Header Ads Widget

പ്രതിഭാധനരായ ജ്യോതിശാസ്‌ത്രജ്‌ഞര്‍‍‍-4

ജൊഹാന്‍ ഗൗസ്‌ (1777-1855)

1801 ജനുവരി ഒന്നിന്‌ ജി.പിയാസി എന്ന ഇറ്റാലിയന്‍ ശാസ്‌ത്രജ്‌ഞന്‍ സിറസ്‌ (ങ്കനുത്സനുന്ഥ) എന്നൊരു ക്ഷുദ്രഗ്രഹം കണ്ടെത്തി. 40 ദിവസത്തോളം മാത്രമേ അത്‌ നിരീക്ഷിക്കാന്‍ ശാസ്‌ത്രജ്‌ഞര്‍ക്ക്‌ അവസരം ലഭിച്ചുള്ളൂ. അധികം വൈകാതെ അത്‌ സൂര്യനു പിന്നില്‍ അപ്രത്യക്ഷമായി. അതിന്റെ സഞ്ചാരപഥത്തെപ്പറ്റി ആര്‍ക്കും ഒന്നും പറയാന്‍ കഴിഞ്ഞില്ല. എന്നാല്‍ വെറും മൂന്നു ദിവസത്തെ നിരീക്ഷണഫലങ്ങളെ അടിസ്‌ഥാനമാക്കി ഗൗസ്‌ സിറസിന്റെ സഞ്ചാരപഥം കണ്ടുപിടിച്ചു. സിറസ്‌ സൂര്യനെ ചുറ്റി തിരിച്ചുവരുന്ന വഴി ഡിസംബര്‍ ഏഴിന്‌ വീണ്ടും ദൃശ്യമാകുമെന്ന്‌ അദ്ദേഹം പ്രവചിച്ചു. പ്രഗത്‌ഭരായ ജ്യോതിശാസ്‌ത്രജ്‌ഞന്മാരെ അത്‌ഭുതപ്പെടുത്തിക്കൊണ്ട്‌ ഗൗസിന്റെ നിഗമനങ്ങള്‍ യാഥാര്‍ത്ഥ്യമായി. ഇൗ ഗവേഷണത്തിനുപയോഗിച്ച ഗണിതശാസ്‌ത്ര സിദ്ധാന്തങ്ങള്‍ അദ്ദേഹം (1809) പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. 1777 ഏപ്രില്‍ 30ന്‌ ജര്‍മ്മനിയിലെ ബ്രണ്‍സ്‌ വിക്കിലാണ്‌ ജോഹാന്‍ കാറല്‍ ഫ്രഡറിക്‌ ഗൗസ്‌ ജനിച്ചത്‌. 1801ല്‍ പ്രസിദ്ധീകരിച്ച അങ്കഗണിത പരിശോധന (Examination of Arithmatic) ആണ്‌ ഗൗസിന്റെ ഏറ്റവും ശ്രദ്ധേയമായ കൃതി. 1807-ല്‍ ഗോട്ടിന്‍ജില്‍ സ്‌ഥാപിക്കപ്പെട്ട വാനനിരീക്ഷണാലയത്തിന്റെ ഡയറക്‌ടറായി 48 വര്‍ഷത്തോളം അദ്ദേഹം സേവനമനുഷ്‌ഠിച്ചു. 1855 ഫെബ്രുവരി 23-നാണ്‌ അദ്ദേഹം അന്തരിച്ചത്‌.

എഡ്വിന്‍ പവല്‍ ഹബ്‌ള്‍ (1889-1953)

പ്രപഞ്ച വികാസസിദ്ധാന്തത്തിന്റെ ഉപജ്‌ഞാതാവ്‌. ഇൗ സിദ്ധാന്തം ഹബ്‌ള്‍ നിയമം എന്നറിയപ്പെടുന്നു. 1889 നവംബര്‍ 20-നു മിസൗറിയിലെ മാര്‍ഷ്‌ഫീല്‍ഡില്‍ ജനിച്ചു. ഓക്‌സ്‌ഫോര്‍ഡില്‍നിന്ന്‌ നിയമ ബിരുദം നേടിയശേഷമാണ്‌ അദ്ദേഹം ജ്യോതിശാസ്‌ത്രത്തില്‍ തല്‌പരനായത്‌. ഷിക്കാഗോ സര്‍വകലാശാലയുടെ വിസ്‌കോണ്‍സിനിലെ നക്ഷത്രനിരീക്ഷണാലയത്തിലും പിന്നീട്‌ മൗണ്ട്‌ വില്‍സണ്‍ വാനനിരീക്ഷണാലയത്തിലും ഗവേഷണം തുടര്‍ന്നു. നെബുലകളെക്കുറിച്ചുള്ള പഠനമായിരുന്നു ഹബ്‌ളിന്റെ ഇഷ്‌ടവിഷയം. ശൂന്യാകാശത്ത്‌ മഞ്ഞുപാളിപോലെ കാണപ്പെടുന്ന നെബുലകളെക്കുറിച്ച്‌ ഒന്നര നൂറ്റാണ്ടു മുമ്പുതന്നെ മെസ്സിയര്‍ എന്ന ശാസ്‌ത്രജ്‌ഞന്‍ പഠനം നടത്തിയിരുന്നെങ്കിലും അതിനെക്കുറിച്ചുള്ള രഹസ്യങ്ങളുെട ചുരുളഴിഞ്ഞിരുന്നില്ല. 1924-ല്‍ തന്റെ ഭീമന്‍ ദൂരദര്‍ശിനി ഉപയോഗിച്ച്‌ ആന്‍ഡ്രോമിഡ നെബുലയെ നിരീക്ഷിച്ച ഹബ്‌ള്‍ അതിലേക്കുള്ള ദൂരം കണ്ടെത്തി. ഇത്‌ ആകാശഗംഗയിലെ ഏറ്റവും വിദൂര നക്ഷത്രത്തിലേക്കുള്ളതിന്റെ എട്ടിരട്ടിയോളം വരും. ഇതില്‍നിന്നും ആന്‍ഡ്രോമിഡ നമ്മുടെ ഗാലക്‌സിയിലല്ല എന്ന്‌ ഹബ്‌ള്‍ ഊഹിച്ചു. ഹബ്‌ള്‍ ഗാല ക്‌സികളെ, അവയുടെ രൂപം അനുസരിച്ച്‌ തരംതിരിക്കുകയും അവയുടെ രൂപ പരിണാമങ്ങളെക്കുറിച്ച്‌ അനുമാനങ്ങള്‍ നടത്തുകയും ചെയ്‌തു. എന്നാല്‍ ഹബ്‌ളിന്റെ ഏറ്റവും മികച്ച സംഭാവന ഗാലക്‌സികളുടെ ചലനത്തെ സംബന്‌ധിച്ച്‌ 1929-ല്‍ അദ്ദേഹം മുന്നോട്ടുവച്ച ഒരു നിഗമനമാണ്‌. എല്ലാ ഗാലക്‌സികളും നമ്മുടെ ക്ഷീരപഥത്തില്‍നിന്ന്‌ അകന്നുകൊണ്ടിരിക്കുകയാണെന്ന്‌ അദ്ദേഹം പ്രഖ്യാപിച്ചു. അകലം കൂടുംതോറും അകല്‍ച്ചയുടെ വേഗവും കൂടുമെന്നുള്ള നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു. നിശ്‌ചലമെന്ന്‌ കരുതിയിരുന്ന പ്രപഞ്ചം വികസ്വരമാണെന്നും വികസനവേഗവും അകലവും തമ്മിലുള്ള അനുപാതം സ്‌ഥിരമാണെന്നും ഹബിള്‍ കണ്ടെത്തി. ഇതിനെ ഹബ്‌ളിന്റെ സ്‌ഥിരാംഗം (Hubble�s Constant) എന്നു പറയുന്നു. ഒരു ഗാലക്‌സിയില്‍നിന്നു വരുന്ന പ്രകാശത്തിന്റെ ചുവപ്പു നീക്കം (red shift) അളന്നാല്‍ അതിന്റെ ചലനവേഗതയും അതില്‍നിന്ന്‌ ദൂരവും കണക്കാക്കാന്‍ ഹബ്‌ള്‍ നിയമം ഉപയോഗിക്കാം. വിദൂര ഗാലക്‌സികളുടെ അകലം കണക്കാക്കാന്‍ ഇൗ മാര്‍ഗമാണ്‌ ഉപയോഗിക്കുന്നത്‌. ഹബ്‌ളിന്റെ നിരീക്ഷണഫലങ്ങളെയും നിഗമനങ്ങളെയും അടിസ്‌ഥാനമാക്കിയാണ്‌ ലെമയ്‌റ്ററും ഗാമോവും മഹാ വിസ്‌ഫോടന സിദ്ധാന്തം ആവിഷ്‌ക്കരിച്ചത്‌. 1953 സെപ്‌റ്റംബര്‍ 28-ാം തീയതി കാലിഫോര്‍ണിയയിലെ സാന്‍മാരിനോവില്‍വെച്ച്‌ ഹബ്‌ള്‍ അന്തരിച്ചു.

സുബ്രഹ്‌മണ്യം ചന്ദ്രശേഖര്‍ (1910-1995)

ലോകം കണ്ട അപൂര്‍വ ജ്യോതിശാസ്‌ത്ര പ്രതിഭകളിലൊരാള്‍. 1935-ല്‍ തന്റെ ഇരുപത്തിയഞ്ചാം വയസ്സില്‍ നടത്തിയ ചന്ദ്രശേഖര്‍ സീമ എന്ന കണ്ടെത്തലിന്‌ 1983-ല്‍ നോബല്‍ സമ്മാനം ലഭിച്ചു. തഞ്ചാവൂര്‍ ജില്ലയിലെ മാങ്കുടിഗ്രാമത്തിലെ ഒരു പുരാതന ശൈവ ബ്രാഹ്‌മണ കുടുംബത്തിലെ അംഗമായ സി.എസ്‌.അയ്യരുടെ മകനായി 1910 ഒക്‌ടോബര്‍ 19 -തിന്‌ ലാഹോറില്‍ ജനിച്ചു. പിതാവ്‌ സി. സുബ്രഹ്‌മണ്യ അയ്യര്‍ സി.വി.രാമന്റെ ജ്യേഷ്‌ഠസഹോദരനായിരുന്നു. മദ്രാസ്‌ പ്രസിഡന്‍സി കോളേജിലും കേംബ്രിഡ്‌ജിലെ ട്രിനിറ്റി കോളേജിലുമായിരുന്നു ഉന്നത വിദ്യാഭ്യാസം. ആകാശഗോളങ്ങളുടെ പരിണാമമായിരുന്നു ഗവേഷണ വിഷയം.1935ല്‍ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി സംഘടിപ്പിച്ച ഒരു സമ്മേളനത്തില്‍ നക്ഷത്രങ്ങളുടെ സ്‌ഥിരതയേയും നാശത്തേയും കുറിച്ച്‌ താന്‍ കണ്ടെത്തിയ ഗവേഷണഫലങ്ങള്‍ ചന്ദ്രശേഖര്‍ അവതരിപ്പിച്ചു. സൂര്യന്റെ ഘടനയും പരിണാമവും അവയ്‌ക്കുള്ളിലെ ഉൗര്‍ജവിതരണവും വിശകലനം ചെയ്യുന്ന വിഖ്യാതമായ ഇൗ പ്രബന്ധത്തിലാണ്‌ ചന്ദ്രശേഖര്‍ സീമ (Chandrasekhar Limit) എന്നു പേരു വന്ന ആശയം ആദ്യമായി അവതരിപ്പിക്കുന്നത്‌. ഇൗ സുപ്രധാന തത്വം ചന്ദ്രശേഖര്‍ കണ്ടുപിടിച്ചത്‌ തന്റെ 20-ാം വയസ്സിലാണ്‌. അമേരിക്കയില്‍ സ്‌ഥിരതാമസമാക്കിയ ചന്ദ്രശേഖര്‍ 1953ല്‍ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു. ആദ്യകാല നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശ ധ്രുവീകരണം, നക്ഷത്രാന്തരീക്ഷത്തിലെ വികിരണപരമായ ഉൗര്‍ജസ്‌ഥാനാന്തരണം, കാന്തിക ക്ഷേത്രങ്ങളുടെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും ദ്രവങ്ങളിലെ സംവഹന ചലനങ്ങള്‍, സൗരപ്രതലത്തിലെ സംവഹനം എന്നിവ അസ്‌ട്രോഫിസിക്‌സില്‍ ഇദ്ദേഹം പഠനം നടത്തിയ ഇതര വിഷയങ്ങളാണ്‌. ഗണിത സമവാക്യങ്ങളുടെ സഹായത്തോടെ ആകാശനീലിമയെ സംബന്‌ധിച്ച വിശദാംശങ്ങള്‍ വ്യാഖ്യാനിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. ഗുരുത്വാകര്‍ഷണ തരംഗങ്ങളുമായി ബന്‌ധപ്പെട്ട ഗവേഷണങ്ങള്‍ മരണംവരെ ഇദ്ദേഹം തുടര്‍ന്നു. 1995ആഗസ്‌റ്റ്‌ 21ന്‌ ഷിക്കോഗോയില്‍വച്ച്‌ 85-ാമത്തെ വയസ്സില്‍ അദ്ദേഹം അന്തരിച്ചു.

സ്‌റ്റീഫന്‍ ഹോക്കിങ്‌ (1942-)

തമോഗര്‍ത്തങ്ങളെപ്പറ്റി ഏറ്റവും കൂടുതല്‍ പഠനം നടത്തിയ ശാസ്‌ത്രജ്‌ഞന്‍. 1942 ജനുവരി എട്ടാം തീയതി ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ ജനിച്ചു. ഗവേഷണപഠനങ്ങള്‍ കേംബ്രിഡ്‌ജിലായിരുന്നു. യുവാവായിരിക്കുമ്പോള്‍തന്നെ സ്‌റ്റീഫന്‍ ഗുരുതരമായ ഒരു രോഗത്തിന്‌ അടിമയായി. അസുഖം മൂര്‍ച്‌ഛിച്ച്‌ ചലനശേഷിയും സംസാരശേഷിയും നഷ്‌ടപ്പെട്ടു. ചക്രക്കസേരയിലായി ജീവിതം. അതിനോടു ഘടിപ്പിച്ച ഒരു കമ്പ്യൂട്ടറില്‍ ഉള്ള കൃത്രിമ ശബ്‌ദയന്ത്രം മുഖേനയാണ്‌ സംസാരിക്കുന്നത്‌. ഏകദേശം 24 വയസ്സുവരെ ജീവിച്ചേക്കും എന്നായിരുന്നു ഡോക്‌ടര്‍മാര്‍ വിധിയെഴുതിയത്‌. 68-ാം വയസ്സിലും ഹോക്കിങ്‌ കര്‍മ്മനിരതനായി തുടരുന്നു. അതീവ സാന്ദ്രമായ ഒരു തമോഗര്‍ത്തബിന്ദുവില്‍നിന്നാണ്‌ പ്രപഞ്ചോല്‌പത്തിക്കു കാരണമായ മഹാസ്‌ഫോടനം ഉണ്ടായതെന്ന്‌ ഹോക്കിങ്‌ സിദ്ധാന്തിച്ചു. തമോഗര്‍ത്തത്തിന്റെ അതിരുകള്‍ (event horizon) ചുരുങ്ങിക്കൊണ്ടിരിക്കുന്ന നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശപ്രസരണത്തെ അതീവ സാന്ദ്രമായ ഗുരുത്വബലം കീഴ്‌പ്പെടുത്തുന്ന വ്യാസപരിധി ഒരു നില കഴിഞ്ഞാല്‍ പിന്നെ ചുരുങ്ങുകയില്ല എന്നതായിരുന്നു സ്‌റ്റീഫന്‍ ഹോക്കിങ്ങിന്റെ പ്രധാന നിര്‍ദ്ദേശം. തമോഗര്‍ത്ത ഡൈനാമിക്‌സിലെ രണ്ടാം സിദ്ധാന്തം എന്ന്‌ ഇതറിയപ്പെടുന്നു. ഇൗ സിദ്ധാന്തം തെറ്റാണെന്ന്‌ അദ്ദേഹം പ്രഖ്യാപിക്കുകയുണ്ടായി. തന്റെ ഇതുവരെയുള്ള നിരീക്ഷണങ്ങളെ പുനഃപരിശോധിക്കുവാനും ക്വാണ്ടം ബലതന്ത്രത്തിന്റെ വീക്ഷണകോണില്‍നിന്നുകൊണ്ടു കൂടി ഇതിനെക്കുറിച്ച്‌ പഠിക്കുവാനും ഹോക്കിങ്‌ തീരുമാനിച്ചു. തമോഗര്‍ത്തത്തിലും വികിരണം സംഭവിക്കുന്നുവെന്ന കണ്ടുപിടിത്തത്തിലേക്കാണ്‌ ഇതു നയിച്ചത്‌. ഹോക്കിങ്‌ റേഡിയേഷന്‍ എന്നറിയപ്പെടുന്ന ഈ കണ്ടുപിടിത്തം പ്രപഞ്ചവിജ്‌ഞാനീയത്തിലെ തിളങ്ങുന്ന ഒരധ്യായമായിത്തീര്‍ന്നു.എല്ലാത്തിനെയും വ്യാഖ്യാനിക്കാന്‍ പറ്റുന്ന ഒരു സമഗ്രസിദ്ധാന്തം രൂപപ്പെടുത്തുന്ന ഗവേഷണങ്ങളില്‍ കര്‍മ്മനിരതനായിരിക്കുകയാണ്‌ അദ്ദേഹം.

വൈനു ബാപ്പു (1927-1982)

പുതിയൊരു വാല്‍നക്ഷത്രത്തെ കണ്ടെത്തിയ മലയാളി ജ്യോതിശാസ്‌ത്രജ്‌ഞന്‍.ബാപ്പു-ബോക്‌-ന്യൂകിര്‍ക്ക്‌ എന്ന പേരിലാണ്‌ ആ വാല്‍നക്ഷത്രം അറിയപ്പെടുന്നത്‌.1927-ല്‍ തലശേരിയില്‍ ജനിച്ചു. ഹൈദരാബാദിലെ നിസാമിയ ഒബ്‌സര്‍വേറ്ററിയിലെ ജ്യോതിശാസ്‌ത്രജ്‌ഞനായിരുന്നു അദ്ദേഹത്തിന്റെ പിതാവ്‌. കുട്ടിക്കാലത്തുതന്നെ ജ്യോതിശാസ്‌ത്രത്തില്‍ അഗാധമായ അറിവു നേടാന്‍ ഇതു കാരണമായി. 1952-ല്‍ പ്രശസ്‌തമായ പാലോമര്‍ ഒബ്‌സര്‍വേറ്ററിയില്‍ ചേര്‍ന്നു. കോളിന്‍ വില്‍സണ്‍ എന്ന ഗവേഷകനുമൊത്ത്‌ ചില പ്രത്യേകതരം നക്ഷത്രങ്ങളുടെ പ്രകാശദീപ്‌തിയും അവയുടെ വര്‍ണ്ണരാജിയുടെ സവിശേഷതകളും തമ്മിലുള്ള ബന്‌ധം കണ്ടെത്തി. ബാപ്പു വില്‍സണ്‍ ഇഫക്‌ട്‌ എന്നാണിതറിയപ്പെടുന്നത്‌. ചില നക്ഷത്രങ്ങളുടെ പ്രകാശമാനവും അകലവും കണ്ടെത്താന്‍ ഇൗ സങ്കേതമാണ്‌ ഉപയോഗിക്കുന്നത്‌. 1953-ല്‍ ഇന്ത്യയിലേക്കു തിരിച്ചുവന്ന വൈനു നൈനിറ്റാളിലെ ഉത്തര്‍പ്രദേശ്‌ സ്‌റ്റേറ്റ്‌ ഒബ്‌സര്‍വേറ്ററിക്ക്‌ തുടക്കമിട്ടു. തമിഴ്‌നാട്ടിലെ കവാലൂരില്‍ സ്‌ഥാപിച്ച നക്ഷത്ര നിരീക്ഷണാലയം ബാപ്പു ഒബ്‌സര്‍വേറ്ററി എന്നറിയപ്പെടുന്നു.ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ആസ്‌ട്രോഫിസിക്‌സ്‌ കെട്ടിപ്പെടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച വൈനു ബാപ്പുവിനോട്‌ ഇന്ത്യയിലെ ആധുനിക ജ്യോതിശാസ്‌ത്രം അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. 1982ല്‍ അദ്ദേഹം അന്തരിച്ചു.

Post a Comment

0 Comments