പണ്ടുപണ്ട് ജപ്പാനിലെ ഒരു ഗ്രാമത്തില്‍ മിന്‍ഗ എന്നൊരു സുന്ദരിക്കുട്ടിയും അവളുടെ അമ്മയും താമസിച്ചിരുന്നു. മിയാമി എന്നായിരുന്നു അമ്മയുടെ പേര്.
വയലില്‍ രാപകല്‍ കഠിനാധ്വാനം ചെയ്താണ് മിയാമി തനിക്കും മകള്‍ക്കും ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്.
അങ്ങനെയിരിക്കെ, മിയാമിക്ക് എന്തോ രോഗം പിടിപെട്ടു. ഒരു ദിവസം മിയാമി, മിന്‍ഗയെ അരികില്‍ വിളിച്ച് പറഞ്ഞു: ''മകളേ, എനിക്കിനി അധികം ദിവസങ്ങളില്ല. നിന്നെക്കുറിച്ചോര്‍ത്താണ് എന്റെ പേടി. ദൈവം നിനക്ക് വേണ്ടതിലേറെ സൗന്ദര്യം തന്നിട്ടുണ്ട്. ആ സൗന്ദര്യം ഒരു വിനയായിക്കൂടാ. അതുകൊണ്ട് നിന്റെ സൗന്ദര്യം നീ ആരും കാണാതെ മറച്ചുവയ്ക്കണം!'', ഇത്രയും പറഞ്ഞ മിയാമി ഒരു മരപ്പിഞ്ഞാണമെടുത്ത് മിന്‍ഗയുടെ തലയില്‍ കമഴ്ത്തി.
വൈകാതെ മിയാമി മരിച്ചു. അതിനുശേഷം അമ്മ പറഞ്ഞതനുസരിച്ച് തലയില്‍ പിഞ്ഞാണം ധരിച്ചു മാത്രമേ മിന്‍ഗ പുറത്തിറങ്ങിയുള്ളൂ.
തലയില്‍ പിഞ്ഞാണവുമായി നടക്കുന്ന മിന്‍ഗയെ നോക്കി ആളുകള്‍ കളിയാക്കിച്ചിരിക്കാന്‍ തുടങ്ങി. ചിലര്‍ അവളുടെ തലയില്‍ നിന്ന് പിഞ്ഞാണം ഊരിക്കളയാനും നോക്കി!
എന്നാല്‍ മിന്‍ഗയോ? അവള്‍ ഇതിനൊന്നും ചെവികൊടുത്തില്ല. രാവിലെയായാല്‍ മിന്‍ഗ തോടിനക്കരെയുള്ള വയലിലേക്ക് പോകും. വൈകുംവരെ അവിടെ ജോലി ചെയ്ത് മുതലാളിയുടെ കൈയില്‍ നിന്ന് പണവും വാങ്ങി വീട്ടില്‍ തിരിച്ചെത്തുകയും ചെയ്യും.
നന്നായി ജോലി ചെയ്യുന്ന മിന്‍ഗയെ മുതലാളിയുടെ ഭാര്യയ്ക്ക് വലിയ ഇഷ്ടമായി. അവര്‍ അവളെ തന്റെ വീട്ടുജോലിക്കാരിയാക്കി.
അപ്പോഴേക്ക് മിന്‍ഗ ഒരു യുവതിയായിക്കഴിഞ്ഞിരുന്നു.
അക്കാലത്താണ് മുതലാളിയുടെ മകന്‍ കിം വിദേശത്തെ പഠനം കഴിഞ്ഞ് വീട്ടിലെത്തിയത്. തലയില്‍ പിഞ്ഞാണം കമഴ്ത്തി നടക്കുന്ന മിന്‍ഗയെ കണ്ടപ്പോള്‍ അവന് വല്ലാത്ത രസം തോന്നി. ഒരു ദിവസം പിഞ്ഞാണത്തിന്റെ വിടവിലൂടെ അവളുടെ മുഖം കണ്ട കിം അന്തംവിട്ടു: 'ഹൊ! എന്തൊരു സൗന്ദര്യം!'
'താന്‍ വിവാഹം കഴിക്കുകയാണെങ്കില്‍ അത് ഇവളെ മാത്രം!', കിം തീരുമാനിച്ചു. എന്നാല്‍ അച്ഛനും അമ്മയും ബന്ധുക്കളുമെല്ലാം കിമ്മിന്റെ തീരുമാനത്തെ എതിര്‍ത്തു.
''ഹും, എവിടുന്നോ കേറിവന്ന ഒരു വേലക്കാരിയെ മാത്രമേ നിനക്ക് കല്യാണം കഴിക്കാന്‍ കിട്ടിയുള്ളൂ?'', അച്ഛന്‍ ചോദിച്ചു.
'തനിക്ക് ജോലി തന്ന മുതലാളിയുടെ വീട്ടില്‍ താന്‍ കാരണം ഒരു കലഹം ഉണ്ടാകരുത്!', ഇങ്ങനെ കരുതിയ മിന്‍ഗ എന്തു ചെയ്‌തെന്നോ? കിമ്മിനെ വിവാഹം കഴിക്കേണ്ടെന്ന് തീരുമാനിച്ചു.
എന്നാല്‍ അന്നു രാത്രി മിന്‍ഗയുടെ സ്വപ്‌നത്തില്‍ മരിച്ചുപോയ
അവളുടെ അമ്മ പ്രത്യക്ഷപ്പെട്ടു. ''മോളേ, നീ കിമ്മിനെ വിവാഹം കഴിക്കണം!'', അമ്മ പറഞ്ഞു.
'അമ്മ ആവശ്യപ്പെട്ടാല്‍ വയ്യെന്നു പറയുന്നതെങ്ങനെ?', മിന്‍ഗ വിവാഹത്തിനുള്ള തന്റെ സമ്മതം കിമ്മിനെ അറിയിച്ചു.
കിം, തന്റെ തീരുമാനത്തില്‍ നിന്ന് പിന്നോട്ടു പോകില്ലെന്നറിഞ്ഞ അച്ഛനും അമ്മയും മനസ്സില്ലാ മനസ്സോടെയെങ്കിലും ആ വിവാഹത്തിന് സമ്മതം മൂളി. ''പക്ഷേ, ഒരു കാര്യം- അവളുടെ തലയിലെ പിഞ്ഞാണം എടുത്തുകളയണം'', അവര്‍ ആവശ്യപ്പെട്ടു.
ആരൊക്കെ ശ്രമിച്ചിട്ടും മിന്‍ഗയുടെ തലയിലെ പിഞ്ഞാണം വലിച്ചെടുക്കാനായില്ല. 'ഇനി എന്തു ചെയ്യും?', എല്ലാവരും നിസ്സഹായരായി പരസ്പരം നോക്കി.
''ഹും, ഒരു നശിച്ച പിഞ്ഞാണം!'', ദേഷ്യം വന്ന കിം, മിന്‍ഗയുടെ
തലയിലെ പിഞ്ഞാണത്തില്‍ മുഷ്ടി ചുരുട്ടി ഒരിടിയിടിച്ചു. പിഞ്ഞാണം പൊട്ടിച്ചിതറി താഴെ വീണു. പിഞ്ഞാണത്തിനകത്തുനിന്ന് സ്വര്‍ണ്ണ
നാണയങ്ങളും രത്‌നങ്ങളും താഴെ വീണ് ചിതറി! ഇതുകണ്ട് എല്ലാവര്‍ക്കും അത്ഭുതമായി.
ഇത്രയും വലിയ സമ്പാദ്യം തനിക്കുവേണ്ടി കരുതിവച്ച അമ്മയെക്കുറിച്ചോര്‍ത്തപ്പോള്‍ മിന്‍ഗയുടെ കണ്ണു നിറഞ്ഞു. വൈകാതെ കിമ്മിന്റേയും മിന്‍ഗയുടേയും വിവാഹം ആര്‍ഭാടമായിത്തന്നെ നടന്നു. അവര്‍ പിന്നീട് ഒരുപാടുകാലം സുഖമായി ജീവിച്ചു.
0 Comments