ഹെമിസ് നാഷണല്‍ പാര്‍ക്ക്
ജമ്മു കാശ്‌മീര്‍ (1981)
സമുദ്രനിരപ്പില്‍നിന്ന് വളരെ ഉയരത്തില്‍ സ്‌ഥിതിചെയ്യുന്ന ഈ പാര്‍ക്കിന് 600 ച.കി.മീ വിസ്‌തീര്‍ണ്ണമുണ്ട്. ഈ തണുത്ത പ്രദേശത്തെ സസ്യ-ജന്തു ജാലങ്ങളെ അതിന്റെ സ്വാഭാവിക ചുറ്റുപാടില്‍ സംരക്ഷിക്കാനാണ് ഈ പാര്‍ക്ക് ആരംഭിച്ചത്.
ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്
ഹിമാചല്‍പ്രദേശ് (1984)
ഹിമാചല്‍പ്രദേശിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയാണിത്. സൂചിയിലക്കാടുകളും പൂന്തോപ്പുകളും നിറഞ്ഞ ഈ പ്രദേശം കുളു ജില്ലയിലാണ്. പര്‍വതപ്രദേശങ്ങളില്‍ കാണുന്ന വിവിധ വിഭാഗത്തില്‍പ്പെട്ട ആടുകളും തവിട്ടുകരടിയും ഹിമക്കടുവകളും ഇവിടെയുണ്ട്.
ഇന്ദ്രാവതി നാഷണല്‍ പാര്‍ക്ക് ഛത്തീസ്‌ഗഡ്
1975ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയി പ്രഖ്യാപിക്കപ്പെട്ടു. മധ്യേന്ത്യയില്‍ അവശേഷിക്കുന്ന കാട്ടുപോത്തുകളുടെ ഒരു സംരക്ഷണകേന്ദ്രമാണിത്.
കേവലദേവ് നാഷണല്‍ പാര്‍ക്ക്
(ഭരത്‌പൂര്‍ പക്ഷി സങ്കേതം)രാജസ്‌ഥാന്‍
ജലപക്ഷികളുടെ ഏറ്റവും വലിയ സങ്കേതങ്ങളിലൊന്നായി അറിയപ്പെടുന്ന കിഴക്കന്‍ രാജസ്‌ഥാനിലെ പാര്‍ക്ക്. 1956ല്‍ ആണ് ഈ പക്ഷിസങ്കേതം രൂപീകൃതമായത്. 1981 ല്‍ ഇതിന് നാഷണല്‍ പാര്‍ക്ക് പദവി ലഭിച്ചു. ദേശാടനപക്ഷികളായ സൈബീരിയന്‍ കൊക്കുകള്‍ ഇത്രയധികം എത്തിച്ചേരുന്ന ഇടം ഇന്ത്യയില്‍ വേറെയില്ല.
മാധവ് നാഷണല്‍ പാര്‍ക്ക് - മധ്യപ്രദേശ് (1959)
മധ്യപ്രദേശ് സംസ്‌ഥാന രൂപീകരണസമയത്തുതന്നെ നിലവില്‍വന്ന ഒരു നാഷണല്‍ പാര്‍ക്കാണിത്. നിരവധിയിനം വന്യജീവികളെ ഇവിടെ സംരക്ഷിച്ചിരിക്കുന്നു.
മറൈന്‍ നാഷണല്‍ പാര്‍ക്ക്, ഗുജറാത്ത്
കടലുമായി ബന്ധപ്പെട്ട ആവാസവ്യവസ്‌ഥയില്‍ ജീവിക്കുന്നവയുടെ സംരക്ഷണത്തിനുവേണ്ടി നിര്‍മ്മിച്ച ഇന്ത്യയിലെ ആദ്യപാര്‍ക്കാണിത്. ഗുജറാത്തില്‍ ജാംനഗറിനു സമീപം ഹച്ച് ഉള്‍ക്കടലുമായി ബന്ധപ്പെട്ടാണ് ഇത് സ്‌ഥാപിച്ചിരിക്കുന്നത്. പവിഴപ്പുറ്റുകള്‍, നീരാളി, നക്ഷത്രമത്സ്യം, വിവിധയിനം മത്സ്യങ്ങള്‍, ഡോള്‍ഫിനുകള്‍, സീലിനോട് സാദൃശ്യമുള്ള ഡ്യുഗോങ എന്ന കടല്‍ജീവി എന്നിവയെക്കൂടാതെ തീരത്ത് ഗ്രേറ്റ് ഇന്ത്യന്‍ ബസ്‌റ്റാഡ്, നിരവധി കൊക്കുകള്‍, പെലിക്കന്‍ തുടങ്ങിയവയെയെല്ലാം ഇവിടെ കാണാം.
നാഗര്‍ഹൊള്ളെ നാഷണല്‍ പാര്‍ക്ക് - കര്‍ണാടക (1988)
1955ല്‍ വൈല്‍ഡ് ലൈഫ് സാങ്‌ച്വറി ആയാണ് ഇത് ആരംഭിച്ചത്. 1988ല്‍ നാഷണല്‍ പാര്‍ക്ക് പദവി നല്‍കി. കടുവ, പുള്ളിപ്പുലി, കാട്ടാന, കാട്ടുപോത്ത് തുടങ്ങി ഒട്ടേറെ വന്യജീവികളുടെ സങ്കേതമാണിത്.
നംദഫാ നാഷണല്‍ പാര്‍ക്ക്
അരുണാചല്‍ പ്രദേശ് (1983)
1972ല്‍ രൂപീകരിച്ച ഈ പാര്‍ക്ക് 1983 മുതല്‍ ടൈഗര്‍ റിസര്‍വ് ആയും പ്രവര്‍ത്തിക്കുന്നു. സസ്യ-ജന്തുജാലങ്ങളുടെ ഒരുനിരതന്നെ ഇവിടെ കാണാം. വിവിധയിനം വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും ഭണ്ഡാഗാരമായ ഇവിടം മികച്ച ഒരു ബൊട്ടാണിക്കല്‍ ഗാര്‍ഡനുമാണ്. വിവിധയിനം പക്ഷികളെയും ഇവിടെ കാണാം.
നന്ദാദേവി നാഷണല്‍ പാര്‍ക്ക്
ഉത്തരാഞ്ചല്‍ (1988)
നന്ദാദേവി കൊടുമുടി ഉള്‍പ്പെടുന്ന പ്രദേശം. ആദ്യം സാങ്‌ച്വറിയായി രൂപീകരിക്കുകയും പിന്നീട് നാഷണല്‍ പാര്‍ക്കായി ഉയര്‍ത്തപ്പെടുകയും ചെയ്‌തു. സസ്യ-ജന്തു ജാലങ്ങള്‍കൊണ്ട് നിറഞ്ഞ പ്രദേശമാണിത്.
നന്ദന്‍കാനന്‍ നാഷണല്‍ പാര്‍ക്ക്
ഒറീസ (1960)
ഒറീസയിലെ ചന്ദകവനത്തില്‍ സ്‌ഥാപിച്ചിട്ടുള്ള നാഷണല്‍ പാര്‍ക്കാണിത്. ഘരിയാലിന്റെ പ്രജനനകേന്ദ്രം ഇവിടെയുണ്ട്. ഇവിടത്തെ നന്ദന്‍കാനന്‍ മൃഗശാല വെള്ളക്കടുവകളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമാണ്.
സിംലിപാല്‍ - ഒറീസ (1980)
കടുവകളുടെ സംരക്ഷണകേന്ദ്രമായാണ് ഇതറിയപ്പെടുന്നത്. 1980 ല്‍ നാഷണല്‍ പാര്‍ക്ക് പദവി ലഭിച്ചു. കടുവകളെക്കൂടാതെ മറ്റനേകം ജീവജാലങ്ങളെയും ഇവിടെക്കാണാം.
0 Comments