മഹാബലിത്തമ്പുരാന്‍ നാടു വാഴുന്ന കാലം. കള്ളവും ചതിയുമൊന്നും ഇല്ലാത്ത നല്ല കാലം. പ്രജകള്‍ക്കാര്‍ക്കും ഒരു പരാതിയും പറയാനില്ല. ഇനി അഥവാ എന്തെങ്കിലും പരാതിയോ സങ്കടമോ ഉണ്ടെങ്കില്‍ അത് നേരിട്ടു ചക്രവര്‍ത്തിയോടു പറയാം. അപ്പോള്‍ത്തന്നെ മഹാബലി അതിനു പരിഹാരം ഉണ്ടാക്കുകയും ചെയ്യും.
അങ്ങനെയിരിക്കേ ഒരു ദിവസം രസകരമായ ഒരു സംഭവമുണ്ടായി. കരഞ്ഞു വാശിപിടിക്കുന്ന ഒരു കുട്ടിയേയും കൊണ്ട് ഒരു അച്ഛനും അമ്മയും കൊട്ടാരത്തിലെത്തി. ചക്രവര്‍ത്തിക്ക് അതു കണ്ടപ്പോള്‍ കൗതുകം തോന്നി.
''എന്താണ് പ്രശ്‌നം?'', അദ്ദേഹം ചോദിച്ചു.
''ഒരു പൂച്ചയെ വേണമെന്നു പറഞ്ഞ് ഇവന്‍ വാശി പിടിക്കുന്നു പ്രഭോ!'', കുട്ടിയുടെ അച്ഛന്‍ പറഞ്ഞു:''വീട്ടിലെ തട്ടിന്‍പുറത്ത് എലിയുണ്ടെങ്കില്‍ അതിനെ പൂച്ച തിന്നോളുമെന്നാണ് ഇവന്‍ പറയുന്നത്. ഞങ്ങള്‍ക്കാണെങ്കില്‍ പൂച്ചയെ വളര്‍ത്താന്‍ തീരെ താല്പര്യമില്ല!''
അവരുടെ പ്രശ്‌നം കേട്ടപ്പോള്‍ ചക്രവര്‍ത്തിക്ക് ചിരിവന്നു. എങ്കിലും സങ്കടം പറയാന്‍ തന്റെ മുന്നിലെത്തിയവരെ നോക്കി ചിരിക്കുന്നതെങ്ങനെ? അതു കൊണ്ട് അദ്ദേഹം പതുക്കെ എഴുന്നേറ്റുചെന്ന് ആ കുട്ടിയുടെ അരികിലെത്തി.
''മോന് ഞാനൊരു കഥ പറഞ്ഞു തരട്ടെ?'', അദ്ദേഹം സ്‌നേഹം തുളുമ്പുന്ന ശബ്ദത്തില്‍ അവനോടു ചോദിച്ചു. കഥയെന്നു കേട്ടപ്പോള്‍ അവന്‍ കരച്ചില്‍ അടക്കി. എന്നിട്ട് മഹാബലിയുടെ അടുത്തേക്ക് നീങ്ങിനിന്നു. അപ്പോള്‍ ചക്രവര്‍ത്തി രസകരമായ ഒരു കഥ പറയാന്‍ തുടങ്ങി:
''പണ്ടുപണ്ട് മഹാമടിയനായ ഒരാള്‍ വീട്ടിലെ എലിശല്യം കാരണം പൊറുതിമുട്ടി. എലിയെ കൊല്ലാന്‍ എന്തു വഴി? ശരി, ഒരു പൂച്ചയെ വളര്‍ത്തിക്കളയാം, അയാള്‍ തീരുമാനിച്ചു. വൈകാതെ എങ്ങുനിന്നോ അയാള്‍ ഒരു പൂച്ചയെ കൊണ്ടുവന്നു. പക്ഷേ, പൂച്ചയും മടിപിടിച്ചിരിപ്പായി. പാലു കിട്ടാത്തതു കൊണ്ടാണ് പൂച്ച മടി കാണിക്കുന്നതെന്ന് അയാള്‍ക്ക് മനസ്സിലായി. വൈകാതെ അയാള്‍ ഒരു പശുവിനെ വാങ്ങി. പശുവിനെ കിട്ടിയപ്പോള്‍ പുതിയൊരു പ്രശ്‌നം-അതിനെ കറക്കാനോ, പശുവിനു വേണ്ട പുല്ലു പറിക്കാനോ ഒക്കെ ആളു വേണ്ടേ? മടിയനായ അയാള്‍ ഒടുവില്‍ അതിനും ഒരാളെ വച്ചു. എന്തിനു പറയുന്നു? വേലക്കാരന് കൂലിയും ഭക്ഷണവും കൊടുക്കാന്‍ നിവൃത്തിയില്ലാതെ അയാള്‍ വീടുവിട്ട് ഓടി!''
കഥ കേട്ടപ്പോള്‍ കരച്ചിലൊക്കെ മാറ്റി കുട്ടി പുഞ്ചിരിച്ചു.
''കഥ കേട്ടിട്ട് മോനെന്തു മനസ്സിലായി?'', മഹാബലി ചോദിച്ചു.
''നിസ്സാര കാര്യങ്ങള്‍ക്ക് വാശി പിടിക്കരുതെന്ന്!'', കുട്ടി പറഞ്ഞു.
''അതു മാത്രമല്ല'', മഹാബലി പറഞ്ഞു:''ഒരു പ്രശ്‌നം പരിഹരിക്കുവാന്‍ ആദ്യം നമുക്കുതന്നെ എന്തു ചെയ്യാന്‍ കഴിയും എന്നാലോചിക്കണം. വീട്ടില്‍ എലി വരാതിരിക്കാന്‍ വൃത്തിയും വെടിപ്പുമായി വീട് സൂക്ഷിച്ചാല്‍ മതി. അക്കാര്യത്തില്‍ കുട്ടികള്‍ക്കും അച്ഛനമ്മമാരെ സഹായിക്കാന്‍ കഴിയും. എലിയില്ലെങ്കില്‍ പൂച്ചയുടെ ആവശ്യമില്ല. എലിയില്ലെങ്കില്‍ രോഗങ്ങളും പിടിപെടില്ല.''
അവന്‍ ഉവ്വെന്നു തലകുലുക്കി. നല്ല കുട്ടിയായിത്തീര്‍ന്നതിന് മഹാബലി അവന് ഒരുമ്മ കൊടുത്തു !
0 Comments