Header Ads Widget

മാവോയുടെ ചൈനയ്ക്ക് 60




ഹൂ ബോ എന്ന ചൈനീസ് ഫോട്ടോഗ്രാഫര്‍ക്ക് ഇപ്പോഴും നല്ല പോലെ ഓര്‍മ്മയുണ്ട് ആ കാലം. നല്ല ലൈറ്റിങില്‍ എടുത്ത മിഴിവുള്ള ഒരു ഫോട്ടോ പോലെ. അവള്‍ക്ക് 25 വയസ് പ്രായമുള്ളപ്പോഴാണ് തന്റെ റോളഫ്ലക്‌സ് ക്യാമറയില്‍ ആ ചിത്രം പകര്‍ത്തുന്നത്. ചൈന ഒരു ജനകീയ റിപ്പബ്ലിക് ആണെന്ന മാവോയുടെ പ്രഖ്യാപനം നടത്തുന്നതിന്റെ ചിത്രമായിരുന്നു അത്. പിന്നീട് ആ പ്രഖ്യാപനത്തിന് പറയാനുണ്ടായത് വലിയൊരു ചരിത്രം. കര്‍ഷകരെ വായിക്കാനും എഴുതാനും പഠിപ്പിക്കലായിരുന്നു ഹൂ ബോയുടെ അന്നത്തെ ചുമതല. ഒപ്പം ചിത്രങ്ങളുമെടുക്കും. അങ്ങനെയിരിക്കെയാണ് മാവോയുടെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം. പേടിയായിരുന്നു മനസ്സുനിറയെ... തിങ്ങിക്കൂടിയ ജനത്തിന്റെ മുന്നില്‍ അവള്‍ ഞെരുങ്ങിനിന്നു. ചരിത്രത്തിലേക്ക് ഒരു ക്ലിക്.. ക്യാമറയ്ക്ക് വൈഡ് ആംഗിള്‍ ലെന്‍സൊന്നുമുണ്ടായിരുന്നില്ലെന്ന് അവര്‍ ഓര്‍ക്കുന്നു. പക്ഷേ ആ ചിത്രത്തോടെ ഹൂ ബോ മാവോയുടെ പേഴ്‌സണല്‍ ഫോട്ടാഗ്രാഫറായി. 12 വര്‍ഷത്തോളം അങ്ങനെ തുടര്‍ന്നു. മാവോ കുടുംബാംഗത്തെ പോലെയാണ് പെരുമാറിയിരുന്നത്. ചുണ്ടില്‍ എപ്പോഴും എരിയുന്ന സിഗരറ്റുണ്ടാകും. അവര്‍ ഓര്‍ക്കുന്നു.

പക്ഷേ തുടര്‍ന്നുള്ള ഓര്‍മ്മകള്‍ക്ക് അത്ര ഭംഗി പോരാ. സാംസ്‌കാരികവിപ്ലവത്തിന്റെ കാലത്തെ ചൈന ഭിന്നമായ അനുഭവങ്ങളുടേതായിരുന്നു. ഇന്ന് ഹൂ ബോയ്ക്ക് പ്രായം 94. ഇവര്‍ക്ക് മാത്രമല്ല മാവോയുടെ സെക്രട്ടറിയായിരുന്ന ഹൂ കിയോമുവിന്റെ മകള്‍ ഹൂ മ്യൂയിങ്, 40 കളില്‍ അമേരിക്കന്‍ സൈനികനായിരുന്ന, പിന്നീട് ചൈനയിലെത്തി കമ്യൂണിസ്റ്റായ സിഡ്‌നി റിറ്റന്‍ബര്‍ഗ്, ചെമ്പടയിലെ സൈനികയായിരുന്ന ലിയൂ തിയാന്‍യൂ അങ്ങനെ എത്രയോ പേരുടെ നെഞ്ചില്‍ ആ കാലം ഇരമ്പുന്നുണ്ട്. പുതിയ കാലത്തിന്റെ പോക്കില്‍ വിമര്‍ശനമുള്ളവരും അന്നുണ്ടായിരുന്ന പല ശൈലികളും പിന്നീട് വിമര്‍ശനാത്മകമായി തിരിച്ചറിഞ്ഞവരും ഒട്ടും കുറവല്ല.


ചൈനയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ വേരോട്ടം തുടങ്ങിയിട്ട് 90 വര്‍ഷമെങ്കിലുമായിക്കാണും. എന്നാല്‍ മാവോ സെ തൂങിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് ഭരണത്തിലേക്ക് ചൈനയെത്തിയിട്ട് അറുപതാണ്ട് തികയുന്നു. ചൈനയെന്നു കേള്‍ക്കുമ്പോള്‍ മാവോയും ലോങ് മാര്‍ച്ചും സാംസ്‌കാരിക വിപ്ലവവും ടിയാനെന്‍മെന്‍ സ്‌ക്വയറുമാണ് ലോകത്തിന്റെ മനസ്സിലേക്കെത്തുന്നത്. ചൈനയിലെ പഴയ തലമുറയിലെ ഇന്നുള്ള പലര്‍ക്കും ആ കാലം ഓര്‍മ്മയുണ്ട്. 1920 കളിലെ ആദ്യ കമ്യൂണിസ്റ്റ് തുടക്കങ്ങള്‍.. ഷാങ്ഹായില്‍ ചിയാങ് കൈഷക്കിന്റെ ദേശീയവാദി ഭരണത്തിനെതിരായ എതിര്‍പ്പുകള്‍..കൃഷിക്കാരെയും തൊഴിലാളികളേയും കൂട്ടുപിടിച്ച് അട്ടിമറിച്ച്. മാവോയുടെ ചെമ്പട നടത്തിയ ലോങ് മാര്‍ച്ച്.. പിന്നീട് അനേകായിരം പേരുടെ രക്തസാക്ഷിത്വത്തിന് കാരണമായ ചൈനീസ് വിപ്ലവം..ഒടുവില്‍ തെക്കുനിന്ന് വടക്ക് വരെയെത്തിയ ലോങ് മാര്‍ച്ചിന് ശേഷമുള്ള മാവോയുടെ പ്രഖ്യാപനം.. എല്ലാം അവര്‍ ഓര്‍ക്കുന്നു. 1949 ഒക്ടോബര്‍ 1 നായിരുന്നു ചൈനീസ് റിപ്ലബ്ലിക്നിലവില്‍ വന്നുവെന്ന മാവോയുടെ പ്രഖ്യാപനം.


മാവോയുടെ വ്യക്തിജീവിതത്തെക്കുറിച്ചും പല വാര്‍ത്തകളും വിവാദവൃത്താന്തങ്ങളും പ്രചരിച്ചിരുന്നു. അദ്ദേഹത്തിന്റേതായി വന്ന ജീവചരിത്രങ്ങളും കൂടുതല്‍ വിവാദമായി. നാല് ഭാര്യമാര്‍ ഉണ്ടായിരുന്നതായി വാര്‍ത്തകളുണ്ട്. 1930 ല്‍ ആദ്യ ഭാര്യ യാങ് കായ് ഹായിയെ കുമിങ്താങ് കക്ഷി തൂക്കിലേറ്റി.. നാലാമത്തെ ഭാര്യ ജിയാങ് ക്വിങ് 1991 ല്‍ ആത്മഹത്യ ചെയ്തു. പ്രതിവിപ്ലവത്തിന് ശ്രമിച്ചതിന്റെ പേരില്‍ 1983 ല്‍ ഇവരെ തൂക്കിക്കൊല്ലാന്‍ വിധിച്ചു. പിന്നീടത് ജീവപര്യന്തമാക്കുകയും, ശേഷം ചികിത്സയ്ക്ക് വേണ്ടി ജയിലില്‍ നിന്ന് പുറത്തുവിട്ടു. താല്‍ക്കാലികമായി ജയില്‍മോചിതയായതോടെ അവര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു. മാവോയുടെ മരണശേഷം ജിയാങ് പാര്‍ട്ടിയില്‍ വന്‍ മേധാവിത്വമാണ് നേടിയത്. മാധ്യമങ്ങളുടേയും മറ്റും നിയന്ത്രണം കൈക്കലാക്കുകയും ചെയ്തായി അക്കാലത്ത് ആരോപണമുയര്‍ന്നിരുന്നു. സാംസ്‌കാരിക വിപ്ലവകാലത്തെ ഗ്യാങ് ഓഫ് ഫോര്‍ എന്ന കുപ്രസിദ്ധ ഗ്രൂപ്പിനെ നയിച്ചതും ജിയാങ് ക്വിങ് ആയിരുന്നു. ഷാങ് ചുംഗിയാവോ, യാവോ വെന്‍യ്വാന്‍, വാങ് ഹോങ് വെന്‍ എന്നിവരായിരുന്നു മറ്റ് മൂന്ന് പേര്‍. സാംസ്‌കാരിക വിപ്ലവകാലത്ത് ഗ്യാങ് ഓഫ് ഫോര്‍ എന്ന പേരില്‍ ഈ കുപ്രസിദ്ധ ഗ്രൂപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കമ്യൂണിസത്തിന്റെ തന്റെ പെരുമ നശിപ്പിക്കുന്നതായിരുന്നു.

ചൈനയിലെ വിപ്ലവം 60 വര്‍ഷമായി ലോകത്തെങ്ങും ഇടതുപക്ഷ മുന്നേറ്റങ്ങള്‍ക്ക് ആവേശവും ലോകത്തിന്റെ കൗതുകത്തിന് നിഗൂഢതയും സമ്മാനിച്ചിട്ടുണ്ട്. വിവരങ്ങള്‍ പുറത്തേക്കുചോരാതിരിക്കാനുള്ള ഇരുമ്പുമതില്‍ ശൈലി സോവിയറ്റ് യൂണിയനിലെ സ്റ്റാലിന്‍ കാലത്തെ പോലെ ചൈനയേയും വിമര്‍ശിക്കുന്നതിന് കാരണമായിട്ടുണ്ട്. കാറ്റും വെളിച്ചവും കടത്തിവിടാന്‍ മടിക്കുന്ന അറകളായി അവയെ ലോകം വിലയിരുത്തിയിട്ടുമുണ്ട്. എന്നാല്‍ അന്നും ഇന്നും അമേരിക്കയടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍ക്ക് ചൈന ഭീതിയും വിസ്മയവുമാണ് സൃഷ്ടിച്ചിരുന്നത്.

കാലം മാറിയിരിക്കുന്നു. ചൈന ഇന്ന് പരിഷ്‌കാരങ്ങളുടെ ചൈനയാണ്. ബഹുരാഷ്ട്ര കുത്തകകള്‍ക്കും മറ്റ് കമ്പനികള്‍ക്കും വ്യവസായികള്‍ക്കും വേണ്ടി കാറ്റും വെളിച്ചവും വേണ്ടുവോളം കടത്തിവിടുന്ന രാജ്യം. ഉപഭോഗ സംസ്‌കാരം കീഴടക്കിയ ചൈനയില്‍ പക്ഷേ ഭരണതലത്തില്‍ ഇപ്പോഴും കമ്യൂണിസ്റ്റ് കാര്‍ക്കശ്യങ്ങള്‍ തന്നെയാണ് തുടരുന്നത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തില്‍ എല്ലാ കാലത്തും ചൈനയ്ക്ക് ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ട് എന്നതൊരു ചരിത്രസത്യമാണ്. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവും യുദ്ധവും അതിനൊരു കാരണമായിട്ടുണ്ടാകാം. നക്‌സല്‍-മാവോയിസ്റ്റ് സംഘടനകള്‍ ഇന്ത്യയുടെ ഭൂഭാഗങ്ങള്‍ പലതും അടക്കിഭരിക്കുമ്പോഴും ചൈനയ്ക്ക് മാവോയുടെ സ്മരണകള്‍ പോലും നഷ്ടപ്പെട്ടോ എന്ന ചോദ്യം ഉയര്‍ന്നുവരാറുണ്ട്.

കാര്‍ഷികമേഖലയില്‍ സ്വീകരിച്ച ഓരോ നടപടിയും വിമര്‍ശനത്തിന് വിധേയമായിട്ടുണ്ട്. ഭൂവുടമകളില്‍ നിന്ന് ഭൂമി പിടിച്ചെടുത്ത് കമ്യൂണ്‍ എന്ന പേരില്‍ കൂട്ടുകൃഷിസംഘങ്ങള്‍ രൂപവല്‍ക്കരിച്ചുകൊണ്ടായിരുന്നു തുടക്കം. മാവോയുടെ ആഹ്വാനപ്രകാരം തുടങ്ങിവെച്ച സാംസ്‌കാരിക വിപ്ലവം കമ്യുണിസ്റ്റ് പ്രത്യയശാസ്ത്രത്തിനൊപ്പം നില്‍ക്കുന്നവര്‍ക്കും വിസ്മയമായിരുന്നു. സമൂഹത്തെ അടിമുടി തകിടംമറിക്കുന്ന ഒരു പ്രക്രിയക്കാണ് മാവോ തുടക്കമിട്ടത്. മാവോവിന് മുമ്പോ ശേഷമോ ലോകത്തൊരിടത്തും അത്തരമൊരു വിപ്ലവം രാഷ് ട്രീയവിപ്ലവത്തിന്റെ ഭാഗമായി പരീക്ഷിക്കപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവില്‍ 1989 ല്‍ ലോകം ചൈനയെ രൂക്ഷമായി തള്ളിപ്പറഞ്ഞത്ടിയാനെന്‍മെന്‍ സ്‌ക്വയര്‍ സംഭവത്തിലാണ്. മുതലാളിത്ത പുന: സ്ഥാപനത്തിന് വേണ്ടി നടന്ന പ്രതിവിപ്ലവശ്രമം എന്ന് ചൈനീസ് പാര്‍ട്ടി പേരിട്ട വിദ്യാര്‍ത്ഥിവിപ്ലവത്തെയാണ് ഭരണകൂടം കൂട്ടക്കൊലയിലൂടെ അടിച്ചമര്‍ത്തിയത്. ഭരണകൂട ഭീകരതയ്‌ക്കെതിരെ പോരാടി ജനകീയ റിപ്പബ്ലിക് സ്ഥാപിച്ച അതേ പാര്‍ട്ടിയും നേതാക്കളും തന്നെ ഒരു വിദ്യാര്‍ത്ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ ഭരണകൂട ഭീകരരായി മാറിയ അസംബന്ധ കാഴ്ച്ചകളായിരുന്നു ടിയാനെന്‍മെന്‍ സ്‌ക്വയറിലേത്.

1976 ല്‍ മാവോ ലോകത്തോട് വിടപറഞ്ഞു. പിന്നീട് വന്ന ദെങ് സിയാവോ പിങിന്റെ ഭരണപരിഷ്‌കാരങ്ങളോടെ ചൈന പുതിയ കാലത്തിന്റെ ഉപഭോഗ സംസ്‌കാരത്തിന് വഴിമരുന്നിട്ടു. അതോടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ ശക്തമായ ഭിന്നിപ്പുകള്‍ക്കും ചൈന സാക്ഷ്യം വഹിച്ചു. ദെങ് സിയാവോ പിങിന്റെ നവസാമ്പത്തിക സമീപനങ്ങള്‍ക്ക് പിന്നീട് പ്രചാരകരും പിന്തുണയ്ക്കുന്നവരും ഏറെയുണ്ടായി. ജിയാങ് സെമിനും ഹൂജിന്താവോയും അടക്കം അതിന്റെ പതാകാവാഹകരാണ്. സാമ്പത്തിക വളര്‍ച്ചയ്ക്കായി രാജ്യത്തിന്റെ വാതില്‍ തുറന്നുകൊടുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതോടെ 1978 ല്‍ വിദേശനിക്ഷേപനയം രൂപീകരിക്കുകയും ചെയ്തു.

എന്തൊക്കെയായാലും, ചൈന ഇന്ന് അതിവേഗം ലോക ശക്തിയായി വളരുകയാണ്്. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃനിരയില്‍ തൊഴിലാളിവര്‍ഗത്തിന്റെ പ്രതിനിധികളല്ല ഏറെയുള്ളത്. സാങ്കേതിക വിദഗ്ദ്ധരും മധ്യവര്‍ഗ പ്രതിനിധികളുമാണ്. മൂലധന ഉടമകള്‍ പാര്‍ട്ടി അംഗത്വപട്ടികയില്‍ നിരവധിയാണ്. ലോകത്തെങ്ങുമുള്ള ഇടതുപക്ഷ പാര്‍ട്ടികളെ ഇതെല്ലാം വിസ്മയിപ്പിക്കുകയും ചെയ്തു. അമേരിക്കയുടെ കാര്യം മാറ്റിവെച്ചാല്‍ ഇന്ത്യയും ചൈനയുമാണ് വളര്‍ച്ചയുടെ കാര്യത്തില്‍ മത്സരിക്കുന്നതെന്നും പറയാം. അതിന്റെ പരിണാമങ്ങള്‍ ഏതൊക്കെ തരത്തില്‍ സംഭവിക്കുമെന്നത് കാത്തിരുന്ന് കാണേണ്ടിവരും. ആണവസുരക്ഷ, നയതന്ത്രസഖ്യങ്ങള്‍, പാകിസ്താന് ചൈന നല്‍കുന്ന സഹായങ്ങള്‍, അതിര്‍ത്തിയിലെ ഇനിയും പരിഹരിക്കാത്ത പ്രശ്‌നങ്ങള്‍ എന്നിവ ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

അതേസമയം ചൈനയില്‍ ഇന്ന് ഏത് സമ്പദ് വ്യവസ്ഥയാണ് എന്ന കാര്യത്തില്‍ തര്‍ക്കങ്ങളും അവ്യക്തതകളും നിലനില്‍ക്കുന്നുമുണ്ട്. മുതലാളിത്ത സമ്പദ് വ്യവസ്ഥയെന്നും മിശ്രസമ്പദ് വ്യവസ്ഥയെന്നും നിര്‍വചിക്കുന്നവരുണ്ട്. കമ്യൂണിസ്റ്റ് വ്യവസ്ഥ അധികാര കേന്ദ്രീകരണത്തിന്റെ കാര്യത്തില്‍ മാത്രമേ അവശേഷിക്കുന്നുള്ളൂയെന്ന് വ്യക്തം. ഗ്രാമങ്ങള്‍ കാര്‍ഷികവൃത്തിയെ ഉപജീവിച്ച് കഴിയുകയാണ് ഇപ്പോഴുമെന്നതിന് ചൈനയില്‍ നിന്നുള്ള ചില സിനിമകള്‍ മാത്രമാണ് തെളിവ്. ഷാങ് യാങ് സംവിധാനം ചെയ്ത ഗെറ്റിങ് ഹോം അടക്കമുള്ള ചിത്രങ്ങള്‍ ചൈനീസ് ഗ്രാമങ്ങളെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്. ഇന്ന് ഹൂജിന്താവോയുടെ നേതൃത്വത്തിലുള്ള ചൈനയില്‍ വൃദ്ധസദനങ്ങള്‍ ഏറെയുണ്ട്. ചെമ്പടയിലെ അംഗമായിരുന്ന ലിയൂ തിയാന്‍യൂ അത്തരമൊരു പാര്‍ട്ടി വൃദ്ധസദനത്തിലാണ് ജീവിക്കുന്നത്.

എഴുത്തും സാംസ്‌കാരികപ്രവര്‍ത്തനങ്ങളും നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായിരിക്കണമെന്ന പാര്‍ട്ടി ചിട്ടകള്‍ കുപ്രസിദ്ധമാണ്. ഒരു പക്ഷേ അത്തരം സിനിമകളും നോവലുകളുമാണ് ചൈനയുടെ മറ്റൊരു മുഖം വെളിവാക്കിയതും. സാംസ്‌കാരിക വിപ്ലവകാലത്തെ അരുംകൊലകളിലും പീഡനങ്ങളിലും പിന്നീട് അച്ചടിമഷി പുരണ്ടു. ഗാവോ സിങ്ജിയാന്‍ എഴുതിയ, 1990 ല്‍ പ്രസിദ്ധീകരിച്ച, 2000 ത്തില്‍ നോബല്‍ പുരസ്‌കാരം നേടിയ സോള്‍ മൗണ്ടൈന്‍ അടക്കമുള്ള എത്രയോ രചനകള്‍ ചൈനീസ് സര്‍ക്കാരിന്റെ മുഖം കറുപ്പിക്കലിന് കാരണമായിട്ടുണ്ട്. ചൈനീസ് ഗ്രാമങ്ങളിലൂടെ നടത്തുന്ന യാത്രയുടെ പശ്ചാലത്തില്‍ എഴുതപ്പെട്ട ഈ നോവലിന്റെ പേരില്‍ ഗാവോ ചൈനയില്‍ നിന്ന് നാടുകടത്തപ്പെടുകയും ചെയ്തു. 1949 ലെ ചരിത്രപ്രസിദ്ധമായ ആ ഭരണകൂടാവരോഹണത്തിന് 60 വയസ് തികയുമ്പോള്‍ ചൈനീസ് ജനത അത് സമുചിതമായിആഘോഷിക്കുകയാണിപ്പോള്‍. ഓരോ തലമുറയ്ക്കും ദേശാഭിമാനത്തിന്റെ ആവേശം. ചൈനയിലെ മാധ്യമങ്ങളും ആ ആഘോഷത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു. അവര്‍ ചൈനയുടെ നേട്ടങ്ങള്‍ക്കായി മാധ്യമങ്ങള്‍ക്ക് പകുത്ത് നല്‍കുന്നു. അങ്ങനെ ചൈന ആഘോഷത്തില്‍ നിറയുകയാണ്.

വി.എസ്. സനോജ്

Post a Comment

0 Comments