'വഴിയേ പോകുന്ന വയ്യാവേലി എടുത്ത് തലയില്‍ വെക്കരുത്' എന്നൊരു ചൊല്ല് കേട്ടിട്ടില്ലേ? അങ്ങനെ വച്ചാല്‍ എന്തു പറ്റും? ഈ കഥ കേട്ടോളൂ:
പണ്ടൊരിക്കലൊരു ലാട വൈദ്യന്‍, പച്ചമരുന്നുകളടങ്ങിയ തന്റെ ഭാണ്ഡവും തൂക്കി നടക്കുകയായിരുന്നു... ഒപ്പം ഒരു കുരങ്ങനുമുണ്ട്.
പോകുന്ന വഴി, ലാടന് വഴിയില്‍ക്കിടന്ന ഒരു കൊയ്ത്തരിവാള്‍ കളഞ്ഞുകിട്ടി. കുറച്ച് പഴകിയിട്ടുണ്ടെങ്കിലും കുഴപ്പമില്ല. ഏതെങ്കിലും കൊല്ലന്റെ കൈയില്‍ കൊടുത്തൊന്നു മിനുക്കിയാല്‍ മതി!
തൊട്ടടുത്തായി ഒരു കൊല്ലന്റെ ആല ഉണ്ടായിരുന്നു. ലാടന്‍ അവിടേക്കു നടന്നു. കൊല്ലന്‍ ഉല
യൂതി തീപ്പിടിപ്പിച്ചു. ലാടന്‍ കൊടുത്ത അരിവാള്‍, ചുവന്നു പഴുത്ത കനലില്‍വെച്ച് ചൂടാക്കിയശേഷം തല്ലിപ്പരത്തി സമീപത്തിരുന്ന പാത്രത്തിലെ വെള്ളത്തില്‍ മുക്കി!
''ശീ... ശീ...''
കൊല്ലന്‍ ചെയ്യുന്നതെല്ലാം ശ്രദ്ധയോടെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു ലാടന്റെ കുരങ്ങന്‍. ചുട്ടുപഴുത്ത ഇരുമ്പ് വെള്ളത്തില്‍ മുക്കിയപ്പോഴുള്ള ശീ... ശീ... ശബ്ദം കുരങ്ങന് നന്നായി ഇഷ്ടപ്പെട്ടു.
അരിവാള്‍ മിനുക്കി വെള്ളിപോലെയാക്കി ലാടന്റെ കൈയില്‍ കൊടുത്തിട്ട് കൊല്ലന്‍ പറഞ്ഞു: ''നാല് അണ!''
ലാടന്‍ പൊക്കണമഴിച്ച് അതിനുള്ളില്‍ പരതി. ങേ! തന്റെ പണം കാണുന്നില്ല! പിറ്റേന്ന് കൊണ്ടുവന്ന് തരാമെന്നു പറഞ്ഞെങ്കിലും കൊല്ലന്‍ സമ്മതിച്ചില്ല!
''ഹും, താന്‍ പണം കൊണ്ടുവരുന്നതുവരെ തന്റെ കുരങ്ങന്‍ ഇവിടിരിക്കട്ടെ!'', എന്നു പറഞ്ഞ് ലാടന്റെ കുരങ്ങനെ കൊല്ലന്‍ ബലമായി പിടിച്ചുവെച്ചു!
മറ്റു വഴിയില്ലാഞ്ഞ ലാടന്‍, തന്റെ പ്രിയപ്പെട്ട കുരങ്ങനെ പിരിഞ്ഞ് തല്‍ക്കാലം അവിടെനിന്നുപോയി.
''അടങ്ങിയൊതുങ്ങി ഇരുന്നില്ലെങ്കില്‍ ശരിപ്പെടുത്തിക്കളയും മര്‍ക്കടാ!...'', ഇങ്ങനെ പറഞ്ഞ് ഒരു വടിയെടുത്ത് വെറിതെയിരുന്ന കുരങ്ങന്റെ മുതുകത്ത് രണ്ടു പൂശ് പൂശിയിട്ട് കൊല്ലന്‍ ആലയില്‍കിടന്ന് ഉറക്കമായി. നിരപരാധിയായ തന്നെ തല്ലിയതെന്തിനാണെന്ന് മനസ്സിലാകാഞ്ഞ ആ മരംകേറിയാവട്ടെ, തലയും ചൊറിഞ്ഞ് അവിടിരിപ്പുമായി.
കുറച്ചു നേരം വെറുതെ അങ്ങനെയിരുന്നപ്പോള്‍ കുരങ്ങന് മടുത്തു. വാനരന്റെ വര്‍ഗസ്വഭാവം തലപൊക്കി! അവന്‍ അടുത്തുകിടന്ന ഒരു പഴയ കത്തിയെടുത്ത് ഉലയില്‍വെച്ച് ഊതാന്‍ തുടങ്ങി. അല്പം കഴിഞ്ഞപ്പോള്‍ കത്തിനന്നായി ചുട്ടുപഴുത്തു!
കുരങ്ങന്‍ കത്തി കൈയിലെടുത്ത് എന്തോ ആലോചിച്ചശേഷം, മലര്‍ന്നുകിടന്ന് ഉറങ്ങുന്ന കൊല്ലന്റെ മൂക്കിന്മേലേക്ക്, ചുട്ടുപഴുത്ത ആ ഇരുമ്പ്‌കൊണ്ടമര്‍ത്തി! മാംസം കരിയുന്ന ശബ്ദം മാത്രം കേട്ടു! ''ശ്ശ്!...''
ഞെട്ടിയുണര്‍ന്ന കൊല്ലന്‍ ചാടി എഴുന്നേറ്റ് മരണവേദനയോടെ അലറിക്കൊണ്ട് പുറത്തേക്കോടി: ''ന്റമ്മേ! എന്നെ കൊന്നേയ്...!''
ഇനിയിവിടെ നിന്നാല്‍ തന്റെ പൊടിപോലും ബാക്കിയുണ്ടാവില്ലെന്നു മനസ്സിലാക്കിയ ഹനുമാന്റെ ആ പിന്‍ഗാമി, ലങ്ക ചാടിക്കടക്കുന്നതുപോലെ അടുത്ത പറമ്പിലേക്ക് ചാടി രക്ഷപ്പെട്ടു!
പിറ്റേന്ന് ലാടന്‍ എത്തി. മൂക്കും മുഖവും പൊതിഞ്ഞുകെട്ടിയിരിക്കുന്ന കൊല്ലന്റെ നേരെ ഏതാനും തുട്ടുകള്‍ നീട്ടിയിട്ട് ലാടന്‍ ആവശ്യപ്പെട്ടു: ''എവിടെ എന്റെ കുരങ്ങന്‍?''
കൊല്ലന് വയ്യാതിരുന്നത് ലാടന്റെ ഭാഗ്യം! കുരങ്ങന്‍ നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ ലാടന്‍, കൊല്ലനെ ശപിച്ചുകൊണ്ട് സങ്കടത്തോടെ അയാളുടെ വഴിക്ക് പോയി.
വഴിയേപോയ വയ്യാവേലി എടുത്ത് തലയില്‍വെച്ചാലുള്ള കുഴപ്പം കൊല്ലന് മനസ്സിലായിക്കാണും, ഇല്ലേ?
0 Comments