വജ്രായുധത്തെക്കുറിച്ച് കേട്ടിട്ടില്ലേ? ദേവേന്ദ്രന്റെ പ്രശസ്തമായ ആ ആയുധം ഉണ്ടാക്കിയത് എന്തുപയോഗിച്ചാണെന്ന് അറിയാമോ? ഒരു പാവം മഹര്‍ഷിയുടെ എല്ലുകൊണ്ട്! ആ കഥയാവട്ടെ ഇത്തവണ.
വൃത്രന്‍ എന്ന പേരില്‍ മഹാദുഷ്ടനും ക്രൂരനുമായ ഒരസുരന്‍ ഉണ്ടായിരുന്നു. തരം കിട്ടിയാല്‍ ദേവന്മാരെ ഉപദ്രവിക്കുക എന്നതാണ് വൃത്രന്റെ പ്രധാന വിനോദം.
വൃത്രന്റെയും കൂട്ടാളികളുടെയും ഉപദ്രവങ്ങള്‍കൊണ്ട് ദേവന്മാര്‍ പൊറുതിമുട്ടി! അങ്ങനെയിരിക്കെ ഒരു ദിവസം ദേവന്മാരെല്ലാവരും കൂടി എന്തു ചെയ്‌തെന്നോ? തങ്ങളുടെ രാജാവായ ഇന്ദ്രനേയുംകൂട്ടി ബ്രഹ്മാവിന്റെ സന്നിധിയില്‍ ചെന്നു.
''എങ്ങനെയെങ്കിലും വൃത്രാസുരന്റെ കഥ കഴിക്കണം!'', ദേവന്മാര്‍ ബ്രഹ്മാവിനോട് ആവശ്യപ്പെട്ടു.
അപ്പോള്‍ ബ്രഹ്മാവ് പറഞ്ഞു: ''വൃത്രനെ കൊല്ലുന്നത് അത്ര എളുപ്പമല്ല. ദധീചമഹര്‍ഷിയുടെ അസ്ഥികൊണ്ടുണ്ടാക്കുന്ന ആയുധത്തിനു മാത്രമേ വൃത്രനെ വധിക്കാന്‍ കഴിയൂ!''
''ദധീചമഹര്‍ഷിയുടെ അസ്ഥി എങ്ങനെ കിട്ടും?'', ദേവന്മാരുടെ ഈ സംശയത്തിനും ബ്രഹ്മാവ് മറുപടി പറഞ്ഞു: ''നിങ്ങള്‍ ശോണാനദിയുടെ തീരത്തു ചെന്ന് ദധീചനെ നേരില്‍ കണ്ട് ചോദിക്കുക. വലിയ ദാനശീലനാണ് അദ്ദേഹം!''
അങ്ങനെ ദേവന്മാരെല്ലാവരുംകൂടി ശോണാനദീതീരത്ത് തപസ്സു ചെയ്യുകയായിരുന്ന ദധീചന്റെ അടുത്തെത്തി തങ്ങളുടെ ആവശ്യം അറിയിച്ചു.
''എന്റെ അസ്ഥികൊണ്ട് നിങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാവുകയാണെങ്കില്‍ എനിക്ക് സന്തോഷമേയുള്ളൂ!'', ഇങ്ങനെ പറഞ്ഞ് ദധീചന്‍ അപ്പോള്‍തന്നെ മരണം വരിച്ചു.
ദേവന്മാര്‍ ദധീചന്റെ അസ്ഥികളെടുത്ത് എന്തു ചെയ്‌തെന്നോ? ശില്പിയായ വിശ്വകര്‍മാവിനെ ഏല്പിച്ചു. അദ്ദേഹം അതുകൊണ്ട് ശക്തിയേറിയ ഒരായുധമുണ്ടാക്കി ഇന്ദ്രന് സമ്മാനിച്ചു. ദേവേന്ദ്രന്‍ വൃത്രാസുരനെ കൊല്ലാനുപയോഗിച്ച ഈ ആയുധമാണ് പിന്നീട് വജ്രായുധം എന്ന പേരില്‍ പ്രശസ്തമായത്.
0 Comments