Header Ads Widget

ഇതിഹാസം

ഇതിഹാസമെന്നാല്‍...


ഇതിഹാസം എന്ന പദത്തിന്‌ അമരകോശത്തില്‍ കൊടുത്തിരിക്കുന്ന അര്‍ത്ഥം പുരാവൃത്തം (ഇതിഹാസഃ പുരാവൃത്തംഃ) എന്നാണ്‌. പദ്യത്തില്‍ എഴുതപ്പെട്ട ദീര്‍ഘമായ കഥയാണിത്‌. തലമുറകളായി പറഞ്ഞും പാടിയുമാണ്‌ ഇതിഹാസങ്ങള്‍ പ്രചരിച്ചുപോന്നത്‌. ഭാരതീയ സാഹിത്യതത്വശാസ്‌ത്രം അനുസരിച്ച്‌ ഇതിഹാസലക്ഷണം ഇങ്ങനെയാണ്‌

ധര്‍മാര്‍ഥ കാമമോക്ഷണാ-

മുപദേശ സമന്വിതം

പൂര്‍വ്വ വൃത്തം കഥായുക്‌ത

മിതിഹാസം പ്രചക്ഷതേ

അതായത്‌, ധര്‍മ്മാര്‍ത്ഥ കാമമോക്ഷങ്ങളെ സംബന്ധിച്ച ഉപദേശങ്ങളടങ്ങുന്നതും പൂര്‍വകാല സംഭവങ്ങള്‍ വിവരിക്കുന്ന കഥയോടുകൂടിയതുമാണ്‌ ഇതിഹാസം. പാശ്‌ചാത്യ നിരൂപകരും ഇതിഹാസ ലക്ഷണങ്ങളെ വിശദീകരിച്ചിട്ടുണ്ട്‌. കഥാഗതിയെ നിയന്ത്രിക്കുന്നത്‌ ദൈവിക ശക്‌തികളായിരിക്കണം; കാവ്യങ്ങളിലെ ക്രിയാംശവും കഥാപാത്രാവിഷ്‌കരണവും ഉന്നത നിലവാരം പുലര്‍ത്തുന്നതായിരിക്കണം; ശൈലി ഉത്‌കൃഷ്‌ടവും ഗംഭീരവുമായിരിക്കണം; അടിസ്‌ഥാനപരമായ പ്രമേയം സാര്‍വജനീനവും ശാശ്വതമായ മാനുഷിക പ്രശ്‌നങ്ങളെ സംബന്ധിക്കുന്നതുമായിരിക്കണം; വികാരോഷ്‌മളങ്ങളും സാരോപദേശങ്ങളുമായ ധാരാളം ഉപകഥകളും ഇതില്‍ നിര്‍ബന്ധിതമാണ്‌. പന്ത്രണ്ടില്‍ കുറയാത്ത പുസ്‌തകങ്ങളായി ഇതിഹാസം വിഭജിക്കപ്പെട്ടിരിക്കുന്നു. ഇതിഹാസത്തിനു ധാര്‍മ്മിക ലക്ഷ്യം ഉണ്ടായേ മതിയാവൂ. ഇതിഹാസ കഥാനായകന്‍മാര്‍ ആദര്‍ശയോഗ്യരായ ഗുണങ്ങള്‍ തികഞ്ഞവരായിരിക്കണം. പ്രതിനായകന്‍മാര്‍ക്കും തുല്യ പ്രാധാന്യമുണ്ടായിരിക്കും. ദുര്‍ഗുണത്തോടൊപ്പം ചില ഗുണവിശേഷങ്ങള്‍ ഉള്ളവരായിരിക്കും പ്രതിനായകന്മാര്‍. ഇതിഹാസ നായകന്മാരില്‍ വിളങ്ങേണ്ട ഗുണം ധീരോദാത്തതയാണ്‌. തന്റെ ഭൗതിക നേട്ടങ്ങള്‍ക്കപ്പുറം ലോക നന്മയ്‌ക്കായി പോരാടുന്നവരാണ്‌ ഇതിഹാസ നായകന്മാര്‍. ആ ലക്ഷ്യത്തിനായി തന്റെ എല്ലാ സുഖസൗകര്യങ്ങളും സുരക്ഷിതത്വവും ജീവിതംതന്നെയും ബലികഴിക്കാന്‍ അവര്‍ സന്നദ്ധരാണ്‌. മനുഷ്യകഥാപാത്രങ്ങളാവട്ടെ പലപ്പോഴും അമാനുഷമായ കഴിവുകളോടുകൂടിയവരായിരിക്കും.

കഥയിങ്ങനെ

ഇതിഹാസത്തിലെ കഥാവസ്‌തു മിക്കവാറും യുദ്ധമോ സഞ്ചാരമോ ആയിരിക്കും. ഇവ രണ്ടും പഴയകാലത്തെ മനുഷ്യജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജീവിതത്തെ ഒരു സമരമായോ അദൃശ്യലോകത്തിലേക്കുള്ള ഒരു പ്രയാണമായോ സങ്കല്‌പിച്ചിരിക്കും. ഇതിന്റെ പ്രതീകാത്മകമായ ചിത്രീകരണമാണ്‌ ഇതിഹാസങ്ങളില്‍ കാണുക. അവയില്‍ എല്ലാ ജ്‌ഞാന ലോകത്തെയുംപറ്റിയുള്ള പരാമര്‍ശങ്ങളും പൂര്‍വകഥാകഥനങ്ങളും ദര്‍ശനങ്ങളും പ്രവചനങ്ങളും അടങ്ങിയിരിക്കും. ഒരുവശത്തുകൂടി ഭൂതവും മറുവശത്തുകൂടി ഭാവിയും കാണാവുന്ന ഒരു കമാനംപോലെയാണ്‌ ഇതിഹാസത്തിന്റെ നിര്‍മിതി.

ആദ്യ ഇതിഹാസം ഗില്‍ഗമേഷ്‌

കണ്ടെടുത്തിട്ടുള്ള ഇതിഹാസങ്ങളില്‍ ഏറ്റവും പ്രാചീനമെന്നറിയപ്പെടുന്നത്‌ ഹിറ്റെറ്റ്‌ ഇതിഹാസമായ ഗില്‍ഗമേഷ്‌ ആണെന്നാണ്‌ പണ്ഡിതമതം. ക്രിസ്‌തുവിന്‌ മുമ്പ്‌ മൂവായിരമോ നാലായിരമോ വര്‍ഷം ഇതിന്‌ പഴക്കം കണക്കാക്കുന്നു. സിന്‍ലിക്‌ ഉത്തീനിയാണ്‌ ഗില്‍ഗമേഷിന്റെ കര്‍ത്താവ്‌. അധീനിയന്‍ ചക്രവര്‍ത്തിയായ അഷൂര്‍ ബാനിപാലിന്റെ (ബി.സി 668-626) കൊട്ടാരം ഗ്രന്ഥശാലയില്‍ നിന്നാണ്‌ ഈ കാവ്യം കണ്ടെടുക്കപ്പെട്ടിട്ടുള്ളത്‌.

ഇതിഹാസ്യ കാവ്യങ്ങള്‍, രചയിതാക്കള്‍

ഇലിയഡ്‌ ഹോമര്‍

ഒഡിസി ഹോമര്‍

രാമായണം വാല്‌മീകി

മഹാഭാരതം വ്യാസന്‍

ഇലിയഡ്‌


ഏഷ്യാമൈനറിലെ ട്രോയ്‌ എന്ന പേരില്‍ പ്രസിദ്ധമായ ഇലിയം നഗരത്തിന്റെ കഥയാണ്‌ ഇലിയഡ്‌. പുരാതന ഗ്രീസില്‍ 2500 വര്‍ഷങ്ങള്‍കുമുമ്പ്‌ ഇതുരചിക്കപ്പെട്ടു. അന്ധഗായകനായ ഹോമറാണ്‌ ഇതിന്റെ കര്‍ത്താവെന്ന്‌ കരുതപ്പെടുന്നു. സ്‌പാര്‍ട്ടയിലെ രാജാവായ മെനിലോസിന്റെ ഭാര്യയായിരുന്നു അതിസുന്ദരിയായ ഹെലന്‍. ട്രോയിലെ രാജാവായ പ്രീയാമിന്റെ പുത്രന്‍ പാരീസ്‌ ഹെലനെ അപഹരിച്ചുകൊണ്ടുപോയി. പത്നിയെ വീണ്ടെടുക്കാന്‍ മെനിലോസ്‌ സഹോദരനായ അഗമെമ്‌നന്റെ നേതൃത്വത്തില്‍ ട്രോയിയെ ആക്രമിച്ചു. യുദ്ധം പത്തുവര്‍ഷം നീണ്ടുനിന്നു. ഗ്രീക്കുപക്ഷത്തെ യുദ്ധവീരന്‍മാരില്‍ പ്രമാണിയായിരുന്നു അക്കിലസ്‌. അയാള്‍ പടനായകന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചില്ല. അക്കിലസ്‌ തടവുകാരിയായി പിടിച്ച ബ്രിസീസ്‌ എന്ന യുവതിയെ അഗ്‌മെമ്‌നന്‍ സ്വന്തമാക്കിയതോടെ ഇവര്‍ തമ്മിലുള്ള ഉരസല്‍ ശക്‌തമായി. അക്കിലസ്‌ യുദ്ധത്തില്‍നിന്ന്‌ പിന്‍വാങ്ങി. തുടര്‍ന്ന്‌ പാരീസിന്റെ സഹോദരനായ ഹെക്‌ടറുടെ നേതൃ

ത്വത്തില്‍ ട്രോജന്‍ സൈന്യം ഗ്രീക്കുകാരെ തോല്‌പിച്ചു. അക്കിലസ്‌ അപ്പോഴും യുദ്ധത്തില്‍നിന്നൊഴിഞ്ഞുനിന്നു. എന്നാല്‍ തന്റെ ഉറ്റ സുഹൃത്തായ പെട്രോക്‌ളസ്‌ കൊല്ലപ്പെട്ടതോടെ അക്കിലസ്‌ പടക്കളത്തിലേക്ക്‌ കുതിച്ചു. മല മലയോടെന്നപോലെ അക്കിലസ്‌ ഹെക്‌ടറോട്‌ ഏറ്റുമുട്ടി. മഹാരഥന്മാര്‍ തമ്മിലുള്ള ഈ സംഘട്ടനത്തിന്റെ അവസാനം അക്കിലസ്‌ ഹെക്‌ടറെ വധിച്ചു. ഹെക്‌ടറുടെ മൃതദേഹം ട്രോജന്‍മാര്‍ക്കു വിട്ടുകൊടുക്കുകയില്ലെന്നും അത്‌ നായയ്‌ക്കും കഴുകനും ആഹാരമാക്കണമെന്നും നിശ്‌ചയിച്ച അക്കിലസ്‌ മൃതദേഹം തന്റെ രഥത്തിന്റെ പിന്നില്‍ക്കെട്ടിവലിച്ചിഴച്ചു. പെട്രോക്‌ളസിന്റെ മൃതദേഹമാകട്ടെ രാജകീയ പ്രൗഢിയില്‍ സംസ്‌കരിച്ചു. ഇതിനുശേഷം വമ്പിച്ച സദ്യയും കായികമത്സരങ്ങളും നടന്നു. പില്‍ക്കാലത്ത്‌ ലോകപ്രസിദ്ധമായ ഒളിമ്പിക്‌ മത്സരങ്ങളുടെ തുടക്കം ഇതായിരുന്നു. തന്റെ വീരപുത്രനായ ഹെക്‌തറുടെ മൃതദേഹത്തിനുവേണ്ടി വന്ദ്യവയോധികനായ പ്രിയാം രാജാവ്‌ അക്കിലസിന്റെ സന്നിധിയില്‍ചെന്ന്‌ യാചിക്കുന്നു. മനുഷ്യത്വത്തിന്റെ നീരുറവ അക്കിലസിന്റെ ഹൃദയത്തില്‍ തികച്ചും വറ്റിപ്പോയിരുന്നില്ലെന്ന്‌ ഈ രംഗം ഉദ്‌ഘോഷിക്കുന്നു. തനിക്ക്‌ ആത്മമിത്രവും പ്രിയാമിന്‌ ആത്മപുത്രനും നഷ്‌ടപ്പെട്ടത്‌ ഒരേവേദനയോടെ അക്കിലസ്‌ തിരിച്ചറിയുന്നു. അക്കിലസ്‌ മകന്റെ മൃതദേഹം അച്‌ഛനെ ഏല്‌പിക്കുന്നു. എല്ലാ രാജകീയ പ്രൗഢിയോടും സൈനിക ബഹുമതികളോടുംകൂടി ഹെക്‌തറുടെ മൃതദേഹം സംസ്‌കരിക്കപ്പെടുന്നതോടെ 24 കാണ്ഡങ്ങളും 15694 വരികളുമുള്ള ഇലിയഡ്‌ എന്ന വിശ്വമഹാകാവ്യം പര്യവസാനിക്കുന്നു.

ഒഡീസി


രാമന്റെ വീരചരിതം രാമാണമായതുപോലെ ഒഡീസി യൂസ്‌ എന്ന ഗ്രീക്ക്‌ വീരനായകന്റെ ചരിതമാണ്‌ ഗ്രീക്ക്‌ഭാഷയില്‍ ഒഡീസി എന്ന പേരിലുള്ള ഇതിഹാസകാവ്യമായി എഴുതപ്പെട്ടത്‌. ഹോമറുടെ ഒഡീസിയില്‍ ഇലിയഡിനെ അപേക്ഷിച്ച്‌ ചരിത്രാംശങ്ങള്‍ കുറവാണ്‌. ഉത്താക്കയിലെ രാജാവായ ഒഡീസിയൂസ്‌, ട്രോജന്‍ യുദ്ധം കഴിഞ്ഞ്‌ ആപത്‌കരമായ ഒരു നീണ്ട കടല്‍യാത്രയ്‌ക്കുശേഷം സ്വദേശമായ ഇത്താക്കയില്‍ തിരിച്ചെത്തി. അവിടെ കാണുന്ന കാഴ്‌ചകളും തീവ്രാനുഭവങ്ങളുമാണ്‌ യക്ഷിക്കഥകളുടെയും ഭാവനയുടെയും അകമ്പടിയോടെ ഹോമര്‍ അവതരിപ്പിക്കുന്നത്‌. ട്രോജന്‍ കുതിരയില്‍ യോദ്ധാക്കളെ ഒളിപ്പിച്ചതും ട്രോയ്‌ നഗരം പിടിച്ചതും ഒഡീസിയിലും വര്‍ണിച്ചിട്ടുണ്ട്‌. 6 മുതല്‍ 13 വരെയുള്ള സര്‍ഗങ്ങളില്‍ ട്രോയില്‍നിന്ന്‌ ഇത്താക്കയിലേക്കുള്ള യാത്ര വര്‍ണിക്കുന്നു. ആദ്യം എത്തിച്ചേരുന്നത്‌ ലോട്ടസ്‌ ഈറ്റേഴ്‌സിന്റെ നാട്ടിലാണ്‌. ഒരു മയക്കുചെടിയുടെ താമരപോലുള്ള കായ്‌ തിന്നാന്‍കൊടുത്ത്‌ ആ നാട്ടുകാര്‍ ഒഡീസിയൂസിന്റെ അനുയായികളെ മയക്കിയിട്ടു. അവിടുന്ന്‌ രക്ഷപ്പെട്ട ഒഡിസിയൂസിസിന്‌ നെറ്റിക്കണ്ണനായ രാക്ഷസനെ നേരിടേണ്ടിവന്നു. രാക്ഷസന്റെ കണ്ണുകുത്തിപ്പൊട്ടിച്ച്‌ ഒരു കാട്ടാടിന്റെ വയറില്‍ തൂങ്ങിക്കിടന്നാണ്‌ രാക്ഷസഗുഹയില്‍ നിന്നും അദ്ദേഹം രക്ഷപ്പെടുന്നത്‌. പിന്നെ നരഭോജികളായ ലൈസ്‌ത്രീഗോണികളുടെ പിടിയില്‍പ്പെട്ടു. 12 കപ്പലുകളില്‍ 11 ഉം അവര്‍ പിടിച്ചെടുത്തു. അതിനുശേഷം സഴ്‌സെ എന്ന മായാവിനിയുടെ ദ്വീപിലെത്തപ്പെട്ടു. ഇങ്ങനെ പല പ്രതിസന്ധികളും തരണം ചെയ്‌ത് അദ്ദേഹം ഇത്താക്കയിലെത്തിച്ചേര്‍ന്നു. കണ്ടാലറിയാത്തവിധം മാറ്റങ്ങള്‍ വന്നിരുന്ന ഒഡീസിയൂസിനെ ആദ്യം തിരിച്ചറിയുന്നത്‌ വിശ്വസ്‌തനായ വളര്‍ത്തുനായയും ആയയുമായിരുന്നു. പെനെലോപ്പിനെയും മകനെയും തിരിച്ചുകിട്ടിയ ഒഡീസിയൂസ്‌ സന്തോഷത്തോടെ രാജ്യംവാഴുന്നതോടുകൂടി 25 കാണ്ഡങ്ങളും 12110 വരികളുമുള്ള ഒസീഡി അവസാനിക്കുന്നു.

മഹാഭാരതം


പ്രാചീന ഭാരതം ലോകസാഹിത്യത്തിനു നല്‍കിയ ശ്രേഷ്‌ഠമായ ഒരു മഹാകാവ്യമാണ്‌ മഹാഭാരതം. പാണ്ഡവരുടെയും കൗരവരുടെയും കഥയാണ്‌ ഇതിലെ പ്രതിപാദ്യം. ഒരുലക്ഷത്തി ഇരുപത്തിനാലായിരം ശ്ലോകങ്ങള്‍ അതിലടങ്ങിയിരിക്കുന്നു. ഇലിയഡും ഒഡീസിയും കൂടിച്ചേര്‍ന്നാലുള്ളതിന്റെ എട്ടിരട്ടി വലിപ്പം ഇതിനുണ്ട്‌. വേദകാലങ്ങളിലെ പഴങ്കഥകള്‍, പുരാണങ്ങള്‍, നാടോടിപ്പാട്ടുകള്‍, വീരഗാനങ്ങള്‍ തുടങ്ങി ധര്‍മനീതികളും, സാമൂഹികാചാര്യങ്ങളും നിയമങ്ങളുംവരെ ഇത്‌ ഉള്‍ക്കൊണ്ടിരിക്കുന്നു.

ലോകമഹാകാവ്യങ്ങളില്‍ ഏറ്റവും വലുതാണ്‌ മഹാഭാരതം. ആദി, സഭ, വിരാടം, ഉദ്യോഗം, ഭീഷ്‌മം, ദ്രോണം, കര്‍ണ്ണം ശല്യം, സൗപതികം, സ്‌ത്രീ ശാന്തി, അനുശാസനം, അശ്വമേധികം ആശ്രമവാസിയം, മൗസലം, മഹാപ്രസ്‌ഥാനം, സ്വര്‍ഗാരോഹണം എന്നിങ്ങനെ പതിനെട്ടു പര്‍വ്വങ്ങള്‍ (അധ്യായങ്ങള്‍) ഇതിലുണ്ട്‌.


ധര്‍മേ ചാര്‍ത്ഥേ ച കാമേച

മോക്ഷ ച ഭരതര്‍ഷഭ!

യദി ഹാസ്‌തിതദന്യത്ര

യന്നേഹാസ്‌തിന തത്‌ക്വചില്‍

(ധര്‍മാര്‍ത്ഥ കാമമോക്ഷ വിഷയകമായി ഇതിലുള്ളത്‌ മറ്റൊരിടത്തുണ്ടാവാം! എന്നാല്‍ ഇതിലില്ലാത്തത്‌ മറ്റെങ്ങും ഉണ്ടാവില്ല.) എന്നാണ്‌ മഹാഭാരത കവി പറയുന്നത്‌. കൃഷ്‌ണദ്വൈപായനാണ്‌ (വേദവ്യാസന്‍) ഇതിന്റെ കര്‍ത്താവ്‌.

രാമായണം


ശ്രീരാമകഥയെ ആസ്‌പദമാക്കി വാല്‌മീകി മഹര്‍ഷി രചിച്ച അനശ്വരകൃതിയാണ്‌ രാമായണം. ആദ്യകാവ്യം എന്നറിയപ്പെടുന്നതും രാമായണംതന്നെ. ബാലകാണ്ഡം, അയോദ്ധ്യാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിങ്ങനെ ഏഴു കാണ്ഡങ്ങളുണ്ട്‌ രാമായണത്തിന്‌. 24000 പദ്യങ്ങളും. രാമായണത്തിലെ കഥാപാത്രങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന സാന്മാര്‍ഗിക മൂല്യങ്ങള്‍ ഭാരതീയരുടെ സ്വഭാവരൂപവല്‌ക്കരണത്തില്‍ മഹത്തായ പങ്കുവഹിച്ചിട്ടുണ്ട്‌. ജവഹര്‍ ലാല്‍ നെഹ്‌റു ഡിസ്‌ക്കവറി ഓഫ്‌ ഇന്ത്യ എന്ന ഗ്രന്ഥത്തില്‍ രാമായണത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. ജനഹൃദയങ്ങളില്‍ ഇത്രത്തോളം നിരന്തരസ്വാധീനം ചെലുത്തിയിട്ടുള്ള മറ്റൊരു പുസ്‌തകത്തെപ്പറ്റിയും എനിക്കറിവില്ല. വിദൂരമായ ഭൂതകാലത്തില്‍ വിരചിതമെങ്കിലും ഇന്നും അത്‌ ഇന്ത്യന്‍ ജനതയുടെ ജീവിതത്തില്‍ ജീവസുറ്റ ഒരു ശക്‌തിയായി നിലകൊള്ളുന്നു. വാല്‌മീകി രാമായണത്തെ അനുകരിച്ച്‌ മറ്റു ഭാരതീയ ഭാഷകളിലും രാമായണം രചിക്കപ്പെട്ടിട്ടുണ്ട്‌. എഴുത്തച്‌ഛന്‍ രാമായണം രാമചരിതമാനസം, കമ്പരാമായണം, തുളസീഭാസ രാമായണം എന്നിവ ഇവയില്‍ ശ്രദ്ധേയങ്ങളാണ്‌.

Post a Comment

1 Comments