ജനജീവിതം സാംസ്‌കാരികമായി തകര്‍ന്നുകഴിഞ്ഞിരുന്ന ഒരുകാലഘട്ടമായിരുന്നു അത്. നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള കിടമത്സരവും പോര്‍ട്ടുഗീസുകാരുടെ അക്രമവുമെല്ലാം ജനജീവിതത്തില്‍ അരാജകത്വവും ദുരിതവും നിറച്ചു. ആധ്യാത്മികമായ ഉന്നതിയിലൂടെയല്ലാതെ സമൂഹത്തിന് രക്ഷയില്ല എന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഹരിനാമ കീര്‍ത്തനവും രാമായണവും മഹാഭാരതവുമെല്ലാം കാവ്യവിഷയങ്ങളായി സ്വീകരിക്കാന്‍ എഴുത്തച്‌ഛന് പ്രേരണയായത് ഇതാവാം. എഴുത്തച്‌ഛന്റെ കൃതികള്‍ : അധ്യാത്മരാമായണം, മഹാഭാരതം കിളിപ്പാട്ട്, ഭാഗവതം, ഹരിനാമകീര്‍ത്തനം, ചിന്താരത്നം, രാമായണം ഇരുപത്തിനാല് വൃത്തം. ജന്മസ്‌ഥലമായ തുഞ്ചന്‍പറമ്പില്‍ ഒരു പള്ളിക്കൂടം സ്‌ഥാപിച്ച് ധാരാളം കുഞ്ഞുങ്ങള്‍ക്ക് അറിവു പകര്‍ന്നുനല്‍കിയതാവാം രാമാനുജന് എഴുത്തച്‌ഛന്‍ എന്ന പേര് കൂടി നല്‍കിയത്. പില്‍ക്കാലത്ത് പാലക്കാട്ടുള്ള ചിറ്റൂരില്‍ ഒരു ആശ്രമം സ്‌ഥാപിച്ച് അദ്ദേഹം അവിടെ താമസമാക്കി. ചിറ്റൂര്‍ മഠത്തില്‍ വെച്ചാണ് അദ്ദേഹം സമാധിയായതെന്ന് വിശ്വസിക്കപ്പെടുന്നു. ************************* രാമാനുജന്‍ എഴുത്തച്‌ഛന്‍ തന്റെ ഗുരുസ്‌ഥാനീയനായി കരുതിയിരുന്നത് പണ്ഡിതനായ ജ്യേഷ്‌ഠന്‍രാമനെയായിരുന്നു. വിദുഷാം അഗ്രേസരന്‍ എന്നാണ് എഴുത്തച്‌ഛന്‍ ജ്യേഷ്‌ഠനെ വിശേഷിപ്പിക്കുന്നത്. രാമന്റെ അനിയന്‍ എന്ന് വിളിക്കപ്പെട്ടിരുന്ന കവി സ്വന്തം പേര് രാമാനുജനെന്നാക്കി എന്നാണൊരു കഥ. ദാര്‍ശനികനായിരുന്ന രാമാനുജാചാര്യരുടെ അനുയായികള്‍ രാമാനുജന്മാര്‍ എന്നറിയപ്പെട്ടിരുന്നു എന്നും അവരിലുള്‍പ്പെട്ടതുകൊണ്ടാണ് രാമാനുജനെഴുത്തച്‌ഛനെന്നു പേരുവന്നതെന്നുമാണ് മറ്റൊരു കഥ. സാക്ഷാല്‍പേര് ശങ്കരന്‍ എന്നായിരുന്നു എന്നും പരദേശസഞ്ചാരത്തില്‍ ശാസ്‌ത്രം അഭ്യസിപ്പിച്ചത് രാമാനുജാചാര്യരുടെ ശിഷ്യന്മാരായിരുന്നതിനാല്‍ ആ ഗുരുവിന്റെ നാമധേയം കവി സ്വീകരിച്ചു എന്നും ഒരു പക്ഷമുണ്ട്. സാക്ഷാല്‍പേരുവിളിക്കുന്നതിനുള്ള മടികൊണ്ട് രാമാനുജന്‍ എന്ന പേര് ചില ശിഷ്യന്മാരോ അടുത്ത സംബന്ധികളോ ഉപയോഗിച്ചുവന്നത് ഒടുവില്‍ പ്രസിദ്ധമായി ഭവിച്ചിരിക്കാം എന്നൊരു കഥയുമുണ്ട്. ************************* കിളിപ്പാട്ട് ശ്രീരാമനാമം പാടി വന്ന പൈങ്കിളിപ്പെണ്ണേ! ശ്രീരാമചരിതം നീ ചൊല്ലിടു മടിയാതെ എന്ന് എഴുത്തച്‌ഛന്‍ കിളിയോടു പറയുമ്പോള്‍ കിളി വന്ദ്യന്‍മാരെ വന്ദിച്ച് കഥപറയുന്ന രീതിയിലാണ് എഴുത്തച്‌ഛന്‍ അധ്യാത്മരാമായണം രചിച്ചിട്ടുള്ളത്. കിളിയെക്കൊണ്ട് കഥപറയിക്കുന്ന കാവ്യരീതി അതിനു മുമ്പുതന്നെ തമിഴില്‍ നിലനിന്നിരുന്നു. എന്നാല്‍ കിളിപ്പാട്ട് ഒരു പ്രസ്‌ഥാനമായത് എഴുത്തച്‌ഛനിലൂടെയാണ്. കവിയുടെ വിനയം പ്രകടിപ്പിക്കാന്‍വേണ്ടിയാണ്, കിളിയെപ്പോലെ സുന്ദരവും ശബ്‌ദമാധുര്യവുമുള്ള കവിതയായിരിക്കണം എന്ന കവിയുടെ ആഗ്രഹംകൊണ്ടാണ്, അറംപറ്റാതിരിക്കാന്‍ വേണ്ടിയാണ് കിളിയെക്കൊണ്ട് കഥപറയിക്കുന്നത് എന്നെല്ലാം കിളിപ്പാട്ടുരീതിയെക്കുറിച്ച് പറയാറുണ്ട്. കാകളി, കേക, കളകാഞ്ചി, മണികാഞ്ചി, ഊനകാകളി, അന്നനട എന്നിങ്ങനെയാണ് കിളിപ്പാട്ടിലുപയുക്‌തമായ ചില വൃത്തങ്ങള്‍ക്കു പില്‍ക്കാലത്ത് പേരുനല്‍കിയിട്ടുള്ളത്. ഇവയെ കിളിപ്പാട്ടു വൃത്തങ്ങള്‍ എന്നുപറയുന്നു. കാകളിയാണ് കിളിപ്പാട്ടു വൃത്തങ്ങളില്‍ ഏറ്റവും പ്രസിദ്ധം. ************************* അധ്യാത്മരാമായണം അധ്യാത്മരാമായണം കിളിപ്പാട്ട് എഴുത്തച്‌ഛന്റെ മദ്ധ്യവയസിലെ കവിതയാകുന്നു. അതിന്റെ മൂലഗ്രന്ഥം ബ്രഹ്‌മാണ്ഡപുരാണത്തിന്റെ ഒരു അംശമായ അധ്യാത്മരാമായണവും വാല്‌മീകിരാമായണംപോലെ ഏഴുകാണ്ഡമായി ഭാഗിച്ചിട്ടുള്ള ഒരു ഗ്രന്ഥവും ആകുന്നു പതിനാലാംനൂറ്റാണ്ടില്‍ സംസ്‌കൃതത്തില്‍ ഉണ്ടായ അധ്യാത്മരാമായണത്തിന്റെ സര്‍ഗാത്മകപരിഭാഷയാണ് എഴുത്തച്‌ഛന്റെ രാമായണം. (വാല്‌മീകിയുടെ മൂലകൃതി സംസ്‌കൃതത്തിലല്ല രചിക്കപ്പെട്ടിട്ടുള്ളത്. അന്ന് നിലവിലിരുന്ന ഒരു പ്രാകൃതഭാഷയിലാണ് വാല്‌മീകിരാമായണം രചിക്കപ്പെട്ടിട്ടുള്ളതെന്നാണ് കരുതപ്പെടുന്നത്.) വാല്‌മീകി രാമായണത്തില്‍ രാമനെ മാനുഷികദൗര്‍ബല്യങ്ങളുള്ള ഒരു കഥാപാത്രമായാണ് ചിത്രീകരിച്ചിട്ടുള്ളത്. അധ്യാത്മ രാമായണത്തിലാകട്ടെ രാമന്‍ ഒരു ദിവ്യകഥാപാത്രമാണ്. വായനക്കാരില്‍ ആധ്യാത്മികബോധം ഉണര്‍ത്താനായി ബോധപൂര്‍വം കാവ്യരചന നടത്തുകയാണ് എഴുത്തച്‌ഛന്‍ ചെയ്‌തത്. വിശദീകരിക്കേണ്ടിടത്ത് വിശദീകരിച്ചും സംഗ്രഹിക്കേണ്ടിടത്ത് സംഗ്രഹിച്ചും ആവശ്യമില്ലെന്നുകണ്ട ഭാഗങ്ങള്‍ ഉപേക്ഷിച്ചും ഉചിതമെന്നു തോന്നന്ന സന്ദര്‍ഭങ്ങളില്‍ സ്വതന്ത്രഭാവന ഉപയോഗിച്ചും മൂലകൃതിയില്‍ നിന്ന് ആവശ്യമുള്ള മാറ്റങ്ങളോടെയാണ് എഴുത്തച്‌ഛന്‍ അധ്യാത്മരാമായണം പരിഭാഷ നടത്തിയിട്ടുള്ളത്. ************************* ഭാഷാപിതാവ് മലയാളഭാഷയുടെ പിതാവ് എന്നാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്‌ഛനെ വിശേഷിപ്പിക്കുന്നത്. എഴുത്തച്‌ഛന്റെ കാലമായപ്പോഴേക്കുതന്നെ മലയാളം തമിഴില്‍നിന്ന് വേര്‍പിരിഞ്ഞ് സ്വതന്ത്രഭാഷയായി രൂപം പ്രാപിച്ചിരുന്നു. ചെറുശ്ശേരിയും കണ്ണശ്ശകവികളും കാവ്യരചനകൊണ്ട് മലയാളത്തെ സമ്പുഷ്‌ടമാക്കിയിരുന്നു. രാമചരിതവും എണ്ണമറ്റ മണിപ്രവാളകൃതികളും ഉണ്ടായിക്കഴിഞ്ഞിരുന്നു. എന്നിട്ടും എഴുത്തച്‌ഛനെ ഭാഷാപിതാവായി ആദരിക്കുന്നത് എന്തുകൊണ്ടാവാം. എഴുത്തച്‌ഛനെപ്പോലെ സാമാന്യജനങ്ങള്‍ക്കിടയില്‍ ഇത്രയേറെ സ്വാധീനം ചെലുത്തിയ കവിയും അധ്യാത്മരാമായണം പോലൊരു കൃതിയും മലയാളത്തിലുണ്ടായിട്ടില്ല. അക്ഷരജ്‌ഞാനമില്ലാത്തവര്‍ പോലും അക്ഷരസ്‌ഫുടതയോടുകൂടി വാമൊഴിയായി പാടിപ്പകര്‍ന്നു പതിഞ്ഞ മറ്റേതൊരു കൃതിയാണ് മലയാളത്തിലുള്ളത്! കൃഷിയിലൂടെ മാത്രം വീടുപുലര്‍ന്നിരുന്ന അക്കാലത്ത് പട്ടിണിയും ദുരിതവും കൊണ്ട് വരുന്ന പഞ്ഞക്കര്‍ക്കിടകത്തില്‍ ആ ശ്വാസമഴയായി കേരളക്കരയിലെങ്ങും അധ്യാത്മരാമായണം പെയ്‌തിറങ്ങി: പട്ടിണിയായ മനുഷ്യാ നീ പുസ്‌തകം കൈയിലെടുക്കൂ എന്ന് ബര്‍ടോള്‍ഡ് ബ്രഷ്‌ത് പറയുന്നതിന് നൂറ്റാണ്ടുകള്‍ മുമ്പുതന്നെ! അച്ചടി അന്ന് കണ്ടുപിടിച്ചിട്ടുപോലുമുണ്ടായിരുന്നില്ല. എഴുത്തച്‌ഛന്‍ രാമായണകഥ പറഞ്ഞ ഭാഷ മലയാളത്തിന്റെ എക്കാലത്തെയും നിലവാരഭാഷയായി പരിണമിച്ചു. ഏ.ആര്‍. രാജരാജവര്‍മ്മയുടെ കേരള പാണിനീയവും ഗുണ്ടര്‍ട്ടിന്റെ നിഘണ്ടുവും വരുന്നതിനു മുമ്പുവരെ മലയാളത്തിന്റെ വ്യാകരണഗ്രന്ഥവും നിഘണ്ടുവുമെല്ലാം എഴുത്തച്‌ഛന്റെ കൃതികളായിരുന്നു. എഴുത്തച്‌ഛനുശേഷം വന്ന എല്ലാ കവികളും ആ ഭാഷയില്‍നിന്നാണ് ഊര്‍ജം സ്വീകരിച്ചത്. ഇന്നും അത് തുടരുന്നു. എഴുത്തച്‌ഛനെ മലയാളഭാഷയുടെ പിതാവ് എന്നുപറയുന്നതിന്റെ പൊരുള്‍ ഇതെല്ലാമാണ്. ************************* അടിയന്റെ ചക്കില്‍ നാലും ആറും ആടും ഏകദേശം പതിനാറു വയസിനു മേലായതിന്റെശേഷം സ്വദേശത്തിനു സമീപം ഒരു പള്ളിക്കൂടം കെട്ടി എഴുത്തച്‌ഛന്‍ കുട്ടികളെ പഠിപ്പിച്ചുവന്നു. കുട്ടികള്‍ക്ക് ആ കാലത്ത് അക്ഷരം അഭ്യസിച്ചതിന്റെ ശേഷം ഈശ്വരസ്‌തുതിയായിട്ടു പഠിക്കുന്നതിലേക്ക് ധാരാളമൊന്നും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹം ഗണപതിസ്‌തവം ആദിയായ സ്‌തവങ്ങള്‍ ഉണ്ടാക്കി ആ കുട്ടികളെ അഭ്യസിപ്പിച്ചുവന്നു. ഇങ്ങനെ പഠിപ്പിച്ചുകൊണ്ടിരിക്കുന്നതു നമ്പൂതിരിമാര്‍ കേട്ടിട്ടു സ്‌പര്‍ദ്ധയോടുകൂടി എന്താ തുഞ്ചന്റെ ചക്കില്‍ എത്ര ആടും എന്ന് ആക്ഷേപമായി ചോദിച്ചു എന്നും അതിനുത്തരമായി അടിയന്റെ ചക്കില്‍ 4ഉം 6 ഉം ആട എന്നുപറഞ്ഞു എന്നും ഒരുകഥയുണ്ട്. അദ്ദേഹത്തിന്റെ ജാതിന്യൂനതയെ ആസ്‌പദമാക്കി ആക്ഷേപിക്കയാല്‍ തുഞ്ചന് കാലുഷ്യം ഉണ്ടായി. അതിനു പ്രതിക്രിയയായി അതുവരെ തമിഴിന്റെ ഒരു ഉപഭാഷയുടെ ശേഖരത്തില്‍ ഇരുന്ന മലയാളഭാഷയെ ദേവഭാഷയായ സംസ്‌കൃതത്തിന് സമമാക്കുന്നുണ്ടെന്ന് ശപഥം ചെയ്‌തു. ************************* തുഞ്ചന്‍ സ്‌മാരകം തിരൂരിലെ തൃക്കണ്ടിയൂര്‍ ശിവക്ഷേത്രത്തിനു സമീപം തുഞ്ചന്‍പറമ്പിലാണ് എഴുത്തച്‌ഛന്റെ ജന്മഗൃഹം സ്‌ഥിതിചെയ്യുന്നത്. അവിടെയാണ് എം.ടി. വാസുദേവന്‍ നായര്‍ രക്ഷാധികാരിയായി തുഞ്ചന്‍ സ്‌മാരകം നിര്‍മ്മിച്ചിട്ടുള്ളത്. ഡിസംബര്‍ 31 തുഞ്ചന്‍ ദിനമായി ആചരിച്ചുവരുന്നു. വിജയദശമിയോടനുബന്ധിച്ച് എഴുത്തിനിരുത്തും വിപുലമായതോതില്‍ ഇവിടെ നടന്നുവരുന്നു. കേരളീയരുടെ വൈജ്‌ഞാനിക തീര്‍ത്ഥാടനകേന്ദ്രമായി മാറിക്കൊണ്ടിരിക്കുകയാണ് തുഞ്ചന്‍പറമ്പ്. |
0 Comments