അനുകരണത്തിന്റെ ഫലം

Share it:
ഒരിടത്ത്് ശ്രമണകന്‍ എന്നു പേരുള്ള ഒരു ബുദ്ധ സന്ന്യാസി ഉണ്ടായിരുന്നു. പല അത്ഭുത സിദ്ധികളുമുള്ള അദ്ദേഹത്തിന് ധാരാളം ശിഷ്യന്മാരുണ്ട്.
ഒരിക്കല്‍ ശ്രമണകനും ശിഷ്യന്മാരും ഒരു യാത്ര പോവുകയായിരുന്നു. കാടും മലകളും പിന്നിട്ട് അങ്ങനെ നടക്കുന്നതിനിടയില്‍ അവര്‍ ഒരു കുളത്തിനടുത്തെത്തി. ശ്രമണകന്‍ നോക്കുമ്പോഴതാ, ആ കുളത്തില്‍ നിറയെ മത്സ്യക്കുഞ്ഞുങ്ങള്‍!
അദ്ദേഹം കൗതുകത്തോടെ കുളക്കരയില്‍ മുട്ടുകുത്തിയിരുന്നു. ഉടനെ ശിഷ്യന്മാരും മുട്ടുകുത്തി.
ശ്രമണകന്‍ ഒരു നിമിഷം എന്തോ ആലോചിച്ചു. പിന്നെ അദ്ദേഹം മത്സ്യക്കുഞ്ഞുങ്ങളെ ഓരോന്നിനെയായി ശ്രദ്ധയോടെ പിടികൂടി വിഴുങ്ങാന്‍ തുടങ്ങി!
ഒരു നിമിഷം അമ്പരന്നു നിന്നിട്ട് ശിഷ്യന്മാരും തുടങ്ങി, അതേ പണി! മത്സ്യക്കുഞ്ഞുങ്ങള്‍ തൊണ്ടയിലൂടെ ഇറങ്ങുമ്പോള്‍ ശിഷ്യന്മാരില്‍ ചിലര്‍ ശ്വാസം മുട്ടി കണ്ണു തുറിച്ചു. പക്ഷേ എന്നിട്ടും പിന്മാറാതെ അവരോരുത്തരും എട്ടും പത്തും വീതം മത്സ്യക്കുഞ്ഞുങ്ങളെ വിഴുങ്ങി!
ശ്രമണകന്‍ എഴുന്നേറ്റു. ഒപ്പം ശിഷ്യന്മാരും. ശ്രമണകന്‍ നടന്നു; ശിഷ്യന്മാരും പിന്നാലെ വച്ചു പിടിച്ചു.
കുറേ കഴിഞ്ഞ് മറ്റൊരു കുളത്തിന്റെ കരയിലെത്തിയപ്പോള്‍ ശ്രമണകന്‍ വീണ്ടും നിന്നു. ശിഷ്യന്മാരും നിന്നു.
''ഈ കുളത്തില്‍ തീരെ മത്സ്യങ്ങള്‍ ഇല്ലെന്നു തോന്നുന്നു!'', ശ്രമണകന്‍ പറഞ്ഞു.
''അതെയതെ! ഒരൊറ്റ മത്സ്യം പോലുമില്ല!'', ശിഷ്യന്മാര്‍ ശരിവച്ചു.
ശ്രമണകന്‍ ആ കുളക്കരയില്‍ മുട്ടുകുത്തിയിരുന്നു. ഉടനെ ശിഷ്യന്മാരും മുട്ടുകുത്തി.
പിന്നെ ശ്രമണകന്‍ തന്റെ വായില്‍നിന്ന് നേരത്തേ ശേഖരിച്ച മത്സ്യക്കുഞ്ഞുങ്ങളെ ഓരോന്നായി പുറത്തെടുക്കാന്‍ തുടങ്ങി. ജീവനോടെ പിടച്ചുതുള്ളുന്ന ഓരോ മത്സ്യക്കുഞ്ഞിനേയും അദ്ദേഹം ശ്രദ്ധാപൂര്‍വം ആ കുളത്തിലേക്ക് ഇട്ടുകൊണ്ടിരുന്നു.
അതുകണ്ട് അത്ഭുതപ്പെട്ടുപോയ ശിഷ്യന്മാരും അതു തന്നെ ചെയ്യാന്‍ നോക്കി. പക്ഷേ എത്രശ്രമിച്ചിട്ടും അവര്‍ക്കുണ്ടോ മത്സ്യക്കുഞ്ഞുങ്ങളെ തിരികെ വായില്‍നിന്നെടുക്കാന്‍ കഴിയുന്നു? അവരില്‍ ചിലര്‍ വായില്‍ വിരലിട്ട് ഛര്‍ദ്ദിക്കാന്‍ ശ്രമിച്ചപ്പോഴോ, ഒന്നോ രണ്ടോ ചത്ത മത്സ്യക്കുഞ്ഞുങ്ങളെ മാത്രമേ കിട്ടിയതുമുള്ളൂ!
ഇളിഭ്യരായി നില്‍ക്കുന്ന ശിഷ്യന്മാരോട് അപ്പോള്‍ ശ്രമണകന്‍ പറഞ്ഞു:
''മത്സ്യക്കുഞ്ഞുങ്ങള്‍ ധാരാളമുള്ള കുളത്തില്‍ നിന്ന് ഞാന്‍ കുറേയെണ്ണ
ത്തിനെ വായില്‍ ശേഖരിച്ചതിന് ഒരു
ലക്ഷ്യമുണ്ടായിരുന്നു. യാത്രയില്‍ മത്സ്യങ്ങളില്ലാത്ത കുളം കണ്ടാല്‍ അവയെ
അതിലിടാം എന്നതുതന്നെ! അതുകൊണ്ടാണ് ഞാന്‍ അതില്‍ കുറച്ചെണ്ണത്തിനെ എന്റെ വയറ്റില്‍ സംഭരിച്ചതും ഈ കുളത്തിലെത്തിയപ്പോള്‍ അവയെ ജീവനോടെ പുറത്തെടുത്തതും. മത്സ്യങ്ങളെ ജീവനോടെ വയറ്റില്‍ സൂക്ഷിക്കുന്ന വിദ്യ ഞാന്‍ നേരത്തേ പഠിച്ചിരുന്നതു കൊണ്ടാണ് എനിക്കതിനു സാധിച്ചത്!''
മുന്നോട്ടു വീണ്ടും നടന്നു തുടങ്ങുമ്പോള്‍ ശ്രമണകന്‍ തുടര്‍ന്നു:
''എന്നാല്‍ നിങ്ങളാകട്ടെ എന്നെ വെറുതെ അനുകരിക്കാനാണ് ശ്രമിച്ചത്. ചെയ്യുന്നത് എന്താണെന്നും എങ്ങനെയാണെന്നും എന്തിനു വേണ്ടിയാണെന്നും മനസ്സിലാക്കാതെ നിങ്ങള്‍ വിഡ്ഢിത്തം കാട്ടിക്കൂട്ടുകയും ചെയ്തു. സ്വന്തം ഗുരുവിനെപ്പോലും അന്ധമായി അനുകരിക്കുന്നത് നന്നല്ല എന്ന കാര്യം ജീവിതത്തില്‍ എക്കാലത്തേക്കുമായി ഓര്‍ത്തു വയ്ക്കുക!''
Share it:

കഥകള്‍

Post A Comment:

0 comments: