പി.എസ്. രാകേഷ്
''നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ .............. ചിഹ്നത്തില്‍ രേഖപ്പെടുത്തണമെന്ന് വിനീതമായി.....''
പൊതുതിരഞ്ഞെടുപ്പിനെ നേരിടാന്‍ രാജ്യമൊരുങ്ങുമ്പോള്‍ എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും 'ചിഹ്നംവിളി'ക്ക് തയ്യാറെടുക്കുകയാണ്. തങ്ങളുടെ നയവും നിലപാടുകളും പ്രചരിപ്പിക്കുന്നതിനേക്കാള്‍ സ്വന്തം തിരഞ്ഞെടുപ്പുചിഹ്നം ജനമനസ്സുകളിലെത്തിക്കാനാണ് ഓരോ പാര്‍ട്ടിയും ഇനിയുള്ള ദിവസങ്ങളില്‍ ശ്രദ്ധിക്കുക. ചിഹ്നം മാത്രം നോക്കി വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തുന്ന പതിനായിരങ്ങള്‍ ഇപ്പോഴുമുണ്ടെന്നതുതന്നെ കാരണം. പാര്‍ട്ടികളില്‍ പിളര്‍പ്പിനുള്ള തിരയിളക്കം തുടങ്ങുമ്പോള്‍ ചിഹ്നത്തിന്റെ അവകാശമുറപ്പിക്കാന്‍ ഗ്രൂപ്പുനേതാക്കള്‍ പരക്കംപായുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ഇന്ത്യ പോലെ തിരഞ്ഞെടുപ്പുചിഹ്നങ്ങള്‍ക്ക് ഇത്രയധികം പ്രാധാന്യം നല്‍കുന്ന മറ്റൊരു ജനാധിപത്യരാജ്യമുണ്ടാകില്ല. 1952-ലെ ആദ്യപൊതുതിരഞ്ഞെടുപ്പ് മുതല്‍ തുടങ്ങുന്നു ഇന്ത്യയിലെ ചിഹ്നങ്ങളുടെ ചരിത്രവും. നില്‍ക്കുന്ന സിംഹം (ഫോര്‍വേഡ്
ബ്ലോക്ക്- മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി), കുതിരയും സവാരിക്കാരനും (ഹിന്ദുമഹാസഭ), ഉദയസൂര്യന്‍ (രാമരാജ്യ പരിഷത്ത്), ആന (പട്ടികജാതി ഫെഡറേഷന്‍), കത്തുന്ന പന്തം (റവല്യൂഷനറി കമ്യൂണിസ്റ്റ് പാര്‍ട്ടി), നക്ഷത്രം (ബോള്‍ഷെവിക് പാര്‍ട്ടി) എന്നിങ്ങനെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ ചിഹ്നങ്ങള്‍ അനുവദിച്ചു. പൂട്ടിയ കാള ചിഹ്നത്തിലാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്നു മത്സരിച്ചത്. സ്വാതന്ത്ര്യാനന്തരഭാരതത്തിലെ കാര്‍ഷികപുരോഗതിയുടെ പ്രതീകമായി വിലയിരുത്തപ്പെട്ട ആ ചിഹ്നം പാര്‍ട്ടിക്ക് ഭാഗ്യം മാത്രം സമ്മാനിച്ചു.
15 വര്‍ഷം മാത്രമേ അതു നിലനിന്നുള്ളൂവെന്നു മാത്രം. 1969-ല്‍ ഇന്ദിരാഗാന്ധിയെ അനുകുലിക്കുന്നവരും എതിര്‍ക്കുന്നവരുമായി കോണ്‍ഗ്രസ് രണ്ടായപ്പോള്‍ 'പൂട്ടിയ കാള' ചിഹ്നം തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. ഇന്ദിരയെ അനുകൂലിക്കുന്ന വിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേരും 'പശുവും കിടാവും' എന്ന ചിഹ്നവും ലഭിച്ചു. സംഘടനാ കോണ്‍ഗ്രസ് എന്നറിയപ്പെട്ട മറുപക്ഷത്തിന് കിട്ടിയത് 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ'.
അടിയന്തരാവസ്ഥക്കാലത്ത് സംഘടനാകോണ്‍ഗ്രസ് ജനസംഘത്തിനും സോഷ്യലിസ്റ്റുകള്‍ക്കും ഭാരതീയ ലോക്ദളിനുമൊപ്പം ചേര്‍ന്ന് ജനതാപാര്‍ട്ടി എന്ന ഒറ്റകക്ഷിയായി. അതോടെ 'ചര്‍ക്ക തിരിക്കുന്ന സ്ത്രീ'യെയും നഷ്ടപ്പെട്ടു. അടിയന്തരാവസ്ഥയ്ക്കുശേഷം 1977-ല്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ജനതാപാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ഭാരതീയ ലോക്ദളിന്റെ ചിഹ്നത്തിലാണ് മത്സരിച്ചത്.
പശുവും കിടാവും ചിഹ്‌നത്തില്‍ മത്സരിച്ച കോണ്‍ഗ്രസ്സിന് ദയനീയതോല്‍വി േനരിടേണ്ടിവന്നു ആ തിരഞ്ഞെടുപ്പില്‍. അതോടെ കോണ്‍ഗ്രസ്സില്‍ വീണ്ടും പിളര്‍പ്പിന് വഴിയൊരുങ്ങി.
ഒരുപക്ഷത്ത് ഇന്ദിരാഗാന്ധി. മറുഭാഗത്ത് ബ്രഹ്മാനന്ദറെഡ്ഡിയും പിന്നീട് ദേവരാജ് അറസുമായിരുന്നു നേതാക്കള്‍. ഇരുവിഭാഗവും പശുവും കിടാവും ചിഹ്നത്തിനായി അവകാശമുന്നയിച്ചപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അതും മരവിപ്പിച്ചു. ഇന്ദിരയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പേരും കൈപ്പത്തി ചിഹ്നവും ലഭിച്ചു. ദേവരാജ് അറസിന്റെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്-യുവിന് ചര്‍ക്ക ചിഹ്നം കിട്ടി. 1978-ലായിരുന്നു അത്. അന്നുതൊട്ടാണ് കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ തിരഞ്ഞെടുപ്പുകളെ നേരിടാന്‍ തുടങ്ങിയത്.
1978-നുശേഷം വി.പി. സിങ്ങും എന്‍.ഡി. തിവാരിയും അര്‍ജുന്‍സിങ്ങും ശരത്പവാറും തൊട്ട് ജി.കെ.മൂപ്പനാരും കെ. കരുണാകരനും വരെ കോണ്‍ഗ്രസ് വിട്ടുപോയെങ്കിലും അവര്‍ക്കൊന്നും കൈപ്പത്തിചിഹ്നത്തില്‍ അവകാശമുന്നയിക്കാനായില്ല.
പുറത്തുപോയവരില്‍ പലരും പിന്നീട് പാര്‍ട്ടിയിലേക്ക് തിരച്ചെത്തി. കൈപ്പത്തി ചിഹ്നത്തെ അമൂല്യസമ്പത്തായി കോണ്‍ഗ്രസ് ഇന്നും കൈവെള്ളയില്‍ കൊണ്ടുനടക്കുന്നു.
അവലംബം :മാത്രുഭൂമി ജനവിധി 2009
0 Comments