ശരീരത്തിന്റെ ഉപാപചയ പ്രവര്‍ത്തങ്ങള്‍ക്കും ശരീരപോഷണത്തിനും ശരീരതാപക്രമീകരണത്തിനുമെല്ലാം ശരണം ജലംതന്നെ. ജനപ്പെരുപ്പവും നഗരവത്‌കരണവും കീടനാശിനികളുടെ അമിതോപയോഗവും ജലാശയത്തെ കുപ്പത്തൊട്ടിയായി പരിഗണിക്കുന്നതുമൊക്കെ ഈ അമൂല്യ സമ്പത്തിനെ നശിപ്പിക്കുകയാണ്. വെള്ളം വെള്ളം സര്‍വത്ര; തുള്ളി കുടിക്കാനില്ലെങ്ങും - എന്നതാണ് പല പ്രദേശങ്ങളുടെയും സ്‌ഥിതി. മനുഷ്യന്റെ വിസര്‍ജ്യവസ്‌തുക്കളും വ്യവസായശാലകളില്‍ നിന്നുള്ള മാലിന്യങ്ങളുമൊക്കെ നിറച്ച് ജലാശയങ്ങളായ ജലാശയങ്ങളൊക്കെ നാം വിഷലിപ്‌തമാക്കി. ജലജീവികള്‍ ചത്തൊടുങ്ങാനും കൃഷിനാശം സംഭവിക്കാനും ജലജന്യ രോഗങ്ങള്‍ ക്രമാതീതമായി പെരുകാനും തുടങ്ങിയിട്ടും ജീവജലത്തോടുള്ള സമീപനത്തില്‍ അവിവേകിയായ മനുഷ്യന്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല എന്നത് പേടിപെടുത്തുന്ന വസ്‌തുതയാണ്. ആത്മഹത്യാപരമായ ഈ സ്‌ഥിതിവിശേഷത്തില്‍നിന്നും രക്ഷനേടുവാനായി ജലം എന്ന അമൂല്യ സമ്പത്തിനെ നാം സംരക്ഷിച്ചേ തീരൂ. അതിന് ജലത്തെക്കുറിച്ച് അറിയേണ്ടതെല്ലാം അറിയണം. കഴിഞ്ഞ ലക്കം പള്ളിക്കൂടത്തില്‍ മഴയെക്കുറിച്ചുള്ള വിവരങ്ങള്‍ നിങ്ങള്‍ വായിച്ചല്ലോ. ജലത്തെക്കുറിച്ച് ഏതാനും കുറിപ്പുകള്‍ കൂടി വായിക്കൂ. ************************* പൊതുവേ തണുപ്പന്‍! ചൂടായാലോ? ഒരു ചെമ്പുകമ്പി ചൂടാക്കാന്‍ അഞ്ചു മിനിറ്റെടുക്കുകയാണെങ്കില്‍ അതേ തൂക്കമുള്ള വെള്ളം അത്രതന്നെ ചൂടാക്കാന്‍ 50 മിനിറ്റ് വേണ്ടിവരും. ഒരിക്കല്‍ ചൂടായ വെള്ളം തണുക്കാനോ? വളരെ സാവധാനമേ വെള്ളം തണുക്കുകയുള്ളൂ. ജലത്തിന്റെ ഈ സവിശേഷതയാണ് പല പ്രകൃതിപ്രതിഭാസങ്ങള്‍ക്കും കാരണമാകുന്നത്. പകല്‍സമയത്ത് സൂര്യതാപംവഴി ലഭിക്കുന്ന താപോര്‍ജത്തെ കടല്‍ജലം സൂക്ഷിച്ചുവെക്കുന്നു. രാത്രിയില്‍പെട്ടെന്ന് തണുപ്പനുഭവപ്പെടാതിരിക്കാന്‍ ഇതാണ് കാരണം. കരചൂടാവുമ്പോള്‍ കടല്‍ജലം ചൂടുപിടിച്ച് കഴിഞ്ഞിരിക്കില്ല. കര പെട്ടെന്ന് തണുത്താലും കടല്‍ജലം ചൂടുള്ളതായിത്തന്നെ നിലകൊള്ളും കാലാവസ്‌ഥ ഏകമാനമാക്കുന്നതില്‍ കടലിന്റെ സ്വാധീനം എത്രത്തോളമുണ്ടെന്ന് നമുക്കിതില്‍നിന്നും മനസ്സിലാക്കാം. ************************* ആദ്യമഴ ഭൂമിയുടെ ഉത്ഭവത്തെക്കുറിച്ച് പല അഭിപ്രായങ്ങളുണ്ടെങ്കിലും ഭൂമി ജനിക്കുമ്പോള്‍ അതൊരഗ്നിഗോളമായിരുന്നു എന്ന കാര്യത്തില്‍ തര്‍ക്കമൊന്നുമില്ല. ഉരുകിത്തിളയ്‌ക്കുന്ന ഭൂമിയില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഭാരംകൂടിയ പദാര്‍ത്ഥങ്ങള്‍ ഭൂമിയുടെ അന്തര്‍ഭാഗത്തേയ്‌ക്ക് താഴ്‌ന്നിറങ്ങുകയും ഭാരത്തിന്റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച് ഭൂമിയുടെ ഉള്‍ക്കാമ്പുമുതല്‍ പുറംതോടുവരെ യഥാക്രമം രൂപംകൊള്ളുകയും ചെയ്‌തു. ഭാരംകുറഞ്ഞ വാതകരൂപത്തിലുള്ള പദാര്‍ത്ഥങ്ങള്‍ ഭൗമോപരിതലത്തിലേക്ക് ഉയര്‍ന്നുവന്നു. തന്മാത്രാരൂപത്തില്‍ നിലനിന്നിരുന്ന ഹൈഡ്രജനും ഓക്‌സിജനും സംയോജിച്ച് നീരാവിയുണ്ടായി. ഭൂമി പതുക്കെ തണുത്തു തുടങ്ങിയപ്പോള്‍ നീരാവി തണുത്ത് വെള്ളത്തുള്ളികളായി ഭൂമിയില്‍ പതിച്ചു. ഇതാണ് ആദ്യമഴ! ഈ പ്രക്രിയ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ തുടര്‍ന്നു. തോരാമഴയില്‍ ഭൂമിയുടെ പുറംതോട് തണുത്ത് കട്ടിയായി. താഴ്‌ന്ന പ്രദേശങ്ങളില്‍ വെള്ളം നിറഞ്ഞ് നദികളും തടാകങ്ങളും സമുദ്രങ്ങളുമുണ്ടായി. ഭൂമി ജലസമൃദ്ധയായി. ജലത്തിലാണല്ലോ ആദ്യ ജീവന്‍ മുളപൊട്ടിയത്. നമ്മുടെ സൗരയൂഥത്തില്‍ ഭൂമിയില്‍ മാത്രമാണ് ജീവന്‍ നിലനില്‍ക്കുന്നത്. കാരണം ഭൂമിയില്‍ മാത്രമാണ് ദ്രവരൂപത്തില്‍ വെള്ളം ഉള്ളത്. വെള്ളമില്ലെങ്കില്‍ ജീവനുമില്ല. ജലം ജീവാമൃതമെന്ന് പറയുന്നത് അതുകൊണ്ടാണ്. ************************* ഒരായുസ്സില്‍ ഒരുലക്ഷം ലിറ്റര്‍ ആരോഗ്യവാനായ ഒരാള്‍ ഒരു ദിവസം രണ്ട്-മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചിരിക്കണം. എങ്കില്‍ ഒരാള്‍ ഒരായുസ്സിനുള്ളില്‍ ഒരുലക്ഷം ലിറ്റര്‍ വെള്ളമെങ്കിലും കുടിച്ചുവറ്റിച്ചിരിക്കും. ************************* H2O------- പതിനെട്ടാംനൂറ്റാണ്ടിന്റെ അവസാനം ജലം ഒരു മൂലകമാണെന്ന ധാരണയിലായിരുന്നു ശാസ്‌ത്രലോകം. ഇംഗ്ലീഷ് ശാസ്‌ത്രജ്‌ഞനായ കാവന്‍ഡിഷ് ആണ് ഹൈഡ്രജനും ഓക്‌സിജനും ചേര്‍ന്നാണ് ജലം ഉണ്ടാകുന്നതെന്ന് ആദ്യമായി തെളിയിച്ചത്. ഒരിരുമ്പുകഷണം ഇട്ടുവെച്ച ഹൈഡ്രോ ക്ലോറിക്കമ്ലത്തില്‍നിന്നും കുമിളകളായി ഒരു വാതകം രൂപംകൊള്ളുന്നത് കാവന്‍ഡിഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ആ വാതകം അദ്ദേഹം ശേഖരിച്ച് പരിശോധിച്ചു. തീ കാണിക്കുമ്പോള്‍ ആളിക്കത്തുന്ന ഈ അദൃശ്യവാതകം കത്തുമ്പോള്‍ ഹൈഡ്രജന്‍ ജലബാഷ്‌പമായി ഉരുത്തിരിയുന്നത് അദ്ദേഹം നിരീക്ഷിച്ചു. അതോടൊപ്പം മറ്റൊരു പരീക്ഷണംകൂടി കാവന്‍ഡിഷ് നടത്തി. ഹൈഡ്രജനും ഓക്‌സിജനും കലര്‍ന്ന മിശ്രിതത്തിലേക്ക് ഒരു വൈദ്യുതസ്‌ഫുലിംഗം പ്രവേശിപ്പിച്ചപ്പോള്‍ ജലം ഉണ്ടാകുന്നതായി അദ്ദേഹം കണ്ടു. രണ്ടു വ്യാപ്‌തം ഹൈഡ്രജനോട് ഒരു വ്യാപ്‌തം ഓക്‌സിജന്‍ കൂടിച്ചേരുമ്പോള്‍ ജലമുണ്ടാകുന്നതിനെയാണ് H2O എന്നതുകൊണ്ട് സൂചിപ്പിക്കുന്നത്. ജലഘടനയെപ്പറ്റിയുള്ള ഈ മൗലികാശയം സ്‌ഥാപിച്ചത് കാവന്‍ഡിഷ് ആണ്. ************************* ഒരാള്‍ക്കെത്ര വെള്ളം ആളുകളുടെ ജീവിത രീതിയും കാലാവസ്‌ഥയും അനുസരിച്ച് ജലം ഉപയോഗിക്കുന്നതിലും വ്യത്യാസമുണ്ടാകാം. ശരാശരി ഒരാള്‍ക്ക് ഇത് 136.5 ലിറ്റര്‍ എന്നാണ് നിശ്‌ചയിച്ചിട്ടുള്ളത്. ഭക്ഷണം പാകംചെയ്യുന്നതിന് 4.5 ലിറ്റര്‍, വസ്‌ത്രങ്ങള്‍, പാത്രങ്ങള്‍ എന്നിവ കഴുകുന്നതിനും ശരീര ശുചീകരണത്തിനും കൂടി 50 ലിറ്റര്‍, വാട്ടര്‍ ക്ലോസറ്റുകള്‍, വ്യാവസായിക ആവശ്യം തുടങ്ങിയ പൊതുആവശ്യങ്ങള്‍ക്കെല്ലാംകൂടി 22.75 ലിറ്റര്‍, വളര്‍ത്തുമൃഗങ്ങള്‍ക്ക് 13.75 ലിറ്റര്‍ എന്നിങ്ങനെ എല്ലാം കൂടിയാണ് ഈ 136.5 ലിറ്റര്‍ എന്ന് കണക്കാക്കിയിട്ടുള്ളത്. ഈ കണക്കുവച്ച് ഒരുദിവസം നിങ്ങള്‍ എത്രവെള്ളം ഉപയോഗിക്കുന്നു എന്നത് രേഖപ്പെടുത്തിവയ്‌ക്കുക. നിങ്ങള്‍ ഉപയോഗിക്കുന്ന ബക്കറ്റ് എത്ര ലിറ്റര്‍ വെള്ളം ഉള്‍ക്കൊള്ളുന്നതാണെന്നറിയാമെങ്കില്‍ ഇത് എളുപ്പമാവും. കൂടുതലാണെങ്കില്‍ തീര്‍ച്ചയായും ഇത് കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കണേ. ************************* ഒരു കഷണം റൊട്ടിയുണ്ടാക്കാന്‍ 150 ലിറ്റര്‍ വെള്ളം ഒരു കഷണം റൊട്ടിക്കുവേണ്ട ധാന്യം ഉണ്ടാക്കാന്‍ 150 ലിറ്റര്‍ വെള്ളം ആവശ്യമുണ്ട്. ഒരു ലിറ്റര്‍ പെട്രോള്‍ ഉല്‌പാദിപ്പിക്കാന്‍ 10 ലിറ്റര്‍ വെള്ളം വേണം. ഒരു കിലോഗ്രാം കടലാസ് ഉണ്ടാക്കാന്‍ 100 ലിറ്റര്‍ വെള്ളം ഒരു ടണ്‍ സിമന്റിന് 3,500 ലിറ്റര്‍ ഒരു ടണ്‍ ഉരുക്കുണ്ടാക്കാന്‍ 20,000 ലിറ്റര്‍ എന്നിങ്ങനെയാണ് വെള്ളത്തിന്റെ ആവശ്യം. |
0 Comments