ഹിമാലയന്‍നദികള്‍ ഉത്തരപര്‍വതമേഖലയാണ് ഹിമാലയന്‍നദികളുടെ പ്രഭവസ്‌ഥാനം. സിന്ധു, ഗംഗ, ബ്രഹ്‌മപുത്ര എന്നിവയാണ് പ്രധാന ഹിമാലയന്‍നദികള്‍. സിന്ധുനദി തിബറ്റിലെ മാനസസരോവര്‍ തടാകത്തിനടുത്തുനിന്ന് ഉത്ഭവിക്കുന്ന 2790 കി. മീ. നീളമുള്ള സിന്ധുനദി 709 കി. മീറ്റര്‍ മാത്രമാണ് ഇന്ത്യയിലൂടെ ഒഴുകുന്നത്. ഝലം, ചിനാബ്, രവി, സത്‌ലജ്, ബിയാസ് എന്നിവ പ്രധാന പോഷകനദികളാണ്. അറബിക്കടലില്‍ പതിക്കുന്ന സിന്ധുനദിയുടെ ഏറിയഭാഗവും പാക്കിസ്‌ഥാനിലാണ്. ഗംഗ ഭാരതത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ് ഗംഗ (2,510 കി. മീറ്റര്‍). ദേവപ്രയാഗില്‍വച്ച് അളകനന്ദ, ഭാഗീരഥി എന്നീ നദികള്‍ കൂടിച്ചേര്‍ന്ന് ഗംഗയായി പരിണമിക്കുന്നു. ഹരിദ്വാറില്‍ വച്ച് ഉത്തരമഹാസമതലത്തിലേക്ക് പ്രവേശിക്കുന്നു. യമുനയാണ് ഗംഗയുടെ പ്രധാന പോഷകനദി. അലഹാബാദില്‍ വച്ച് ഗംഗയും യമുനയും യോജിക്കുന്നു. ഇവിടെ ഭൂമിക്കടിയിലൂടെ സരസ്വതിയും ഒഴുകിയെത്തുന്നു വെന്നാണ് സങ്കല്‌പം. അലഹാബാദ് ത്രിവേണി സംഗമം എന്നും അറിയപ്പെടുന്നു. ചമ്പല്‍, സിന്ദ്, ബത്‌വ, കെന്‍ മുതലായവ പോഷകനദികളാണ്. സോണ്‍നദി ദക്ഷിണ പീഠഭൂമിയില്‍നിന്ന് ഗംഗയിലേക്ക് ഒഴുകിയെത്തുന്നു. ഗംഗയുടെ ഇടതുപാര്‍ശ്വത്തിലൂടെ ഒഴുകിയെത്തുന്ന ഹിമാലയന്‍പോഷകനദികളാണ് കോസി, ഗോമതി, ഘാ ഘര (സരയൂ), ഗണ്ഡക് എന്നിവ. കോസി ബീഹാറിന്റെ ദുഃഖം എന്ന് അറിയപ്പെടുന്നു. ഗംഗ കൈവഴികളായി പിരിഞ്ഞ് പശ്‌ചിമബംഗാളിലും ബംഗ്ലാദേശിലും പ്രസിദ്ധമായ സുന്ദരവനം എന്ന ഡെല്‍റ്റ സൃഷ്‌ടിക്കുന്നു. ഫാറാക്കയില്‍ ഗംഗ രണ്ടായി പിരിയുന്നു. പത്മ എന്ന പേരില്‍ പ്രധാന ശാഖ ബംഗ്ലാദേശിലൂടെ ഒഴുകുന്നു. മറ്റേ ശാഖയായ ഹൂഗ്ലി (ഭാഗീരഥി) തെക്കോട്ടൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ബ്രഹ്‌മപുത്ര മാനസസരോവര്‍ തടാകത്തിന് തെക്ക്‌കിഴക്കുള്ള ഹിമപടമാണ് ബ്രഹ്‌മപുത്രയുടെ ഉത്ഭവസ്‌ഥാനം. ഇന്ത്യയിലെ ഏറ്റവും ജലസമൃദ്ധമായ നദിയാണിത്. 2,900 കി. മീ. നീളമുള്ള ഇതിന്റെ725 കി. മീ. ഭാഗം മാത്രമേ ഇന്ത്യയിലുള്ളൂ. തിബത്തിലൂടെ ഒഴുകുമ്പോള്‍ സാങ്‌പോഎന്നും ഇന്ത്യയില്‍ ദിഹാജ്, സിയാജ്, ബ്രഹ്‌മപുത്ര എന്നും ബംഗ്ലാദേശില്‍ യമുന എന്നും ഈ നദി അറിയപ്പെടുന്നു. ഉപദ്വീപീയനദികള്‍ ഉപദ്വീപീയനദികള്‍ പശ്‌ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. അവയെ കിഴക്കോട്ടൊഴുകുന്നവ, പടിഞ്ഞാറോട്ടൊഴുകുന്നവ എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു. കിഴക്കോട്ടൊഴുകുന്ന നദികള്‍ കാവേരി കര്‍ണാടകയിലെ കൊഡഗു (കുര്‍ഗ്) ജില്ലയില്‍ പശ്‌ചിമഘട്ടപര്‍വ്വതനിരയുടെ ഭാഗമായ ബ്രഹ്‌മഗിരി മലകളില്‍ തലക്കാവേരി എന്ന തടാകത്തില്‍ നിന്ന് ഉത്ഭവിച്ച് 800 കി. മീ. സഞ്ചരിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ലക്ഷ്‌മണതീര്‍ത്ഥം, കബനി, സുവര്‍ണവതി, ഭവാനി, അമരാവതി, ഹ്യരംഗി, ഹേമാവതി, ശിംഷാ, അര്‍ക്കാവതി എന്നിവ പോഷകനദികളാണ്. കര്‍ണാടക, തമിഴ്‌നാട് എന്നീ സംസ്‌ഥാനങ്ങളിലൂടെയാണ് നദി മുഖ്യമായും ഒഴുകുന്നത്. കൃഷ്‌ണ മഹാരാഷ്‌ട്രയില്‍ മഹാബലേശ്വറിനു സമീപം വടക്കു പശ്‌ചിമഘട്ടത്തില്‍ നിന്ന് ഉത്ഭവിക്കുന്നു. മഹാരാഷ്‌ട്ര, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥനങ്ങളിലൂടെ 1,400 കിലോമീറ്റര്‍ ദൂരമൊഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. കൊയ്‌ന, വര്‍ണ, ഘടപ്രഭ, മലപ്രഭ, ഭീമ, തുംഗഭദ്ര എന്നിവ പോഷകനദികളാണ്. ഗോദാവരി ദക്ഷിണേന്ത്യന്‍ നദികളില്‍ വലിപ്പത്തിലും നീളത്തിലും ഒന്നാംസ്‌ഥാനത്തുള്ള നദി. മഹാരാഷ്‌ട്രയിലെ നാസിക്ക് ജില്ലയില്‍ പശ്‌ചിമപര്‍വ്വതനിരയില്‍ നിന്ന് ഉത്ഭവിച്ച് മഹാരാഷ്‌ട്ര, ഛത്തീസ്‌ഗഡ്, കര്‍ണാടക, ഒറീസ, ആന്ധ്രാപ്രദേശ് എന്നീ സംസ്‌ഥാനങ്ങളിലൂടെ ഒഴുകി ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുന്നു. ഗോദാവരിക്ക് 1465 കി. മീ. നീളമുണ്ട്. വൃദ്ധഗംഗ, ദക്ഷിണഗംഗ എന്നും ഈ നദി അറിയപ്പെടുന്നു. പൂര്‍ണ, കദം, പ്രാണ്‍ഹിത, ഇന്ദ്രാവതി, മഞ്‌ജിറ, സിന്ദ്‌ഫന, മാനര്‍, കിനാര്‍സനി, ദുദ്‌ന എന്നിവ പോഷകനദികളാണ്. പടിഞ്ഞാറോട്ടൊഴുകുന്ന നദികള്‍ നര്‍മ്മദ ഛത്തീസ്‌ഗഢിലെ മെയ്‌കല മലകളില്‍പ്പെട്ട അമരണ്ഡയ് എന്ന സ്‌ഥലത്തുനിന്ന് ഉത്ഭവിക്കുന്നു. ഛത്തീസ്‌ഗഢ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലൂടെ 1312 കി. മീ. ഒഴുകി ബ്രോച്ചിനുസമീപം അറബിക്കടലില്‍ പതിക്കുന്നു. രേവ, സമോദ്‌ഭയ, മേകല, സുത എന്നീ പേരുകളിലും നര്‍മ്മദ അറിയപ്പെടുന്നു. ബുഡ്‌നര്‍, ബര്‍ജര്‍, ഷാര്‍, ശേഖര്‍, താവ, കുന്ദി, ഹിരണ്‍, ബര്‍ന, ഒസ്‌റജ് എന്നിവയാണ് പ്രധാന പോഷക നദികള്‍. സര്‍ദാര്‍ സരോവര്‍ പദ്ധതി 1979-ല്‍ നര്‍മദാ വാട്ടര്‍ ഡിസ്‌പ്യൂട്ട് ട്രൈബ്യൂണലിന്റെ നിര്‍ദ്ദേശപ്രകാരം വന്‍തോതിലുള്ള ഒരു നര്‍മദാതാഴ്‌വര വികസനപദ്ധതി രൂപംകൊണ്ടു. ഈ പദ്ധതി 30 വലിയ അണകളും 135 ഇടത്തരം അണകളും 3000 ചെറിയ അണകളും ഉള്‍പ്പെടുന്നതാ ണ്. 30 പ്രധാന അണകളില്‍ ഒന്നാണ് ഗുജറാത്തിലെ വിവാദമായ സര്‍ദാര്‍ സരോവര്‍ പ്രോജക്‌ട്. താപ്‌തി മധ്യപ്രദേശിലെ ബൈരൂര്‍ ജില്ലയില്‍ മുല്‍തായ് പീഠഭൂമിയില്‍ നിന്ന് ഉത്ഭവിക്കുന്നു. 724 കി. മീ. പടിഞ്ഞാറോട്ടൊഴുകി (മദ്ധ്യപ്രദേശ്, മഹാരാഷ്‌ട്ര, ഗുജറാത്ത് എന്നീ സംസ്‌ഥാനങ്ങളിലൂടെ) സൂററ്റ് സമതലം കടന്ന് അറബിക്കടലില്‍ പതിക്കുന്നു. പൂര്‍ണ, ആനര്‍, ഗിര്‍നാ, ബോറി, പഝ്‌റ എന്നിവ പ്രധാന പോഷകനദികളാണ്. |
1 Comments
ഫോണ്ടുകള്‍ കൂടതല്‍ ഡാര്‍ക്ക് ആക്കിയിരുന്നെങ്കില്‍ വായിക്കാന്‍ കൂടുതല്‍ സൗകര്യമായേനെ. ഈ ശ്രമം കുട്ടികള്‍ക്ക് വളരെയേറെ ഉപകാരപ്രദം. എന്റെ മകനുവേണ്ടി.
ReplyDelete