തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ത്ഥിയായി മത്സരിക്കാമെന്ന് വെറുതെയങ്ങ് വിചാരിച്ചാല്‍ നടക്കില്ല. അതിനുമുണ്ട് ചില പണസംബന്ധമായ ചിട്ടവട്ടങ്ങള്‍. ലോക്‌സഭ, അസംബ്ലി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിന് നിശ്‌ചിത തുക ഓരോ സ്‌ഥാനാര്‍ത്ഥിയും കെട്ടിവെക്കേണ്ടതായിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് കെട്ടിവെക്കേണ്ട തുക 10000/- രൂപയും നിയമസഭാ തെരഞ്ഞെടുപ്പിന് 5000/- രൂപയുമാണ്. എസ്.സി, എസ്.ടി വിഭാഗങ്ങള്‍ക്ക് ഇത് നേര്‍പകുതിയായിരിക്കും. ഇനി കെട്ടിവച്ച തുക തിരിച്ചുകിട്ടാനുമുണ്ട് ഒരു കടമ്പ. മൊത്തം സാധുവായ വോട്ടിന്റെ ആറിലൊന്ന് വോട്ട് ലഭിച്ചില്ലെങ്കില്‍ കെട്ടിവച്ച കാശ് കിട്ടില്ല. അതേപോലെതന്നെ ഓരോ സ്‌ഥാനാര്‍ത്ഥിയും തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി ഇലക്ഷന്‍ കമ്മീഷന് നല്‍കുകയും വേണം. ഓരോ സ്‌ഥാനാര്‍ത്ഥിക്കും ചെലവഴിക്കാവുന്ന തുകയ്‌ക്ക് പരിധിയും ഇലക്ഷന്‍ കമ്മീഷന്‍ നിശ്‌ചയിച്ചിട്ടുണ്ട്. അതില്‍ കൂടുതല്‍ ചെലവഴിക്കുന്നതും ചട്ടലംഘനമായിത്തീരും. വലുതും ചെറുതുമായ സംസ്‌ഥാനങ്ങളില്‍ പാര്‍ലമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള ചെലവ് ഓരോ തവണയും വ്യത്യസ്‌തമാണ്. ഒന്നിലേറെ മണ്ഡലങ്ങളില്‍ മത്സരിക്കുന്നവര്‍ പ്രത്യേകം പ്രത്യേകം കണക്കുകള്‍ സമര്‍പ്പിക്കണം. ഇനി ഇതില്‍ വീഴ്‌ചവരുത്തിയാല്‍ അയാളെ മൂന്നുവര്‍ഷത്തേക്കുവരെ അയോഗ്യനായി പ്രഖ്യാപിക്കാനുള്ള അധികാരം കമ്മീഷനുണ്ട്. |
0 Comments