചതുരശ്ര അടി വരുന്ന മച്ചിൽ നാല് വർഷം കൊണ്ട് 343 ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചുകൊണ്ട്‌ മൈകലാന്ജലോ വരയുടെ വസന്തം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ 'അന്തിമന്യായവിധി' എന്ന ചിത്രവും അവിടെയാണ് ഉള്ളത്. ടിറ്റ്സ്യൻ, കൊറിഗിയോ തുടങ്ങിയ എണ്ണമറ്റ ചിത്രകാരന്മാരും നവോത്ഥാനകാലത്തിന്റെ സൃഷ്ടികളായുണ്ട്.
സാൻസോവിനോ, മൈക്കലാന്ജലോ, ഡോണാറ്റെലോ തുടങ്ങിയവരുടെ പ്രതിമാശില്പങ്ങളും ഒമോജിയോ ബ്രമാന്തേലൊസാർഡി തുടങ്ങിയവരുടെ വാസ്തു ശില്പങ്ങളും നവോത്ഥാനകലകൾക്ക് ഉദാഹരണങ്ങളാണ്.     
നവോത്ഥാനവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഇവിടെ കാണാം ...
നവോത്ഥാന സാഹിത്യം 
പ്രാചീന ഗ്രീക്ക് റോമൻ കൃതികൾ തേടിപ്പിടിച്ച് സുക്ഷിക്കാനുള്ള പെട്രാർക്കിന്റെ ആഹ്വാനത്തോടെയാണ് നവോത്ഥാനത്തിന്റെ കാഹളം മുഴങ്ങിയത്. മനുഷ്യവികാരങ്ങളെയും വേദനകളെയും അഭിലാഷങ്ങളെയും ഇതിവൃത്തമാക്കി അദ്ദേഹം രചിച്ച ഇരുനൂറിലേറെ ഗീതകങ്ങൾ അക്കാലത്ത് ഇറ്റലിയിലാകമാനം പ്രശസ്തി നേടി. നവോത്ഥാനത്തിന്റെ പിതാവായാണ് പെട്രാർക്ക് അറിയപ്പെടുന്നത്.
നിലവിലുള്ള മതവിശ്വാസങ്ങളിൽ പലതിനെയും ചോദ്യം ചെയ്തുകൊണ്ടാണ് കവിയും ചിന്തകനുമായ ദാന്തേ 'ഡിവൈൻ കോമഡി'യുമായി രംഗത്ത് വന്നത്. സൗന്ദര്യം, പ്രേമം, ദേശസ്നേഹം, രാഷ്ട്രീയം ഇവയൊക്കെ ഈ കൃതികളിൽ ഉണ്ട്.
സാധാരണക്കാരായ മനുഷ്യരുടെ സുഖദു:ഖങ്ങളും ത്യാഗവും പ്രേമവും ചപലതകളും പ്രതികാരങ്ങളുമൊക്കെ ഇതിവൃത്തമാക്കി ബൊക്കാച്ചിയോ രചിച്ച ദെക്കാമറൻ കഥകളും ശ്രദ്ധേയമാണ്. 
വർത്തമാനകാല ഫ്യുഡൽ സമുഹത്തെ വിമർശനവിധേയമാക്കി സ്പാനിഷ്‌ സാഹിത്യകാരനായ സെർവാൻറിസ് രചിച്ച ഡോണ്‍ ക്വിൻസോട്ട്, പുതിയൊരു സങ്കൽപ്പിക സോഷ്യലിസ്റ്റ് വ്യവസ്ഥ സ്വപ്നം കണ്ടു കൊണ്ട് തോമസ് മൂർ രചിച്ച ഉട്ടോപ്യ. ഇംഗ്ലീഷ് ഭാഷയുടെ ശക്തി സൗന്ദര്യങ്ങൾ ആവാഹിച്ച് ജെഫ്രി ചോസർ രചിച്ച 'കാന്റർബറി ടെയിൽസ് ' എന്ന കഥാസമാഹാരം, മത നവീകരണ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയ മാർട്ടിൻ ലൂഥറിന്റെ ബൈബിൾ വിവർത്തനം. വ്യാജസ്തുതികളിലൂടെയും ഹാസ്യാനുകരണങ്ങളിലൂടെയും പള്ളിയെയും പട്ടക്കാരെയും പുരോഹിതന്മാരെയും വിമർശിച്ചുക്കൊണ്ട് ഇറാസ്മസ് രചിച്ച 'പ്രെയ്സ് ഓഫ് ഹോളി'. ജോണ്‍ മിൽട്ടന്റെ Paradise lost വില്യം ഷേക്സ്പിയറുടെ നാടകങ്ങൾ. മാക്യവല്ലിയുടെ 'the prince' എന്നിവയൊക്കെ നവോത്ഥാന പ്രസ്ഥാനത്തെ സമ്പന്നമാക്കിയ സാഹിത്യ കൃതികളാണ്.
ഈ പോസ്റ്റ്‌ നിങ്ങൾക്ക് ഇഷ്ടപ്പെട്ടോ ? എങ്കിൽ കിളിചെപ്പിന്റെ ഏറ്റവും പുതിയ പോസ്റ്റുകൾ സൗജന്യമായി  നിങ്ങളുടെ ഈമെയിലിൽ എത്തുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ബോക്സ്‌സിൽ നിങ്ങളുടെ ഇമെയിൽ വിലാസം നൽകൂ... തുടർന്ന് വരുന്ന പോസ്റ്റുകൾ നിങ്ങളുടെ ഇ-മെയിലിൽ വരുന്നതായിരിക്കും.

Share it:

നവോത്ഥാനം

Post A Comment:

0 comments: