അമേരിക്കയിലും മറ്റും ജനപ്പെരുപ്പം ഉത്ക്കണ്ഠാജനകമായ പ്രശ്‌നമായി മാറിയ സമയമായിരുന്നു അത്. 'പൂജ്യം ജനസംഖ്യ വര്‍ധന'യ്ക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും ശക്തമായിരുന്നു. ജനപ്പെരുപ്പം തടയുകയെന്നത് പരിസ്ഥിതിയെ സംബന്ധിച്ച് പ്രധാനമാണെന്ന് നെല്‍സണ്‍ മനസിലാക്കി. 'ജനസംഖ്യ എത്ര വര്‍ധിക്കുന്നോ, പ്രശ്‌നങ്ങളും അതിനനുസരിച്ച് വര്‍ധിക്കും..', അദ്ദേഹം പ്രസ്താവിച്ചു. ദേശീയതലത്തില്‍ നടക്കുന്ന ബോധവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍, ഹാര്‍വാഡ് സര്‍വകലാശാലയിലെ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്ന ഡെന്നീസ് ഹയെസിനെ നെല്‍സണ്‍ നിയോഗിച്ചു.
സുസ്ഥിരവും ആരോഗ്യകരവുമായ ഒരു പരിസ്ഥിതിയെന്ന ലക്ഷ്യം മുന്നില്‍ കണ്ട്, 1970 ഏപ്രില്‍ 22 ആദ്യ ഭൗമദിനമായി ആചരിക്കപ്പെട്ടു. ഏതാണ്ട് 200 ലക്ഷം അമേരിക്കക്കാര്‍ ആ ദിനാചരണത്തില്‍ പങ്കുകൊണ്ടു. തീരപ്രദേശങ്ങളില്‍ റാലികള്‍ നടന്നു. ആയിരക്കണക്കിന് സര്‍വകലാശാലകളും കോളേജുകളും പരിസ്ഥിതിനാശത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. എണ്ണച്ചോര്‍ച്ച, ഫാക്ടറികളില്‍നിന്നും വൈദ്യുതിനിലയങ്ങളില്‍ നിന്നുമുള്ള മലിനീകരണം, വിഷവസ്തുക്കളുടെയും കീടനാശിനികളുടെയും ഉപയോഗം, വന്യജീവികളുടെ നാശം തുടങ്ങിയവയ്‌ക്കെതിരെ ഒറ്റപ്പെട്ട പ്രവര്‍ത്തനം നടത്തിയിരുന്ന ഗ്രൂപ്പുകള്‍ക്ക് ആ ഭൗമദിനാചരണം ഒരു കാര്യം വ്യക്തമാക്കി - ഒരേ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാനുള്ള പ്രവര്ത്തനമാണ് തങ്ങളെല്ലാം നടത്തുന്നത്.
മുഖ്യമായും അമേരിക്കയില്‍ ഒതുങ്ങി നിന്ന ഭൗമദിനാചരണം പിന്നീട് ആഗോളതലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചു. 1990-ഓടെ ദിനാചരണം ലോകവേദിയിലെത്തി. പരിസ്ഥിതിയെ സഹായിക്കാന്‍ പുനരുപയോഗം എന്ന ആശയം മുന്‍നിര്‍ത്തി, 1990 ഏപ്രില്‍ 22 -ന് ലോകവ്യാപകമായി ഭൗമദിനം ആചരിക്കപ്പെട്ടു. 141 രാജ്യങ്ങളിലായി 20 കോടിപേര്‍ അതില്‍ പങ്കുചേര്‍ന്നു. 1992-ല്‍ യു.എന്നിന്റെ നേതൃത്വത്തില്‍ റിയോ ഡി ജെനീറോയില്‍ നടന്ന 'ഭൗമഉച്ചകോടി'ക്ക് മുന്നോടിയായി ആയിരുന്നു ആ ക്യാമ്പയിന്‍.
2000 എത്തിയപ്പോഴേക്കും ലോകം ആഗോളതാപനത്തിന്റെ കഠിന ഭീഷണയിലായി. അതിനെതിരെയും ക്ലീന്‍ഊര്‍ജത്തിനും വേണ്ടിയായിരുന്നു 2000 ഏപ്രില്‍ 22-ലെ ദിനാചരണം. അപ്പോഴേക്കും ഇന്റര്‍നെറ്റ് സഹായത്തിനെത്തി. പ്രചാരണം കൂടുതല്‍ ശക്തമായി. 184 രാജ്യങ്ങളിലായി ഏതാണ്ട് 5000 പരിസ്ഥിതി സംഘടനകള്‍ വഴി കോടിക്കണക്കിന് ആളുകളിലേക്ക് ഭൗമദിന സന്ദേശവും പ്രവര്‍ത്തനങ്ങളും എത്തിക്കാന്‍ 2000 ആയപ്പോഴേക്കും കഴിഞ്ഞത് ഇന്റര്‍നെറ്റ് മൂലമാണ്.
2007 ആയപ്പോഴേക്കും നൂറുകോടിയിലേറെപ്പേര്‍ ഭൗമദിനാചരണത്തില്‍ പങ്കെടുക്കുന്ന സ്ഥിതിയായി. 1970-ല്‍ അമേരിക്കയില്‍ വളരെ ലളിതമായി ആരംഭിച്ച ഈ ക്യാമ്പയിന്‍, ഇന്ന് 174 രാജ്യങ്ങളിലായി 17,000 സംഘടകളും ഗ്രൂപ്പുകളും ചേര്‍ന്ന് നടത്തുന്ന വലിയൊരു പ്രസ്ഥാനമായി മാറിയിരിക്കുന്നു. ജാതിയും മതവും ദേശീയതയുമൊന്നും ഭൗമദിനാചരണത്തിന് തടസ്സമാകുന്നില്ല. ഭൂമിയെ രക്ഷിക്കേണ്ടത് മനുഷ്യകുലത്തിന്റെ പൊതുലക്ഷ്യമാണെന്ന ബോധം ശക്തിപ്പെട്ടിരിക്കുന്നു എന്ന ശുഭസൂചനയാണിത്. (കടപ്പാട്: വിക്കിപീഡിയ).
0 Comments