ഒരിക്കല്‍ ഒരു യുവാവ് ഭഗവാന്‍ ശ്രീബുദ്ധനെ സമീപിച്ചു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് അയാള്‍ ശ്രീബുദ്ധന്റെ അടുത്തെത്തിയത്.
''ഭഗവാനേ, നിസ്സാര കാര്യങ്ങള്‍ മതി എന്നെ സങ്കടപ്പെടുത്താന്‍!'', അയാള്‍ പറഞ്ഞു: ''അതു കൊണ്ട് എന്റെ ജീവിതം വലിയ ബുദ്ധിമുട്ടിലാണ്. അവിടുന്ന് എന്നെ രക്ഷിക്കണം!''
ശ്രീബുദ്ധന്‍ അയാളെ സൂക്ഷിച്ചുനോക്കി. എന്നിട്ട് അകത്തുപോയി കുറച്ച് ഉപ്പും ഒരു ചെറിയ പാത്രത്തില്‍ വെള്ളവുമായി തിരിച്ചു വന്നു. ഒരു പിടി ഉപ്പ് യുവാവിന്റെ കൈയില്‍ കൊടുത്തിട്ട് ശ്രീബുദ്ധന്‍ പറഞ്ഞു: ''ഇത് പാത്രത്തിലെ വെള്ളത്തില്‍ കലക്കൂ!''
യുവാവ് അപ്രകാരം ചെയ്തു. ''ഇനി വെള്ളം കുടിച്ചു നോക്കൂ!'', ബുദ്ധന്‍ പറഞ്ഞു.
ഉപ്പുരസമുള്ള ആ വെള്ളം മുഴുവന്‍ കുടിക്കാനാകാതെ യുവാവ് മുഖം ചുളിച്ചു. അപ്പോള്‍ ശ്രീബുദ്ധന്‍ അയാള്‍ക്ക് ഒരു പിടി ഉപ്പു കൂടി കൈയില്‍ വച്ചു കൊടുത്തു. എന്നിട്ട് അയാളെ ആശ്രമത്തിനടുത്തുള്ള കുളത്തിലേക്ക് കൊണ്ടുപോയി.
''കൈയിലെ ഉപ്പ് ഈ കുളത്തില്‍ കലക്കിക്കോളൂ!'', ശ്രീബുദ്ധന്‍ പറഞ്ഞു. യുവാവ് അനുസരിച്ചു.
''ഇനി കുളത്തിലെ വെള്ളം കുടിച്ചു നോക്കൂ!'', ശ്രീബുദ്ധന്‍ പറഞ്ഞതുകേട്ട് യുവാവ് കൈക്കുമ്പിളില്‍ വെള്ളമെടുത്ത് കുടിച്ചു. ''ഇല്ല, ഒട്ടും ഉപ്പുരസമില്ല!'', യുവാവ് പറഞ്ഞു.
ശ്രീബുദ്ധന്‍ മന്ദഹസിച്ചു. യുവാവിന്റെ തോളില്‍ കൈവച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: ''ജീവിതത്തില്‍ നമുക്കു നേരിടേണ്ടി വരുന്ന ദു:ഖങ്ങള്‍ ഉപ്പു പോലെയാണ്. നമ്മുടെ മനസ്സാകട്ടെ വെള്ളം പോലെയും!''
മനസ്സിലാകാതെ നില്‍ക്കുന്ന യുവാവിനോട് ശ്രീബുദ്ധന്‍ തുടര്‍ന്നു: ''ആദ്യം ആ ചെറിയ പാത്രത്തിലും പിന്നീട് ഈ കുളത്തിലും നീ കലര്‍ത്തിയത് ഒരേ അളവ് ഉപ്പു തന്നെ. പക്ഷേ, പാത്രത്തില്‍ കുറച്ചേ വെള്ളമുണ്ടായിരുന്നുള്ളൂ. അതു കൊണ്ട് നിനക്ക് ആ വെള്ളം കുടിക്കുന്ന കാര്യം അസഹ്യമായി തോന്നി. എന്നാല്‍ കുളത്തിലെ വെള്ളത്തില്‍ അതു നീ അറിഞ്ഞതുതന്നെയില്ല!''
യുവാവിനോടൊപ്പം ആശ്രമത്തിലേക്കു നടക്കുമ്പോള്‍ അദ്ദേഹം ഇത്രയും കൂടി പറഞ്ഞു: ''ദു: ഖമാകുന്ന ഉപ്പിനെ നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാനാകില്ല. പക്ഷേ, നമുക്കു നമ്മുടെ മനസ്സി
നെ വലുതാക്കാന്‍ സാധിക്കും. ഇപ്പോള്‍ ഒരു ചെറിയ പാത്രത്തോളമേയുള്ളൂ നിന്റെ മനസ്സ്്. അതു കൊണ്ടാണ് ചെറിയ സങ്കടങ്ങള്‍ പോലും സഹിക്കാന്‍ പറ്റാത്തത്. ധാരാളം അറിവു നേടി മനസ്സിനെ വലുതാക്കൂ. പിന്നെ ചെറിയ കാര്യങ്ങള്‍ നിന്നെ ഒരിക്കലും അലട്ടുകയില്ല!''
ശ്രീബുദ്ധന്റെ പാദങ്ങള്‍ തൊട്ടു വണങ്ങിയിട്ട് സന്തോഷത്തോടെ യുവാവ് യാത്രയായി.
0 Comments