Header Ads Widget

നെഹ്‌റു - കവിവച്ചനങ്ങളില്‍ കുടി




വീരപൂജ

ഉന്നിദ്ര നവാശയപ്പനിനീര്‍ മലര്‍ചൂടി,

സുന്ദര നവോദയ പരിവേഷവുമായി,

സ്‌പര്‍ശന വിദ്യുദ്വീചിപരത്തി ക്ഷണാലൊരു

ദര്‍ശനമുരളി, യാവീര ഭാരതസിംഹം!

നിദ്രവിട്ടുണരുവാ, നാലസ്യം കഴുകുവാന്‍,

ക്ഷുദ്രചിന്തതന്‍ മാമൂല്‍ക്കോട്ടകള്‍ തകര്‍ക്കുവാന്‍,

വിമലസ്‌നേഹാരാമം തീര്‍ക്കുവാന്‍ സത്യോജ്വല-

സമതാശോഭം നവഭാരതം പണിയുവാന്‍,

അന്തസ്സുറ്റൊരു കുലം കെടുത്തി,പ്പടിതോറും

തെണ്ടുവാന്‍ പായും ഭിക്ഷാപാത്രങ്ങളുടയ്‌ക്കുവാന്‍,

സര്‍ഗശക്‌തി തന്‍ പുരോഗതിയെത്തിന്നും സ്വാര്‍ത്ഥ-

വര്‍ഗ ചിന്ത തന്‍ കരിമൂര്‍ഖനെത്തുരത്തുവാന്‍

ആഹവ ഭേരീരവം മുഴക്കി ദിഗന്തങ്ങള്‍-

ക്കാഹ്വാനമരുളി നീ വീരഭാരതശില്‌പി!

പി. കുഞ്ഞിരാമന്‍ നായര്‍

രാഗമാലിക

കൈകളില്‍സ്സയന്‍സേകും

കര്‍മശക്‌തി തന്‍ വീര്യം;

കരളില്‍ ഫലാനപേക്ഷം

കതിരിടും ശുദ്ധസ്‌നേഹം;

കലതന്‍ ദിവ്യലാവണ്യം

കമനീയം ധര്‍മബോധം;

നവധീര നരവര്‍ഗം

ജവാഹര്‍ ലാലിന്‍ സ്വപ്‌നം

എന്‍.വി. കൃഷ്‌ണവാരിയര്‍

ഗുരുസന്നിധിയില്‍

ജനകോടികള്‍ക്കെല്ലാം

മാര്‍ഗദ്വീപമാം ഭവാന്‍

ജയിലും വീടും രണ്ടായ്‌-

ക്കണ്ടതില്ലൊരുനാളും.

ത്വല്‍ക്കരം പരക്കാത്ത

ഭാഗമെങ്ങവനിയില്‍

ത്വല്‍ക്കര്‍മം പുകഴ്‌ത്താത്ത

ജിഹ്വയേതവനിയില്‍?

ഈടെഴും ജനപദ-

മാക്കിയീ മഹാരാജ്യം

ഷോഡശ സംവത്സരം

നയിച്ച രക്ഷാമൂര്‍ത്തേ,

ഇന്നു ഞങ്ങളോടൊന്നി-

ച്ചില്ലല്ലോ ജഗത്തിന്റെ

കണ്ണുപോല്‍ തിളങ്ങിയ

പൂര്‍ണമാനവന്‍ ഭവാന്‍!

വെണ്ണിക്കുളം

Post a Comment

0 Comments