പി.എസ്. രാകേഷ് ഭാരതീയജനസംഘത്തില്‍ നിന്നാണ് ഇപ്പോഴത്തെ ഭാരതീയജനതാപാര്‍ട്ടിയുടെ ആവിര്‍ഭാവം. 1952 ലെ ആദ്യതിരഞ്ഞെടുപ്പില്‍ 'ദീപം' ചിഹ്നത്തിലാണ് ജനസംഘം മത്സരിച്ചത്. അന്ന് മൂന്നിടത്തുമാത്രമേ പാര്‍ട്ടിസ്ഥാനാര്‍ഥികള്‍ വിജയിച്ചുള്ളൂ. 1971 വരെ ദീപം ചിഹ്നത്തില്‍ ജനവിധി തേടിയ ജനസംഘം ഓരോ തിരഞ്ഞെടുപ്പിലും നില മെച്ചപ്പെടുത്തിക്കൊണ്ടിരുന്നു.അടിയന്തരാവസ്ഥയ്ക്കു ശേഷമുള്ള 1977ലെ പൊതുതിരഞ്ഞെടുപ്പ് നിര്‍ണായകമായ പല രാഷ്ട്രീയസഖ്യങ്ങള്‍ക്കും ലയനങ്ങള്‍ക്കും വഴിതുറന്നു. ഭാരതീയജനസംഘവും സംഘടനാകോണ്‍ഗ്രസും ഭാരതീയ ലോക്ദളും ചേര്‍ന്ന് ജനതാപാര്‍ട്ടിക്ക് രുപംനല്‍കി. കോണ്‍ഗ്രസ്സ് വിട്ട ജഗ്ജീവന്റാം-ബഹുഗുണ വിഭാഗത്തിന്റെയും കോണ്‍ഗ്രസ്സിലെ യുവതുര്‍ക്കിയെന്നറിയപ്പെട്ട ചന്ദ്രശേഖറിന്റെയും പിന്തുണയോടെയാണ് ജനതാപാര്‍ട്ടി ഇന്ദിരാകോണ്‍ഗ്രസിനെതിരെ പോരിനിറങ്ങിയത്. സി.പി.എം. പിന്തുണയും ജനതാപാര്‍ട്ടിക്കുണ്ടായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ ഭാരതീയ ലോക്ദളിന്റെ 'കലപ്പയേന്തിയ കര്‍ഷകന്‍' ചിഹ്നത്തിലാണ് ജനതാപാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. വന്‍വിജയം നേടിയ ആ തിരഞ്ഞെടുപ്പിനുശേഷം ജനതാപാര്‍ട്ടിക്ക് അതേ ചിഹ്നം തിരഞ്ഞെടുപ്പുകമ്മീഷന്‍ അനുവദിക്കുകയും ചെയ്തു.
ജനതാപാര്‍ട്ടിയിലെത്തിയ പഴയ ജനസംഘം പ്രവര്‍ത്തകര്‍ ആര്‍.എസ്.എസ്സില്‍ അംഗത്വം തുടരുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കം ജനതാപാര്‍ട്ടിയുടെ ആദ്യപിളര്‍പ്പിന് വഴിവെച്ചു. 1979ല്‍ ചരണ്‍സിങ്ങും രാജ്‌നാരായണനും പാര്‍ട്ടിവിട്ട് പുറത്തുപോയി. ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള മുന്‍കോണ്‍ഗ്രസ്സുകാരും വാജ്‌പേയിയും അദ്വാനിയുമുള്‍പ്പെടുന്ന പഴയ ജനസംഘക്കാരും പാര്‍ട്ടിയില്‍ത്തന്നെ തുടര്‍ന്നു. 1980ല്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലെത്തിയപ്പോഴായിരുന്നു ജനതാപാര്‍ട്ടിയിലെ രണ്ടാംപിളര്‍പ്പ്. വാജ്‌പേയിയും അദ്വാനിയും ജനതാപാര്‍ട്ടിയില്‍നിന്ന് പുറത്തുവന്ന് ഭാരതീയ ജനതാപാര്‍ട്ടി രൂപവത്കരിച്ചു. പഴയ ജനസംഘക്കാര്‍ ഇവരുടെ കൂടെപോയതോടെ ജനതാപാര്‍ട്ടിയില്‍ ചന്ദ്രശേഖറും അനുയായികളും മാനത്രമായി. ബി.ജെ.പി.ക്ക് താമര ചിഹ്നമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ചത്. 1984ലെ ആദ്യതിരഞ്ഞെടുപ്പില്‍ രണ്ടു സീറ്റ് മാത്രം നേടിയ ബി.ജെ.പി. 1989ല്‍ 85 സീറ്റുകള്‍ സ്വന്തമാക്കിക്കൊണ്ട് ദേശീയരാഷ്ട്രീയത്തില്‍ നിര്‍ണായകശക്തിയായി.
ജനതാപാര്‍ട്ടിയാകട്ടെ സുബ്രഹ്മണ്യന്‍ സ്വാമിയിലൂടെ ഇപ്പോള്‍ മദ്യരാജാവ് വിജയ് മല്യയുടെ കൈകളിലെത്തിനില്‍ക്കുകയാണ്. ദീപത്തില്‍നിന്ന് കലപ്പയേന്തിയ കര്‍ഷകനിലൂടെ താമരയിലേക്ക് രൂപാന്തരം പ്രാപിച്ച ബി.ജെ.പി.ക്ക് പുതിയ ചിഹ്നത്തെക്കുറിച്ചുള്ള തര്‍ക്കം കാരണം കോടതി കയറേണ്ടിയും വന്നു. ദേശീയപുഷ്പമായ താമരയെ ഒരു പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പ് ചിഹ്നമായി നല്‍കിയതിന്റെ സാധുത ചിലര്‍ ചോദ്യം ചെയ്തതിനെത്തുടര്‍ന്നായിരുന്നു അത്. എന്നാല്‍ തിരഞ്ഞെടുപ്പു കമ്മീഷന്റെ ഈ നടപടിയില്‍ ഇടപെടാന്‍ വിസമ്മതിക്കുകയാണ് കോടതികള്‍ ചെയ്തത്.
അവലംബം :മാത്രുഭൂമി ജനവിധി 2009
0 Comments