1564 - ഇറ്റലിയിലെ പിസനഗരത്തില്‍ ജനിച്ച ഗലീലിയോ ഗലീലി 1586-ആദ്യത്തെ പുസ്‌തകം ദ ലിറ്റില്‍ ബാലന്‍സ് പ്രസിദ്ധീകരിച്ചു.1609 - ടെലിസ്‌കോപ്പ് നിര്‍മ്മിച്ചു. പെഴ്‌സ്പില്ലം എന്നാണ് ഈ ഉപകരണത്തിന് ഗലീലിയോ പേരിട്ടത്.1610 - വ്യാഴത്തിന്റെ നാല് ഉപഗ്രഹങ്ങള്‍ കണ്ടുപിടിച്ചു. 1613 - ഭൂകേന്ദ്രസിദ്ധാന്തത്തെയും ആകാശത്തിന്റെ പരിപൂര്‍ണതയെയും ചോദ്യംചെയ്‌ത ഗലീലിയോ, സൗരയൂഥത്തിന്റെ കേന്ദ്രം സൂര്യനാണെന്നും മറ്റു ഗ്രഹങ്ങളെല്ലാം സൂര്യനെ ചുറ്റുകയാണെന്നുമുള്ള കോപ്പര്‍നിക്കസ് സിദ്ധാന്തം ശരിവെച്ചു. ഇത് വിലക്കിക്കൊണ്ട് പോപ്പ് പോള്‍ അഞ്ചാമന്‍ ഉത്തരവിറക്കി.1633- മതാധികാരികളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് കോപ്പര്‍നിക്കസിനെ തള്ളിപ്പറയാന്‍ ഗലീലിയോ നിര്‍ബന്ധിതനായി. മതകോടതി ജീവിതാന്ത്യംവരെ തടവുശിക്ഷ വിധിച്ചു. വീട്ടുതടങ്കലിലായി. 1642- ജനുവരി 8-ാം തീയതി ഫ്‌ളോറന്‍സിനടുത്തുളള ആര്‍ഡെക്രി എന്ന സ്‌ഥലത്തുവച്ച് 78-ാം വയസില്‍ അന്തരിച്ചു.
ക്രിസ്‌റ്റ്യന്‍ ഹൈഗന്‍സ് (1629-1695)
ഓറിയോണ്‍ നെബുലയും ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ ടൈറ്റാനും കണ്ടുപിടിച്ചതുകൂടാതെ നക്ഷത്രങ്ങളിലേക്കുള്ള ദൂരം ഏതാണ്ട് കൃത്യമായി ആദ്യം കണക്കാക്കിയതും ക്രിസ്‌റ്റ്യന്‍ ഹൈഗന്‍സാണ്. പ്രകാശത്തിന്റെ തരംഗസിദ്ധാന്തം ആവിഷ്‌ക്കരിക്കുകവഴി ഭൗതികശാസ്‌ത്രരംഗത്തും ഇദ്ദേഹം ശ്രദ്ധേയനായി. 1629 ഏപ്രില്‍ 14ന് ഹോളണ്ടിലെ ഹേഗില്‍ ജനിച്ചു. ലെയ്‌ഡന്‍ സര്‍വകലാശാലയില്‍നിന്ന് ഗണിതശാസ്‌ത്രത്തില്‍ ബിരുദം നേടിയ ഹൈഗന്‍സിന്റെ ശ്രദ്ധ ക്രമേണ ജ്യോതിശാസ്‌ത്രത്തിലേക്ക് തിരിഞ്ഞു. സ്വന്തമായി നിര്‍മ്മിച്ചെടുത്ത ദൂരദര്‍ശിനി ഉപയോഗിച്ച് 1656-ല്‍ ഓറിയോണ്‍ (Orion) നെബുല കണ്ടെത്തി. അതേവര്‍ഷം തന്നെ ശനിയുടെ ഒരു ഉപഗ്രഹം കണ്ടെത്തി ടൈറ്റാന്‍ എന്നു നാമകരണം ചെയ്‌തു. സിറിയസ് നക്ഷത്രത്തിന് ഏകദേശം സൂര്യന്റെയത്ര ശോഭയുണ്ടെങ്കില്‍ അതെത്ര അകലെയായിരിക്കണം എന്നദ്ദേഹം കണക്കാക്കി. 2.5 ലക്ഷം കോടി മൈല്‍ (ഏകദേശം 4 ലക്ഷം കോടി കി.മീ.) അകലെയാണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. സിറിയസ്സിന് യഥാര്‍ത്ഥത്തില്‍ സൂര്യനേക്കാള്‍ 4000 ഇരട്ടി പ്രകാശമുണ്ട് എന്നതിനാല്‍ കണക്കുകൂട്ടലില്‍ പാളിച്ച പറ്റിയെങ്കിലും ഇത്ര വലിയ ഒരു ദൂരം ആദ്യമായി സങ്കല്‌പിക്കാനുള്ള ധൈര്യം കാണിച്ചത് ഹൈഗന്‍സാണ്. പെന്‍ഡുലത്തിന്റെ ദോലനം വഴി നിയന്ത്രിക്കപ്പെട്ട ആദ്യത്തെ ക്ലോക്ക് നിര്‍മ്മിച്ചതും ഹൈഗന്‍സാണ് (1658). 1690ല്‍ അദ്ദേഹം അന്തരിച്ചു.
എഡ്‌മണ്ട് ഹാലി (1656-1742)
ധൂമകേതുക്കള്‍ക്ക് നിയതമായ സഞ്ചാരപഥമുണ്ടെന്ന് ആദ്യമായി സമര്‍ത്ഥിച്ചത് എഡ്‌മണ്ട് ഹാലിയാണ്. ഹാലിയുടെ ധൂമകേതു എന്ന് ഇന്നറിയപ്പെടുന്ന ധൂമകേ തുവിനെ 1682-ല്‍ അദ്ദേഹം ആദ്യമായി നിരീക്ഷിച്ചപ്പോള്‍, 1531-ലും 1607-ലും പ്രത്യക്ഷപ്പെട്ട ധൂമകേതു അതുതന്നെ ആണെന്നും വീണ്ടുമത് 1759-ല്‍ പ്രത്യക്ഷപ്പെടുമെന്നും ഹാലി പ്രഖ്യാപിച്ചു. 1759-ല്‍ ആ ധൂമകേതു വീണ്ടും പ്രത്യക്ഷപ്പെട്ടു. അതു കാണാന്‍ ഹാലി ജീവിച്ചിരുന്നില്ല എന്നുമാത്രം. 76 വര്‍ഷത്തിലൊരിക്കല്‍ പ്രത്യക്ഷപ്പെടുന്ന ആ ധൂമ കേതുവിന് ശാസ്‌ത്രലോകം ഹാലി ധൂമകേതു എന്നു പേരുനല്‌കി. ലണ്ടനടുത്ത ഹാഗെര്‍സ്‌റ്റണില്‍ 1656 നവംബര്‍ 8-ാം തീയതി ഹാലി ജനിച്ചു. ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന ആദ്യ പ്രബന്ധം തന്റെ പത്തൊന്‍പതാമത്തെ വയസ്സില്‍ റോയല്‍ സൊസൈറ്റിയുടെ ഫിലോസഫിക്കല്‍ ട്രാന്‍സാക്‌ഷന്‍സ് എന്ന പ്രസിദ്ധീകരണത്തില്‍ പ്രസിദ്ധീകരിച്ചു. ദക്ഷിണാര്‍ദ്ധ ഗോളങ്ങളിലെ 300 നക്ഷത്രങ്ങളുടെ ഒരു കാറ്റലോഗ് അദ്ദേഹം തയ്യാറാക്കി. ന്യൂട്ടന്റെ പ്രിന്‍സിപ്പിയ സ്വന്തം ചെലവില്‍ പ്രസിദ്ധപ്പെടുത്തി. നക്ഷത്രങ്ങളുടെ ചലനം (1718) ചന്ദ്രന്റെ ശരാശരി ചലനത്തിനുണ്ടാകുന്ന ത്വരണം (1693), വ്യാഴത്തിന്റെയും ശനിയുടെയും അസമത്വം, ശുക്രന്റെ സംക്രമങ്ങളില്‍നിന്നും സൗരസമമുഖ വ്യത്യാസം കാണുന്നതിനുള്ള മാര്‍ഗം എന്നിവയെല്ലാം അദ്ദേഹം കണ്ടെത്തി. 1742 ജനുവരി 14ന് അദ്ദേഹം അന്തരിച്ചു.
വില്യം ഹെര്‍ഷല്‍ (1738-1822)
യുറാനസിനെ കണ്ടെത്തിയ ശാസ്‌ത്രജ്‌ഞന്‍. ജര്‍മ്മനിയിലെ ഹാനോവറില്‍ 1738 നവംബര്‍ 15-ന് ജനിച്ചു. അടിസ്‌ഥാനപഠനത്തിനുശേഷം ഇംഗ്ലണ്ടിലേക്കു പോയി. ന്യൂട്ടന്റെ ഒപ്‌റ്റിക്‌സ് എന്ന ഗ്രന്‌ഥമാണ് ഹെര്‍ഷലിന്റെ ശ്രദ്ധ, മാനത്തെ മഹാത്‌ഭുതങ്ങളിലേക്ക് തിരിച്ചുവിട്ടത്. നിരന്തര ശ്രമഫലമായി ഏറ്റവും മികച്ച ഒരു പ്രതിഫലന ടെലസ്‌കോപ്പ് സ്വന്തമായി നിര്‍മ്മിച്ചെടുത്ത ഹെര്‍ഷല്‍ അതുപയോഗിച്ച് നിരന്തരം നക്ഷത്രനിരീക്ഷണത്തിലേര്‍പ്പെട്ടു. ഇക്കാലത്തുതന്നെ ജ്യോതിശാസ്‌ത്രപരമായ ധാരാളം പ്രബന്ധങ്ങള്‍ ഹെര്‍ഷലിന്റേതായി പുറത്തുവന്നു. ചന്ദ്രനിലെ പര്‍വതങ്ങള്‍, നക്ഷത്രങ്ങളുടെ പ്രകാശമാന വ്യതിയാനങ്ങള്‍, സൗരകളങ്കങ്ങളും ഭൂമിയിലെ കൃഷിയും തുടങ്ങി വ്യത്യസ്‌തങ്ങളായ വിഷയങ്ങളില്‍ അദ്ദേഹം പഠനം നടത്തി. 1781-ലാണ് ശനിക്കും അപ്പുറമുള്ള യുറാനസ് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. അതിന് അദ്ദേഹം ഇംഗ്ലണ്ടിലെ രാജാവായിരുന്ന ജോര്‍ജ് മൂന്നാമന്റെ പേരാണ് (George�s star) നല്‌കിയത്. എന്നാല്‍ ഗ്രഹങ്ങള്‍ക്ക് പുരാണകഥാപാത്രങ്ങളുടെ പേര് നല്‍കുക എന്ന പഴയ രീതിപ്രകാരം ബോഡ് എന്ന ശാസ്‌ത്രജ്‌ഞനാണ് യുറാനസ് എന്ന പേര് നിര്‍ദേശിച്ചത്. യുറാനസിന്റെ കണ്ടുപിടിത്തം ശാസ്‌ത്രലോകത്ത് വലിയ കോളിളക്കം സൃഷ്‌ടിച്ചു. ആകാശത്ത് അറിയപ്പെടാത്തതായി പലതുമുണ്ടെന്ന് ശാസ്‌ത്രലോകത്തെ അത് ബോധ്യപ്പെടുത്തി. നക്ഷത്രങ്ങളുടെ ലംബനം ( Parall-ax) അളക്കാനുള്ള ശ്രമത്തിനിടെയാണ് ഹെര്‍ഷല്‍ ആദ്യമായി ഇരട്ടനക്ഷത്രങ്ങളെ കണ്ടെത്തുന്നത്. വളരെ അടുത്തടുത്ത് സ്‌ഥിതിചെയ്യുന്ന ഇൗ ഇരട്ടകള്‍ പരസ്‌പരം വലംവയ്‌ക്കുകയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു (1793). ഗുരുത്വാകര്‍ഷണമാണ് അവയെ പരസ്‌പരം ബന്‌ധിപ്പിച്ചുനിര്‍ത്തുന്നതെന്ന് അദ്ദേഹം മനസ്സിലാക്കി. ഭൂമിക്കു പുറത്തും ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം സാധുവാണെന്നതിന്റെ ആദ്യ തെളിവുകൂടിയായിരുന്നു ഇൗ കണ്ടെത്തല്‍. 800-ഓളം ഇരട്ട നക്ഷത്രങ്ങളെ അദ്ദേഹം നിരീക്ഷിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്. യുറാനസിന്റെ രണ്ട് ഉപഗ്രഹങ്ങളെക്കൂടി അദ്ദേഹം കണ്ടെത്തി, ടൈറ്റാനിയായും ഒബറോണും. 1822 ആഗസ്‌റ്റ് 25ന് അദ്ദേഹം അന്തരിച്ചു.
0 Comments